
കണ്ണീരൊപ്പുന്നവരെ കണ്ണീരിലാഴ്ത്തരുത്
ജോസഫ് എം. പുതുശേരി
രാജ്യത്ത് ക്രൈസ്തവർക്കെതിരായ അക്രമങ്ങളിൽ കേന്ദ്രവും സംസ്ഥാന സർക്കാരുകളും ഇടപെടണമെന്ന് കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഒഫ് ഇന്ത്യ(സിബിസിഐ) ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് മൂന്നു തവണ വിഷയം ഉന്നയിച്ചെന്നും എന്നിട്ടും അക്രമം തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയെ കാണാൻ വീണ്ടും സമയം തേടിയിട്ടുണ്ടെന്നും സിബിസിഐ പ്രസിഡന്‍റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി.
"പാവപ്പെട്ടവർക്ക് ഭക്ഷണമോ വിദ്യാഭ്യാസമോ നൽകുന്നതോ സ്കൂൾ നടത്തുന്നതോ മതപരിവർത്തനമല്ല. എന്നാൽ മതപരിവർത്തന നിരോധന നിയമം ദുരുപയോഗം ചെയ്ത് ക്രൈസ്തവരെ മനഃപൂർവം ദ്രോഹിക്കാൻ ശ്രമിക്കുകയാണ്. അതു കേന്ദ്രം ചെറുക്കണം. നിർബന്ധിത മതപരിവർത്തനത്തിന് ക്രൈസ്തവരും എതിരാണ്. സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് 2.6 ശതമാനം ഉണ്ടായിരുന്ന ക്രൈസ്തവർ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ക്രിസ്തു മതം പുതിയതാണ്, വിദേശത്ത് നിന്ന് വന്നതാണ് എന്നൊക്കെയാണ് പലരും പറയുന്നത്. എന്നാൽ ക്രൈസ്തവ രാജ്യങ്ങൾ എന്നു പറയുന്ന പല യൂറോപ്യൻ രാഷ്‌ട്രങ്ങളും ക്രിസ്തുവിനെകുറിച്ച് കേൾക്കുന്നതിനു മുൻപ് ഭാരതത്തിൽ ക്രൈസ്തവരുണ്ട്. 2000 കൊല്ലത്തെ പാരമ്പര്യമുള്ള ക്രൈസ്തവ മതം ഇന്ത്യൻ മതം തന്നെയാണ്. അതിനെ വിദേശ മതം എന്നു പറഞ്ഞ് ആക്രമിക്കാൻ പറ്റില്ല. തിരിച്ചടിക്കാനുള്ള ശേഷി ക്രൈസ്തവർക്കില്ല. അത് ക്രിസ്തീയ രീതിയുമല്ല. അതുകൊണ്ട് ദയവുചെയ്ത് ന്യൂനപക്ഷത്തെയും ക്രിസ്ത്യൻ വിഭാഗത്തെയും സംരക്ഷിക്കൂ'- സിബിസിഐ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവേ ആർച്ച് ബിഷപ് ആവശ്യപ്പെട്ടു.
