

ഓം ബിർള
ലോക്സഭാ സ്പീക്കർ
പാർലമെന്റിലെയും സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷരുടെ സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗം.
ഓം ബിർള
ലോക്സഭാ സ്പീക്കർ
പൊതുപണത്തിന്റെ സംരക്ഷകരെന്ന നിലയിൽ പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികൾ (പിഎസി) തങ്ങളുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തണം. പൊതുഖജനാവിൽ നിന്ന് ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും കൃത്യമായ കണക്കുണ്ടാകണം. അനുവദിച്ചിട്ടുള്ള ആവശ്യത്തിനായി അത് പൂർണമായും വിനിയോഗിക്കണം. സുതാര്യതയും ഉത്തരവാദിത്തവും ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളാണ്. പൊതുചെലവുകൾ സാധാരണ പൗരന്മാരുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന ഗുണപരമായ മാറ്റങ്ങളാണ് അവയുടെ ആത്യന്തികമായ അളവുകോൽ.
പൊതുചെലവുകൾ പരിശോധിക്കുക, സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുക, എക്സിക്യൂട്ടീവിനെ ഉത്തരവാദിത്തമുള്ളതാക്കുക എന്നീ ചുമതലകൾ നിർവഹിക്കുന്ന പാർലമെന്ററി ജനാധിപത്യത്തിലെ സുപ്രധാന സ്ഥാപനമാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികൾ. കണക്കുകളും ഓഡിറ്റ് കണ്ടെത്തലുകളും പരിശോധിക്കുന്നതിൽ മാത്രം കമ്മിറ്റികളുടെ ഉത്തരവാദിത്തം ഒതുങ്ങുന്നില്ല. പൊതു ഫണ്ടുകൾ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ കൈവരിച്ചിട്ടുണ്ടോ, അനുവദിച്ച ഫണ്ടുകൾ പ്രതീക്ഷിച്ച ഫലങ്ങൾ നൽകിയിട്ടുണ്ടോ എന്നും വിലയിരുത്തണം.
10, 15, ചിലപ്പോൾ 20 വർഷം വരെ ഓഡിറ്റ് പരാമർശങ്ങൾ തീർപ്പാകാതെ തുടരുന്നതിൽ ആശങ്കയുണ്ട്. ഇത്തരം കാലതാമസം സംവിധാനത്തിന്റെ കാര്യക്ഷമതയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നു. ഓഡിറ്റ് പരാമർശങ്ങളും അവയുമായി ബന്ധപ്പെട്ട തുടർനടപടികളും അനാവശ്യ കാലതാമസമില്ലാതെ പരിഹരിക്കുന്നതിന് വ്യക്തവും വ്യവസ്ഥാപിതവും സമയബന്ധിതവുമായ കർമപദ്ധതി തയാറാക്കണം. ഉത്തരവാദിത്തം കടലാസിൽ മാത്രം ഒതുങ്ങാതെ സമയബന്ധിതമായ തിരുത്തൽ നടപടികളിലൂടെ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ നിരീക്ഷണം, അവലോകനം, തുടർനടപടികൾ എന്നിവയ്ക്കുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര- സംസ്ഥാന ഗവൺമെന്റുകൾ ഒരുമിച്ച് പ്രവർത്തിക്കണം.
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനായി പ്രതിപക്ഷ അംഗത്തെ നിയമിക്കുന്നതാണ് നമ്മുടെ സവിശേഷമായ ജനാധിപത്യ പാരമ്പര്യം. ഇത് ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യത്തിന്റെ പക്വതയും ഉൾക്കൊള്ളൽ സ്വഭാവവും കരുത്തും പ്രതിഫലിപ്പിക്കുന്നു. കമ്മിറ്റിയിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പ്രാതിനിധ്യം നൽകുന്നത് പൊതു ചെലവുകളുടെ പരിശോധനയിൽ വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉൾപ്പെടുത്താൻ സഹായിക്കുന്നു. പൊതുവായ ദേശീയ ലക്ഷ്യത്തിനായി രാഷ്ട്രീയ പരിഗണനകൾക്കതീതമായി പ്രവർത്തിക്കാൻ ജനാധിപത്യ സ്ഥാപനങ്ങൾക്ക് കഴിയുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംവിധാനം.
