

ഫൈവ് സ്റ്റാർ ആശുപത്രിയിലെ അദ്ഭുത രഹസ്യങ്ങൾ
ക്വാറന്‍റൈൻ| കെ. ആർ. പ്രമോദ്
നഴ്സുമാരുടെ സമരം മൂലം ഒരു ഗുണമുണ്ടായി. നമ്മുടെ സ്വകാര്യ വൻകിട ആശുപതികളെക്കുറിച്ച് പലരും പലതും ചർച്ച ചെയ്തു തുടങ്ങി. ഒരു ഫൈവ് സ്റ്റാർ ആശുപത്രിയിൽ രോഗീസന്ദർശനത്തിനു പോയ വർക്കിച്ചൻ എന്ന പൗരന്‍റെയും ഭാര്യ മേരിക്കുട്ടിയുടെയും അനുഭവങ്ങൾ.
വർക്കിച്ചന്‍റെ അയൽക്കാരനും സ്ഥലത്തെ പ്രധാന ദിവ്യനുമായ തോമാച്ചൻ മുതലാളിയെ സുഖചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്ത ഈരേഴുപതിനാലു ലോകങ്ങളിലും പരന്നു. ധനാഢ്യനും പൗരപ്രമുഖനുമായ അദ്ദേഹത്തെ കാണാൻ വർക്കിച്ചനും ഭാര്യ മേരിക്കുട്ടിയും നേരെ ആശുപത്രിയിലേക്ക് തിരിച്ചു. ഒരു സമുദായത്തിന്‍റെ മേൽനോട്ടത്തിൽ കോടികൾ വാരിയെറിഞ്ഞു പണിതുയർത്തിയ പുതിയ ഫൈവ് സ്റ്റാർ ഹോസ്പിറ്റലാണ് കോടീശ്വനായ അപ്പാപ്പന്‍റെ കായകല്പ സുഖചികിത്സ.
"ആശുപത്രിവാസം നിങ്ങൾക്ക് അടിച്ചുപൊളിക്കാം, ആനന്ദകരമായ അനുഭവമാക്കാം' എന്ന ഇവരുടെ പരസ്യവാചകം പ്രശസ്തമാണ്. കേരളത്തിലെ എല്ലാ നഗരങ്ങളിലും നാട്ടിൻപുറങ്ങളിലെ നാൽക്കവലകളിലും ഈ വാചകമെഴുതിയ വലിയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഹൃദ്രോഗം മുതൽ ചൊറിയും ചിരങ്ങും വരെ പിടിച്ചുകെട്ടും എന്നാണ് അവരുടെ മറ്റൊരു ഭീഷണി.
സ്വർഗത്തിലേക്കുള്ള ഉദ്യാനവീഥി
വർക്കിച്ചനും ഭാര്യയും ആശുപത്രിയുടെ മുമ്പിലെത്തിയപ്പോൾ വിചിത്ര വേഷധാരികളായ അനേകം സെക്യൂരിറ്റി ജീവനക്കാർ അവരുടെ കാറിനെ പനിനീർ വീശി സ്വീകരിച്ചു. ആതുരാലയത്തിന്‍റെ ചുറ്റുമുള്ള ഏഴഴകുള്ള ഏഴേക്കർ ഏദൻതോട്ടത്തിൽ ഏഴകളാരുമില്ലായിരുന്നു.
കാറ്റാടിമരങ്ങൾ മുതൽ മുക്കുറ്റി, മന്ദാരം, ചേമന്തിവരെ പുഷ്പിക്കുന്ന മനോഹരമായ ഇടങ്ങൾ, പുൽമേടുകൾ, പൊയ്കകൾ, ലതാഗൃഹങ്ങൾ, ഊഞ്ഞാലുകൾ, ജലധാരായന്ത്രങ്ങൾ, അരുവികൾ, പലനിറങ്ങളിലുള്ള വൈദ്യുതദീപങ്ങൾ, ശലഭങ്ങൾ, ഹംസങ്ങൾ, പാടുന്നതും പാടാത്തതുമായ പൈങ്കിളികൾ എന്നിവയെല്ലാം അവിടെ കാണപ്പെട്ടു. ആശുപത്രി പരിസരം വർക്കിച്ചനും ഭാര്യയ്ക്കും ഇഷ്ടമായി. ഇത്തരമൊരു ഉദ്യാനം വേറെ കാണണമെങ്കിൽ മൈസൂരിലെ വൃന്ദാവനത്തിൽ പോകാതെ പറ്റില്ല.