ഭരണഘടനയെ അടിസ്ഥാനപ്പെടുത്തി നിയമം വഴി സ്ഥാപിതമായ സർക്കാരുകൾ നിലനിൽക്കുമ്പോഴും ഒരു സഭാ തലവന് ഇങ്ങനെ പറയേണ്ടിവരുന്നത് അഭിമാനകരമാണോ എന്ന് ഭരണകർത്താക്കളാണ് ചിന്തിക്കേണ്ടത്. കാരണം ന്യൂനപക്ഷമടക്കം എല്ലാ പൗര ജനങ്ങൾക്കും സുരക്ഷിത ബോധവും സംരക്ഷണവും നൽകേണ്ട ഉത്തരവാദിത്വം അവരുടേതാണ്. അതൊരു സൗജന്യമോ ഔദാര്യമോ അല്ല. മറിച്ച് ഭരണകൂടങ്ങളിൽ നിക്ഷിപ്തമായ കർത്തവ്യമാണ്. അത് നിർവഹിക്കാതെ വരുമ്പോഴാണ് ഇത്തരം പരിതാപകരമായ അവസ്ഥാ വിശേഷത്തിലേക്ക് രാജ്യം കൂപ്പുകുത്തുന്നത്. നമ്മുടെ ഭാരതം ഒരു മതേതര രാഷ്‌ട്രമാണ്. ഏതു മതത്തിൽ വിശ്വസിക്കാനും ഏതു മതാചാരം പിന്തുടരാനുമുള്ള സ്വാതന്ത്ര്യം പൗരനുണ്ടെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 25 മുതൽ 28 വരെയുള്ള ഭാഗത്ത് സംശയലേശമെന്യേ വ്യക്തമാക്കുന്നുണ്ട്. അതുപ്രകാരമുള്ള യാത്രയാണ് രാജ്യം ഇക്കാലമത്രയും നടത്തിക്കൊണ്ടിരുന്നതും. എന്നാൽ ഏതാനും വർഷങ്ങളായി ഇതിൽ നിന്ന് വ്യത്യസ്തമായ ശബ്ദം ഉയർന്നു കേൾക്കാൻ തുടങ്ങി. ഇതൊക്കെ ഒറ്റപ്പെട്ട ശബ്ദങ്ങളോ ആധികാരിക ഇല്ലാത്ത തീവ്രവാദികളുടെ സ്വരങ്ങളോ എന്നൊക്കെ പറഞ്ഞ് അതിനെ തള്ളിക്കളയുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ തന്നെ പൗരത്വ ഭേദഗതി നിയമവുമായി രംഗത്തുവന്നത്. അപ്പോൾ ശബ്ദം ഒറ്റപ്പെട്ടതോ ആധികാരികമോ അല്ലെന്ന വാദം നിലനിൽക്കാതെയായി.
മതേതര റിപ്പബ്ലിക് എന്ന വിശേഷണം ഭരണഘടനയിൽ നിന്ന് നീക്കം ചെയ്യണമെന്ന് വാദഗതിയാണ് അടുത്തകാലത്ത് ഉയർന്നുകേട്ടത്. തുടക്കത്തിൽ ഇതു ഉണ്ടായിരുന്നില്ലെന്നും ഭേദഗതിയിലൂടെ ചേർത്തതാണെന്നുമുള്ള ന്യായവാദമാണ് ഇതിനുവേണ്ടി പറഞ്ഞത്. എന്നാൽ അതൊരു തൊടുന്യായം മാത്രമായിരുന്നെന്നും സദുദ്ദേശ്യപരമായിരുന്നില്ല ആ ആവശ്യമെന്നും എല്ലാവർക്കും ബോധ്യമുണ്ടായിരുന്നു. സംഘപരിവാർ സംഘടനകളോ അതിന്‍റെ വക്താക്കളോ പറയുന്നതുപോകട്ടെ, ഭരണഘടനാ പദവിയിലിരിക്കുന്നവർ പോലും ഈ വാദം ഉന്നയിക്കുന്നത് കേൾക്കാനുള്ള ദൗർഭാഗ്യവും നമുക്കുണ്ടായി. ഉപരാഷ്‌ട്രപതി പദവി വഹിക്കവെ ജഗദീപ് ധൻകറിന്‍റെ ശബ്ദമാണ് ആ ശ്രേണിയിൽ നിന്ന് നാം കേട്ടത്. അത്തരമൊരു പദവിയിലിരിക്കുന്ന