

വിയോജിപ്പുകൾ വിജയിക്കുമ്പോൾ
ജോസഫ് എം. പുതുശേരി| വീണ്ടുവിചാരം
ജനാധിപത്യത്തിന്‍റെ കാലൊച്ച നേർത്തു നേർത്തു വരികയും അത് നിലയ്ക്കുമോ എന്ന ആശങ്ക ഭീതിപ്പെടുത്തുകയും ചെയ്യുന്ന വർത്തമാനകാല സാഹചര്യത്തിൽ ചില പ്രതീക്ഷകൾ നാമ്പിടുന്നത് ആരെയാണ് സന്തോഷിപ്പിക്കാത്തത്? അതാരെയാണ് ഉത്സാഹ ഭരിതരാക്കാത്തത്? അത്തരമൊരു സംഭവമാണ് കഴിഞ്ഞദിവസം സുപ്രീം കോടതിയിൽ നിന്നുണ്ടായത്. പരീക്ഷാ ക്രമക്കേടുകൾക്കെതിരേ പ്രതിഷേധിച്ച വിദ്യാർഥികളുടെ പേരിൽ രാജ്യവ്യാപകമായി രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ എല്ലാം റദ്ദാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു. സുപ്രീംകോടതിയുടെ സവിശേഷ അധികാരം ഉപയോഗിച്ചുള്ള നടപടി.
യഥാർഥത്തിൽ ഇവിടേക്ക് നയിക്കപ്പെട്ട സാഹചര്യമാണു നമ്മെ ആശങ്കപ്പെടുത്തുന്നത്. ജന്തർമന്തറിൽ നടന്ന വിദ്യാർഥിസമരം അവസാനിപ്പിക്കാൻ കോക്രോച്ച് ജനതാ പാർട്ടി പ്രതിനിധികളുമായി നടന്ന ചർച്ചയിൽ കേന്ദ്രഗവൺമെന്‍റിനെ പ്രതിനിധീകരിച്ച രണ്ടു മുതിർന്ന കേന്ദ്രമന്ത്രിമാർ നൽകിയ ഉറപ്പുകളിലൊന്നായിരുന്നു കേസുകൾ പിൻവലിക്കുമെന്നത്. ചർച്ചയ്ക്കുശേഷം സമര നേതാക്കൾക്കൊപ്പം മാധ്യമങ്ങളെ കണ്ട മന്ത്രിമാർ ഇക്കാര്യം പരസ്യമായി പറഞ്ഞിരുന്നു. സമര നേതാക്കൾക്ക് ചർച്ചയിൽ നൽകിയ ഉറപ്പുകൾ മൂന്നുദിവസത്തിനകം എഴുതി നൽകുമെന്നും അവർ പ്രഖ്യാപിച്ചു. അങ്ങനെയാണ് സന്തോഷപൂർവംവ്വം ആ സമരം അവസാനിച്ചത്.
പിന്നീട് ഇതൊന്നും സംഭവിച്ചില്ല. ഉറപ്പുകൾ എഴുതി നൽകുമെന്നു മന്ത്രിമാർ നടത്തിയ പ്രഖ്യാപനം ഇപ്പോഴും ജലരേഖയായി നിൽക്കുന്നു. ജനാധിപത്യ ബോധമുള്ള ഇന്ത്യൻ ജനത നെഞ്ചിലേറ്റിയ പ്രക്ഷോഭമായിരുന്നതുകൊണ്ട് രാജ്യത്തെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും പ്രക്ഷോഭം കത്തിപ്പടർന്നത് സമീപകാല ചരിത്രം. അവിടെയെല്ലാം എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ തകൃതിയായ നീക്കം നടക്കുന്നതാണ് കണ്ടത്. ഇതിനുശേഷം ഒരു പാർലമെന്‍റ് സമ്മേളനം നടന്നിട്ടും ഇതേക്കുറിച്ച് ഒരക്ഷരമുരിയാടാൻ പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ തയാറായില്ല. അവർ സഭയിൽ ഹാജരാവാതെ ഒളിച്ചോടുന്നതാണ് കണ്ടത്. അതുകൊണ്ടുതന്നെ ആഭ്യന്തരമന്ത്രി പാർലമെന്‍റിൽ എത്തി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന് നിരന്തരമായി പ്രക്ഷോഭം നടത്തേണ്ടിവന്നു.
