ഡല്‍ഹി കേരള ക്ലബ്ബിന്‍റെ ഭാവി..?

ഇന്ത്യ വിഭജനക്കാലത്ത് രാഷ്‌ട്രീയ ഏകീകരണത്തില്‍ മുഖ്യപങ്ക് വഹിച്ച ആളാണ് ഒറ്റപ്പാലത്തുകാരന്‍ വാപ്പാല പങ്കുണ്ണി മേനോന്‍ എന്ന വി.പി. മേനോന്‍
V.P. Menon and Sardar Patel

വി.പി. മേനോനും സർദാർ പട്ടേലും 

Updated on

വിജയ് ചൗക്ക് | സുധീര്‍ നാഥ്

രാജ്യ തലസ്ഥാനത്തെ മലയാളികളുടെ പ്രധാന പ്രസ്ഥാനമാണ് കേരള ക്ലബ്ബ്. മലയാളികള്‍ക്ക് എന്നും അഭിമാനമായ വി.പി. മേനോനാണ് ഇതിന്‍റെ സ്ഥാപക പ്രസിഡന്‍റ്. ഇന്ത്യ വിഭജനക്കാലത്ത് രാഷ്‌ട്രീയ ഏകീകരണത്തില്‍ മുഖ്യപങ്ക് വഹിച്ച ആളാണ് ഒറ്റപ്പാലത്തുകാരന്‍ വാപ്പാല പങ്കുണ്ണി മേനോന്‍ എന്ന വി.പി. മേനോന്‍. രാജ്യത്തിന്‍റെ അവസാന വൈസ്രോയി ആയിരുന്ന ലൂയി മൗണ്ട് ബാറ്റന്‍റെ രാഷ്‌ട്രീയ ഉപദേഷ്ടാവായിരുന്നു അദ്ദേഹം. മൗണ്ട് ബാറ്റന്‍റെ ആദ്യ ഇന്ത്യാ വിഭജന പദ്ധതിയെ ജവഹർലാൽ നെഹ്രു ശക്തമായി നിരാകരിച്ചതിനെ തുടര്‍ന്നുണ്ടാക്കിയ പുതിയ പദ്ധതിയുടെ കരട് രൂപം തയാറാക്കിയത് വി.പി. മേനോനാണ്. 1947ല്‍ വിഭജനത്തിനു ശേഷം ഇന്ത്യയുടെ ഉപ പ്രധാനമന്ത്രിയായ സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ മേനോനെ സെക്രട്ടറിയാക്കി.

വ്യത്യസ്ത ഭരണ രീതികള്‍ കൊണ്ട് വേറിട്ടു നിന്ന ഒട്ടേറെ നാട്ടുരാജ്യങ്ങളുടെ ഏകീകരണം ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യമായിരുന്നു. മതത്തിലും പാരമ്പര്യാവകാശത്തിലും യുദ്ധത്തിന്‍റെ ബലതന്ത്രത്തിലും സംസ്കാര തനിമകളിലും ചിലപ്പോള്‍ ഭാഗ്യത്തിലും അധിഷ്ഠിതങ്ങളായി നിലനിന്ന വിഭിന്ന നാട്ടുരാജ്യങ്ങളെ സൈനിക നടപടികള്‍ കൂടാതെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ചെടുക്കാന്‍ സര്‍ദാര്‍ പട്ടേലിനെ പ്രാപ്തനാക്കിയത് വി.പി. മേനോന്‍റെ ഉപദേശവും സഹായവുമാണ്. ഇന്ത്യന്‍ യൂണിയനിലേക്ക് തിരുവിതാംകൂറും കൊച്ചിയും ഉള്‍പ്പെടെ 565 നാട്ടുരാജ്യങ്ങളെ ഏകീകരിക്കുന്നതില്‍ പട്ടേലിനോടൊപ്പം അദ്ദേഹം അഹോരാത്രം അധ്വാനം ചെയ്തു.

