

സീതാപഹരണത്തിലേക്കും രാമരാവണ യുദ്ധത്തിലേക്കും കഥാഗതിയെ കൊണ്ടെത്തിക്കാൻ കാരണമായിത്തീർന്ന കഥാപാത്രമാണ് ശൂർപ്പണഖ
ഭാരതീയ ഇതിഹാസമായ രാമായണം ഒരു സാഹിത്യകൃതി എന്നതിനപ്പുറം ആർഷഭാരത ദർശനങ്ങളുടെ മഹിമയെ കഥാകഥനത്തിലൂടെ ലോകത്തിന് കാട്ടിക്കൊടുക്കുന്ന മഹദ്ഗ്രന്ഥമാണ്. അതിൽ മനുഷ്യർ മാത്രമല്ല മൃഗങ്ങളും പക്ഷികളും നദികളും സസ്യലതാദികളും സമുദ്രവും പർവതങ്ങളും ഗ്രഹങ്ങളുമൊക്കെ ഇഴുകിച്ചേർന്ന് ഒരു പ്രപഞ്ചം തന്നെ സൃഷ്ടിച്ചിരിക്കുന്നു.
ഓരോ കഥാപാത്രവും ഓരോ നിയോഗമാണ്. രാമാവതാര ഉദ്ദേശ്യമായ രാവണ നിഗ്രഹത്തിന് ഹേതുവായി തീരുന്നവരാണ്. അതിൽ ശൂർപ്പണഖ എന്ന നിശാചരിയുടെ ഭൂമിക ഏറെ പ്രാധാന്യമർഹിക്കുന്നു. മാത്രമല്ല, രാമായണത്തിന്‍റെ കാതലായ സന്ദേശം ഈ കഥാപാത്രത്തിലൂടെ ആദികവി പറഞ്ഞു വയ്ക്കുകയുമാണ്. പുരുഷനായാലും സ്ത്രീയായാലും കാമാസക്തിയെ അതിജീവിക്കാൻ കഴിയണം. എങ്കിലേ ആ വ്യക്തിയിൽ മാനവികത വികസിക്കൂ.
ഇന്ന് സമൂഹത്തിൽ സ്ത്രീകൾക്കു നേരേയുണ്ടാകുന്ന അതിക്രമങ്ങൾക്ക് മുഖ്യകാരണം അനിയന്ത്രിതമായ കാമവികാരമാണ്. മനുഷ്യൻ മൃഗമായി മാറുകയാണ്. പരിഷ്‌കൃത സമൂഹത്തിനു ചേരാത്ത വിധത്തിലുള്ള കാര്യങ്ങളാണ് നമുക്കു ചുറ്റും നടക്കുന്നത്.
ഈ ഗ്രന്ഥത്തിൽ ഉടനീളം ചർച്ച ചെയ്യുന്നത് "മനസ് ' എന്ന പ്രതിഭാസവും ഇന്ദ്രിയ വിഷയങ്ങളുമാണ്. കാമം, ക്രോധം, മോഹം, ലോഭം, മദം, മാത്സര്യം ഇത്യാദി ഷഡ് വികാരങ്ങൾ മനുഷ്യ മനസിനെ മലിനപ്പെടുത്തുന്നു. അവയെ തിരിച്ചറിഞ്ഞ് വരുതിയിൽ നിർത്താൻ കഴിയാത്തിന്‍റെ ദോഷങ്ങളാണ് ഇന്ന് സമൂഹത്തിൽ പ്രതിഫലിച്ചു കൊണ്ടിരിക്കുന്നത്.
ലക്ഷ്യബോധത്തോടെ പ്രവർത്തന നിരതനാകുന്ന ഒരാൾക്ക് പലവിധത്തിലുള്ള പ്രലോഭനങ്ങളെയാണ് മാർഗമധ്യേ അഭിമുഖീകരിക്കേണ്ടി വരുന്നത്. അത്തരം പ്രലോഭനങ്ങളേയും പരീക്ഷണങ്ങളേയും പ്രതിസന്ധികളേയും എങ്ങനെ അതിജീവിച്ച് മുന്നേറാം എന്ന് ലോകത്തിന് കാട്ടിക്കൊടുത്ത മാതൃകാ പുരുഷോത്തമനാണ് ശ്രീരാമൻ. അധികാരം ധനം സുഖഭോഗങ്ങൾ എന്നിവയോടുള്ള ആർത്തി മൂത്ത് മനുഷ്യൻ ചെയ്തു കൂട്ടുന്ന പാപങ്ങൾക്ക് കണക്കില്ല.
