

ദീപങ്ങളുടെ ഉത്സവം
പ്രതീകാത്മക ചിത്രം - എഐ
വിജയ് ചൗക്ക്|സുധീര്‍ നാഥ്
രാജ്യത്ത് നിരവധി ഉത്സവങ്ങളുണ്ടല്ലോ. എല്ലാ മാസവും കുറഞ്ഞത് ഒരു പ്രധാന ഉത്സവമെങ്കിലും കാണാം. ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ആ നാളുകളില്‍ വീടുകളില്‍ വ്യാപകമായി ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കും. ആദ്യ നാളുകളില്‍ കേരളത്തില്‍ ദീപാവലി ആഘോഷം കാര്യമായി കണ്ടിരുന്നില്ല. എന്നാല്‍ കാലം മാറിയതോടെ കേരളത്തിലും ദീപാവലി ആഘോഷം കാര്യമായി ഇപ്പോള്‍ നടക്കുന്നു. ദീപാവലി എന്ന പദം വരുന്നത് സംസ്കൃത പദമായ ദീപം എന്നതില്‍ നിന്നാണ്. വിളക്കുകളുടെ ഒരു നിര അല്ലെങ്കില്‍ പരമ്പരയാണ് ദീപാവലി. "വിളക്കുകളുടെ നിര' എന്നർഥം വരുന്ന ദീപാവലി രാജ്യത്തെ നാല് പ്രധാന ഉത്സവങ്ങളില്‍ ഒന്നാണ്.
ഹിന്ദു ചാന്ദ്രസൗര കലണ്ടര്‍ പ്രകാരം ഒക്റ്റോബര്‍ രണ്ടാം പകുതി മുതല്‍ നവംബര്‍ ആദ്യ പകുതി വരെയുള്ള കാലത്ത് അമാവാസിയോടനുബന്ധിച്ച് 5 ദിവസത്തെ ആഘോഷം എല്ലാ വര്‍ഷവും ആചരിക്കുന്നു. ഒരു ഡസന്‍ രാജ്യങ്ങളില്‍ ഇത് ഒരു ഔദ്യോഗിക അവധി ദിവസമാണ്. നേപ്പാളില്‍, ഇത് ഒരു മള്‍ട്ടി- ഡേ ഉത്സവം കൂടിയാണ്. ദിവസങ്ങളും ആചാരങ്ങളും വ്യത്യസ്തമായി അറിയപ്പെടുന്നെങ്കിലും, ഹിന്ദുക്കള്‍ തിഹാര്‍ ഉത്സവം എന്നും ബുദ്ധമതക്കാര്‍ സ്വാന്തി ഉത്സവം എന്നും വിളിക്കുന്നു. സാധാരണ ദീപാവലി എന്നത് ഹിന്ദുക്കള്‍ വെളിച്ചങ്ങളുടെ ഉത്സവമായി കണക്കാക്കുന്നു. ജൈന മതം, സിഖ് മതം തുടങ്ങിയ മറ്റ് ഇന്ത്യന്‍ മതങ്ങളിലും ഇത് ആഘോഷിക്കുന്നു. അധർമത്തിന്മേലുള്ള ധർമത്തിന്‍റെ ആത്മീയ വിജയവുമായോ, ഇരുട്ടിനു മേല്‍ വെളിച്ചവുമായോ, തിന്മയ്ക്കു മേല്‍ നന്മയുമായോ, അജ്ഞതയ്ക്കു മേല്‍ അറിവുമായോ ഇത് ബന്ധപ്പെട്ടിരിക്കുന്നു.
അമാവാസിക്ക് രണ്ട് ദിവസം മുമ്പ്, ധൻതേരസില്‍ ആഘോഷങ്ങള്‍ ആരംഭിക്കുന്നു. ദീപാവലിയുടെ ആദ്യ നാളുകളില്‍ ആളുകള്‍ വീടുകളും കടകളും വൃത്തിയാക്കാനും വാതില്‍പ്പടികളും മുറ്റങ്ങളും രംഗോലി അല്ലെങ്കില്‍ ബഹുവര്‍ണ ഡിസൈനുകള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്യും. അവര്‍ സ്വര്‍ണാഭരണങ്ങള്‍, പുതിയ പാത്രങ്ങള്‍, വസ്ത്രങ്ങള്‍, മറ്റ് അത്തരം വസ്തുക്കള്‍ എന്നിവ വാങ്ങുന്നു. പുതിയ വാഹനം വാങ്ങുന്നവരും ധാരാളം. കച്ചവടക്കാരുടെ നല്ല നാളുകള്‍ എന്ന് വിശേഷിപ്പിക്കാം. ഭക്തര്‍ സൂര്യോദയത്തിന് മുമ്പ് അതിരാവിലെ എഴുന്നേറ്റ് എണ്ണ തേച്ച് കുളിക്കുന്നു. പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നു. വൈകുന്നേരം, ആളുകള്‍ സമ്പത്തിനെ പ്രതിനിധീകരിക്കുന്ന നാണയങ്ങളെ ആരാധിക്കുന്നു. കുടുംബങ്ങള്‍ വീടുകളും മുറ്റങ്ങളും വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുന്നു.