ആൾ പാലിക്കേണ്ട മിതത്വവും ഔന്നിത്യവുമെല്ലാം മറന്നുകൊണ്ടുള്ള അഭിപ്രായപ്രകടനം. എന്നാൽ ഭേദഗതി ഒന്നുമില്ലാതെ തന്നെ ഭരണഘടനയെ തടങ്കലിലാക്കി ഈ നിഗൂഢ ലക്ഷ്യത്തോടെ ഭരണാനുകൂലികൾ അഴിഞ്ഞാടുന്നതാണ് നമുക്ക് കാണാനാവുക. ഭരണഘടനാ തത്വങ്ങളും വ്യവസ്ഥകളും ലംഘിച്ചുകൊണ്ട് നടത്തുന്ന അക്രമ വിളയാട്ടം. ആൾക്കൂട്ട വിചാരണ. ഈ നഗ്നമായ നിയമലംഘനം തടയേണ്ട പൊലീസ് നോക്കുകുത്തിയായി നിന്ന് അഴിഞ്ഞാട്ടക്കാർക്ക് എല്ലാ സംരക്ഷണവും നൽകുന്നു. നിരപരാധികളെ കള്ളക്കേസിൽ കുടുക്കി അകത്താക്കുന്നു. അക്രമികൾക്കെതിരേ രേഖാമൂലം പരാതി നൽകിയാൽ പോലും കേസെടുക്കില്ല. പിന്നെ എങ്ങനെ നിയമവാഴ്ച നിലനിൽക്കും? അരാജകത്വത്തിന്‍റെയും അരക്ഷിതാവസ്ഥയുടെയും ആഴക്കയങ്ങളിലേക്ക് കൂപ്പുകുത്തുന്നതാവും ഫലം.
അന്തർദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെടുകയും രാജ്യത്താകമാനം പ്രതിഷേധം ഉയരുകയും ചെയ്ത രണ്ട് കന്യാസ്ത്രീകളുടെ അറസ്റ്റ് ഇതിന്‍റെ ഒടുവിലത്തെ ഉദാഹരണങ്ങളിൽ ഒന്നുമാത്രം. ഛത്തീസ്ഗഡിലെ ദുർഗ് റെയ്‌ൽവേ സ്റ്റേഷനിൽവച്ച് ഒപ്പം ഉണ്ടായിരുന്ന മൂന്ന് ആദിവാസി പെൺകുട്ടികളെ മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തുന്നു എന്ന കുറ്റം ചുമത്തിയാണ് കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മൂന്നുപേരും നേരത്തെ തന്നെ ക്രിസ്തുമത വിശ്വാസികളായിരുന്നെന്ന വസ്തുത നിലനിൽക്കുമ്പോഴാണ് മതപരിവർത്തനം ആരോപിക്കപ്പെട്ടത്. പ്രായപൂർത്തിയായ ഇവരുടെ കൈവശം ഐഡന്‍റിറ്റി വെളിവാക്കുന്ന എല്ലാ രേഖകളും കന്യാസ്ത്രീകളുടെ സ്ഥാപനത്തിൽ ജോലിക്ക് പോകുന്നതിനുള്ള രക്ഷകർത്താക്കളുടെ സമ്മതപത്രവുമെല്ലാം ഉണ്ടായിരുന്നിട്ടും മനുഷ്യക്കടത്ത് ആരോപിക്കാൻ തിടുക്കം കൂട്ടുകയായിരുന്നു. എട്ട് ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർക്കു ജാമ്യം ലഭിക്കുന്നത്. അതിനുശേഷം ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ നടത്തിയ അവകാശവാദങ്ങൾ നാം കണ്ടു. ജനങ്ങളുടെ സാമാന്യയുക്തിയെ പോലും വെല്ലുവിളിക്കുന്ന അവകാശവാദം! കള്ളക്കേസും അറസ്റ്റും ജയിലും സമ്മാനിക്കുന്നവർ അവർ, ജാമ്യം അനുവദിക്കുന്നതും അവർ!