ഒരു തടാകത്തിന്‍റെ അരികിലുള്ള പാർക്കിങ് ഏരിയയിലേക്ക് വർക്കിച്ചന്‍റെ ശകടത്തെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ നയിച്ചു. ആറു മണിക്കൂറിന് ഹൺഡ്രഡ് രൂപയാണ് പാർക്കിംങ് ചാർജ്. നൂറു രൂപ കൊടുത്താലും നഷ്ടമില്ല. ചുറ്റും നടന്നു കാണാം, ആടാം! പാടാം!
വേദനിക്കുന്ന മനസുകൾക്ക് ആശ്വാസം ലഭിക്കുവാൻ ഇതിലും വലിയൊരു സ്ഥലം വേറെ എവിടെയുണ്ട്? ലക്ഷക്കണക്കിന് രൂപ വിലയുള്ള വലിയ കാറുകൾക്കിടയിൽ ചെന്നുകിടക്കാനുള്ള ഭാഗ്യം തന്‍റെ വണ്ടിക്കും ലഭിച്ചല്ലോ എന്നോർത്ത് വർക്കിച്ചന് അഭിമാനം തോന്നി.അവർ കാറിൽ നിന്നിറങ്ങി ആശുപത്രിയുടെ മുൻവശത്തേക്ക് പ്രവേശിച്ചു. മഹാസൗധത്തിന്‍റെ കണ്ണാടി വാതിലുകൾ തുറക്കപ്പെട്ടു.
ഫൈവ് സ്റ്റാർ കാഴ്ചകൾ
യൂണിഫോം ധാരിണികളായ സുന്ദരികൾ മുഖ്യകവാടത്തിൽ അവരെ അഭിവാദ്യം ചെയ്യവെ, ഏതോ ഭാഗത്തുനിന്ന് മനോഹരമായ പ്രാർഥനാഗാനം ഒഴുകി വരുന്നുണ്ടായിരുന്നു. സ്‌ഫടിക വാതിലുകളുള്ള മൂന്നാല് ലിഫ്റ്റുകൾ സ്വർഗത്തിലേക്കും ഭൂമിയിലേക്കും സഞ്ചരിച്ചുകൊണ്ടിരുന്നു. സ്വർഗദൂതന്മാരായ അനേകം പുരോഹിതന്മാരും മാലഖമാരായ യുവ നഴ്സുമാരും കോട്ടൺടൈയും കോട്ടും ധരിച്ച യമഭടന്മാരായ ഡോക്റ്റർമാരും അതിനുള്ളിൽ ദൈവത്തിന്‍റെ കാര്യസ്ഥന്മാരെപ്പോലെ കാണപ്പെട്ടു.
നീലവേഷമണിഞ്ഞ ക്ലാസ്ഫോർ ജീവനക്കാർ മാർബിൾ പതിച്ച നിലങ്ങൾ യന്ത്രച്ചൂലുകൾ കൊണ്ട് തുടച്ചു ഭംഗിയാക്കിക്കൊണ്ടിരുന്നു. പ്രധാന വാതിലിനരികിൽ ഫിറ്റു ചെയ്തിരുന്ന വലിയൊരു ക്രിസ്മസ് ഫാദറിന്‍റെ രൂപം എല്ലാവരെയും കൈവീശി സ്വാഗതം ചെയ്യുന്നതും ധനികരായ മക്കളാൽ ഉപേക്ഷിക്കപ്പെട്ട ഫാദേഴ്സും മദേഴ്സും ആ ദിവ്യരൂപത്തിന്‍റെ മുൻപിൽ വണങ്ങിയ ശേഷം ഗിനിപ്പന്നികളെപ്പോലെ ലിഫ്റ്റിലേക്ക് കയറിപ്പോകുന്നതും വർക്കിച്ചനും ഭാര്യയും കണ്ടു.