5 ദിവസം നീണ്ടുനില്‍ക്കുന്ന ദീപാവലി ഉത്സവത്തിന്‍റെ രണ്ടാം ദിവസം നരക ചതുര്‍ദശി എന്നാണ് അറിയപ്പെടുന്നത്. നരക ചതുര്‍ദശി എന്നത് കാളി ചൗദാസ്, നരക് ചൗദാസ്, രൂപ ചൗദാസ്, ചോട്ടി ദീപാവലി, നരക നിവാരണ ചതുര്‍ദശ, ഭൂത ചതുര്‍ദശി എന്നീ പേരുകളിലും അറിയപ്പെടുന്നു. മതപരമായ ആചാരങ്ങളോടെയാണ് ഈ ദിവസം ആഘോഷിക്കുന്നത്. അതിരാവിലെ എണ്ണ തേച്ച് കുളിക്കുന്ന ആളുകള്‍ രാത്രിയില്‍ വിളക്കുകള്‍ കത്തിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്യുന്നു. ആളുകള്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുകയും സ്നേഹവും മധുരപലഹാരങ്ങളും കൈമാറുകയും ചെയ്യുന്നു.
രാജ്യത്തെ പല പ്രദേശങ്ങളിലും വ്യത്യസ്ത രീതികളിലാണ് ഈ ദിവസം ആഘോഷിക്കാറ്. പ്രധാനമായും ഹിന്ദു ഉത്സവമായതിനാല്‍, ദീപാവലിയുടെ വ്യതിയാനങ്ങള്‍ മറ്റ് മതസ്ഥരും ആഘോഷിക്കുന്നു. ജൈന മതക്കാര്‍ സ്വന്തം ദീപാവലി ആചരിക്കുന്നു. ഇത് മഹാവീരന്‍റെ അന്തിമ മോചനത്തെ അടയാളപ്പെടുത്തുന്നു. മുഗള്‍ തടവറയില്‍ നിന്ന് ഗുരു ഹര്‍ഗോവിന്ദിന്‍റെ മോചനത്തെ അടയാളപ്പെടുത്താൻ സിഖുകാര്‍ ബന്ദി ചോര്‍ ദിവസ് ആഘോഷിക്കുന്നു. മറ്റ് ബുദ്ധമതക്കാരില്‍ നിന്ന് വ്യത്യസ്തമായി ന്യൂവാര്‍ ബുദ്ധമതക്കാര്‍ ലക്ഷ്മിയെ ആരാധിച്ച് ദീപാവലി ആഘോഷിക്കുന്നു. കിഴക്കന്‍ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കള്‍ പൊതുവേ കാളീദേവിയെ ആരാധിച്ചു ദീപാവലി ആഘോഷിക്കുന്നു.
ഗോവയില്‍, പുല്ലും പടക്കങ്ങളും നിറച്ച് കടലാസ് കൊണ്ട് നിർമിച്ച നരകാസുരന്‍റെ പ്രതിരൂപങ്ങള്‍ അതിരാവിലെ കത്തിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്യുന്നു. വീട്ടിലേക്ക് മടങ്ങുമ്പോള്‍ സുഗന്ധദ്രവ്യങ്ങള്‍ പുരട്ടി കുളിക്കുകയും ചെയ്യുന്നു. നരകാസുരനെ വധിച്ചതിന്‍റെ പ്രതീകമായി ഒരു കയ്പേറിയ കായ കാലിനടിയില്‍ ചതയ്ക്കുന്നു. അത് തിന്മയും അജ്ഞതയും നീക്കം ചെയ്യുന്നതിന്‍റെ പ്രതീകമാണ്.
