

ന്യൂഡൽഹി: പതിറ്റാണ്ടുകളോളമായി ഇന്ത്യ തെരയുന്ന കുറ്റവാളികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ദാവൂദ് ഇബ്രാഹിമിന്‍റെ സ്ഥാനം. ഇന്‍റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച ദാവൂദിന്‍റെ തലയ്ക്ക് 25 ദശലക്ഷം യുഎസ് ഡോളറാണ് ഇനാമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയും അമെരിക്കയും ദാവൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരസംഘടന ലഷ്കർ ഇ തൊയ്ബയും പാക്കിസ്ഥാനി ഇന്‍റലിജൻസ് ഏജൻസിയുമായി ദാവൂദിന് അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. പല പേരുകളിലുള്ള വ്യാജ പാസ്പോർട്ടുകളും ദാവൂദിനുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.
താമസസ്ഥലവും രൂപവും അടിക്കടി മാറ്റിക്കൊണ്ടിരിക്കുന്നതിനാൽ ദാവൂദ് ഇപ്പോഴും പിടികിട്ടാ പുള്ളിയായി തുടരുകയാണ്. നിലവിൽ ഷെയ്ഖ് ദാവൂദ് ഹസ്സൻ എന്ന പേരിൽ പാക്കിസ്ഥാനിലെ കറാച്ചിയിൽ ജീവിക്കുകയാണെന്നാണ് നിഗമനം.
1993ലെ മുംബൈ സ്ഫോടനം അടക്കം നിരവധി ആക്രമണങ്ങളിലും കുറ്റകൃത്യങ്ങളിലും ദാവൂദ് പങ്കാളിയാണ്.
1993ലെ മുംബൈ സ്ഫോടനം
മുപ്പതു വർഷങ്ങൾക്കു മുൻപ് 1993 ലെ മുംബൈ സ്ഫോടനത്തിലെ മുഖ്യപ്രതിയാണ് ദാവൂദ് ഇബ്രാഹിം. സ്ഫോടനത്തിൽ 257 പേരാണ് കൊല്ലപ്പെട്ടത്. 700 പേർക്ക് പരുക്കേറ്റിരുന്നു. പാക് കേന്ദ്രീകൃത ഭീകരസംഘടന ലഷ്കർ ഇ തൊയ്ബയുമായി ചേർന്ന് ദാവൂദാണ് സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഭീകരർക്ക് സ്ഫോടകവസ്തുക്കളും ആയുധങ്ങളും നൽകി അവർക്ക് പരിശീലനം നൽകിയതും ദാവൂദ് ആയിരുന്നു. ബോംബേ സ്റ്റോക് എക്സ്ചേഞ്ച് അടക്കം മുംബൈയിലെ 12 ഇടങ്ങളിലാണ് സ്ഫോടനം ആസൂത്രണം ചെയ്തിരുന്നത്. സ്ഫോടനത്തിനു പിന്നാലെ ദാവൂദ് ഇന്ത്യ വിട്ടു.
2008ലെ മുംബൈ ആക്രമണം
മുംബൈയിൽ 166 പേരുടെ മരണത്തിന് ഇടയാക്കിയ 2008ലെ സ്ഫോടനത്തിനു പിന്നിലും ദാവൂദാണെന്ന സംശയം ശക്തമാണ്. 300 പേർക്ക് സ്ഫോടനത്തിൽ പരുക്കേറ്റിരുന്നു.