The future of Delhi Kerala Club

ഡല്‍ഹി കേരള ക്ലബ്ബിന്‍റെ ഭാവി..?

ഇന്ത്യ എന്ന രാജ്യം നിര്‍മിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട നാട്ടുരാജ്യങ്ങളുടെ ഏകീകരണത്തിന് ഒട്ടേറെ രഹസ്യ ചര്‍ച്ചകള്‍ വേണ്ടിവന്നിരുന്നു. വി.പി. മേനോന്‍റെ നേതൃത്വത്തില്‍ സര്‍ദാര്‍ പട്ടേലും മറ്റു പ്രമുഖ ദേശീയ നേതാക്കളും ഈ ചര്‍ച്ചകളെല്ലാം നടത്തിയത് ഡല്‍ഹിയുടെ ഹൃദയഭാഗത്തുള്ള കേരള ക്ലബ്ബിലാണ്. കേരള ക്ലബ്ബിന്‍റെ 75ാം വാര്‍ഷിക ആഘോഷച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അഡ്വാനി അന്ന് ഈ ലേഖകന്‍ അടക്കമുള്ള വ്യക്തികളോട് സര്‍ദാര്‍ പട്ടേലിന്‍റെയും മേനോന്‍റെയും രഹസ്യ ചര്‍ച്ചകളെക്കുറിച്ച് ഓര്‍മിപ്പിക്കുകയും അവര്‍ പറഞ്ഞ പല അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്ചതിരുന്നു.

ഡല്‍ഹി മലയാളികളെയെല്ലാം ഒന്നിച്ചു വിളിച്ചുകൂട്ടി അവര്‍ക്ക് പരിചയപ്പെടാനും ആശയവിനിമം നടത്താനും അവസരം ആദ്യം നല്‍കിയത് അക്കാലത്തെ ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന കെ.പി.എസ്. മേനോനാണ്. 1939ലെ ഓണാഘോഷ കാലത്ത് അന്നത്തെ വേനല്‍ക്കാല തലസ്ഥാനമായിരുന്ന സിംലയിലെ കെ.പി.എസ്. മേനോന്‍റെ വസതിയില്‍ നടന്ന ആഘോഷങ്ങളാണ് പിന്നീട് ഡല്‍ഹിയില്‍ കേരള ക്ലബ്ബ് രൂപം കൊടുക്കാന്‍ കാരണമായത്. അതുവരെ ദക്ഷിണേന്ത്യക്കാര്‍ക്കെല്ലാം കൂടി സൗത്ത് ഇന്ത്യ ക്ലബ് എന്ന ഒരു സംഘടനയേ ഉണ്ടായിരുന്നുള്ളൂ. മലയാളികള്‍ അതിന്‍റെ ഒരു ഭാഗം മാത്രമായിരുന്നു. വി.പി. മേനോന്‍ ആയിരുന്നു അതിന്‍റെ പ്രസിഡന്‍റ്.

