ഭാരത് ടെക്സ് 2026: മോദിയുടെ 5F വീക്ഷണം നെയ്തെടുക്കുമ്പോൾ

ഈ പതിപ്പിൽ 14 രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്‌ട്ര പ്രദര്‍ശകരും ഐക്യരാഷ്‌ട്രസഭ, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും പങ്കെടുക്കുന്നു
Weaving Modi's 5F vision

മോദിയുടെ 5F വീക്ഷണം നെയ്തെടുക്കുമ്പോൾ

Updated on

പബിത്ര മാർഗരിറ്റ

കേന്ദ്ര ടെക്‌സ്റ്റൈൽസ് സഹമന്ത്രി

കശ്മീരി പഷ്മിനയുടെ ആത്മീയമായ ഊഷ്മളത മുതല്‍ അസമിലെ മുഗാ പട്ടിന്‍റെ മനോഹരമായ തിളക്കം വരെ; രാജസ്ഥാനി ബാന്ധനിയുടെ ആകര്‍ഷകമായ ജ്യാമിതീയ പാറ്റേണുകള്‍ മുതല്‍ കാഞ്ചീവരം പട്ടിന്‍റെ കാലാതീതവും ചിട്ടയോടു കൂടിയതുമായ ഗാംഭീര്യത വരെ- ഇന്ത്യയുടെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ വൈവിധ്യം ഇഴകളാല്‍ വരച്ചുവച്ച, ജീവസുറ്റ ഒരു ഭൂപടമാണ്.

ഇന്ന്, സമാനതകളില്ലാത്ത ഈ നാഗരിക ക്യാന്‍വാസ് ഒരൊറ്റ മേല്‍ക്കൂരയ്ക്ക് കീഴില്‍ ഒത്തുചേരുകയാണ്. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ഇന്നു മുതല്‍ 17 വരെ നടക്കുന്ന ഭാരത് ടെക്സ് 2026ന് തുടക്കമാകുമ്പോള്‍, നമ്മുടെ രാജ്യത്തിന്‍റെ മനോഹരമായ വൈവിധ്യത്തെ അത് ഒരൊറ്റയിടത്തേക്ക് എത്തിക്കുന്നു.

 Bharat Tex 2026

ഭാരത് ടെക്സ് 2026

വസ്ത്രങ്ങള്‍ എന്നത് നമ്മുടെ പൈതൃകത്തിന്‍റെ പ്രതിഫലനം മാത്രമല്ല; മറിച്ച് ഇന്ത്യയുടെ സ്ഥൂല സാമ്പത്തിക ഘടനയുടെ യഥാർഥ അടിത്തറ കൂടിയാണ്. ജിഡിപിയിലേക്ക് 2.3 ശതമാനവും വ്യവസായ ഉത്പാദനത്തിലേക്ക് 13 ശതമാനവും കയറ്റുമതിയിലേക്ക് 8.6 ശതമാനവും സംഭാവന ചെയ്യുന്ന ഈ മേഖല, വളര്‍ച്ചയുടെയും തുല്യതയുടെയും ഒരു വന്‍ പ്രസ്ഥാനമായി നിലകൊള്ളുന്നു. കൃഷി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന രണ്ടാമത്തെ വലിയ മേഖലയെന്ന നിലയില്‍, ഇത് 10 കോടിയിലധികം ജനങ്ങള്‍ക്ക് ജീവനോപാധി നല്‍കുകയും ഗ്രാമീണ സമൂഹങ്ങളെ ശക്തിപ്പെടുത്തുകയും രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വയംഭരണാധികാരം ഉറപ്പാക്കുകയും ചെയ്യുന്നു.

