

തൊഴിൽ സ്വപ്നങ്ങൾ തകർക്കുന്ന പിഎസ്സി
ജയൻ പോത്തൻകോട്
ഒരു തൊഴിൽ എന്നതു കേവലം ഉപജീവനത്തിനുള്ള മാർഗം മാത്രമല്ല; ഒരു മനുഷ്യന്റെ ആത്മാഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കുടുംബത്തിന്റെ പ്രതീക്ഷകളുടെയും അടിത്തറ കൂടിയാണ്. പ്രത്യേകിച്ച് സാധാരണക്കാരായ കേരളീയ കുടുംബങ്ങളിൽ സർക്കാർ ജോലി എന്നത് തലമുറകളായി കൈമാറിവരുന്ന വലിയൊരു സ്വപ്നമാണ്. അതിനുവേണ്ടി ജീവിതത്തിലെ ഏറ്റവും നല്ല പ്രായം പഠനത്തിനും പരീക്ഷാ പരിശീലനത്തിനുമായി മാറ്റിവയ്ക്കുന്ന ആയിരക്കണക്കിനു യുവതീയുവാക്കളുണ്ട്. അവരുടെ അധ്വാനത്തിനും പ്രതീക്ഷകൾക്കും മേൽ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും അധികാര ദുർവിനിയോഗത്തിന്റെയും കരിനിഴൽ വീഴുമ്പോൾ അത് ഒരു സ്ഥാപനത്തിന്റെ ആഭ്യന്തര പ്രശ്നം മാത്രമായി കാണാനാവില്ല.
കേരളത്തിലെ ജനങ്ങൾ ഏറെ വിശ്വാസത്തോടെ കണ്ടിരുന്ന ഭരണഘടനാ സ്ഥാപനമാണ് കേരള പബ്ലിക് സർവീസ് കമ്മിഷൻ (പിഎസ്സി). രാഷ്ട്രീയ സ്വാധീനമോ സാമ്പത്തിക ശേഷിയോ ഇല്ലാത്ത സാധാരണക്കാരനും യോഗ്യതയുടെ അടിസ്ഥാനത്തിൽ സർക്കാർ ജോലി നേടാമെന്ന വിശ്വാസമായിരുന്നു പിഎസ്സിയുടെ ഏറ്റവും വലിയ കരുത്ത്. എന്നാൽ സമീപ കാലത്ത് പുറത്തുവന്ന പരീക്ഷാ ക്രമക്കേടുകളും നിയമനവിവാദങ്ങളും ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ അന്വേഷണത്തിന്റെ പരിധിയിൽ വരുന്നതായ വാർത്തകളും ഈ വിശ്വാസത്തെ ഗുരുതരമായി ചോദ്യം ചെയ്യുകയാണ്.
യോഗ്യതയ്ക്കു പകരം സ്വാധീനം
സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നുവെന്ന ക്രൈം ബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തലുകൾ ഏറെ ഗൗരവമുള്ളതാണ്. 10 ചോദ്യങ്ങൾക്കു ലഭിക്കേണ്ട 58 മാർക്ക് മൂല്യനിർണയത്തിൽ ഉൾപ്പെടുത്തിയില്ലെന്ന ആരോപണവും അത് ഒരു പ്രത്യേക ഉദ്യോഗാർഥിക്ക് അനുകൂലമായ രീതിയിൽ സംഭവിച്ചുവെന്ന അന്വേഷണ റിപ്പോർട്ടിലെ പരാമർശവും പൊതുസമൂഹത്തിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പിഎസ്സിയിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരേയും അന്വേഷണം വ്യാപിച്ചതായ റിപ്പോർട്ടുകൾ സ്ഥാപനത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് കൂടുതൽ ചോദ്യങ്ങളുയർത്തുന്നു.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്റർ തുടങ്ങിയ തസ്തികകളിലെ നിയമനങ്ങളെക്കുറിച്ചും പരാതികളും അന്വേഷണങ്ങളും ഉയർന്നിട്ടുണ്ട്. ഒരു പരീക്ഷയിലെ ക്രമക്കേട് ഒരു ഉദ്യോഗാർഥിയുടെ അവസരം മാത്രമല്ല ഇല്ലാതാക്കുന്നത്; വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത അനേകം പേരുടെ അധ്വാനത്തെയും പ്രതീക്ഷയെയുമാണ് അത് തകർക്കുന്നത്.
