Easter: The Gospel that Conquered Death

ഈസ്റ്റർ: മരണത്തെ ജയിച്ച സുവിശേഷം

ഈസ്റ്റർ: മരണത്തെ ജയിച്ച സുവിശേഷം

ഈസ്റ്ററിന് ഉത്ഥിതനായ ക്രിസ്തു ആദ്യം പ്രത്യക്ഷപ്പെട്ടത് പാപിനിയായ മറിയം മഗ്ദലനയ്ക്കു മുന്നിലാണ്.

ചേറൂക്കാരന്‍ ജോയി

രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധി വിശുദ്ധ ബൈബിള്‍ അർഥപൂര്‍ണമായി വായിച്ച സുകൃത വ്യക്തിയാണ്. സുവിശേഷകരായ മത്തായിയും, മാര്‍ക്കോസും പരാമര്‍ശിച്ച യേശു ക്രിസ്തുവിന്‍റെ തിരു ഉത്ഥാന രഹസ്യം വിശേഷാല്‍ മനസില്‍ തട്ടി.

ദുഃഖ വെള്ളിയുടെ കുരിശുമരണം ഘോരം. അതികഠിനം. അതില്‍ സന്താപം മാത്രമല്ല അപമാനഭാരവും പ്രധാന ക്ലേശം. നിരപരാധിയും നീതിമാനുമായ ദൈവപുത്രനെ നിര്‍ദ്ദയം പട്ടാളക്കാര്‍ കുരിശില്‍ തറച്ചു കൊന്നത് അനീതി. അതും രണ്ടു കള്ളന്മാര്‍ക്കു നടുവില്‍. സഹനങ്ങളെ സാഹസീകമാക്കി. മനുഷ്യനു താങ്ങാനാവാത്ത അചിന്തനീയ വേദനകള്‍ കുരിശിറങ്ങി. അതിനൊരാഴ്ച മുമ്പ് ഒലിവ് കൊമ്പുകള്‍ വീശി ജറുസലേം നഗരി ഓശാന പാടി വരവേല്‍പ്പേകിയ രാജാധിരാജന്‍. ദിനംപ്രതി നോക്കുവാക്കുകളാല്‍ മഹാദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച പ്രവാചക ശ്രേഷ്ഠന്‍. എല്ലാം മറന്ന ജനം പ്രതിഷേധരഹിതരായി. മൂക്കത്ത് വിരല്‍ വച്ച് വെറും കാഴ്ചക്കാരായി നിന്നു.

ചരിത്ര വിചിത്ര സത്യം മഹാത്മജി വായിച്ചു തള്ളുകയല്ല ചെയ്തത്. മനസാ ആവഹിച്ചു. നീതിന്യായ വകുപ്പിന് അതൊരു മുതൽക്കൂട്ടാക്കി. നൂറു കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരൊറ്റ നിരപരാധിയും ശിക്ഷിക്കപ്പെടരുത്. ഈ ഐപിസി സൂക്തം ഇന്നു വേണ്ടുംവിധം പരിപാലിക്കപ്പെടുന്നുണ്ടോ? ആത്മപരിശോധനയുടെ ഇടവേള പോലെ പാപക്കറ പുരണ്ട കുരിശുമരണവും പുനരുത്ഥാനവും ഭക്തജനങ്ങള്‍ ഓര്‍മ പുതുക്കുന്നു. ഈശോമിശിഹായെ പോലെ സത്യവും സമത്വവും സാഹോദര്യവും സമാധാനവും സ്വാതന്ത്ര്യവും നിലനിര്‍ത്താന്‍ ഗാന്ധിജിയും സ്വജീവിതം ഉഴിഞ്ഞുവച്ചു. നിസ്വാർഥനായി അടിമത്വത്തിനും അയിത്ത അനാചാരങ്ങള്‍ക്കും എതിരെ പോരാടിയ അഹിംസ വിപ്ലവകാരി ഗാന്ധിജിയും ഒടുവില്‍ രക്തസാക്ഷിത്വം വരിച്ചു. ദൈവ പ്രവാചകനായല്ല, കാലഘട്ടം ദേശസ്‌നേഹി പദവിയിലേക്കുയര്‍ത്തി മഹാത്മാവിനെ ആദരിക്കുന്നുവെന്ന വ്യത്യാസം മാത്രം!