അംഗങ്ങൾ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിലും ആശയധാരകളിലും വിശ്വസിക്കുന്നവരും നയങ്ങളിലും ഭരണ നിർവഹണത്തിലും വ്യത്യസ്ത കാഴ്ചപ്പാടുകൾ പുലർത്തുന്നവരുമാകാം. എന്നാൽ പൊതുപണം സംരക്ഷിക്കുന്ന കാര്യത്തിൽ എല്ലാവരുടെയും ഉത്തരവാദിത്തം ഒന്നാണ്. സംവാദം, സഹകരണം, സമവായം, കൂട്ടായ ഉത്തരവാദിത്തം എന്നിവയിലൂടെയാണ് പിഎസികൾ പ്രവർത്തിക്കേണ്ടത്. ഏതെങ്കിലും വ്യക്തിയെയോ ഗവൺമെന്റിനെയോ വിമർശിക്കുകയല്ല കമ്മിറ്റിയുടെ ലക്ഷ്യം. പൊതു ഫണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടുകയോ പാഴാകുകയോ ചെയ്യുന്നില്ലെന്നും ക്രമക്കേടുകളും ചോർച്ചകളും തടയപ്പെടുന്നുവെന്നും എക്സിക്യൂട്ടീവ് ജനങ്ങളോട് ഉത്തരവാദിത്തം പുലർത്തുന്നുവെന്നും ഉറപ്പാക്കുകയാണ് വേണ്ടത്. പൗരന്മാരുടെ വിശ്വാസമാണ് ജനാധിപത്യ ഭരണത്തിന്റെ അടിത്തറ. പൊതുപണത്തിലെ ഓരോ രൂപയും ജനങ്ങളുടെ പ്രതീക്ഷകളുടെയും സംഭാവനയുടെയും പ്രതീകമായതിനാൽ ഉയർന്ന തലത്തിലുള്ള സാമ്പത്തിക സത്യസന്ധതയോടെ ചെലവഴിക്കണം.
കണക്കുകൾ, വിഹിതങ്ങൾ, വിനിയോഗ സർട്ടിഫിക്കറ്റുകൾ എന്നിവയിൽ മാത്രം പൊതു ചെലവുകളുടെ വിലയിരുത്തൽ ഒതുങ്ങരുത്. അടിസ്ഥാനസൗകര്യ പദ്ധതികളുടെ കാര്യത്തിൽ ആവശ്യമായിടത്ത് കമ്മിറ്റികൾ പദ്ധതി സ്ഥലങ്ങൾ സന്ദർശിച്ച് പ്രവൃത്തികളുടെ ഗുണനിലവാരം, സമയബന്ധിതമായ പൂർത്തീകരണം, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നിവ പരിശോധിക്കണം. ചെലവഴിച്ച പണം ഉദ്ദേശിച്ച അടിസ്ഥാനസൗകര്യം സൃഷ്ടിച്ചിട്ടുണ്ടോ, പൊതുവിഭവങ്ങൾ ഫലപ്രദമായി വിനിയോഗിച്ചിട്ടുണ്ടോ എന്നിവ ഉറപ്പാക്കാൻ ഇത്തരം നേരിട്ടുള്ള വിലയിരുത്തൽ സഹായിക്കും. അതുപോലെ, സാമൂഹ്യക്ഷേമ പദ്ധതികളുടെ കാര്യത്തിൽ ചെലവഴിച്ച തുക മാത്രമല്ല, അതിന്റെ യഥാർഥ സ്വാധീനവും പരിശോധിക്കേണ്ടതുണ്ട്. പൊതുചെലവുകളുടെ ആത്യന്തിക ലക്ഷ്യം സാമൂഹിക നന്മയും പൊതുജനക്ഷേമവുമായിരിക്കണം.
ഇന്ത്യയുടെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനും (സിഎജി) പ്രധാന പങ്കുണ്ട്. സിഎജി ഓഡിറ്റ് കണ്ടെത്തലുകളുടെ പരിശോധന, നടപടികൾ സ്വീകരിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുടെ സൂക്ഷ്മ പരിശോധന, ശുപാർശകളുടെ തുടർനടപടികൾ എന്നിവ പിഎസികളുടെ പ്രവർത്തനത്തിലെ അവിഭാജ്യ ഘടകങ്ങളാണ്. പൊതുപണം സുതാര്യമായും കാര്യക്ഷമമായും അനുവദിച്ചിട്ടുള്ള ആവശ്യങ്ങൾക്കനുസൃതമായും വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ഈ പ്രവർത്തനങ്ങളുടെ വിശാലമായ ലക്ഷ്യം. സംവിധാനപരമായ മാറ്റങ്ങൾ ആവശ്യമായിടത്ത് കമ്മിറ്റികൾ ഉചിതമായ മാർഗനിർദേശങ്ങൾ നൽകുകയും തിരുത്തൽ നടപടികൾ നിർദേശിക്കുകയും വേണം.
അനുഭവങ്ങൾ, ആശയങ്ങൾ, നൂതനസംരംഭങ്ങൾ, മികച്ച പ്രവർത്തന രീതികൾ എന്നിവ പങ്കുവെക്കുന്നതിനുള്ള ഫലപ്രദമായ വേദിയായി ഈ സമ്മേളനത്തെ പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും പിഎസികൾ പ്രയോജനപ്പെടുത്തണം. കൂടുതൽ സുതാര്യതയും ശക്തമായ സാമ്പത്തിക മേൽനോട്ടവും ഫലപ്രദമായ വിലയിരുത്തലും കാഴ്ചവച്ച സംസ്ഥാനങ്ങൾ സ്വീകരിച്ച പ്രവർത്തനരീതികൾ മറ്റുള്ളവരുമായി പങ്കുവയ്ക്കണം. ഉത്തരവാദിത്ത സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ സംസ്ഥാനങ്ങൾക്കിടയിലെ ആരോഗ്യകരമായ മത്സരം രാജ്യത്തുടനീളം മികച്ച ഭരണനിർവഹണത്തിന് സഹായകമാകും.