ആരാണീ ശൂർപ്പണഖ? ബ്രഹ്മപുത്രനായ വിശ്രവസിന്‍റേയും സുമാലീ പുത്രിയായ കൈകസിയുടേയും നാലു മക്കളിൽ ഇളയവൾ. രാവണന്‍റെ സഹോദരി. മുറം പോലെ നഖമുള്ളവൾ. കാമരൂപിണി. യഥേഷ്‌ടം സഞ്ചരിക്കുന്നവൾ. രാമന്‍റെ സംയമന ശീലത്തെ പരീക്ഷിക്കാൻ എത്തിയവളാണ് ശൂർപ്പണഖ.
വിവാഹപ്രായമെത്തിയ കന്യകയെ അസുര വംശത്തിൽപ്പെട്ട വിദ്യുജിഹ്വന് വിവാഹം ചെയ്തു കൊടുത്തു. ഇയാൾ അസുര പ്രമുഖരായ കാലകേയന്മാരുടെ സഹോദരനായിരുന്നു. അധികാരപ്രമത്തനും വരബലത്താൽ ഉന്മത്തനുമായ ലങ്കാധിപതി രാവണൻ തന്‍റെ ജൈത്രയാത്രയ്ക്കിടയിൽ കാലകേയേന്മാരുമായി കൊമ്പുകോർത്തു. രാവണനോട് പിടിച്ചുനില്ക്കാൻ കഴിയാതെ അവർ കൊല്ലപ്പെട്ടു. സഹോദരന്മാരുടെ മരണവൃത്താന്തമറിഞ്ഞ് ക്രുദ്ധനായ വിദ്യുജ്വിഹൻ രാവണനെ എതിരിട്ടു. യുദ്ധത്തിൽ അയാളും കൊല്ലപ്പെട്ടു.
ശൂർപ്പണഖ വലിയ സങ്കടത്തിലായി. രാവണനോട് ദേഷ്യം തോന്നിയെങ്കിലും അതിശക്തനും രാക്ഷസ രാജാവുമായ ദശമുഖനോട് എന്തു ചെയ്യാനാണ്. അവൾ ലങ്കയിൽ രാവണന്‍റെ സവിധത്തിലെത്തി അലമുറയിട്ടു കരഞ്ഞു. രാവണൻ സഹോദരിയെ സാന്ത്വനിപ്പിച്ചു:
"ശൂർപ്പണഖേ! നീ ത്രിലോകങ്ങളിലും സഞ്ചരിച്ച് ഇഷ്ടമുള്ള വരനെ തെരഞ്ഞെടുത്ത് വിവാഹം കഴിക്കുക. അപ്രിയം പറയുന്ന പക്ഷം ഞാൻ ഇടപെട്ട് അയാളെ നിന്‍റെ ഭർത്താവാക്കിത്തരും'.
അവൾ സ്വയം സമാധാനിച്ചു കൊണ്ട് അവിടുന്ന് യാത്രയായി. ദണ്ഡകാരണ്യത്തിലെത്തി, പഞ്ചവടിയ്ക്കടുത്ത് സഹോദര സ്ഥാനീയരായ ഖരദൂഷണ തൃശിനാക്കളുമൊത്ത് താമസിച്ചു.