ഒരു സ്ഥാപനത്തിലെ താഴെത്തട്ടിലുള്ള ജീവനക്കാരുടെ വീഴ്ചയേക്കാൾ ഗൗരവമുള്ളതാണ് അതിന്റെ നിർണായക ചുമതലകൾ വഹിക്കുന്നവരുടെ പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങൾ. നിയമനപ്രക്രിയ കുറ്റമറ്റതാക്കേണ്ടവർ തന്നെ ക്രമക്കേടുകൾക്ക് കൂട്ടുനിന്നുവെന്ന സംശയം ഉയരുമ്പോൾ സംവിധാനത്തിന്റെ സുരക്ഷയും ഉത്തരവാദിത്വവും പുനഃപരിശോധിക്കേണ്ടി വരും. ആരോപണങ്ങൾ നിയമപരമായി തെളിയിക്കപ്പെടുന്നതു വരെ ആരെയും കുറ്റക്കാരായി മുദ്ര കുത്തരുത്. എന്നാൽ ഉന്നത സ്ഥാനമെന്ന പേരിൽ ആർക്കും അന്വേഷണത്തിൽനിന്ന് സംരക്ഷണം ലഭിക്കാനും പാടില്ല.
രാഷ്ട്രീയ അതിപ്രസരവും നിയമന മരവിപ്പും
രാഷ്ട്രീയ ബന്ധങ്ങളും അധികാര കേന്ദ്രങ്ങളുമായുള്ള അടുപ്പവും നിയമനങ്ങളിൽ സ്വാധീനം ചെലുത്തുന്നുവെന്ന ആരോപണങ്ങൾ കേരളത്തിൽ പുതിയതല്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് അനുഭാവം പുലർത്തുന്നത് ഓരോ പൗരന്റെയും അവകാശമാണ്. എന്നാൽ ആ ബന്ധം ഔദ്യോഗിക നിയമനങ്ങളിൽ അനർഹമായ നേട്ടം നേടാനുള്ള ഉപാധിയായി മാറരുത്. ഭരണകൂടങ്ങൾ മാറിയാലും പൊതുനിയമനങ്ങളിൽ രാഷ്ട്രീയ നിരപേക്ഷതയും തുല്യാവസരവും നിലനിൽക്കണം.
പിഎസ്സി പരീക്ഷകളിലെ ക്രമക്കേടുകൾക്കൊപ്പം ഉദ്യോഗാർഥികളെ നിരാശരാക്കുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് നിയമനങ്ങളിലെ കാലതാമസം. പരീക്ഷകൾ നടക്കുന്നു, റാങ്ക് പട്ടികകൾ പ്രസിദ്ധീകരിക്കുന്നു, എന്നാൽ പല തസ്തികകളിലും നിയമനങ്ങൾ നടക്കാതെ പട്ടികയുടെ കാലാവധി അവസാനിക്കുന്നു. വകുപ്പുകളിലെ ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാത്തതും വിരമിക്കൽ മൂലമുണ്ടാകുന്ന ഒഴിവുകൾ കൃത്യമായി അറിയിക്കാത്തതും താൽക്കാലിക നിയമനങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നതും പ്രശ്നം സങ്കീർണമാക്കുന്നു.
റാങ്ക് പട്ടികയിൽ ഇടം നേടിയിട്ടും നിയമനം ലഭിക്കാതെ പ്രായപരിധി പിന്നിടുന്ന ഉദ്യോഗാർഥികളുടെ നഷ്ടം ആര് നികത്തും? വർഷങ്ങളോളം ചെലവഴിച്ച പഠനവും പണവും അധ്വാനവും മാനസിക സമ്മർദവും ഒരു ഭരണപരമായ കാലതാമസത്തിന്റെ പേരിൽ അവഗണിക്കാനാവില്ല. ഒഴിവുകൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യുന്നതിനും നിയമന നടപടികൾ പൂർത്തിയാക്കുന്നതിനും സർക്കാർ കർശനമായ സമയക്രമം നിശ്ചയിക്കണം.