തങ്ങളുടെ ഭാവിയെ ബാധിക്കുന്ന, നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന പരീക്ഷാക്രമക്കേടുകളിൽ പരിഹാരം ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ സമരത്തിന് നേരെ പെല്ലെറ്റ് പ്രയോഗം നടത്തിയ ഭീകര ചിത്രമാണ് സമരമുഖത്ത് നിന്ന് നാം കണ്ടത്. ഇതു മൂലം കണ്ണിനു കാഴ്ച നഷ്ടപ്പെട്ടവരും ഗുരുതരമായി പരിക്കേറ്റവരുമായ വിദ്യാർഥികളെ അണിനിരത്തി രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനങ്ങളും പ്രക്ഷോഭങ്ങളും നാം കണ്ടതാണ്. ഇതിനുമുമ്പ് ഒരു സമരത്തിലും പങ്കെടുക്കാത്ത നിരായുധരായ പാവം വിദ്യാർഥികൾക്കു നേരെ പെല്ലെറ്റ് പ്രയോഗം നടത്താൻ ആരാണ് ഉത്തരവ് നൽകിയതെന്ന് വിശദമാക്കണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിരുന്നു. യൂണിഫോം പോലുമില്ലാത്ത ആളുകളാണ് ഇത് പ്രയോഗിച്ചതെന്ന ഗുരുതര ആക്ഷേപവും ഉയർന്നിരുന്നു. ഇതിനൊന്നും മറുപടിയുണ്ടായില്ലെന്നു മാത്രമല്ല പുച്ഛത്തോടെ അവഗണിക്കുന്ന ധിക്കാരപരമായ സമീപനമാണ് അധികാരികളിൽ നിന്നുണ്ടായത്.
ഇത്തരം ഗൗരവപൂർവമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതി വിധി വിലയിരുത്തപ്പെടുന്നത്. ഭരണഘടനയുടെ 142ാം അനുച്ഛേദ പ്രകാരമുള്ള സവിശേഷാധികാരം ഉപയോഗിച്ചുകൊണ്ടാണ് കേസ് റദ്ദാക്കുന്ന വിധി പ്രഖ്യാപനം സുപ്രീംകോടതി നടത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ ഒരു സംസ്ഥാനവും ഇനി പുതിയ കേസ് രജിസ്റ്റർ ചെയ്യരുതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റെ ഉത്തരവിൽ പറയുന്നു. പരീക്ഷാക്രമക്കേടുകളെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകാമെന്ന് ഒത്തുതീർപ്പിച്ച് ചർച്ചയിൽ കേന്ദ്രം ഉറപ്പു നൽകിയിരുന്നതാണ്. ഇതിന് മാനദണ്ഡങ്ങളും മറ്റും തയാറാക്കാൻ മൂന്നുമാസത്തെ സാവകാശം വേണമെന്ന കേന്ദ്രസർക്കാരിന്‍റെ അഭ്യർഥന സുപ്രീം കോടതി അംഗീകരിച്ചു. ഉറപ്പ് സർക്കാർ പാലിക്കുന്ന പശ്ചാത്തലത്തിൽ ഈ മാസം അഞ്ചിന് നടത്താനിരിക്കുന്ന പ്രതിഷേധം പിൻവലിക്കുന്നതായി സിജെപി പ്രഖ്യാപിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത അഭ്യർഥിച്ചു. ഇതേത്തുടർന്ന് പ്രതിഷേധം പിൻവലിച്ചതായി സിജെപി വക്താവ് സൗരവ് ദാസ് എഴുതിത്തയാറാക്കിയ പ്രസ്താവന വായിച്ചു. അതും കോടതി നടപടികളിലെ ഒരു അപൂർവത. അഞ്ചിന് ഇന്ത്യ ഗേറ്റിലേക്ക് വൻ പ്രതിഷേധ മാർച്ച് നടത്തുമെന്ന് സി.ജെ.പി പ്രഖ്യാപിച്ചിരുന്നു. 12ന് ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ, ജെൻസി കൂട്ടായ്മയുടെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് വീണ്ടും ഒരു വിദ്യാർഥി പ്രക്ഷോഭത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതു കേന്ദ്രസർക്കാരിനെ വല്ലാതെ അലോരസപ്പെടുത്തിയിരുന്നു.