ഭാവിയെ മുൻനിർത്തിയുള്ള സമീപനമാണു വേണ്ടത്. മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് പരിശോധനയുടെയും മേൽനോട്ടത്തിന്റെയും രീതികൾ കമ്മിറ്റികൾ നിരന്തരം ശക്തിപ്പെടുത്തണം. വലിയ അളവിലുള്ള ചെലവു വിവരങ്ങൾ വിശകലനം ചെയ്യാനും ഉയർന്നുവരുന്ന പ്രവണതകൾ തിരിച്ചറിയാനും സാധ്യതയുള്ള സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്താനും ഓഡിറ്റ് പരാമർശങ്ങളുടെ നിരീക്ഷണം മെച്ചപ്പെടുത്താതിനും സാങ്കേതികവിദ്യ, ഡാറ്റാ അനലിറ്റിക്സ്, നിർമിതബുദ്ധി എന്നിവയ്ക്ക് സുപ്രധാന പങ്കുവഹിക്കാനാകും.
ഭരണ നിർവഹണത്തിൽ പൗരപങ്കാളിത്തത്തിനു പ്രാധാന്യമുണ്ട്. പൊതുവിഭവങ്ങളുടെ വിനിയോഗത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നത് ജനാധിപത്യ സ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസം ശക്തിപ്പെടുത്തുന്നു. പൊതു ചെലവുകൾ കൃത്യമായി നിരീക്ഷിക്കുകയും കണക്കുകൾ വിശദമായി പരിശോധിക്കുകയും സമയബന്ധിതമായി തിരുത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന സംവിധാനം ഗവൺമെന്റ് വിഭവങ്ങൾ ജനങ്ങൾക്ക് ഫലപ്രദമായി പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ അനിവാര്യമാണ്.
വർഷങ്ങളായി പിഎസികളുടെ പ്രവർത്തനപരിധിയും ഉത്തരവാദിത്തങ്ങളും വികസിച്ചിട്ടുണ്ട്. ഓഡിറ്റ് റിപ്പോർട്ടുകളും പൊതു കണക്കുകളും പരിശോധിക്കുന്നതിനു പുറമെ പൊതു ചെലവുകൾ, ഗവൺമെന്റ് വകുപ്പുകളുടെ പ്രവർത്തനം, ഭരണ പരിഷ്കാരങ്ങൾ, പദ്ധതികളുടെ വിലയിരുത്തൽ എന്നിവ സംബന്ധിച്ച ശുപാർശകളിലൂടെയും കമ്മിറ്റി നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്.
പിഎസിയുടെ സമീപകാല ശതാബ്ദി ആഘോഷങ്ങൾ അനുസ്മരിക്കേണ്ടതാണ്. കമ്മിറ്റിയുടെ അടിസ്ഥാന തത്വങ്ങൾ ഭാവിയിലെ മുൻഗണനകൾക്കും മാർഗദർശനമാകണം. ആ അവസരത്തിൽ കൈക്കൊണ്ട പ്രതിജ്ഞകൾ കമ്മിറ്റിയുടെ പ്രവർത്തനത്തിലെ കൃത്യമായ പുരോഗതിയായി മാറണം. കേന്ദ്ര- സംസ്ഥാന പങ്കാളിത്തത്തോടെയും പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയും നടപ്പാക്കുന്ന പദ്ധതികൾ അതത് കമ്മിറ്റികളുടെ അധികാര പരിധിക്കുള്ളിൽ ഫലപ്രദമായ സാമ്പത്തിക പരിശോധനയ്ക്ക് വിധേയമാക്കണം.
സാമ്പത്തിക അച്ചടക്കം, സുതാര്യത, ഉത്തരവാദിത്തം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ നിർദേശങ്ങളിലേക്കും കൃത്യമായ ഫലങ്ങളിലേക്കും സമ്മേളനത്തിലെ ചർച്ചകൾ നയിക്കും. നിരീക്ഷണം, ഓഡിറ്റ് തുടർ നടപടികൾ, പൊതു ചെലവുകളുടെ ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗ നിർദേശങ്ങളായി സമ്മേളനത്തിലെ തീരുമാനങ്ങൾ മാറണം. പൊതു പണത്തിലെ ഓരോ രൂപയും ഉത്തരവാദിത്ത പൂർണമായും ഉദ്ദേശിച്ച ആവശ്യത്തിനായും വിനിയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് എല്ലാവരുടെയും പൊതുലക്ഷ്യം.