ഈ സാമ്പത്തിക ശക്തിയെ അതിന്‍റെ യഥാർഥ അർഥത്തില്‍ വിലയിരുത്തണമെങ്കില്‍, ഒരാള്‍ ഭാരത് ടെക്സ് നേരിട്ട് അനുഭവിച്ചറിയുക തന്നെ വേണം. നമ്മുടെ മികച്ച ഉത്പാദനക്ഷമതയും സർഗാത്മക മേധാവിത്വവും ആഗോളതലത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള, ആഗോള നിലവാരത്തിലുള്ള ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വസ്ത്രവ്യാപാര മേളയാണിത്. ആഭ്യന്തര ഉത്പാദകര്‍, വിവിധ സംസ്ഥാനങ്ങളുടെ പവലിയനുകള്‍, അന്താരാഷ്‌ട്ര പ്രദര്‍ശകര്‍, ആഗോള കച്ചവടക്കാര്‍ എന്നിവരെ ഒരൊറ്റ മേല്‍ക്കൂരയ്ക്ക് കീഴില്‍ അണിനിരത്തുന്ന സമഗ്രമായ ഒരു വിപണിയായി ഇത് പ്രവര്‍ത്തിക്കുന്നു; അതുവഴി വന്‍തോതിലുള്ള ഉറവിടം കണ്ടെത്തലുകള്‍ക്കും കോര്‍പ്പറേറ്റ് പങ്കാളിത്തങ്ങള്‍ക്കും മുന്‍പെങ്ങുമില്ലാത്ത തരത്തില്‍ ബ്രാന്‍ഡുകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഇത് വഴിയൊരുക്കുന്നു.

ഈ മഹത്തായ സംരംഭത്തിന്‍റെ യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ഭാരത് ടെക്സിന്‍റെ കഴിഞ്ഞ രണ്ട് പതിപ്പുകള്‍ സമ്മാനിച്ച അളവറ്റ അഭിമാനവും വ്യക്തതയുമാണ് ഓര്‍മയില്‍ വരുന്നത്. ഭാരത് ടെക്സിന്‍റെ കഴിഞ്ഞ പതിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വസ്ത്രനിർമാണ മേഖലയിലെ പ്രഗത്ഭരെ അഭിസംബോധന ചെയ്തപ്പോള്‍, നമ്മള്‍ നട്ട വിത്ത് ഇപ്പോള്‍ അതിവേഗം ഒരു ആല്‍ മരമായി വളര്‍ന്ന് പന്തലിച്ചതായി അദ്ദേഹം മനോഹരമായി നിരീക്ഷിക്കുകയുണ്ടായി.

ഈ മഹത്തായ പ്രദര്‍ശനം നമ്മുടെ സമ്പന്നമായ പാരമ്പര്യങ്ങളെ ആഘോഷിക്കുക മാത്രമല്ല, വികസിത ഇന്ത്യയുടെ വിപുലമായ സാധ്യതകളെ എടുത്തുകാണിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഭൂതപൂര്‍വമായ രീതിയില്‍ അന്താരാഷ്‌ട്ര കച്ചവടക്കാരെ ആകര്‍ഷിക്കുകയും വന്‍തോതിലുള്ള കൂട്ടായ മുന്നേറ്റത്തിന് കാരണമാകുകയും ചെയ്ത ആദ്യ രണ്ട് പതിപ്പുകളുടെ വന്‍ വിജയം, ഇതിനൊരു ശക്തമായ അടിത്തറ പാകി.

സർക്കാരുകൾ തമ്മിലും ബിസിനസുകളും സർക്കാരും തമ്മിലുമുള്ള തീവ്രമായ ചര്‍ച്ചകള്‍ വ്യക്തമായ ഫലങ്ങളിലേക്ക് വഴിമാറുന്നതിന് സാക്ഷ്യം വഹിച്ച ഭാരത് ടെക്സ് 2025ലെ എന്‍റെ വ്യക്തിപരമായ അനുഭവം, ഭാവിയിലേക്കുള്ള അത്യന്തം ശുഭകരമായ ഒരു കാഴ്ചപ്പാട് ഉറപ്പുനല്‍കുകയും ഇന്ത്യയുടെ പ്രവര്‍ത്തനക്ഷമതയിലുള്ള ആഗോള വിശ്വാസം വർധിച്ചുവരുന്നതായി തെളിയിക്കുകയും ചെയ്തു. ഈ മൂന്നാം പതിപ്പ് ആ മുന്നേറ്റത്തെ വളരെ മുന്നോട്ട് കൊണ്ടുപോകുകയും പ്രാരംഭ സാധ്യതകളെ സമ്പൂര്‍ണ വ്യവസായ മേധാവിത്വമാക്കി മാറ്റുകയും ചെയ്യുന്നു.