അയോധ്യാധിപതിയായ ദശരഥ പുത്രൻ ശ്രീരാമനും പിതാവിന്‍റെ വാക്കു പാലിക്കാൻ വനവാസം സീകരിച്ചുകൊണ്ട് വനയാത്ര ആരംഭിച്ചു. സീതാലക്ഷ്മണ സമന്വിതനായി ഗംഗാനദി കടന്ന് വനത്തിൽ പ്രവേശിച്ച രാമൻ യാത്രയ്ക്കിടയിൽ സുദേഷ്ണൻ, വാല്മീകി, അഗസ്ത്യർ തുടങ്ങി നിരവധി മുനിമാരെ ദർശിച്ചു. മുനിമാരുമായുള്ള സദ്സംഗം രാമന് കൂടുതൽ ആത്മബലവും പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുന്നേറുവാനുള്ള കരുത്തും നൽകി. സദ്സംഗമെ ന്താണെന്നും അതിന്‍റെ സ്വാധീനം എത്രമാത്രം ജീവിതമാർഗത്തിൽ വെളിച്ചം പകരുന്നുവെന്നും രാമായണം നമുക്ക് കാട്ടിത്തരുന്നു. ദുർജന സംസർഗം എത്രമാത്രം അപകടകരമാണെന്നും രാവണന്‍റെ ദുര്യോഗത്തിലൂടേയും വെളിപ്പെടുന്നു.
തുടർന്ന് രാമൻ ഘോരവനമായ ദണ്ഡകാരണ്യത്തിൽ പ്രവേശിച്ച് പഞ്ചവടിയിലെത്തി. ഋഷിവര്യനായ അഗസ്ത്യരുടെ നിർദേശപ്രകാരം അവിടെ നല്ലൊരു പർണശാലയും തീർത്ത് മൂവരും വാസം തുടങ്ങി. ഈ സമയത്താണ് ശൂർപ്പണഖ രാമനെ കാണാനിടയായതും രാമന്‍റെ ജ്വലിക്കുന്ന പൗരുഷത്തിൽ ആകൃഷ്ടയായതും. കാമാതുരയായ നിശാചരി, സുന്ദരീരൂപം പൂണ്ട് വിവാഹാഭ്യർഥനയുമായി രാമലക്ഷ്മണന്മാരെ മാറിമാറി സമീപിക്കുന്നു.
"എന്നോടു കൂടെപ്പോന്നു
രമിച്ചു കൊള്ളേണം നീ
നിന്നെയും പിരിഞ്ഞു പോവാൻ
മമ ശക്തി പോരാ
എന്നെ നീ പരിഗ്രഹിച്ചീടണം
മടിയാതെ'.
(അധ്യാത്മ രാമായണം)
ഈ വാക്യം ഒരു പ്രണയിനിയുടേതല്ല, കാമം മൂത്ത സ്ത്രീയുടെ വാശിയാണെന്ന് മനസിലാക്കു വാൻ രാമലക്ഷ്മണന്മാർക്ക് പ്രയാസമുണ്ടായില്ല. ഈ രണ്ടു പുരുഷന്മാരും ആർജിതമായ ആത്മബലം കൊണ്ട് അവളുടെ പ്രലോഭനങ്ങളെ തട്ടി മാറ്റുന്നു.തന്‍റെ കാമ പൂരണം സാധ്യമാവുയില്ലെന്ന് കണ്ട് ശൂർപ്പണഖ അത്യധികം കോപിഷ്ഠയാവുന്നു.
"കാമ ഏഷ ക്രോധ ഏഷ
രജോഗുണ സമുദ്ഭവഃ
മഹാശനോ മഹാപാപ്മാ
വിധ്യേനം ഇഹ വൈരിണം'.
മുകളിൽ പറഞ്ഞിരിക്കുന്ന ഗീതാവാക്യം കൂടി ഇവിടെ പ്രസക്തമാവുകയാണ്. മനുഷ്യന്‍റെ ഏറ്റവും വലിയ ശത്രു കാമവും ക്രോധവുമാണ്. അത് സർവനാശത്തിന് കാരണമാകുന്നു. രാമായണം നൽകുന്ന വലിയ പാഠങ്ങളിൽ ഒന്നാണിത്.
ഇനിയങ്ങോട്ടാണ് ശൂർപ്പണഖയുടെ തനിനിറം വെളിവാകുന്നത്. തന്‍റെ ഇംഗിതത്തിന് വിലങ്ങുതടിയായി നില്ക്കുന്നത് ഒരു പെണ്ണാണെന്നറിഞ്ഞ നിശാചരി, സീതയെ ആക്രമിക്കാൻ മുതിർന്നപ്പോൾ ലക്ഷ്മണന് വാൾ വീശേണ്ടതായും വന്നു. മൂക്കും മുലയും മുറിഞ്ഞ് രക്തമൊലിപ്പിച്ചു കൊണ്ട് ഓടി വരുന്ന സഹോദരിയെ കണ്ട് ഖരൻ പ്രതികാരം ചെയ്യാനിറങ്ങുന്നു. രാക്ഷസവീരന്മാരായ ഖരൻ, ദൂഷണൻ, തൃശിരസ് എന്നിവരേയും പതിനാലായിരം വരുന്ന പടയേയും കാലപുരിക്കയ്ക്കാൻ രാമന് വെറും മുന്നേമുക്കാൽ നാഴികയേ വേണ്ടി വന്നുള്ളു.