രോഗിക്ക് സുഖം തന്നെ!
രോഗിയായ തോമസു മുതലാളി നാലാം നിലയിലുള്ള വിശാലമായ ഒരു മുറിയിലെ മെത്തയിൽ ചാരിക്കിടന്ന് ഒരു ചിക്കൻ സൂപ്പ് കുടിക്കുകയായിരുന്നു. വർക്കിച്ചനെയും മേരിക്കുട്ടിയെയും മുതലാളിയുടെ മക്കൾ ആദരവോടെ സ്വീകരിച്ചു.
"അപ്പാപ്പന് സുഖചികിത്സയാണ്. ഇത്തരം ആശുപത്രിയിൽ എല്ലാവിധ പരിശോധനകളും നടത്താമെന്നു മാത്രമല്ല, വിശ്രമവും ഉല്ലാസവും ലഭിക്കുകയും ചെയ്യുമല്ലോ. കിഴി, ഉഴിച്ചിൽ, വസ്തി, ധാര, പിഴിച്ചിൽ, എണ്ണയിൽ സ്നാനം, സ്കാനിങ് എന്നീ നേരമ്പോക്കുകൾക്കക്കുള്ള അവസരവും ഇവിടെയുണ്ട് '- മുതലാളിയുടെ മകൾ പറഞ്ഞു.
ഇതൊന്നും കൂടാതെ താഴത്തെ നിലയിലുള്ള റസ്റ്ററന്‍റിൽ തന്തൂരിചിക്കൻ മുതൽ പരിപ്പുവട വരെയും കോള മുതൽ കട്ടൻകാപ്പി വരെയും കിട്ടും. റസ്റ്ററന്‍റിനോട് ചേർന്നുള്ള മാളിൽ അപ്പനും അമ്മയും ഒഴികെയുള്ള എല്ലാ സാധനങ്ങളും മിതമായ നിരക്കിൽ വാങ്ങാം. ഒരിക്കൽ ആശുപത്രിയിൽ ചെന്നാൽ ചികിത്സ, ശവസംസ്കാരം, ഭക്ഷണം എന്നിവ മാത്രമല്ല ഷോപ്പിങ്ങും നടക്കും!
ചാകാനും ചാകാനൊരുങ്ങാനും സൗകര്യമുണ്ട്!
കോടീശ്വരന്മാരായ വൃദ്ധദമ്പതികൾക്ക് ശേഷജീവിതം അടിച്ചുപൊളിക്കാനുള്ള കിടിലൻ മുറികളും പിഴിച്ചിൽ - തിരുമ്മൽ മുറകളും പന്ത്രണ്ടാം നിലയിൽ ഒരുക്കിയിട്ടുണ്ട്. അവരെ ഭക്തിമാർഗത്തിലേക്ക് നയിക്കാനായി ചാപ്പലും ബാറും ഏഴാംസ്വർഗവും നീന്തൽക്കുളവും ഇതിനൊക്കെപ്പുറമേ സൃഷ്ടിച്ചിട്ടുണ്ട്.
യൂറോപ്പിലും മറ്റും കഴിയുന്ന യുവമിഥുനങ്ങൾക്കും സ്വന്തം നിലയിൽ ഇവിടെ സ്യൂട്ടുകൾ ബുക്കു ചെയ്ത് സ്വന്തമാക്കാം. അവരുടെ മാതാപിതാക്കളെ അതിൽ താമസിപ്പിച്ച ശേഷം നാട്ടിലെ വീടും സ്ഥലവും വിൽക്കുന്നതും ലാഭകരമായ ഒരു കാര്യമാണ്. ഇവിടെയാകുമ്പോൾ കായകല്പ വിനോദത്തിനും ചികിത്സയ്ക്കും ശേഷം സുഖമരണത്തിനും സൗകര്യമുണ്ടല്ലോ.