താജ് മഹൽ ഹോട്ടൽ, ഒബ്റോയ് ട്രൈഡന്‍റ് ഹോട്ടൽ, ഛത്രപതി ശിവജി ടെർമിനസ് , നരിമാൻ ഹൗസ് തുടങ്ങി നിരവധി ഇടങ്ങളിലാണ് ആക്രമണം ആസൂത്രണം ചെയ്തിരുന്നത്. ലഷ്കർ ഭീകരർ കടൽ മാർഗമാണ് മുംബൈയിലെത്തിയത്. അന്ന് ഭീകരർക്ക് വേമ്ട സാമ്പത്തിക, ആയുധ സഹായം നൽകിയ ദാവൂദാണെന്നാണ് കണ്ടെത്തൽ. ആക്രമണത്തിനു പിന്നാലെ മുംബൈ വിടാൻ ഭീകരരെ സഹായിച്ചതും ദാവൂദ് ആയിരുന്നു. ഹവാല ഇടപാടുകാരിൽ നിന്നും കള്ളനോട്ട് ഇടപാടുകാരിൽ നിന്നും വൻതോതിൽ പണം ആക്രമണത്തിനായി ദാവൂദ് ഉപയോഗിച്ചിരുന്നു.
2010ലെ പുനെ ജർമൻ ബേക്കറി സ്ഫോടനം
പുനെയിലെ കൊറിഗാവ് പാർക്ക് മേഖലയിൽ 2010ൽ നടത്തിയ സ്ഫോടനത്തിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. 60 പേർക്ക് പരുക്കേറ്റു. വിദേശികളെയും വിനോദസഞ്ചാരികളെയും ലക്ഷ്യമാക്കിയായിരുന്നു സ്ഫോടനം. ഇന്ത്യൻ മുജാഹുദ്ദീനായിരുന്നു ആക്രമണത്തിനു പിന്നിൽ. ഈ ഭീകരസംഘടനയുമായി ദാവൂദിന് അടുത്ത ബന്ധമുണ്ടായിരുന്നു. ബാഗിനുള്ളിൽ വച്ച ബോംബ് മൊബൈൽ ഫോൺ ഉപയോഗിച്ചാണ് നിയന്ത്രിച്ചിരുന്നത്. അന്വേഷണത്തിൽ സ്ഫോടകവസ്തുക്കളും അതു നിയന്ത്രിക്കുന്നതിനുള്ള മൊബൈൽ ഫോണും നൽകിയതും സ്ഫോടനത്തിനു ശേഷം ബോംബ് വച്ചയാളെ രക്ഷപ്പെടാൻ സഹായിച്ചതും ദാവൂദാണെന്ന് കണ്ടെത്തി.
2013 ലെ ഐപിഎൽ ഒത്തുകളി വിവാദം
ഐപിഎൽ ഒത്തുകളി അഴിമതിയിലും ദാവൂദ് ഇബ്രാഹിമിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ മുഴുവൻ ഞെട്ടിച്ച സംഭവമായിരുന്നു 2013ൽ നടന്നത്. രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ് ടീമുകളിലെ ചില കളിക്കാർ ഒരു ഓവറിൽ സ്വന്തമാക്കുന്ന സ്കോർ അടക്കം ഉൾപ്പെടുന്നതായിരുന്നു ഒത്തുകളി. ടീമില അംഗങ്ങൾക്കും ഒത്തുകളിക്കാരുമായി ബന്ധമുണ്ടായിരുന്നു. ഈ റാക്കറ്റിനെ നിയന്ത്രിച്ചിരുന്നത് ദാവൂദ് ഇബ്രാഹിമും അടുത്ത സഹായിയായ ഛോട്ടാ ഷക്കീലും ചേർന്നാണ്. തങ്ങളോട് സഹകരിക്കുന്നതിനായി ടീം അംഗങ്ങളെയും ടീം ഉടമസ്ഥരെയും ദാവൂദ് ഭീഷണിപ്പെടുത്തിയിരുന്നു.
ഇവയ്ക്കെല്ലാം പുറമേ കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകൽ, കള്ളക്കടത്ത് തുടങ്ങി നിരവധി കേസുകളിൽ ദാവൂദ് പ്രതിയാണ്. ദാവൂദിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് എഴുതിയ ജ്യോതിർമയ് ഡേ എന്ന പത്രപ്രവർത്തകയെ 2011ൽ കൊലപ്പെടുത്തിയതായും ആരോപണമുണ്ട്.