കാല്‍വരിയിലെ കുരിശിന്‍റെ വഴി

ലൂക്കാ, യോഹന്നാന്‍ സുവിശേഷകരുടെ കുരിശിന്‍റെ വഴി തീരുന്നിടത്ത്‌ സമാപനമല്ലിന്ന്. 1048ല്‍ പുതുക്കി സ്ഥാപിച്ച ഹോളീ സ്പള്‍ച്ചര്‍ ബസിലിക്ക നിലകൊള്ളുന്നു. ജറുസലേം നഗരിയിലെ കാല്‍വരി മല അല്ലെങ്കിൽ ഗാഗുല്‍ത്ത പുണ്യ പുരാതന വിസ്മയമാണ്. പാതിര ഈസ്റ്റര്‍ കുര്‍ബാനയ്ക്കു മുന്നോടിയായി ഇവിടം 14 സ്ഥല വണക്കമാര്‍ന്ന കുരിശിന്‍റെ വഴി നടക്കും. 12ാം സ്ഥലത്തെ കുരിശുമരണാനന്തരം ശവസംസ്‌കാരവും ടേബ്ലോവായി പ്രദര്‍ശിക്കപ്പെടും. അവിടം പ്രധാന കല്ലറ അത്ഭുത സാക്ഷ്യമായി ഒഴിഞ്ഞു കിടക്കുന്നു! മുന്‍കൂട്ടി പ്രവചിച്ചിരുന്നതനുസരിച്ച് മരിച്ച് അടക്കപ്പെട്ടവരില്‍ നിന്നും മൂന്നാം ദിവസം യേശുക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു. ക്രിസ്തു അനുയായികളായ ലത്തീന്‍ റോമന്‍ കത്തോലിക്കരും ഓര്‍ത്തോഡക് സഭാ വിഭാഗങ്ങളുമാണിവിടം വെവ്വേറെ ആള്‍ട്ടറുകളിലായി ദിവ്യബലി. ആരാധനാക്രമം തെറ്റാതെ ഒരേ സമയം ലോഹ്യത്തില്‍ പൂജ്യമായി അര്‍പ്പിക്കുന്നു.

ഈസ്റ്ററിന് ഉത്ഥിതനായ ക്രിസ്തു ആദ്യം പ്രത്യക്ഷപ്പെട്ടത് പാപിനിയായ മറിയം മഗ്ദലനയ്ക്കു മുന്നിലാണ്. ശേഷം 11 അവസരങ്ങളിലായി ശിഷ്യന്മാര്‍ക്കും പരിചിത ഭക്തര്‍ക്കും പല സ്ഥലങ്ങളില്‍ 40 ദിവസങ്ങളിലായി അവതരിച്ചു, സ്വര്‍ഗാരോഹണം ചെയ്തു.

ഇതില്‍ ഒരുവട്ടം ശിഷ്യന്മാര്‍ക്കായി അടച്ചിട്ട മുറിക്കുള്ളിലെത്തി. അണിഞ്ഞ വെള്ളവസ്ത്ര പരിശുദ്ധിയില്‍ സമാധാനം ആശംസിച്ചു പിരിഞ്ഞു. അന്നേരം തോമാ ശ്ലീഹാ അവര്‍ക്കിടയില്‍ ഇല്ലായിരുന്നു. കര്‍ത്താവിനെ ദര്‍ശിച്ച അത്ഭുത സാക്ഷ്യം മറ്റു ശിഷ്യന്മാര്‍ തോമാസിനെ അറിയിച്ചു. അവനതു വിശ്വസിച്ചില്ല. സുവിശേഷകന്‍ വിസ്തരിക്കുന്നു. ഗുരുവിനെ കാണണം. അവന്‍റെ പാര്‍ശ്വത്തിലും ആണിപ്പഴുതുകളിലും വിരല്‍ തൊട്ടേ വിശ്വസിക്കൂ. വാശിപിടിച്ച് കട്ടായം പറഞ്ഞു. പിന്നീട് അവര്‍ക്കു മുന്വില്‍ ദൃശ്യമായ ഗുരു തോമസിനോടാണ് ആദ്യം സംസാരിച്ചത്.

""തോമാ ഇവിടെ വരിക. എന്‍റെ ആണിപ്പഴുതുകള്‍ കാണുക. കൈനീട്ടി എന്‍റെ പാര്‍ശ്വത്തില്‍ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയാകുക''. കര്‍ത്താവേ എന്‍റെ ദൈവമേ, എളിമ വിളിയോടെ തോമ സാഷ്ടാംഗം വീണു നമസ്‌കരിച്ചു.