പറുദീസയുടെ പേരിൽ നമ്പരിട്ട ഈ സ്യൂട്ടുകൾ മാതാപിതാക്കൾ സിദ്ധികൂടിയ ശേഷം മക്കൾക്ക് കിട്ടും. അങ്ങനെ പറുദീസാ വാസത്തിനുള്ള സൗകര്യം രണ്ടാം തലമുറയ്ക്കും ലഭിക്കും എന്നതാണ് ഈ കാരുണ്യ പദ്ധതിയുടെ ഗുണം. കാരുണ്യം കിട്ടണമെങ്കിൽ കാശു മുടക്കണമെന്ന് പറയേണ്ട കാര്യമില്ലല്ലോ.
പണം ഡോളറായി കൊടുത്താൽ തേക്കിൻതടിയിൽ ചിത്രപ്പണി ചെയ്ത ശവപ്പെട്ടിയും മെഴുകുതിരികളും ഒടുവിൽ സൗജ്യമാണ്. നിങ്ങൾക്ക് അവകാശപ്പെട്ട സ്ഥലത്ത് കല്ലറയും ഫലകവും പണിതു കൊടുക്കാൻ സിവിൽ വിംഗും ഈ ആതുരാലയത്തിലുണ്ട്. ഇവിടെക്കിടന്ന് സുഖമരണം പ്രാപിക്കുന്നവരുടെ ഫോട്ടോയുള്ള പരസ്യങ്ങൾ വർഷം തോറും പത്രങ്ങളിൽ നൽകാൻ പബ്ലിക് റിലേഷൻസ് വിഭാഗം തയാറാണെന്നു പറഞ്ഞാൽ ആനന്ദലബ്ധിക്ക് ഇനിയെന്തുവേണം?
ഫൈവ് സ്റ്റാർ സംസ്കാരം റെഡി!
സൗകര്യങ്ങൾ വേറെയുമുണ്ട്. ആശുപത്രിയിലെ പ്രധാന ഡോക്റ്ററുടെ മുറിയുടെ വലതുവശത്തായി അത്യാസന്നരുടെ സൗകര്യാർഥം മറ്റൊരു സൂപ്പർമാർക്കറ്റുണ്ട്. ഭൗതികദേഹം സൂക്ഷിക്കുന്നതിനുള്ള ഫ്രീസറുകളും ശവപ്പെട്ടികളും പ്രാർഥനാ പുസ്തകങ്ങളും റീത്തുകളും ഭംഗിയായി അവിടെ ഡിസ്പ്ലേ ചെയ്തിരിക്കുന്നു. ഫൈവ് സ്റ്റാർ സംസ്കാരച്ചടങ്ങിന്‍റെ വീഡിയൊയെടുത്ത് യൂട്യൂബിലാക്കി സംപ്രേഷണം ചെയ്യുന്നതിന്‍റെ കരാറും അവിടെ ഏറ്റെടുക്കുന്നുണ്ട്. ആസന്നമരണരായ മനുഷ്യർക്കും അവരുടെ സന്തതികൾക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ കാര്യങ്ങൾ നടത്തിക്കൊടുക്കണം എന്നാണല്ലോ ആശുപതിയുടെ ആപ്തവാക്യത്തിന്‍റെ പൊരുൾ.
60 വയസ് കഴിഞ്ഞ സാധാരണക്കാർക്ക് മരണഭയം തോന്നുന്നതിനു മുമ്പ്, ആളൊന്നുക്ക് ഒരു ലക്ഷം രൂപ വീതം മുൻകൂട്ടി ഡെപ്പോസിറ്റ് ചെയ്താൽ എപ്പോൾ വേണമെങ്കിലും ഒരു മുറിയും ഫ്രീസറും കിട്ടാനും വഴിയുണ്ട്. സാധുജന സേവനവും ദൈവത്തിങ്കലേക്കുള്ള വഴിയാണല്ലോ.
