ത്രിഭാഷാ നയവും സുപ്രീം കോടതി നിരീക്ഷണവും

Three-language policy and Supreme Court observation

ത്രിഭാഷാ നയവും സുപ്രീം കോടതി നിരീക്ഷണവും

Updated on

അഡ്വ. ജി. സുഗുണന്‍

ത്രിഭാഷാ പദ്ധതി രാജ്യം പൊതുവെ അംഗീകരിച്ചിട്ടുണ്ട്. അത് മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഇതിനകം നടപ്പിലാക്കുകയും ചെയ്തു. എന്നാല്‍ തമിഴ്‌നാട് ത്രിഭാഷാ പദ്ധതിയ്‌ക്കെതിരേ, പ്രത്യേകിച്ച് ഇതിന്‍റെ ഭാഗമായി ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരേ ശക്തമായ പ്രക്ഷോഭമാണ് തുടര്‍ച്ചയായി നടത്തിയിട്ടുള്ളത്.

ദ്രാവിഡ പാര്‍ട്ടികള്‍ അവിടെ ശക്തിപ്പെട്ടതിന്‍റെ മുഖ്യ കാരണവും ഹിന്ദി വിരുദ്ധ പ്രക്ഷോഭം തന്നെയായിരുന്നു. രാമസ്വാമി നായ്ക്കരും അണ്ണാദുരൈയും മറ്റു ദ്രാവിഡ പാര്‍ട്ടി നേതാക്കളും ത്രിഭാഷാ പദ്ധതിയ്‌ക്കെതിരേ പതിനായിരങ്ങളെയാണ് തമിഴ്‌നാട്ടില്‍ ഓരോ പ്രദേശത്തും അണിനിരത്തിയത്. അനേകം പേര്‍ രക്തസാക്ഷികളായി.

ട്രെയ്നുകള്‍ വ്യാപകമായി തടഞ്ഞു, നൂറുകണക്കിന് സര്‍ക്കാര്‍ വാഹനങ്ങള്‍ തീവച്ചു. തമിഴ്‌നാട്ടിലെ പ്രമുഖനായ പഴയ കോണ്‍ഗ്രസ് നേതാവ് കാമരാജ് നാടാര്‍ക്കും കൂട്ടര്‍ക്കും പോലും അന്ന് ദ്രാവിഡ പാര്‍ട്ടികളുടെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെ തള്ളിപ്പറയാന്‍ കഴിഞ്ഞിരുന്നില്ല. അതിന്‍റെ ഭാഗമായാണ് തമിഴ്‌നാട്ടില്‍ ത്രിഭാഷാ പദ്ധതി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകാതിരുന്നത്. ഹിന്ദിയെ സംസ്‌കൃതത്തെ പോലെയാണ് തമിഴ് ജനത കണ്ടത്. ദ്രാവിഡ വികാരമാണ് ഹിന്ദിക്കെതിരായ വികാരം തമിഴ്‌നാട്ടില്‍ ആളിക്കത്തിച്ചത്.

ത്രിഭാഷാ പദ്ധതിയിലെ ചില വൈകല്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഐതിഹാസികമായ നിരീക്ഷണം നടത്തിയിരിക്കുന്നത്. വളഞ്ഞ വഴിയില്‍ കൂടി ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ സിബിഎസ്ഇ ശ്രമിക്കരുതെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിബിഎസ്ഇയുടെ ത്രിഭാഷാ പദ്ധതിക്കു തുടക്കം കുറിക്കേണ്ടത് ആറാം ക്ലാസിലാണെന്നും ഒമ്പതിലല്ലെന്നും സുപ്രീം കോടതി പറഞ്ഞു. ഈ അധ്യയന വര്‍ഷം ഒമ്പതാം ക്ലാസില്‍ മൂന്നാം ഭാഷ പഠിപ്പിക്കാനുള്ള പദ്ധതിക്ക് സിബിഎസ്ഇ തുടക്കം കുറിച്ചിരുന്നു. ഇതിനോട് ശക്തമായി വിയോജിച്ചു കൊണ്ടാണ് കോടതി അഭിപ്രായം രേഖപ്പെടുത്തിയത്.

തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും ത്രിഭാഷാ പദ്ധതി ബാധകമായ ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്രത്തോട് സഹകരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരേ അന്നത്തെ ഡിഎംകെ സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. മൂന്നാം ഭാഷ പഠിപ്പിക്കണമെന്നുണ്ടെങ്കില്‍ അത് ആറാം ക്ലാസില്‍ ആദ്യം കൊണ്ടുവരണമെന്ന് കേന്ദ്രത്തോട് കോടതി പറയുകയായിരുന്നു.

വിദ്യാർഥികളില്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ സമ്മര്‍ദം എട്ടാം ക്ലാസ് അവസാനിക്കുമ്പോള്‍ തന്നെ തുടങ്ങും. അതിനാല്‍ പുതിയൊരു ഭാഷയുടെ ഭാരം ഒമ്പതാം ക്ലാസില്‍ അടിച്ചേല്‍പ്പിക്കരുത്. അത് മാനസിക പിരിമുറുക്കം ഉണ്ടാക്കുന്നു. ഒമ്പതാം ക്ലാസില്‍ പുതിയൊരു ഭാഷ പഠിപ്പിച്ച് തുടങ്ങരുതെന്നും, അഞ്ചിലോ ആറിലോ തുടങ്ങി അത് ഒമ്പതില്‍ അവസാനിപ്പിക്കണമെന്നും, കുട്ടികളുടെ സമ്മര്‍ദം കാണണമെന്നും കേന്ദ്രത്തെ ഇക്കാര്യത്തില്‍ ഉപദേശിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനോട് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.

എന്നിലെ വിദ്യാർഥി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ജസ്റ്റിസ് പറഞ്ഞു. എന്തിനാണ് ഒമ്പതിലെത്തുമ്പോള്‍ പുതിയൊരു മൂന്നാം ഭാഷാ പഠനം. ആറാം ക്ലാസിലേ അത് തുടങ്ങാവുന്നതാണ്. ഒമ്പതാം ക്ലാസിലെത്തുമ്പോള്‍ ഈ ഭാഷാപഠനം അവസാനിപ്പിക്കണം- ജഡ്ജി പറഞ്ഞു.

ത്രിഭാഷാ പദ്ധതി സ്റ്റേ ചെയ്യാന്‍ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ച് തയാറായിരുന്നില്ല. ഭാഷ പഠിക്കുന്നത് പാഴ്‌വേലയായി മാറില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ഇത് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം എന്നാണ് തമിഴ്‌നാടിന്‍റെ ആശങ്ക. മൂന്നാം ഭാഷയായി ഹിന്ദി എടുക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ഹിന്ദിയ്ക്ക് പകരം മറ്റേതൊരു പ്രാദേശിക ഭാഷയുമാകാം. തമിഴ്‌നാടിന് സ്വന്തമായി വിദ്യാഭ്യാസ സംവിധാനമുണ്ടായിരിക്കാം. പക്ഷേ കേന്ദ്ര സര്‍ക്കാര്‍ സ്‌കൂളുകളെ എതിര്‍ക്കരുത്. ഭരണം മാറി സി. ജോസഫ് വിജയ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ സാഹചര്യത്തില്‍ പുതിയ സര്‍ക്കാരിന്‍റെ നിലപാട് അറിയണമെന്ന് കോടതി പറഞ്ഞു.

തമിഴ്‌നാട് സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ മാന്‍ഡേറ്റിന് വിരുദ്ധമായതാണ് ത്രിഭാഷാ പദ്ധതിയുടെ അടിസ്ഥാനത്തിലുള്ള നവോദയ സ്‌കൂള്‍ സിലബസ് എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഇത് തമിഴ്‌നാട് ലേണിങ് ആക്റ്റ് 2006ന് വിരുദ്ധമായിട്ടുള്ളതുമാണ്. പുറംവാതിലില്‍ കൂടി ഹിന്ദിയെ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വാദിച്ചു. ഓഗസ്റ്റ് 11ന് വീണ്ടും ഈ കേസ് പരിഗണിക്കും.