""നേരില്‍ കണ്ടതു കൊണ്ട്‌ നിങ്ങളെന്നെ വിശ്വസിച്ചു. കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. എന്തുകൊണ്ടെന്നാല്‍ ദൈവരാജ്യം അവര്‍ക്കുമുള്ളതാണ്''.

ഇതേ തോമയാണ് ഗുരുദേവന്‍റെ ഭാരതീയ വഴികാട്ടിയായത്. വിശ്വസ്ത വചനങ്ങള്‍ പഠിപ്പിച്ച്പഞ്ചേന്ദ്രിയ അര്‍ച്ചകനായി മാറിയതും. ഉത്ഥിതനായ യേശുവിന്‍റെ ശിഷ്യന്മാരോടുള്ള പരമ പ്രധാന ആഹ്വാനം ലോകമെമ്പാടും പോയി എന്‍റെ വിശ്വാസ വചനങ്ങള്‍ പ്രസംഗിച്ച് പ്രചരിപ്പിക്കുക എന്നതായിരുന്നു. ""പരിശുദ്ധാത്മാവിന്‍റെ വരങ്ങള്‍ നിങ്ങള്‍ക്ക്‌ ലഭിക്കും. നാനാഭാഷകള്‍ കേട്ട് മനസിലാക്കും. നിങ്ങളുടെ സംസാരശേഷിക്ക് ദേശങ്ങളും അതതു ഭാഷകളും വഴങ്ങും. ക്രിസ്തുമതവും വിശ്വാസികളുമങ്ങിനെ ഭൂഗോളമുള്ളിടത്തോളം ശാശ്വതമായി പടര്‍ന്നു പന്തലിക്കട്ടെ''.

വള്ളവും വലയുമേന്തി മത്സ്യബന്ധന ഉപജീവനക്കാരായി കടലോരത്ത് അലഞ്ഞ മുക്കുവ ശിഷ്യന്മാര്‍ മനുഷ്യരെ പിടിക്കുന്നവരായി മാറി. മുപ്പതു വെള്ളിക്കാശിന് ഗുരുവേ ചുംബിച്ച് ഒറ്റിക്കൊടുത്ത യൂദാസൊഴികേ കര്‍ത്താവിനെ ഉള്‍ക്കൊണ്ട 11 ശിഷ്യഗണം ധീരത കൈവരിച്ചു. ക്രിസ്തുസാക്ഷികളായി പ്രവര്‍ത്തിച്ചു. രക്തസാക്ഷിത്വം വഹിച്ചു. ബൈബിള്‍ പ്രവചനം പോലെ നിത്യജീവന്‍ കൈവരിച്ചവരായി. ഹിബ്രു ഭാഷയിലിറങ്ങിയ ബൈബിൾ അങ്ങനെ 790ഓളം ഭാഷകളില്‍ തര്‍ജമ ചെയ്യപ്പെട്ടു.

തോമാസ്ലീഹ

ഭാരത അപ്പസ്‌തോലനാകാന്‍ നിയോഗം നേടിയത് തോമാ ശ്ലീഹായാണ്. എഡി 52ല്‍ തൃശൂരിലെ പാലയൂരില്‍ എത്തിയത് മലയാള മഹത്വ മമത! പലയിടങ്ങളിലായി ഏഴര പള്ളികള്‍ സ്ഥാപിച്ചു. ആയിരങ്ങളെ മാമ്മോദീസ മുക്കി മതഭക്തരാക്കി. ക്രിസ്തുനാമത്തില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു, മനഷ്യന് അസാധ്യമായ ദിവ്യ അത്ഭുതങ്ങള്‍ നിരവധി കാഴ്ചവച്ചു.