യഥാർഥത്തിൽ ഒട്ടേറെ ചോദ്യങ്ങൾ ഇവിടെ ഉരുമ്പോൾ അതിനാണ് അവർ ഉത്തരം നൽകേണ്ടത്. ടിക്കറ്റ് എക്സാമിനറായ റെയ്ൽവേ ഉദ്യോഗസ്ഥനാണ് വിവാദങ്ങളുടെ തുടക്കക്കാരൻ. കന്യാസ്ത്രീകൾക്കൊപ്പം ആഗ്രയിൽ ജോലിക്ക് പോവുകയാണെന്ന് യുവതികൾ പറഞ്ഞെങ്കിലും ടിടിഇ ബജ്‌രംഗ്ദൾ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. അങ്ങനെ അവർ എത്തിയാണ് ആൾക്കൂട്ട വിചാരണയും അക്രമവും കേസും അറസ്റ്റും എല്ലാം ഉണ്ടായത്. റെയ്ൽവേ ഉദ്യോഗസ്ഥന് സംശയമുണ്ടായാൽ പോലീസിനെ അറിയിക്കാം. അതിനുപകരം മതതീവ്ര സംഘടനയെ അറിയിച്ചു. നിയമവും ചട്ടങ്ങളും ലംഘിച്ച ഇയാൾക്കെതിരേ റെയ‌്‌ൽവേ എന്തെങ്കിലും ഒരു നടപടി സ്വീകരിച്ചിട്ടുണ്ടോ?ജ്യോതി ശർമ എന്ന വനിതാ ബജ്‌രംഗ്ദൾ നേതാവ് ഇവരുടെ കരണത്തടിക്കുന്നതും ബാഗ് പരിശോധിക്കുന്നതുമടക്കമുള്ള ദൃശ്യം രാജ്യം മുഴുവൻ കണ്ടതാണ്. മാത്രമല്ല മർദനത്തിനു വിധേയായ യുവതി രേഖാമൂലം പരാതി നൽകുകയും ചെയ്തു. കള്ളക്കേസ് എടുത്ത് കന്യാസ്ത്രീകളെ ജയിലിൽ അടച്ച പൊലീസ് ഇവരുടെ പേരിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ആദിവാസികൾക്കെതിരായ അതിക്രമത്തിന്‍റെ പേരിൽ ആദ്യം അറസ്റ്റ് ചെയ്യപ്പെടേണ്ടവരല്ലേ ഇവർ?
ബിജെപി അധികാരത്തിലെത്തിയ 2014 മുതൽ 2024 വരെ ക്രൈസ്തവർക്കെതിരേ 4,316 അക്രമ സംഭവങ്ങൾ ഉണ്ടായതായാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നത്. ഇക്കൊല്ലം ജൂൺ വരെ മാത്രം 378 അക്രമ സംഭവങ്ങൾ ഉണ്ടായി. എന്നാൽ ഇതിൽ 17 എണ്ണത്തിൽ മാത്രമേ എഫ് ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. 2023ല്‍ 734 ഉം 2024ൽ 834ഉം അക്രമ സംഭവങ്ങൾ ഉണ്ടായി. ഓരോ വർഷവും അക്രമം കൂടി വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.കഴിഞ്ഞ മേയ് 31നാണ് ഒഡിഷയിലെ ബെറാംപൂരിനടുത്ത് ഖോർധ റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയ്‌നിനുള്ളിൽ കയറി കന്യാസ്ത്രീക്കും കൂടെ ഉണ്ടായിരുന്ന കുട്ടികൾക്കും നേരെ ബജ് രംഗ്ദൾ അക്രമം അഴിച്ചുവിട്ടത്. അതിന് ഒരാഴ്ച മുമ്പായിരുന്നു ഒഡിഷയിലെ തന്നെ ചാർബതി കാർമൽ നികേതനിലെത്തിയ ഒമ്പതംഗ അക്രമി സംഘം കൊള്ളയടിക്കുകയും രണ്ടു വൈദികരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്. മധ്യപ്രദേശിലെ ജബൽപൂരിൽ മലയാളി വൈദികർക്ക് നേരെ ഉണ്ടായ ആക്രമണവും ഛത്തീസ്ഗഡിലെ നഴ്സിങ് കോളെജ് പ്രിൻസിപ്പലായ മലയാളി കന്യാസ്ത്രീക്കെതിരേ കേസെടുത്തതുമടക്കമുള്ള സംഭവങ്ങളെല്ലാം തന്നെ തൊട്ടടുത്ത കാലത്തേതാണ്. വർഷങ്ങളായി ഡൽഹിയിൽ നടത്തിക്കൊണ്ടിരുന്ന "ക്രൂശിന്‍റെ വഴി' പ്രദക്ഷിണം നടത്താൻ ഈ വർഷം അനുമതി നിഷേധിച്ചത് ചർച്ച ചെയ്യപ്പെട്ട വിഷയമാണ്.