പശ്ചിമ ബംഗാളിലും അയല്‍ രാജ്യമായ ബംഗ്ലാദേശിലും കാളീപൂജയുടെ തലേദിവസം ഭൂത ചതുര്‍ദശിയായി ആചരിക്കുന്നു. ഒരു കുടുംബത്തിലെ 14 പൂര്‍വികര്‍ അവരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ഭൂമിയിലേക്ക് ഈ ദിവസം ഇറങ്ങുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ അവരെ വീട്ടിലേക്ക് നയിക്കാനും പ്രത്യേകിച്ച് ദുഷ്ടന്മാരെ തുരത്താനും 14 ദീപങ്ങള്‍ വീടിനു ചുറ്റും സ്ഥാപിക്കുന്നു. തമിഴ്നാട്ടില്‍ പരമ്പരാഗതമായി ദീപാവലി ആഘോഷിക്കുന്നത് നരക ചതുര്‍ദശി ദിനത്തിലാണ്. ചില തമിഴ് വീടുകള്‍ നരക ചതുര്‍ദശി ദിവസം നോമ്പു തുറക്കുകയും ലക്ഷ്മി പൂജ നടത്തുകയും ചെയ്യുന്നു. കര്‍ണാടക, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ ദീപാവലി ഉത്സവം നരക ചതുര്‍ദശി ദിവസം മുതല്‍ ആരംഭിക്കുന്നു. ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങളില്‍ ഇതിനെ ദീപാവലി ഭോഗി എന്നും വിളിക്കുന്നു.
ദീപാവലി ഉത്സവത്തിന്‍റെ മൂന്നാം ദിവസമാണ് ആഘോഷത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട നാള്‍. ഉത്തരേന്ത്യയിലും മറ്റു ഭൂരിഭാഗം പ്രദേശങ്ങളിലും ഈ ദിവസത്തെയാണ് പ്രധാന ദീപാവലിയായി കണക്കാക്കുന്നത്. ഈ ദിവസം ആളുകള്‍ സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മി ദേവിയെയും വിഘ്നങ്ങള്‍ മാറ്റുന്ന ഗണേശ ഭഗവാനെയും ഭക്തിപൂര്‍വം പൂജിക്കുന്നു. ദേവി വീടുകളിലേക്ക് എഴുന്നെള്ളും എന്ന വിശ്വാസത്താല്‍ വീടുകള്‍ വൃത്തിയാക്കുകയും കത്തിച്ച വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്യുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേര്‍ന്ന് മധുര പലഹാരങ്ങള്‍ പങ്കുവയ്ക്കുകയും പടക്കങ്ങള്‍ പൊട്ടിച്ച് സന്തോഷം പങ്കിടുകയും ചെയ്യുന്നു. ഈ ദിവസം ചില ബിസിനസുകാര്‍ പഴയ അക്കൗണ്ടുകള്‍ അടയ്ക്കുകയും പുതിയ അക്കൗണ്ടുകള്‍ തുറക്കുകയും ചെയ്യും.
ഉത്തരേന്ത്യയില്‍, ദീപാവലിയുടെ നാലാം ദിവസമാണ് ഗോവർധന പൂജ. ഗോവർധന പര്‍വതം ഉയര്‍ത്തി വൃന്ദാവനത്തിലെ ജനങ്ങളെയും കന്നുകാലികളെയും കനത്ത മഴയില്‍ നിന്ന് ശ്രീകൃഷ്ണന്‍ രക്ഷിച്ചതിന്‍റെ സ്മരണയ്ക്കാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. മഴയുടെ ദേവനായ ഇന്ദ്രന്‍റെ കോപത്തില്‍ നിന്ന് ജനങ്ങളെ കാത്തുരക്ഷിക്കാന്‍ കൃഷ്ണന്‍ ഗോവർധന പര്‍വതം തന്‍റെ ചെറുവിരലില്‍ ഉയര്‍ത്തിപ്പിടിക്കുകയും 7 ദിവസം സംരക്ഷണം നല്‍കുകയും ചെയ്തു എന്നാണ് ഐതിഹ്യം. ഈ ദിവസം മഥുരയ്ക്കടുത്തുള്ള ഗോവർധന പര്‍വതത്തില്‍ ഭക്തര്‍ പ്രദക്ഷിണം നടത്താറുണ്ട്. ചാണകം കൊണ്ട് വീടുകളില്‍ ഗോവർധന പര്‍വതത്തിന്‍റെ രൂപം ഉണ്ടാക്കി പൂക്കള്‍, ഇലകള്‍, മണ്‍വിളക്കുകള്‍ എന്നിവ കൊണ്ട് അലങ്കരിക്കുന്ന ആചാരമുണ്ട്. ശ്രീകൃഷ്ണന് 56 തരം വ്യത്യസ്ത വിഭവങ്ങള്‍ അന്നകൂട് (ഛപ്പന്‍ ഭോഗ്) നിവേദ്യമായി സമര്‍പ്പിക്കുകയും, കന്നുകാലികളെയും പശുക്കളെയും കുളിപ്പിച്ച് പൂമാലയിട്ട് പ്രത്യേകമായി ആരാധിക്കുന്ന ചടങ്ങുമുണ്ട്.