കോടതി തീരുമാനം ഓരോ വിദ്യാർഥിയുടെയും വിജയമാണെന്നാണു സിജെപി പ്രതികരിച്ചത്. സർക്കാർ കേൾക്കാൻ തയാറാകാതിരുന്നപ്പോഴാണ് തങ്ങൾ പ്രതിഷേധിച്ചതെന്നു സിജെപി സ്ഥാപകനും ദേശീയ കൺവീനറുമായ അഭിജിത്ത് ദീപ് കെ പറഞ്ഞു. വിദ്യാർഥികൾക്ക് മറുപടി നൽകുന്നതിനു പകരം പൊലീസ് നടപടി കൊണ്ടും കേസെടുത്തുമാണ് സർക്കാർ പ്രതികരിച്ചത്. പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശം ഉപയോഗിച്ചതിന്‍റെ പേരിൽ ക്രിമിനൽ കേസുകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടവർക്ക് കോടതി ആശ്വാസം നൽകി. വിയോജിപ്പുകളെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാമെന്നു കരുതുന്ന അധികാരത്തിൽ ഇരിക്കുന്നവർക്ക് ഇതൊരു പാഠമാകട്ടെ എന്നും ദീപ്കെ പറഞ്ഞു.
ഈ വർഷം നീറ്റ് ചോദ്യച്ചോർച്ചയ്ക്ക് ശേഷം ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങളെ ഇനിയും കാത്തിരിപ്പിക്കാതെ മൂന്നുമാസത്തിനുള്ളിൽ നഷ്ടപരിഹാരനയം രൂപവത്കരിക്കുമെന്ന ഉറപ്പ് സർക്കാർ പാലിക്കണമെന്ന് സിജെപി സഹ കൺവീനർ സൗരവ് ദാസ് ആവശ്യപ്പെട്ടു. കോടതിയുടെ നിർദേശങ്ങൾ നടപ്പാക്കുന്നതിനെ സിജെപി നിരീക്ഷിക്കുമെന്നും സൗരവ് ദാസ് പറയുന്നു.
ഇത് മുൻകാല അനുഭവങ്ങൾ നൽകിയ തിരിച്ചറിവാണ്. ഉറപ്പു നൽകുകയും അത് മൂന്നു ദിവസത്തിനകം എഴുതി നൽകുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ച ശേഷം വാക്കു പാലിക്കാതെ പിന്തിരിഞ്ഞോടുന്ന അധികാരികളോടുള്ള അവിശ്വാസ പ്രഖ്യാപനം. ഇവിടെ ഒരു കാര്യം പറയാതെ വയ്യ. അസാധാരണവും അസാമാന്യവുമായ വിജയമാണ് കൈവന്നിരിക്കുന്നത്.
സമരത്തെ തുടക്കത്തിൽ പാടെ അവഗണിച്ചു, പുച്ഛിച്ചു, എഴുതിത്തള്ളി. ഒടുവിൽ ആദ്യവട്ടചർച്ചയ്ക്ക് വിളിച്ച സമര നേതാക്കളെ മണിക്കൂറുകളോളം കാത്തിരിക്കാൻ നിർബന്ധിതരാക്കി. പക്ഷേ പിന്നീട് കളം മാറി. സർക്കാർ മുട്ടിലിഴയുന്നതാണ് നാം കണ്ടത്. കാത്തിരിപ്പിന് വിധേയരാകേണ്ടി വന്ന സമര നേതാക്കൾ അടുത്ത വട്ട ചർച്ചയ്ക്ക് വിളിച്ചപ്പോൾ അവിടേക്ക് ഇല്ല, മറ്റൊരു പൊതുസ്ഥലത്ത് ആകാമെന്ന് ഉപാധി വച്ചു. സർക്കാരിന് അതിനു വഴങ്ങേണ്ടി വന്നു. അങ്ങനെയാണ് ചർച്ചാവേദി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലേക്ക് മാറിയത്.
എന്നാൽ അവിടെ നൽകിയ ഉറപ്പുകൾ പാലിക്കാതെ ഉരുണ്ടുകളിച്ചും പാർലമെന്‍റിൽ മറുപടി പറയാതെയും ഉള്ളിലെ പക തീർക്കാനുള്ള നിരന്തരശ്രമങ്ങൾക്കൊടുവിലാണ് സുപ്രീം കോടതി തീർപ്പിന്‍റെ പഴുതിൽ ദീർഘനിശ്വാസം വിടാൻ കേന്ദ്രസർക്കാരിനായത്. സായുധ നക്സലുകളെ തന്‍റെ സർക്കാർ ഉന്മൂലനം ചെയ്തെന്നും പക്ഷേ 'ദിമാഗി നക്സലുകൾ' ( ബൗദ്ധിക നക്സലുകൾ ) ഇപ്പോഴും തുടരുന്നു എന്നുമുള്ള ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പ്രധാനമന്ത്രിയുടെ വാക്കുകൾ ഈ നീറിപ്പുകയുന്ന അസ്വസ്ഥതയുടെയും പകയുടെയും നിദർശനമായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ അതൊന്നും പ്രയോജനപ്പെട്ടില്ല എന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.