ഈ വര്‍ഷത്തെ മേളയുടെ അതുല്യമായ വ്യാപ്തി കൃത്യമായി ആസൂത്രണം ചെയ്ത ഒരു വ്യവസായ തന്ത്രത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഭാരത് മണ്ഡപത്തിലെ വിസ്തൃതമായ പ്രദര്‍ശന ഹാളുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പ്രദര്‍ശനം നാര്, നൂല്‍, തുണിത്തരം, വസ്ത്രങ്ങൾ & ഫാഷൻ, ഹോം ടെക്സ്റ്റൈല്‍സ്, ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ്, മറ്റ് അനുബന്ധ വ്യവസായങ്ങള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയുടെ സമ്പൂര്‍ണ ടെക്സ്റ്റൈല്‍ മൂല്യശൃംഖലയെയാണ് അവതരിപ്പിക്കുന്നത്.

1,600ലധികം പ്രദര്‍ശകരാണ് ഇതില്‍ പങ്കെടുക്കുന്നത്; പ്രധാനമന്ത്രി മോദിയുടെ പരിവര്‍ത്തനാത്മകമായ "5F ദര്‍ശനം' ഫാം ടു ഫൈബര്‍ ടു ഫാക്റ്ററി ടു ഫാഷന്‍ ടു ഫോറിന്‍ പ്രതിഫലിപ്പിക്കുന്നതിനായി അവര്‍ തദ്ദേശീയമായ ഉത്പാദനക്കരുത്ത് നേരിട്ട് ഈ ആഗോള വേദിയിലേക്ക് എത്തിക്കുന്നു. ഈ സമ്പൂര്‍ണ മൂല്യശൃംഖലയെ ഒരൊറ്റ വ്യവസായ ശൃംഖലയായി സമന്വയിപ്പിക്കുന്നതിലൂടെ, ഉത്പാദനത്തിന്‍റെ ഓരോ ഘട്ടവും തദ്ദേശീയമായി കൈകാര്യം ചെയ്യാനുള്ള ഇന്ത്യയുടെ സ്വയംപര്യാപ്തതയെയാണ് ഈ മേള എടുത്തുകാണിക്കുന്നത്.

ഈ നിർദേശത്തോടുള്ള ആഗോള പ്രതികരണം ശ്രദ്ധേയമാണ്. ഈ പതിപ്പില്‍ അമെരിക്ക, ബ്രിട്ടണ്‍, ജപ്പാന്‍, പോര്‍ച്ചുഗല്‍, സ്പെയിന്‍, ന്യൂസിലാന്‍ഡ്, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, നേപ്പാള്‍ ഉള്‍പ്പെടെയുള്ള 14 രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്‌ട്ര പ്രദര്‍ശകരും ഒപ്പം ഐക്യരാഷ്‌ട്രസഭ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയില്‍ നിന്നുള്ള ശക്തമായ സ്ഥാപന പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