മൈസൂര്‍ കൊട്ടാരത്തിലിന്നും ഒരു ഫോട്ടൊ വര സൂക്ഷിപ്പുണ്ട്. കഥ ഇപ്രകാരം എഴുതി ഒട്ടിച്ചിരിക്കുന്നു. നദിയൊഴുക്കിനു കുറുകേ ഒരു വന്‍മരം വീണു. അതോടെ സമീപവാസികളായ ആശ്രിതരുടെ ജലസേചനം മുടങ്ങി. അതു തള്ളിമാറ്റി തടസം നീക്കാന്‍ രാജ്യകല്‍പ്പന പുറപ്പെടുവിച്ചു. പലരും പരിശ്രമിച്ചു. കരിവീരന്മാരും തോറ്റ് തൊപ്പിയിട്ട് പിന്‍വാങ്ങി. ആ സമയത്താണ് ദേശാടകനായ തോമാ ശ്ലീഹയുടെ വരവ്. കാര്യമറിഞ്ഞ അദ്ദേഹം വന്‍ തടി നിഷ്പ്രയാസം നീക്കം ചെയ്യാമെന്ന് ആ രാജാവിനു വാക്കു കൊടുത്തു. നീണ്ട അരക്കച്ചയൂരി മരത്തില്‍ വട്ടനെ കെട്ടി. വലിച്ചതും ഭീമന്‍ ദുര്‍ഘട തടി പുഷ്പം പോലെ പോന്നു. ഇങ്ങിനെ അദ്ദേഹം വിശ്വാസഭക്തരെ സ്വരുക്കൂട്ടി. ഒപ്പം മത ശത്രുക്കളേയും. അവര്‍ പല്ലിളിച്ച് വിറളി പൂണ്ടു. മൈലാപ്പുരില്‍ വച്ച് എഡി 72ല്‍ രക്തസാക്ഷിത്വം വഹിച്ചു. അവിടമിപ്പോള്‍ സെന്‍റ്റോം കത്തീഡ്രല്‍ ബസലിക്കയുണ്ട്. അടിപ്പള്ളിയില്‍ ഭാഗികമായി അഴിഞ്ഞ ശരീരാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിക്കുന്നു.

മരിയ ഹില്‍സിലെ ഈസ്റ്റര്‍

പാക്കിസ്ഥാനിലെ കശ്മീര്‍ അധീനപ്രദേശമായ മരിയ ഹില്‍സിലും ക്രിസ്തുവിന്‍റെയും മദര്‍ മേരിയുടേയും കബറിടങ്ങളുണ്ട്. അവരെ അവിടം അടക്കം ചെയ്തതായി ഭക്തജനം സംശയരഹിതമായി വിശ്വസിക്കുന്നു. ഈസ്റ്ററിന് അവിടം അസാമാന്യ തിരക്കാണ്. കല്ലറകള്‍ കമനീയമായി അലങ്കരിക്കും. മെഴുകുതിരികള്‍ തെളിച്ച്രാപ്പകല്‍ പ്രകാശമാനമാക്കും. ഭക്തജനം മുട്ടുകുത്തി കൈവിരിച്ച് തന്താങ്ങളുടെ തനതു ഭാഷയിലും വിശ്വാസത്തിലും പ്രാർഥന! എന്തു മുട്ടിപ്പായി പ്രാർഥിച്ചാലും ഉദ്ദിഷ്ടകാര്യ സാധ്യത ഉറപ്പ്.

വിശ്വാസമല്ലേ മനുഷ്യ തത്വസംഹിതയിലെ അനശ്വര അദ്ധ്യായങ്ങള്‍! അതുകൊണ്ടിവിടം പുണ്യപുരാതന തീർഥാടന കേന്ദ്രമായി. ഖുറാനിലും കര്‍ത്താവിന്‍റെ പരാമര്‍ശങ്ങള്‍ പ്രസക്തമാണ്. മക്ക, മദീന കബറിടങ്ങളില്‍ ഒരു കല്ലറ തുറന്നു കിടക്കുന്നതു കാണാം. യേശു മരിച്ചവരില്‍ നിന്നും ഉയര്‍ത്തതിന്‍റെ സൂചന. ലോകാവസാനനാളില്‍ ഏകദൈവമായ സാക്ഷാല്‍ വിധികര്‍ത്താവ് തിരിച്ചുവരുമെന്നും ലിഖിത വിശ്വാസം. മതമൈത്രിയിലെ പ്രകാശമന്ത്രം!

ആഗോള ഈസ്റ്റര്‍ ആഘോഷം

മരണത്തെ ജയിച്ച യേശു ക്രിസ്തുവിന്‍റെ ഉത്ഥാന തിരുനാളല്ലേ ഈസ്റ്റര്‍. റോമിലെ വത്തിക്കാന്‍ സ്‌ക്വയറിലെ തിരുകര്‍മങ്ങളില്‍ സംബന്ധിക്കാന്‍ ധാരാളം സ്വദേശികളും വിദേശികളുമെത്തും. മതാധിപനായ മാര്‍പ്പാപ്പയായിരിക്കും പാതിരാ ചടങ്ങുകളിലെ മുഖ്യകാര്‍മികന്‍. പാപ്പയായിരിക്കും സുവിശേഷ ഉയിപ്പു വായനക്കാരനും സുദിന സന്ദേശ പ്രാസംഗികനും. പിന്നെ ഈസ്റ്റര്‍ എഗ് വിതരണം. തിരുമധുരം എന്നോണം കേക്കും ലഭ്യം. നാനാദേശങ്ങളില്‍ വിവിധതരം കലാരിപാടികള്‍ അരങ്ങേറും. ഉത്ഥിതന്‍റെ പ്രസാദനം ലക്ഷ്യം. പരമപ്രധാന വിശ്വാസവും. കേരളീയ ക്രിസ്തുമതസ്ഥരും ഏതാണ്ടീ ആരാധനാക്രമങ്ങള്‍ അനുവര്‍ത്തിച്ചു പോരുന്നു. ദിവ്യബലിയില്‍ സംബന്ധിക്കുക നിര്‍ബന്ധ ശീലം. അതിനോടനുബന്ധിച്ച് ഉയിര്‍പ്പു കര്‍മങ്ങളും ആഘോഷമായി ലാലാഹാ പാടി നടക്കലും. ഉത്ഥിതന്‍റെ വെള്ള വസ്ത്രങ്ങളിലുള്ള പുണ്യരൂപം എഴുന്നുള്ളിച്ച പള്ളി പ്രദക്ഷിണവും പതിവാണ്. ഇതിലെല്ലാം ഭക്ത്യാദരം പങ്കുകൊള്ളുന്നത് മാമൂല്‍. മധുരം രുചിച്ച് എല്ലാവരും പരസ്പരം ഈസ്റ്റര്‍ മംഗളങ്ങള്‍ ആശംസിച്ചേ പിരിയൂ.

ഐക്യ പുണ്യകര്‍മങ്ങളതില്‍ അവസാനിച്ചെന്നല്ല വിവക്ഷ. ഈസ്റ്ററിന് ഒരുക്കമായ 50 നോമ്പു വീടുന്ന ദിവസം കൂടിയാണന്ന്. ആഘോഷം തിരു തകൃതിയെന്നല്ല കീഴവഴക്കം. നോമ്പ് നോറ്റ് മിച്ചം വച്ച പണം പാവപ്പെട്ടവരിലെത്തിക്കുന്നതാണ് ആചാരം. ദാനധര്‍മത്തില്‍ തെല്ലും പിശുക്കു പാടില്ല. തുറന്ന മനസോടെ വേണം സക്കാത്ത്. ഭൗതിക ആസ്വാദനവും സര്‍വസാധാരണം. കുരിശു മരണത്തിനോട് സഹതാപം പ്രകടിപ്പിച്ച് വര്‍ജിച്ച മത്സ്യമാംസാദികള്‍ വിഭവങ്ങളാകും. പുതുവസ്ത്രങ്ങളണിഞ്ഞവര്‍ ഒരുമിച്ചിരുന്ന് ഭക്ഷിച്ച് സംതൃപ്തരാകും. ഡൈനിങ് റൂമിന് അലങ്കാരമായ ലിയോനാര്‍ഡോ ഡാവിന്‍ഞ്ചിയുടെ അവസാന അത്താഴ ഫോട്ടോ ഫ്രെയിം മാതൃകയില്‍!

സിയോണ്‍ ഊട്ടു ശാലയിലായിരുന്നു ഗുരുവിന്‍റെ അവസാന അത്താഴ വിരുന്ന്, വിശുദ്ധ കുര്‍ബാന സ്ഥാപിക്കലും. മനസും ശരീരവും ഈസ്റ്റിന്‍റെ ഉണ്മ വെണ്മയറിയുമെന്ന് സാരം. ഒരുമയാണ് ഈസ്റ്റര്‍ ആഘോഷത്തിന്‍റെ കാതലായ സന്ദേശം. സുവിശേഷ സമൃദ്ധിയില്‍ സജനങ്ങള്‍ സാമോദം സല്‍ക്കാരങ്ങള്‍ കൊണ്ടാടുന്നു! സാക്ഷാല്‍ യേശു ക്രിസ്തു മരണത്തെ ജയിച്ച സ്തുതിഗാന കീര്‍ത്തനങ്ങളുമാലപിച്ച്..!

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com