വ്യാജ തൊഴിൽ വാഗ്ദാനങ്ങളുടെ കെണി
ഔദ്യോഗിക നിയമന സംവിധാനത്തിനു പുറത്തും തൊഴിൽത്തട്ടിപ്പിന്റെ വലിയൊരു ലോകം വളരുന്നുണ്ട്. സർക്കാർ വകുപ്പുകളിൽ ജോലി നൽകാമെന്നും താൽക്കാലിക നിയമനം പിന്നീട് സ്ഥിരപ്പെടുത്താമെന്നും വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് പണം തട്ടുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി വിവിധ പൊലീസ് കേസുകൾ വ്യക്തമാക്കുന്നു. ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന അവകാശവാദം, വ്യാജ നിയമന രേഖകൾ, സർക്കാർ വാഹനങ്ങളുടെയും ഓഫിസുകളുടെയും പേരിലുള്ള വിശ്വാസ്യത എന്നിവ ഉപയോഗിച്ചാണ് പലരും ഉദ്യോഗാർഥികളെ വലയിലാക്കുന്നത്.
സർക്കാർ ജോലി എന്ന പ്രതീക്ഷയിൽ കടം വാങ്ങിയും സ്വർണം വിറ്റും പണം നൽകുന്ന സാധാരണ കുടുംബങ്ങളാണ് ഇത്തരം തട്ടിപ്പുകളുടെ ഇരകളാകുന്നത്. പണവും ജോലിയും നഷ്ടപ്പെടുന്നതിനൊപ്പം കടബാധ്യതയും കുടുംബ പ്രശ്നങ്ങളും അവരെ വേട്ടയാടുന്നു. ഇത്തരം തട്ടിപ്പുകൾക്കു പിന്നിലുള്ളവരെ കണ്ടെത്തുന്നതോടൊപ്പം അവരുടെ സാമ്പത്തിക ഇടപാടുകളും രാഷ്ട്രീയ- ഉദ്യോഗസ്ഥ ബന്ധങ്ങളും സമഗ്രമായി അന്വേഷിക്കേണ്ടതുണ്ട്.
അഭ്യസ്തവിദ്യരുടെ വിദേശയാത്ര
കേരളത്തിലെ തൊഴിൽ പ്രതിസന്ധിയുടെ മറ്റൊരു പ്രതിഫലനമാണ് ഉന്നത വിദ്യാഭ്യാസം നേടിയ യുവജനങ്ങളുടെ വിദേശത്തേക്കുള്ള കുടിയേറ്റം. എൻജിനീയറിങ്, മെഡിസിൻ, മാനെജ്മെന്റ്, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർ പഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നു. മെച്ചപ്പെട്ട ശമ്പളവും തൊഴിൽ സുരക്ഷയും മാത്രമല്ല, കഴിവിന് അർഹമായ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയും അവരെ ആകർഷിക്കുന്നു.
വിദേശത്തേക്കുള്ള കുടിയേറ്റം സ്വാഭാവികമായ ആഗോള പ്രതിഭാസമാണെങ്കിലും സ്വന്തം നാട്ടിൽ അർഹമായ തൊഴിൽ ലഭിക്കാത്തതുകൊണ്ട് യുവാക്കൾക്ക് നാട് വിടേണ്ടിവരുന്നത് ആശങ്കാജനകമാണ്. ഉന്നത വിദ്യാഭ്യാസത്തിനായി കുടുംബത്തിന്റെ സമ്പാദ്യം ചെലവഴിച്ചശേഷം തൊഴിൽ തേടി അലയേണ്ടിവരുന്ന യുവതലമുറയുടെ നിരാശ ഗൗരവമായി കാണണം. ഇത് വ്യക്തികളുടെ മാത്രം നഷ്ടമല്ല; കേരളത്തിന്റെ വിലപ്പെട്ട മാനവ വിഭവശേഷിയുടെ നഷ്ടം കൂടിയാണ്.
തൊഴിൽനീതി ഉറപ്പാക്കണം
ഒരു പിഎസ്സി ഉദ്യോഗാർഥിയുടെ പിന്നിൽ പലപ്പോഴും ഒരു കുടുംബത്തിന്റെ വലിയ ത്യാഗങ്ങളുണ്ട്. മക്കളുടെ പഠനത്തിനായി ജീവിതം മാറ്റിവയ്ക്കുന്ന മാതാപിതാക്കൾ, കടം വാങ്ങി പരിശീലനത്തിന് അയക്കുന്ന കുടുംബങ്ങൾ, പ്രായപരിധി അവസാനിക്കുന്നതു വരെ പ്രതീക്ഷ കൈവിടാതെ പരീക്ഷയെഴുതുന്ന യുവതീ യുവാക്കൾ. ഇവരുടെയെല്ലാം സ്വപ്നങ്ങൾക്ക് ഭരണ സംവിധാനം ഉത്തരവാദിത്വം കാണിക്കണം.