ദീര്‍ഘകാല പങ്കാളിത്തത്തിനുള്ള സാധ്യതകള്‍ തേടിക്കൊണ്ട് നിരവധി രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിതല പ്രതിനിധി സംഘങ്ങളും ഉന്നതതല ബിസിനസ് പ്രതിനിധികളും ഇതില്‍ പങ്കാളികളാകുന്നു. നാല് ദിവസങ്ങളിലായി നടക്കുന്ന ഈ മേളയില്‍, രജിസ്റ്റര്‍ ചെയ്ത 110ലധികം രാജ്യങ്ങളില്‍ നിന്നുള്ള 7,000ത്തിലധികം കച്ചവടക്കാരും 1.3 ലക്ഷം വ്യാപാര സന്ദര്‍ശകരും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവരെയെല്ലാം കാത്തിരിക്കുന്നത് പ്രദര്‍ശനത്തിന് വച്ചിട്ടുള്ള 20,000ത്തിലധികം വസ്ത്ര ഉത്പന്നങ്ങളാണ്. ഈ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍, പ്രത്യേകം തയാറാക്കിയ 3,500ലധികം ബിസിനസ്-ടു-ബിസിനസ് കൂടിക്കാഴ്ചകളും, ഒപ്പം ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അവരുടെ തനതായ വ്യവസായ അടിസ്ഥാന സൗകര്യങ്ങള്‍ അവതരിപ്പിക്കാന്‍ വേദിയൊരുക്കുന്ന "സ്റ്റേറ്റ് ഇന്‍വെസ്റ്റര്‍ കണക്റ്റ് സെഷനുകളും' ഉണ്ടായിരിക്കും.

യഥാർഥ വ്യവസായ നേതൃത്വത്തിന് അറിവിനോടും ഭാവി ആസൂത്രണത്തോടും ആഴത്തിലുള്ള പ്രതിബദ്ധത ആവശ്യമാണ്. പാനല്‍ ചര്‍ച്ചകള്‍, റൗണ്ട് ടേബിളുകള്‍, മാസ്റ്റർ ക്ലാസുകള്‍, സ്റ്റേറ്റ് സെഷനുകള്‍, അവാര്‍ഡ് പിച്ച് ഫെസ്റ്റുകള്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നിവയുള്‍പ്പെടെ നൂറിലധികം ക്യൂറേറ്റ് ചെയ്ത സെഷനുകള്‍ ഉള്‍ക്കൊള്ളുന്ന "ഗ്ലോബല്‍ ടെക്സ്റ്റൈല്‍ ഡയലോഗി'ലൂടെ ഭാരത് ടെക്സ് 2026 ഈ ഉത്തരവാദിത്തം ഉറപ്പുനല്‍കുന്നു.

370ലധികം അന്താരാഷ്‌ട്ര-ദേശീയ സിഎക്സ്ഒമാര്‍, നയരൂപകര്‍ത്താക്കള്‍, നൂതനാശയ സൃഷ്ടാക്കള്‍ എന്നിവര്‍ നയിക്കുന്ന ഈ പ്രത്യേക സെഷനുകള്‍ വ്യാപാരവും നിക്ഷേപവും വ്യാപിപ്പിക്കുന്നതിലും സാങ്കേതികവിദ്യയും നവീകരണവും മുന്നോട്ട് കൊണ്ടുപോകുന്നതിലും ഫാഷനും കരകൗശലവും ഉയര്‍ത്തിക്കാട്ടുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, സ്ഥാപനപരമായ സഹകരണം എന്നിവയിലുടനീളമുള്ള നിരവധി തന്ത്രപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കുന്നതിനും മേഖലാ റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കുന്നതിനും ഈ മേള സാക്ഷ്യം വഹിക്കും.

ഈ ചര്‍ച്ചകളുടെ പ്രധാന ശ്രദ്ധാകേന്ദ്രം സുസ്ഥിരത, ചാക്രികത എന്നീ സുപ്രധാന സ്തംഭങ്ങളിലൂന്നിയതാണ്. കഴിഞ്ഞ പതിപ്പില്‍, ആഗോള ഫാഷന്‍ സമൂഹം "പരിസ്ഥിതിക്ക് ഇണങ്ങുന്ന ഫാഷന്‍' എന്ന ദര്‍ശനത്തെ കൂടുതലായി ഉള്‍ക്കൊള്ളുകയാണെന്നും സുസ്ഥിരത എന്നത് എക്കാലത്തും ഭാരതത്തിന്‍റെ വസ്ത്ര പൈതൃകത്തിന്‍റെ അവിഭാജ്യ ഘടകമാണെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞിരുന്നു.