ദീപാവലി ഉത്സവത്തിന്‍റെ അവസാനമായ അഞ്ചാം ദിവസം ആഘോഷിക്കുന്നതാണ് ഭയ്യ ദൂജ് എന്നറിയപ്പെടുന്നത്. ഓരോ പുരുഷനും തന്‍റെ സഹോദരിയുടെ വീട്ടില്‍ ഭക്ഷണം കഴിക്കുകയും, പകരം അവള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഉത്തരേന്ത്യ ഇതിനെ യമ ദ്വിതീയ എന്ന് വിളിക്കുന്നു. ആയിരക്കണക്കിന് സഹോദരീ സഹോദരന്മാര്‍ കൈകോര്‍ത്ത് യമുനാ നദിയില്‍ പുണ്യസ്നാനം നടത്തും. യമുനാ നദിയും മരണത്തിന്‍റെ ദേവനായ യമനും സഹോദരീ സഹോദരന്മാരായിരുന്നു. അവര്‍ വളര്‍ന്നപ്പോള്‍ വ്യത്യസ്ത വഴികളിലേക്ക് പോയി. ഈ ദിവസം യമന്‍ തന്‍റെ സഹോദരിയായ യമുനയെ സന്ദര്‍ശിച്ചു എന്നാണ് വിശ്വസിക്കുന്നത്. ഇത്രയും നീണ്ട ഇടവേളയ്ക്ക് ശേഷം തന്‍റെ സഹോദരനെ കണ്ടതിന്‍റെ സന്തോഷത്തില്‍ അവള്‍ അയാള്‍ക്ക് ഒരു വിരുന്നൊരുക്കി. സന്തോഷിച്ച യമന്‍ അവള്‍ക്ക് ഒരു വരം നല്‍കി. ഈ ദിവസം തന്‍റെ സഹോദരിയില്‍ നിന്ന് നെറ്റിയില്‍ തിലകം അല്ലെങ്കില്‍ സിന്ദൂര ചിഹ്നം സ്വീകരിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഏതൊരു പുരുഷനും ഉയര്‍ന്ന ലോകങ്ങള്‍ നേടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതാണ് ഭയ്യ ദൂജ് എന്ന ആചാരത്തിന് പിന്നിലെ ഐതിഹ്യം.
ദീപാവലി വിവിധ മതപരമായ സംഭവങ്ങളുമായും ദേവതകളുമായും വ്യക്തിത്വങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, രാമന്‍ അസുരരാജാവായ രാവണനെ പരാജയപ്പെടുത്തി ഭാര്യ സീതയോടും സഹോദരന്‍ ലക്ഷ്മണനോടും ഒപ്പം അയോധ്യയിലെ തന്‍റെ രാജ്യത്തിലേക്ക് മടങ്ങിയ ദിവസം എന്നത് ഒരു വിശ്വാസമാണ്. സമൃദ്ധിയുടെ ദേവതയായ ലക്ഷ്മിയുമായും, ജ്ഞാനത്തിന്‍റെ ദേവനും തടസങ്ങള്‍ നീക്കുന്നവനുമായ ഗണേശനുമായും ഇത് വ്യാപകമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റ് പ്രാദേശിക പാരമ്പര്യങ്ങള്‍ ഈ അവധിക്കാലത്തെ വിഷ്ണു, കൃഷ്ണന്‍, ദുര്‍ഗ, ശിവന്‍, കാളി, ഹനുമാന്‍, കുബേരന്‍, യമന്‍, യാമി, ധന്വന്തരി, അല്ലെങ്കില്‍ വിശ്വകര്‍മന്‍ എന്നിവരുമായി ബന്ധിപ്പിക്കുന്നു.
ദീപാവലി നാളില്‍ ജനങ്ങള്‍ അവരുടെ വീടുകള്‍, ക്ഷേത്രങ്ങള്‍, ജോലിസ്ഥലങ്ങള്‍ എന്നിവ ദീപങ്ങള്‍ ഉപയോഗിച്ച് പ്രകാശിപ്പിക്കുന്നു. ഹിന്ദുക്കള്‍ ഉത്സവത്തിന്‍റെ എല്ലാ ദിവസവും പുലര്‍ച്ചെ ഒരു ആചാരപരമായ എണ്ണക്കുളി നടത്തുന്നു. വെടിക്കെട്ടുകളുണ്ടാകും, രംഗോലി ഡിസൈനുകളുമായി വീട് അലങ്കരിക്കുന്നു. വിരുന്നുകളില്‍ പങ്കെടുക്കുകയും മിഠായി പങ്കിടുകയും ചെയ്യുന്നു. ഗുജറാത്തികള്‍ ദാഡിയാ നൃത്തം ചവിട്ടുന്നത് എടുത്തുപറയണം. ഹിന്ദു, സിഖ്, ജൈന മതവിഭാഗങ്ങള്‍ക്ക് ദീപാവലി ഒരു പ്രധാന സാംസ്കാരിക പരിപാടി കൂടിയാണ്.