മനുഷ്യനായ രാമന്‍റെ കായബലവും യുദ്ധപാടവവും കണ്ട് അമ്പരന്നു പോയി ശൂർപ്പണഖ. അപമാന ഭാരത്താലും ഭീതിയാലും പ്രതികാര ബുദ്ധിയോടെ അവൾ സ്വന്തം സഹോദരനായ ലങ്കേശന്‍റെ സവിധത്തിലേക്ക് പാഞ്ഞു. തന്‍റെ ഭർത്താവിനെ കൊലചെയ്ത രാവണൻ അങ്ങനെയിങ്ങനെ വഴിപ്പെടുന്ന ആളല്ലെന്ന് അവൾക്ക് നന്നായിഅറിയാം. അവൾ അടവ് നയമാണ് പ്രയോഗിച്ചത്. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ ബലവും ബലഹീനതയുമറിഞ്ഞ് ചാതുര്യത്തോടെ വശത്താക്കി കാര്യം നേടുന്ന പെണ്ണുങ്ങൾ എക്കാലത്തുമുണ്ട്. അയോധ്യയിൽ മന്ഥരയായിരുന്നെങ്കിൽ രാവണ സങ്കേതത്തിൽ നിമിത്തമായിത്തീർന്നത് ശൂർപ്പണഖയാണ്.
അഭൗമ സൗന്ദര്യവതിയായ സീതയെപ്പറ്റി വർണിച്ചു കേൾപ്പിച്ചു. പൊതുവെ സ്ത്രീലമ്പടനും ഭോഗാസക്തനും യുദ്ധതല്പരനുമായ രാവണനിൽ കമ്പമുണ്ടാക്കുവാൻ അധികനേരം വേണ്ടിവന്നില്ല.
"ത്വൽപത്നിയാക്കീടുവാൻ
തക്കവളവളന്നു കല്പിച്ചു
കൊണ്ടിങ്ങുപോന്നീടുവാൻ
ഒരുമ്പെട്ടേൻ
മൽകുചനാസാ കർണച്ഛേദനം
ചെയ്താനപ്പോൾ'.
ഇങ്ങനെ വിലപിച്ചുകൊണ്ട് തന്നെ സഹായിക്കാനെത്തിയ ഖരദൂഷണാദികളുടെ സർവനാശം വന്ന വൃത്താന്തവും അറിയിച്ചപ്പോൾ പിന്നെ ലങ്കേശൻ രാവണന് ഇരിക്കപ്പൊറുതി നഷ്‌ടപ്പെട്ടു. എങ്ങനേയും സുന്ദരിയായ സീതയെ സ്വന്തമാക്കണമെന്ന അഭിവാഞ്ഛ ഉള്ളിൽ ഉറയ്ക്കുകയും ചെയ്തു. തുടർന്ന് സീതാപഹരണത്തിലേക്കും രാമരാവണ യുദ്ധത്തിലേക്കും കഥാഗതിയെ കൊണ്ടെത്തിക്കാൻ കാരണമായിത്തീർന്ന കഥാപാത്രമാണ് ശൂർപ്പണഖ.
അടക്കാനാവാത്ത കാമത്തിന്‍റെ പ്രതീകമാണ് ശൂർപ്പണഖ. ആത്മസംയമനം ശീലിച്ചവരെ വലയിലാക്കാൻ കഴിയില്ല. എന്നാൽ രാവണനെപ്പോലെ പലവിധ ദൗർബല്യങ്ങൾക്ക് അടിപ്പെട്ടു പോകുന്നവരെ എളുപ്പത്തിൻ വശീകരിക്കാൻ സാധിക്കുകയും ചെയ്യും.
(9446558062)