ഇതൊന്നും പോരാഞ്ഞ്, തിരക്കുകൾക്കിടയിൽ വിൽപ്പത്രം തയാറാക്കാനും മറ്റും സമയം കിട്ടാത്തവർക്ക് അത് ചെയ്യാനും അതിനു സഹായിക്കുന്നതിനുള്ള ഉദ്യോഗസ്ഥരും ഇവിടെ റെഡിയാണ്. ചത്തുപോകുമ്പോൾ മക്കൾക്കും മരുമക്കൾക്കും സ്വത്തു പങ്കുവച്ചുകൊടുത്തില്ല എന്നൊരു വിഷമം തോന്നേണ്ട അവസ്ഥ വരില്ല.
"എത്ര രസകരമായ സംഗതികൾ! ആർക്കും അന്തരിക്കാൻ തോന്നുന്ന അന്തരീക്ഷം!' - വർക്കിച്ചൻ അറിയാതെ പറഞ്ഞുപോയി.
സ്കാനിങ്, സ്കാനിങ്!
അപ്പോഴാണ് മുതലാളിയെ സ്കാനിങ്ങിന് വിധേയമാക്കാൻ നഴ്സുമാർ എത്തിയത്. ഈ ആചാരപരമായ ചടങ്ങിൽ പകെടുക്കാൻ വർക്കിച്ചനും അങ്ങോട്ടു പോയി. അപ്പാപ്പന്‍റെ സ്കാനിങ് ഒരു പാക്കെജിന്‍റെ ഭാഗമാണ്. അതു വേണ്ടെങ്കിലും ചെയ്യുന്നതാണ് ലാഭം.
അതിമനോഹരമായ സജ്ജീകരിച്ച സ്കാനിങ് മുറിയിലെ വർണവിളക്കുകൾ പുഞ്ചിരിക്കവെ, രണ്ടുമൂന്നു പേർ ചേർന്ന് മുതലാളിയെ സ്വീകരിച്ച് വലിയൊരു ഹാളിലെ യന്ത്രത്തിനുള്ളിലേക്ക് കടത്തി.
നക്ഷത്രവിളക്കുകൾ പലവട്ടം കണ്ണുചിമ്മി, പിന്നീട് എവിടെനിന്നോ റാപ്പ് സംഗീതം ഒഴുകിവന്നു. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ ഒരു യുവാവിന്‍റെ പ്രസരിപ്പോടെ മുതലാളി എഴുന്നേറ്റിരുന്നു.
"ഇങ്ങനെയുള്ള ആശുപത്രിയിൽ സമയം പോകുന്നതറിയുകയില്ല. ബോറടിക്കില്ല!' - മേരിക്കുട്ടി സമ്മതിച്ചു.
"യമഭടന്മാരുടെ ഇൻഷ്വറൻസിന് ഒരു വർഷം ഒരാൾക്ക് 25,000 രൂപ മുടക്കിയാൽ മതി. ഈ സുഖങ്ങളെല്ലാം നിങ്ങൾക്ക് അനുഭവിക്കാം. ജീവിതം കൂടുതൽ രസകരമാകും!' - അപ്പാപ്പന്‍റെ മകൾ പുഞ്ചിരിയോടെ പറഞ്ഞു.
"ഈ സൗകര്യങ്ങൾ കാണുമ്പോൾ എന്‍റെ കണ്ണു നിറയുന്നു. മനം നിറയുന്നു. ജീവിതത്തിലെ വിരസതയകറ്റാൻ ഇവിടെ പൊറുതി തുടങ്ങിയാലോയെന്ന് ആലോചിച്ചുപോകുന്നു' - മേരിക്കുട്ടി പ്രിയതമനോടു ചൊല്ലി.
രോഗീസന്ദർശനം കഴിഞ്ഞ് വണ്ടി പാർക്കു ചെയ്തിരുന്ന ഉദ്യാനത്തിലേക്ക് അവർ നടക്കുമ്പോൾ ആകാശത്ത് മാലാഖമാരുടെ ചിറകടിയൊച്ച കേട്ടു. ആരുടേയോ സുഖമരണം നടന്നതിന്‍റെ ആഘോഷങ്ങൾ പന്ത്രണ്ടാം നിലയിലെ ശീതീകരിച്ച ഹാളിൽ തുടങ്ങിക്കഴിഞ്ഞിരുന്നു.