ഭാരത് ടെക്സിന്‍റെ ഈ പതിപ്പ് ആഗോള പരിസ്ഥിതി വെല്ലുവിളികളെ വലിയൊരു അവസരമാക്കി മാറ്റുന്നു; വിഭവങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും പാഴ്വസ്തുക്കള്‍ ഇല്ലാതാക്കുന്നതിനുമായി അത്യാധുനിക നവീകരണങ്ങള്‍ നമ്മുടെ പരമ്പരാഗത സാങ്കേതിക വിദ്യകളെ എങ്ങനെയാണ് വികസിപ്പിക്കുന്നത് എന്ന് ഇത് കാണിച്ചുതരുന്നു, ഇത് നമ്മുടെ നെയ്ത്തുകാര്‍ക്കും കരകൗശല വിദഗ്ധര്‍ക്കും നേരിട്ട് പ്രയോജനം ചെയ്യും.

നമ്മുടെ ടെക്സ്റ്റൈല്‍സ് മന്ത്രി ശ്രീ ഗിരിരാജ് സിങ്ങിന്‍റെ പ്രായോഗിക നേതൃത്വത്തിന് കീഴില്‍, മന്ത്രാലയം ഈ ആധുനികവത്കരണ-സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് താഴെത്തട്ടില്‍ സജീവമായി വേഗം കൂട്ടിയിട്ടുണ്ട്; നമ്മുടെ സമ്പൂര്‍ണ ടെക്സ്റ്റൈല്‍ മൂല്യശൃംഖലയ്ക്ക് ശക്തമായ ആധുനിക സാങ്കേതികവിദ്യയുടെയും, വിപുലീകരിക്കാന്‍ കഴിയുന്ന നയ ചട്ടക്കൂടുകളുടെയും മികച്ച വിപണി ബന്ധങ്ങളുടെയും പിന്തുണയുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.

ഭാരത് ടെക്സിലൂടെ പ്രതിഫലിക്കുന്ന ശ്രദ്ധേയമായ വ്യാപ്തിയും ആത്മവിശ്വാസവും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഒരു പതിറ്റാണ്ടായി നടപ്പിലാക്കുന്ന സുസ്ഥിരമായ നയപരിഷ്കരണങ്ങളുടെ നേരിട്ടുള്ള ഫലമാണ്. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍, മോദി സർക്കാർ പരിവര്‍ത്തനാത്മകമായ ഇടപെടലുകളിലൂടെ ടെക്സ്റ്റൈല്‍ മൂല്യശൃംഖലയുടെ ഓരോ ഘട്ടത്തെയും ശക്തിപ്പെടുത്തിയിട്ടുണ്ട്.

ടെക്സ്റ്റൈല്‍സ് മേഖലയ്ക്കായുള്ള ഉത്പാദന ബന്ധിത ആനുകൂല്യ (പിഎൽഐ) പദ്ധതി 31,687 കോടിയിലധികം രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളെ ആകര്‍ഷിക്കുകയും, അത് വഴി മനുഷ്യനിർമിത നാരുകള്‍ കൊണ്ടുള്ള വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍, സാങ്കേതിക വസ്ത്രങ്ങള്‍ എന്നിവയുടെ വന്‍തോതിലുള്ള ഉത്പാദനത്തിന് ഊർജം പകരുകയും വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഇതോടൊപ്പം, പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള "5F' സമീപനം ഉള്‍ക്കൊള്ളുന്ന സംയോജിത ഉത്പാദന ആവാസവ്യവസ്ഥകളായി ഏഴ് പിഎം മിത്ര പാര്‍ക്കുകള്‍ വികസിപ്പിച്ചുവരുന്നു.