ഇവിടെ കാവ്യനീതി പോലെ മറ്റൊരു കാര്യം കൂടി ശ്രദ്ധേയമാകുന്നു. "പാറ്റ' എന്ന ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശത്തിന്‍റെ പേരിൽ പിറന്നുവീണ ഒരു പ്രസ്ഥാനത്തിനും അത് നയിച്ച സമരം മുന്നോട്ടുവച്ച ആവശ്യങ്ങളും അതേപടി അംഗീകരിക്കുന്നതിൽ അദ്ദേഹം അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തന്നെ കാർമികരാകുന്നു. പശ്ചാത്താപമോ, പ്രായശ്ചിത്തമോ എങ്ങനെയാണ് അത് വിശേഷിപ്പിക്കപ്പെടുക.
നേരത്തെയും സമാനമായ സാഹചര്യം ഉണ്ടായി. നൽസർ സർവകലാശാല അടക്കമുള്ള നിയമവിദ്യാലയങ്ങളിലെ ബിരുദദാന ചടങ്ങുകളിലേക്ക് ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ക്ഷണിക്കാനുള്ള നീക്കങ്ങളോട് പഠിതാക്കൾ പ്രതികൂലമായി പ്രതികരിച്ചതിന്‍റെ പേരിൽ ബാർ കൗൺസിൽ പ്രസിഡന്‍റ് നടത്തിയ പ്രസ്താവനയെ അദ്ദേഹം തള്ളിപ്പറയുകയും വിദ്യാർഥികൾക്ക് ഒരു വിലക്കും ഉണ്ടാകരുതെന്ന് നിർദേശിക്കുകയും ചെയ്തു. ശുഭോദർക്കമായ സമീപനം.
ഇത്തരം സമീപനങ്ങൾ നമുക്ക് പ്രതീക്ഷ നൽകുന്നു. വിയോജിപ്പുകളോടുള്ള അസഹിഷ്ണുത രാജ്യത്ത് വർധിച്ചു വരുന്നതിലുള്ള കടുത്ത ആശങ്ക പങ്കുവച്ചുകൊണ്ടു അടുത്തയിട ചില ന്യായാധിപന്മാർ നടത്തിയ പ്രതികരണം അതിലെ വെള്ളിവെളിച്ചമാണ്.
ചോദ്യങ്ങൾ ഉയർത്തുന്നത് ജനാധിപത്യത്തിൽ ധിക്കാര നടപടി അല്ലെന്നാണ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് അർഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയത്. കോടതികളും ട്രൈബ്യൂണലുകളും അഭിഭാഷക സ്ഥലികളും നിയമവിദ്യാലയങ്ങളുമൊ ക്കെ വിയോജിപ്പുകളെ സംയമനത്തോടെ വായിച്ചെടുക്കേണ്ട ഇടങ്ങളാണെന്ന് അതേ ചടങ്ങിൽ പങ്കെടുത്ത ജസ്റ്റിസ് ബി.വി.നാഗരത്നയും വ്യക്തമാക്കി. ബിരുദദാന ചടങ്ങിലേക്ക് ചീഫ് ജസ്റ്റിസിനെ ക്ഷണിക്കരുതെന്ന് പറഞ്ഞ ബിരുദം നേടിയ വിദ്യാർഥികൾക്ക് അഭിഭാഷകരാകാൻ സന്നത് അനുവദിക്കില്ലെന്ന് ബാർ കൗൺസിൽ ഒഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്രയുടെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിൽ ജസ്റ്റിസിന്‍റെ ഈ അഭിപ്രായത്തിന് പ്രസക്തിയേറെയാണ്.
ജനാധിപത്യത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന പ്രതിബദ്ധരായ ജനതയ്ക്ക് ഇത് നൽകുന്ന ഊർജവും ആത്മവിശ്വാസവും ചെറുതല്ല. ഇത് കാലത്തിന്‍റെ കണ്ണാടിയാണ്. വായിച്ചെടുക്കാൻ ഭരണാധികാരികൾക്ക് ആവുമോ എന്നതാണ് പ്രശ്നം. പഴയ ആത്മവിശ്വാസം നഷ്ടപ്പെട്ടതിന്‍റെ, ഭയവിഹ്വലരായതിന്‍റെ ലക്ഷണങ്ങളാണ് പലയിടങ്ങളിലും നമുക്ക് കാണാനാവുന്നത്. അത് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ഉൾക്കരുത്തിന്‍റെ പ്രതീകം. ജനതയുടെ നേരിന്‍റെയും ആത്മവീര്യത്തിന്‍റെയും പ്രതിഫലനം.