ഡല്‍ഹി മലയാളികളുടെ ചിരകാല അഭിലാഷമായ ഒരു സംഘടന 1940 ഏപ്രില്‍ 14ന് വിഷു ദിവസം കേരള ക്ലബ്ബ് എന്ന പേരില്‍ രൂപം കൊണ്ടു. സ്ഥാപക പ്രസിഡന്‍റ് വി.പി. മേനോനും സെക്രട്ടറി കെ.പി. പത്മനാഭനുമായിരുന്നു. കേരള ക്ലബ്ബ് ആദ്യം ആരംഭിച്ചത് ക്വീന്‍സ് വേയിലുള്ള (ഇന്നത്തെ കർമപഥ്) എ.ജി. മേനോന്‍റെ ഫ്ലാറ്റിലാണ്. അദ്ദേഹം പിന്നീട് ഐഎഎസിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും കേരള ചീഫ് സെക്രട്ടറിയായി സര്‍വീസില്‍ നിന്ന് പിരിയുകയും ചെയ്തു. ഏറെ താമസിക്കാതെ കൊണാട്ട് പ്ലേസിലുള്ള എം ബ്ലോക്കിലെ 67 നമ്പര്‍ ഫ്ലാറ്റിലേക്ക് കേരള ക്ലബ്ബ് പ്രവര്‍ത്തനം മാറ്റി. രണ്ടു വലിയ വരാന്തകളും രണ്ടു കൊച്ചു മുറികളും നടുമുറ്റവും അടുക്കളയും കുളിമുറിയും ടോയ്‌ലറ്റും അടങ്ങിയ ഫ്ലാറ്റിന് 75 രൂപയായിരുന്നു വാടക. എല്ലാ സ്ഥലവും ക്ലബ്ബിന് ആവശ്യമില്ലാത്തതിനാല്‍ ഉള്ളിലുള്ള മുറി മെംബര്‍മാരില്‍ അവിവാഹിതരായവര്‍ക്ക് വാടകയ്ക്ക് കൊടുത്തിരുന്നു. 4 പേര്‍ക്ക് അവിടെ സുഖമായി താമസിക്കാന്‍ സാധിച്ചു. നറുക്കെടുപ്പു വഴിയാണ് അപേക്ഷകരില്‍ നിന്ന് ആദ്യ 4 പേരെ തെരഞ്ഞെടുത്തിരുന്നത്.

ആദ്യ കാലങ്ങളില്‍ കേരള ക്ലബ്ബിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പ്രമുഖര്‍ മാത്രം ഉണ്ടായിരുന്ന നക്ഷത്ര സമൂഹമായിരുന്നു. ബ്രിട്ടീഷ് രാജില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള പരിവര്‍ത്തന കാലത്താണ് ക്ലബ്ബിന്‍റെ വളര്‍ച്ച. സര്‍ക്കാരിന്‍റെ ഏറ്റവും ഉയര്‍ന്ന തലങ്ങളില്‍ ധാരാളം മുതിര്‍ന്ന മലയാളി ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. അവര്‍ ക്ലബ്ബിന് രക്ഷാകര്‍തൃത്വവും പ്രോത്സാഹനവും പിന്തുണയും നല്‍കി. അത്തരം മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ വി.പി. മേനോന്‍, കെ.ആര്‍.കെ. മേനോന്‍, ഡോ. പി.പി. പിള്ള, കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്നിവരായിരുന്നു ക്ലബ്ബില്‍ പ്രത്യേക താത്പര്യമെടുത്തവര്‍.

കേരള ക്ലബ്ബുമായി സഹകരിച്ചിരുന്ന പ്രമുഖരായ മലയാളികളുടെ ഭാര്യമാരും വളരെ സജീവമായി തന്നെ ക്ലബ്ബിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു. കെ.ആര്‍.കെ. മേനോന്‍റെയും പി.പി. പിള്ളയുടെയും ഭാര്യമാരും തങ്കം ശങ്കര പിള്ളയുമൊക്കെ ക്ലബ്ബിന്‍റെ പ്രവര്‍ത്തനങ്ങളില്‍ വലിയ താത്പര്യം പ്രകടിപ്പിച്ചു. ഇതിന്‍റെ ഭാഗമായി കേരള ക്ലബ്ബിനോട് ചേര്‍ന്ന് വനിതാ വിഭാഗവും പ്രവര്‍ത്തിച്ചു തുടങ്ങി.

ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ടൈപ്പിസ്റ്റുകള്‍ മിക്കവരും മലയാളികള്‍ ആയിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടാന്‍ പോകുന്നു എന്ന വിവരം അതുകൊണ്ടു തന്നെ ആദ്യം അറിഞ്ഞതും മലയാളികളായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന 1947ല്‍ കേരള ക്ലബ്ബിന്‍റെ സെക്രട്ടറി കാര്‍ട്ടൂണിസ്റ്റ് കുട്ടിയായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നു എന്നറിഞ്ഞ സെക്രട്ടറി ദേശീയ പതാകയുമായി കേരള ക്ലബ്ബില്‍ മലയാളികളെ സംഘടിപ്പിച്ച് ഇന്ത്യന്‍ പാര്‍ലമെന്‍റിലേക്ക് ഒരു ജാഥ നയിച്ചു. രാജ്യത്തെ ആദ്യ സ്വാതന്ത്ര്യ ആഘോഷ ജാഥയായിരിക്കും കേരള ക്ലബ്ബില്‍ നിന്ന് കാര്‍ട്ടൂണിസ്റ്റ് കുട്ടിയുടെ നേതൃത്വത്തില്‍ പുറപ്പെട്ടത്. 1947 ഓഗസ്റ്റ് 14നു നടന്ന ആ ജാഥ ചരിത്ര പ്രാധാന്യമുള്ളതാണ്. (ഇയേഴ്സ് ഓഫ് ലാഫര്‍ എന്ന ആത്മകഥയില്‍ കുട്ടി ഈ സംഭവം വിവരിക്കുന്നുണ്ട്.)

1951ല്‍ ആദ്യ റിപ്പബ്ലിക്ക് ദിന ആഘോഷം വളരെ ലളിതമായിരുന്നു. എന്നാലും അതു കാണാന്‍ വന്‍ ജനക്കൂട്ടമായിരുന്നു. അതുകൊണ്ട് 1952ലെ രണ്ടാമത്തെ റിപ്പബ്ലിക് പരേഡ് വിപുലമായി നടത്താന്‍ സര്‍ക്കാര്‍ തീരുമാനമാനിച്ചു. പ്രതിരോധ മന്ത്രാലയത്തെയാണ് ആ ചുമതല ഏല്‍പ്പിച്ചത്. എല്ലാ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം ഉണ്ടാകണമെന്ന് സര്‍ക്കാര്‍ നിര്‍ദേശവും വന്നു. കേരളത്തെ പ്രതിനിധീകരിച്ച് രണ്ട് ഫ്ലോട്ടുകള്‍ തയാറാക്കി ആ പരേഡിന്‍റെ ഭാഗമാക്കിയത് കേരള ക്ലബ്ബായിരുന്നു.

ഡല്‍ഹി മലയാളികള്‍ക്ക് എന്നും അഭിമാനമായ നാലു കേരള സ്കൂളുകള്‍ ഇന്ന് നിലവിലുണ്ട്. ഡല്‍ഹിയിലെ ആദ്യ കേരള സ്കൂളിന് തുടക്കം കുറിച്ചതും കേരള ക്ലബ്ബിന്‍റെ ഭാരവാഹികള്‍ ചേര്‍ന്നുള്ള പ്രയത്ന ഫലമായാണ്. കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റ ശേഷം മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന് നല്‍കിയ കേരള ക്ലബ്ബിന്‍റെ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡല്‍ഹിയില്‍ ആദ്യത്തെ കേരള സ്കൂള്‍ ഉണ്ടായത്.