താഴെത്തട്ടിലുള്ള ശാക്തീകരണവും ഒരുപോലെ ശക്തമായി തുടരുന്നു; നാഷണല്‍ ഹാന്‍ഡ്‌ലൂം ഡെവലപ്മെന്‍റ് പ്രോഗ്രാമിലൂടെ 794 കൈത്തറി ക്ലസ്റ്ററുകളിലായി ഏകദേശം 2,000 കോടി രൂപ നിക്ഷേപിക്കുകയും, 1.17 ലക്ഷം നെയ്ത്തുകാര്‍ക്ക് നവീകരിച്ച തറികളും 90,000ത്തോളം തൊഴിലാളികള്‍ക്ക് നൈപുണ്യ പരിശീലനവും നല്‍കുകയും ചെയ്തു.

അതോടൊപ്പം, നാഷണല്‍ ഹാന്‍ഡിക്രാഫ്റ്റ്സ് ഡെവലപ്മെന്‍റ് പ്രോഗ്രാമിന് കീഴില്‍ 1,335 കോടിയിലധികം രൂപ കരകൗശല മേഖലയിലേക്ക് ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, 1.5 ലക്ഷത്തിലധികം നെയ്ത്തുകാരെ സർക്കാർ ഇ-മാര്‍ക്കറ്റ് പ്ലേസില്‍ ഉള്‍പ്പെടുത്തുകയും നെയ്ത്തുകാരുടെ മുദ്ര പദ്ധതിയിലൂടെ ഏകദേശം മൂന്നു ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഈടുരഹിത വായ്പകള്‍ നല്‍കുകയും ചെയ്തു.

നമ്മുടെ ആഭ്യന്തര ഉത്പാദകരെയും കരകൗശല വിദഗ്ധരെയും നൂതന ആശയങ്ങളുള്ളവരെയും ആഗോള വിപണികളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെ, ഈ സമഗ്രമായ പരിഷ്കാരങ്ങള്‍ വന്‍തോതിലുള്ള ആഗോള മുന്നേറ്റത്തിനായി നമ്മെ ഘടനാപരമായി സജ്ജമാക്കിയിരിക്കുന്നു.

ഭാരത് മണ്ഡപത്തിലെ ഊര്‍ജസ്വലമായ പ്രദര്‍ശന ഹാളുകളിലേക്ക് നോക്കുമ്പോള്‍, നമ്മുടെ കാഴ്ചപ്പാട് ഈ വ്യാപാര മേളയുടെ അതിരുകള്‍ക്കുമപ്പുറത്തേക്ക് നീളുന്നു. ഇന്ത്യയുടെ വസ്ത്രവ്യാപാര വ്യവസായത്തെ 350 ബില്യണ്‍ ഡോളറിന്‍റെ ആഗോള ശക്തിയായി വ്യാപിപ്പിക്കുന്നതിനുള്ള നമ്മുടെ "വിഷന്‍ 2030' മാര്‍ഗരേഖയിലെ ഒരു സുപ്രധാന നാഴികക്കല്ലായാണ് ഈ മേള പ്രവര്‍ത്തിക്കുന്നത്.

വികസിത ഭാരതം @2047 എന്ന ദേശീയ ലക്ഷ്യവുമായി തികച്ചും പൊരുത്തപ്പെടുന്ന ഒരു പ്രയാണമാണിത്. നമ്മുടെ തൊഴിലാളികളുടെ അതുല്യമായ കരുത്തിനും, സൃഷ്ടാക്കളുടെ ഉജ്ജ്വലമായ നവീകരണങ്ങള്‍ക്കും ഒപ്പം അഭിമാനത്തോടെ രൂപകല്‍പ്പന ചെയ്ത്, സുസ്ഥിരമായി നിർമിച്ച്, ഇന്ത്യയില്‍ വന്‍തോതില്‍ സമന്വയിപ്പിച്ചിരിക്കുന്ന ആഗോള ടെക്സ്റ്റൈല്‍സിന്‍റെ ഭാവിയിലേക്കും സാക്ഷ്യം വഹിക്കാന്‍, അടുത്ത നാല് ദിവസങ്ങളിലായി നടക്കുന്ന ഭാരത് ടെക്സ് 2026ലേക്ക് ഏവരെയും ക്ഷണിക്കുന്നു.

logo
Metro Vaartha
www.metrovaartha.com