ഇക്കഴിഞ്ഞ ദിവസം ഒഡിഷയിലെ ജലേശ്വറിൽ മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ബജ്‌രംഗ്ദൾ പ്രവർത്തകർ അക്രമിച്ച സംഭവമാണ് ഒടുവിൽ പുറത്തുവന്നിരിക്കുന്നത്. കന്യാസ്ത്രീകളുടെ അറസ്റ്റും ജാമ്യവും സംബന്ധിച്ച് കൊട്ടിഘോഷിക്കുന്നതുപോലെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ടിട്ടും അത് ഒരു ചലനവും ഉണ്ടാക്കുന്നില്ല എന്നല്ലേ ഇതിന്‍റെ അർഥം. ബൈബിൾ വലിച്ചെറിയുകയും "ബിജെപിയാണ് ഭരിക്കുന്നതെന്ന് ഓർത്തോണം' എന്ന് അക്രമിസംഘം ആക്രോശിക്കുകയും ചെയ്തു എന്നാണ് അക്രമത്തിന് ഇരയായ സിസ്റ്റർ വെളിപ്പെടുത്തിയിരിക്കുന്നത്. അഴിഞ്ഞാടാനുള്ള ലൈസൻസ് ഭരണകർത്താക്കളിൽ നിന്നുതന്നെ ലഭിച്ചതാണന്നല്ലേ ഇത് വ്യക്തമാക്കുന്നത്. നിയമവാഴ്ച ഉറപ്പാക്കുക എന്ന ഒരു ജനാധിപത്യ ഗവൺമെന്‍റിന്‍റെ പ്രാഥമികമായ ഉത്തരവാദിത്വമല്ല, സംഘപരിവാർ സംഘടനകളുടെ തിട്ടൂരം തന്നെയാണ് തങ്ങൾക്ക് പ്രധാനമെന്നു സർക്കാരുകൾ തെളിയിച്ചുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ ദിവസം വരെ കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിപ്പിക്കുന്നതിന് "വല്ലാതെ പ്രയത്നിച്ചവർ' ഇക്കാര്യത്തിൽ എന്തു പറയുന്നു എന്നറിയാൻ താത്പര്യമുണ്ട്. അന്ന് വാക്കുപാലിച്ച ആഭ്യന്തര മന്ത്രിക്കും പ്രധാനമന്ത്രിക്കും നന്ദി പറഞ്ഞവർ ഇതിന് ആരോട് നന്ദി പറയുമെന്നറിയാൻ ഇരിക്കുന്നതേയുള്ളൂ.മുന്നൂറോളം പള്ളികളാണ് മണിപ്പൂരിൽ അഗ്നിക്കിരയാക്കപ്പെടുകയോ തകർക്കപ്പെടുകയോ ചെയ്തത്. അതിനുശേഷമാണ് സഭാ മേലധ്യക്ഷന്മാരും പ്രധാനമന്ത്രിയും ചേർന്ന് ക്രിസ്തുമസ് ആഘോഷിച്ചത്. ക്രിസ്തീയ മൂല്യങ്ങളെക്കുറിച്ച് വാചാലനായ പ്രധാനമന്ത്രി അവിടെയും മണിപ്പൂരിനെ കുറിച്ച് ഒരു വാക്കുപോലും ഉരിയാടിയില്ല. അക്കാലത്ത് വിശ്വാസി സമൂഹത്തെ മാത്രമല്ല സ്വൈര്യ ജീവിതം ഉറപ്പാക്കണമെന്ന് ആഗ്രഹിക്കുന്ന പൗര സമൂഹത്തെയും ഏറെ വേട്ടയാടുകയും കുത്തിനോവിപ്പിക്കുകയും ചെയ്ത സമകാലിക സംഭവമെന്ന നിലയിൽ ഇതൊന്നു ചൂണ്ടിക്കാട്ടാനും അക്രമം അടിച്ചമർത്തുംമെന്ന് രാജ്യത്തിന്‍റെ ഭരണാധികാരി എന്ന നിലയിൽ പ്രധാനമന്ത്രി ഉറപ്പു പറയണമെന്ന മിതമായ ആവശ്യം ഉന്നയിക്കാനും കഴിയാതെ പോയതിന് യാതൊരു നീതീകരണവുമില്ല. എന്നുമാത്രമല്ല അക്ഷന്തവ്യമായ അപരാധമായി ചരിത്രം അതിനെ രേഖപ്പെടുത്തുകയും ചെയ്യും. പ്രശ്നം ഉന്നയിക്കാതിരുന്നത് ആഘോഷച്ചടങ്ങിന്‍റെ ഔപചാരികതാ മഹത്വമോ മര്യാദ അനുഷ്ഠാനത്തിന്‍റെ ഉദാത്ത മാതൃകയോ ആയി വിലയിരുത്തപ്പെടുമെന്ന് കരുതിയെങ്കിൽ തെറ്റി. ദൗർബല്യമായി മാത്രമേ കണ്ടിട്ടുള്ളൂ എന്നാണ് തുടർ സംഭവവികാസങ്ങളെല്ലാം തെളിയിക്കുന്നത്.ഇത് ഏതെങ്കിലും ഒരു ഭരണാധികാരിയോട് ഔദാര്യമോ അർഹതയില്ലാത്ത ആനുകൂല്യമോ തേടുന്നതല്ല, മറിച്ച് രാജ്യത്ത് എല്ലാവർക്കും ഉറപ്പാക്കേണ്ട അവകാശമാണ് ഉന്നയിക്കുന്നത്. അത് ഉറപ്പുവരുത്തണമെന്ന ഒരു ഓർമ്മപ്പെടുത്തൽ.
വീണ്ടും ക്രിസ്തുമസ് വരും. കേക്കും ആഘോഷവുമെല്ലാം പതിവിൻപടി തന്നെയുണ്ടാകും. എന്നാൽ രാജ്യത്ത് സ്വൈര്യമായി ജീവിക്കാൻ തങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശമെങ്കിലും സംരക്ഷിച്ചിട്ട് മതി, തങ്ങളെ ജീവിക്കാൻ അനുവദിച്ചിട്ടു മതി ആഘോഷമൊക്കെ എന്ന് പറയാനുള്ള ആർജവം ഉണ്ടാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഈ കെട്ടകാലത്ത് നിരന്തരം പീഡനപർവം താണ്ടുന്നവരോട് ചേർന്ന് നിൽക്കുന്നതാകണം വരാൻ പോകുന്ന നമ്മുടെ ക്രിസ്തുമസ്. ക്രിസ്തുസാക്ഷികളായതിന്‍റെ പേരിൽ തുടർച്ചയായി പീഡനം ഏറ്റുവാങ്ങേണ്ടിവരുന്ന നിസഹായകരോടുള്ള ഐക്യദാർഢ്യം. ഭരണാധികാരികൾ ചുമതലയും ഉത്തരവാദിത്വവും മറക്കുകയും ആ പിൻബലത്തിൽ അക്രമി സംഘങ്ങൾ അഴിഞ്ഞാടുകയും ചെയ്യുമ്പോൾ അതിനെതിരായ പ്രതിരോധത്തിന് മൂർച്ച കൂട്ടാൻ കഴിയുന്ന ശക്തമായ പ്രതിഷേധമായി അത് മാറും, തീർച്ച.
ഫോൺ: 94470 77333.