പിഎസ്സി ഒരു സാധാരണ സർക്കാർ വകുപ്പല്ല; ഭരണഘടനാപരമായ സ്വതന്ത്ര സ്ഥാപനമാണ്. അതിന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെയും കമ്മിഷന്റെയും ബാധ്യതയാണ്. പരീക്ഷാ ചോദ്യ പേപ്പർ തയാറാക്കൽ മുതൽ മൂല്യനിർണയം, റാങ്ക് പട്ടിക പ്രസിദ്ധീകരണം, നിയമന ഉപദേശം എന്നിവ വരെയുള്ള എല്ലാ ഘട്ടങ്ങളിലും കർശനമായ പരിശോധനയും സുരക്ഷയും വേണം. ഡിജിറ്റൽ മൂല്യനിർണയത്തിന് സ്വതന്ത്ര ഓഡിറ്റ് ഏർപ്പെടുത്തുകയും ഉത്തരക്കടലാസുകളിലെ മാറ്റങ്ങൾ നിരീക്ഷിക്കാവുന്ന രീതിയിൽ രേഖപ്പെടുത്തുകയും വേണം.
വകുപ്പുകളിലെ ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാത്തവർക്കെതിരേ ഉത്തരവാദിത്വം നിശ്ചയിക്കണം. നിയമനങ്ങളുടെ കണക്കുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. പരാതിപ്പെടുന്ന ഉദ്യോഗാർഥികൾക്ക് സംരക്ഷണം ഉറപ്പാക്കുകയും നിയമനത്തട്ടിപ്പുകളിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം.
കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത് അതിന്റെ മനുഷ്യ വിഭവശേഷിയാണ്. വിദ്യാഭ്യാസത്തിലും സാമൂഹിക പുരോഗതിയിലും നാം നേടിയ നേട്ടങ്ങൾ തൊഴിൽമേഖലയിലെ നീതിയില്ലായ്മ കൊണ്ട് അപൂർണമാകരുത്. സർക്കാർ ജോലികൾ പരിമിതമാണെന്ന യാഥാർഥ്യം അംഗീകരിക്കുമ്പോഴും ലഭ്യമായ ഒഴിവുകൾ സുതാര്യമായി നികത്താനുള്ള ഉത്തരവാദിത്വത്തിൽനിന്ന് ഭരണസംവിധാനത്തിന് ഒഴിഞ്ഞുമാറാനാവില്ല.
യുവതലമുറ ചോദിക്കുന്നത് ഔദാര്യമല്ല, അവകാശമാണ്. വർഷങ്ങളോളം പഠിച്ചും പരീക്ഷയെഴുതിയും നേടിയ യോഗ്യതയ്ക്ക് അർഹമായ പരിഗണനയാണ് അവർ ആവശ്യപ്പെടുന്നത്. പിഎസ്സിയിലെ ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണം കുറ്റക്കാരെ കണ്ടെത്തുന്നതിൽ മാത്രം അവസാനിക്കാതെ നിയമന സംവിധാനത്തിന്റെ സമഗ്രമായ ശുദ്ധീകരണത്തിലേക്ക് നയിക്കണം. അഴിമതിക്കും രാഷ്ട്രീയ ഇടപെടലിനും സ്വജനപക്ഷപാതത്തിനും ഇടമില്ലാത്ത തൊഴിൽ സംവിധാനം കേരളത്തിൽ രൂപപ്പെടണം.
സ്വന്തം നാട്ടിൽ പഠിക്കാനും ജോലി ചെയ്യാനും ആത്മാഭിമാനത്തോടെ ജീവിക്കാനും കഴിയുമെന്ന വിശ്വാസം യുവതലമുറയ്ക്ക് തിരിച്ചുനൽകണം. കാരണം, യുവ ജനതയുടെ തൊഴിൽ സ്വപ്നം തകർക്കപ്പെടുമ്പോൾ തകരുന്നത് ഒരു വ്യക്തിയുടെ ഭാവി മാത്രമല്ല; ഒരു കുടുംബത്തിന്റെ പ്രതീക്ഷയും ഒരു നാടിന്റെ നാളെയുമാണ്.
(9446559210)