ആദ്യ കാലത്ത് ഡല്‍ഹിയിലെ പ്രമുഖരുടെ മാത്രം കേന്ദ്രമായ കേരള ക്ലബ്ബ് പിന്നീട് ജനകീയമായി. നഗരത്തിലെ മലയാളി സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിലായി പ്രധാന ശ്രദ്ധ. ക്ലബ്ബിന്‍റെ വളര്‍ച്ചയ്ക്ക് ദിശാബോധം നല്‍കിയ അനേകം മഹത്തായ വ്യക്തിത്വങ്ങളുടെ സ്വാധീനമായിരിക്കാം അതിന് കാരണം. സമൂഹത്തെ ഒന്നിപ്പിച്ചതോടൊപ്പം, കേരളത്തിന്‍റെ സാംസ്കാരിക സമ്പത്തുകളിലേക്ക് ഡല്‍ഹി ജനങ്ങള്‍ക്ക് തുറന്നുകാണാനുള്ള ഒരു ജനാലയും കേരള ക്ലബ്ബ് ഒരുക്കി. തേങ്ങിൻ തോപ്പുകള്‍ മനോഹരമായ കായലുകളെ ചുറ്റിയിരിക്കുന്ന നാടിന്‍റെ കലയും സംസ്കാരവും പ്രോത്സാഹിപ്പിച്ചത് വളരെ ഫലപ്രദമായ ഒരു ശ്രമമായിരുന്നു. ഡല്‍ഹി ജനങ്ങള്‍ക്ക് അത് വലിയൊരു അനുഭവമായി. 1954ല്‍ ജവഹര്‍ലാല്‍ നെഹ്റു ഉദ്ഘാടനം ചെയ്യുകയും സാക്ഷ്യം വഹിക്കുകയും ചെയ്ത ഉത്സവത്തിലൂടെ കഥകളിയെ ഈ നഗരത്തിന് പരിചയപ്പെടുത്തിയത് കേരള ക്ലബ്ബാണ്. സ്വന്തം ജീവിതകാലത്തു തന്നെ ഇതിഹാസങ്ങളായി മാറിയ കേരളത്തിലെ പ്രമുഖ കഥകളി കലാകാരന്മാരായ ചെങ്ങന്നൂര്‍ രാമന്‍ പിള്ള, മാങ്കുളം വിഷ്ണു നമ്പൂതിരി, കലാമണ്ഡലം കൃഷ്ണന്‍ നായര്‍, കുടമാളൂര്‍ കരുണാകരന്‍ നായര്‍ എന്നിവര്‍ നാലു ദിവസം നീണ്ട ആ ഉത്സവത്തില്‍ അവതരിപ്പിച്ച പ്രകടനങ്ങള്‍ അതിനെ അവിസ്മരണീയമാക്കി.

കേരള ക്ലബ്ബില്‍ പിന്നീട് സാഹിതീ സഖ്യം രൂപം കൊണ്ടു. സൃഷ്ടിപരമായ എഴുത്തിനെയും സാഹിത്യ അഭിരുചിയെയും പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ഡല്‍ഹി ആസ്ഥാനമായ അനേകം മലയാളി എഴുത്തുകാര്‍ ഈ വേദി ഉപയോഗിച്ച് സ്വന്തം കഴിവുകള്‍ വികസിപ്പിച്ചു. മറ്റു സ്ഥലങ്ങളിലെ പ്രമുഖ എഴുത്തുകാര്‍ക്കും തങ്ങളുടെ കൃതികള്‍ ഇവിടെ അവതരിപ്പിക്കാനുള്ള വേദിയായി ഇത് മാറി. ഒ.വി. വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസവും എം. മുകുന്ദന്‍റെ ഡല്‍ഹിയും ആദ്യം അവതരിപ്പിക്കപ്പെട്ടത് കേരള ക്ലബ്ബിലാണ്. എം.പി. നാരായണ പിള്ള, പി. നാരായണക്കുറുപ്പ്, കാക്കനാടന്‍, വി.കെ.എന്‍, ചെറിയാന്‍ കെ. ചെറിയാന്‍ എന്നിവര്‍ക്ക് കേരള ക്ലബ്ബിന്‍റെ വേദി പ്രതികരണ ശേഷിയുള്ളതും പ്രോത്സാഹനപരവുമായ ഒരു പ്രേക്ഷക സമൂഹത്തെ സമ്മാനിച്ചു. കൊണോട്ട് സര്‍ക്കിളിലെ പഞ്ച് ഹൗസ് ക്ലബ്ബ് പരിസരത്തുള്ള കേരള ക്ലബ്ബിന്‍റെ പടികള്‍ കയറി അതിന്‍റെ പ്രവര്‍ത്തനങ്ങളെ അനുഗ്രഹിക്കുകയും അംഗങ്ങളെ ആകര്‍ഷിക്കുകയും ചെയ്ത കേരളത്തിന്‍റെ മഹാനായ സാഹിത്യകാരില്‍ മഹാകവി വള്ളത്തോള്‍, തകഴി, ജി. ശങ്കരകുറുപ്പ്, ഉറൂബ്, ജി. ശങ്കരപ്പിള്ള, ഒ.എന്‍.വി. കുറുപ്പ്, വൈലോപ്പിള്ളി, എന്‍.വി. ക്യഷ്ണവാരിയര്‍, എസ്.കെ. പൊറ്റെക്കാട്, സുഗതകുമാരി തുടങ്ങി എത്രയോ പേര്‍.