എന്തായാലും ഒമ്പതാം ക്ലാസ് മുതല്‍ മൂന്നാം ഭാഷയായി ഹിന്ദി പഠിക്കണമെന്ന സിബിഎസ്ഇ നിര്‍ദ്ദേശത്തെ സുപ്രീം കോടതി തള്ളിക്കളഞ്ഞിരിക്കുകയാണ്. വിദ്യാർഥികളും രക്ഷകര്‍ത്താക്കളും അധ്യാപകരുമെല്ലാം ഇക്കാര്യത്തില്‍ വളരെ ഗൗരവകരമായ തീരുമാനത്തില്‍ എത്തേണ്ടതായിട്ടുണ്ട്. ഒമ്പതാം ക്ലാസില്‍ ഒരു പുതിയ ഭാഷ പഠിപ്പിച്ചാല്‍ ഉണ്ടാകുന്ന കുട്ടികളുടെ മാനസിക പിരിമുറുക്കത്തെപ്പറ്റി പരമോന്നത കോടതി ഗൗരവമായാണ് കാണുന്നത്. ത്രിഭാഷാ പദ്ധതി നിര്‍ബന്ധമാണെങ്കില്‍ എന്തുകൊണ്ട് അത് ആറാം ക്ലാസ് മുതല്‍ ആയിക്കൂടെന്ന കോടതിയുടെ ചോദ്യം വളരെ ഗൗരവമുള്ള ഒന്നു തന്നെയാണ്.

ആറേഴ് പതിറ്റാണ്ട് മുമ്പുള്ള സാഹചര്യമല്ല ഇന്ന് തമിഴ്‌നാട്ടിലുള്ളത്. കാലം മാറി. കാവേരിനദിയിൽ ധാരാളം ജലം ഇതിനകം ഒഴുകിപ്പോകുകയും ചെയ്തു. ജനങ്ങളുടെ ചിന്തയും ധാരണകളെല്ലാം സ്വാഭാവികമായും മാറിയേക്കും. ത്രിഭാഷാ പദ്ധതിയെപ്പറ്റി ഗൗരവമായി ആലോചിക്കാനും, ന്യായമായ ഒരു തീരുമാനത്തിലെത്താനും, തമിഴ്‌നാട്ടിലെ പുതിയ സര്‍ക്കാരിനു കഴിയുമെന്നുള്ളതില്‍ സംശയമില്ല. നിര്‍ബന്ധമായും ത്രിഭാഷാ പദ്ധതി അടിച്ചേല്‍പ്പിക്കേണ്ടതുണ്ടോ എന്ന് ഗൗരവമായി ആലോചിക്കണമെന്ന ശക്തമായ അഭിപ്രായവും പല കേന്ദ്രങ്ങളില്‍ നിന്നും ഇതിനകം ഉയര്‍ന്ന് വന്നിട്ടുണ്ട്. മൂന്നാം ഭാഷ പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം തമിഴ്‌നാട്ടിലെ സ്‌കൂളുകളെ ഏല്‍പ്പിച്ചാല്‍ പോരേ എന്ന ചിലരുടെ വാദവും ഗൗരവമായ ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്.

ഒമ്പതാം ക്ലാസില്‍ നിര്‍ബന്ധമായും മൂന്നാം ഭാഷ പഠിപ്പിക്കണമെന്ന സിബിഎസ്ഇ അധികൃതരുള്ള തലതിരിഞ്ഞ തീരുമാനത്തിനെതിരായ കോടതി നിരീക്ഷണം എന്തുകൊണ്ടും സ്വാഗതാര്‍ഹമായ ഒന്നാണ്. യുക്തിക്ക് നിരക്കാത്ത ഈ സിബിഎസ്ഇ തീരുമാനത്തെയാണ് സുപ്രീം കോടതി നീതീകരണമില്ലാത്തതാണെന്ന് തങ്ങളുടെ നിരീക്ഷണത്തില്‍ കൂടി വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര വിദ്യാലയ അധികൃതരുടെ നീതീകരണമില്ലാത്ത തീരുമാനത്തിനെതിരേയാണ് പരമോന്നത കോടതിയുടെ ഐതിഹാസികമായ നിരീക്ഷണം വന്നിരിക്കുന്നത്.

(ലേഖകന്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമാണ്. ഫോണ്‍: 9847132428)

logo
Metro Vaartha
www.metrovaartha.com