അതുപോലെ വാര്‍ഷിക സ്വാതി തിരുനാള്‍ സംഗീതോത്സവം സാംസ്കാരിക കാറ്റ് വീശിയെത്താനുള്ള മറ്റൊരു ജനാലയായി. കേരള ക്ലബ്ബ് കലകളില്‍ മാത്രം ഒതുങ്ങിയില്ല. സംസ്ഥാനത്തിന്‍റെ ഗൗരവമേറിയ പ്രശ്നങ്ങള്‍ക്കും അത് ശ്രദ്ധ നല്‍കി. "ഏക സിവില്‍ കോഡ് ', "കേരളത്തിന്‍റെ പ്രശ്നങ്ങള്‍' തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചു.

രാജധാനിയുടെ മധ്യഭാഗത്താണ് ക്ലബ്ബിന്‍റെ സ്ഥാനം. വിനോദത്തിനോ വിശ്രമത്തിനോ സമയം ലഭിക്കുമ്പോള്‍ മലയാളികള്‍ക്ക് ഒത്തുചേരാന്‍ ഏറ്റവും സൗകര്യപ്രദമായ ഇടം അതായിരുന്നു. സെക്രട്ടേറിയറ്റിനെ ചുറ്റിപ്പറ്റിയായിരുന്നു മലയാളി സമൂഹത്തിന്‍റെ പ്രധാന കേന്ദ്രം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും ക്ലബ്ബിലെ അംഗങ്ങളില്‍ ഭൂരിപക്ഷമായിരുന്നു.

ഇങ്ങനെ ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള കേരള ക്ലബ്ബിന്‍റെ നിലവിലെ സാഹചര്യം വളരെ പരുങ്ങലിലാണ്. 86 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കേരള ക്ലബ്ബ് ഇന്ന് ഒഴിപ്പിക്കലിന്‍റെ ഭീഷണിയിലാണ്. ഇന്ത്യയുടെ ചരിത്രത്തിന്‍റെ ഭാഗമായ കേരള ക്ലബ്ബിന്‍റെ സംരക്ഷണം അതീവ പ്രാധാന്യമുള്ളതായത് കൊണ്ടു തന്നെയാണ് മേല്‍പ്പറഞ്ഞ ചരിത്ര സംഭവം ഇവിടെ ആവര്‍ത്തിച്ചത്.

1939ല്‍ സ്ഥാപിതമായ കേരള ക്ലബ്ബ് ദേശീയ തലസ്ഥാനത്തെ ഏറ്റവും പഴക്കമുള്ള സാംസ്കാരിക- സാമൂഹിക സ്ഥാപനങ്ങളിലൊന്നാണ്. ഇന്ന്, ഈ ചരിത്ര പ്രസിദ്ധമായ സ്ഥാപനം നിലനില്‍പ്പിനെ തന്നെ ഭീഷണിപ്പെടുത്തുന്ന ഒരു ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ക്ലബ്ബിന് ഒഴിപ്പിക്കല്‍ നോട്ടീസ് ലഭിച്ചിരിക്കുകയാണ്. അതിനെതിരേ ക്ലബ്ബ് കോടതിയില്‍ നിയമ പോരാട്ടവും നടത്തിവരികയാണ്.

logo
Metro Vaartha
www.metrovaartha.com