ഇബ്രാഹിം റെയ്സി: ഇന്ത്യയുമായി സൗഹൃദം വളർത്തിയ യാഥാസ്ഥിതികൻ

ഇറാനിലെ ഏറ്റവും യാഥാസ്ഥിതികമായ പക്ഷത്തു നിൽക്കുമ്പോഴും, ആശയപരമായി എതിർധ്രുവത്തിലുള്ള ബിജെപി ഭരിക്കുന്ന ഇന്ത്യയുമായി അസാധാരണമാം വിധം അടുപ്പം പുലർത്തിയ നേതാവായിരുന്നു റെയ്സി
ഇബ്രാഹിം റെയ്സി: ഇന്ത്യയുമായി സൗഹൃദം വളർത്തിയ യാഥാസ്ഥിതികൻ
ഇബ്രാഹിം റെയ്സിയും നരേന്ദ്ര മോദിയും.File photo

പ്രത്യേക ലേഖകൻ

ഇറാൻ പ്രസിഡന്‍റ് ഡോ. സയീദ് ഇബ്രാഹം റെയ്സിയുടെ മരണത്തിൽ അനുശോചനം അർപ്പിച്ച ആദ്യ ലോക നേതാക്കളുടെ കൂട്ടത്തിലുണ്ടായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറും. ഇന്ത്യയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ റെയ്സി നൽകിയ സംഭാവനകൾ എക്കാലവും ഓർമിപ്പക്കപ്പെടുമെന്നു മോദി പറയുമ്പോൾ, അതു വെറും ഭംഗിവാക്കല്ല. ഇറാനിലെ ഏറ്റവും യാഥാസ്ഥിതികമായ പക്ഷത്തു നിൽക്കുമ്പോഴും, ആശയപരമായി എതിർധ്രുവത്തിലുള്ള ബിജെപി ഭരിക്കുന്ന ഇന്ത്യയുമായി അസാധാരണമാം വിധം അടുപ്പം പുലർത്തിയ നേതാവായിരുന്നു റെയ്സി. മോദിയുടെയും ജയ്‌ശങ്കറിന്‍റെയും അനുശോചന സന്ദേശങ്ങളിൽ ആ അടുപ്പത്തിന്‍റെ ആഴം വ്യക്തമായിരുന്നു.

2021ൽ റെയ്സി ഇറാൻ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അപൂർവം രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. ചൈനയും ഇന്ത്യയും അടക്കമുള്ള 'കിഴക്കൻ' ശക്തികളുമായി കൂടുതൽ അടുക്കുക എന്ന റെയ്സിയുടെ നയമായിരുന്നു ഇതിനു കാരണം. റെയ്സി പ്രസിഡന്‍റായതിനു പിന്നാലെ തന്നെ ഇന്ത്യയുമായുള്ള വ്യാപര ബന്ധം മെച്ചപ്പെട്ടിരുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ 2.33 ബില്യൻ ഡോളറിന്‍റെ വ്യാപാരമാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ സാധ്യമായത്- തൊട്ടു മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 21 ശതമാനത്തിന്‍റെ വളർച്ച.

ഇന്ത്യയാകട്ടെ, പേർഷ്യൻ ഗൾഫ് മേഖലയിൽ സ്ഥിരത ഉറപ്പാക്കാൻ കഴിയുന്ന ശക്തിയായാണ് ഇറാനെ കാണുന്നത്. സാമ്പത്തിക മേഖലയ്ക്കു പുറമേ പ്രതിരോധ മേഖലയിലും ഇന്ത്യ - ഇറാൻ ബന്ധം പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. അഫ്ഗാനിസ്ഥാനുമായും പാക്കിസ്ഥാനുമായും അതിർത്തി പങ്കിടുന്ന രാജ്യം എന്ന നിലയ്ക്ക് ഇറാനുമായുള്ള സൗഹൃദം ഇന്ത്യക്ക് പ്രധാനമാണ്. മാറിമാറി വന്ന സർക്കാരുകൾ പതിറ്റാണ്ടുകളായി അതു പാലിച്ചുപോരുകയും ചെയ്യുന്നു. എന്നാൽ, സൗഹൃദത്തിനപ്പുറത്തേക്കുള്ള സഖ്യത്തിലേക്ക് ആ ബന്ധം വളരുകയാണ് ഇബ്രാഹിം റെയ്സിയുടെയും നരേന്ദ്ര മോദിയുടെയും കാലഘട്ടത്തിൽ ചെയ്തത്.

വളർന്നുവന്ന ഈ ബന്ധത്തിന്‍റെ മകുടോദാഹരണമായിരുന്നു ഇറാനിലെ ചഹബർ തുറമുഖത്തിന്‍റെ നിയന്ത്രണം പത്തു വർഷത്തേക്ക് ഇന്ത്യക്കു കൈമാറുന്നതിന് 2024 മേയ് 13ന് ഒപ്പുവച്ച കരാർ. തെക്കുപടിഞ്ഞാറൻ ഇറാനിലെ തന്ത്രപ്രധാനമായ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ തുറമുഖത്തിന്‍റെ പൂർണ നിയന്ത്രണമാണ് കരാറിലൂടെ ഇന്ത്യക്കു ലഭിച്ചത്. ഈ തുറമുഖം വികസിപ്പിച്ചതും ഇന്ത്യയുടെ സഹായത്തോടെയായിരുന്നു. അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം കൂടി മെച്ചപ്പെടുത്താൻ സഹായിക്കുന്ന നിർണായക കരാർ എന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ വിശേഷിപ്പിച്ചത്. പാക്കിസ്ഥാന്‍ എന്ന പ്രതിബന്ധമില്ലാതെ അഫ്ഗാനിസ്ഥാനുമായുള്ള കണക്റ്റിവിറ്റി സാധ്യമാക്കാൻ ഇന്ത്യയെ സഹായിക്കുന്ന കരാറാണിത്. 2016 മുതൽ ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും തമ്മിൽ നടത്തിവരുന്ന ത്രികക്ഷി ചർച്ചകളുടെ കൂടി ഫലമായിരുന്നു ചബഹർ തുറമുഖ കരാർ.

ബ്രിക്സ് (BRICS) ഉച്ചകോടിക്കു മുന്നോടിയായി 2023 ഓഗസ്റ്റിൽ ജോഹാന്നസ്ബർഗിൽ വച്ചാണ് മോദിയും റെയ്സിയും തമ്മിൽ സുപ്രധാന കൂടിക്കാഴ്ചയുണ്ടായത്. ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക) സഖ്യത്തിൽ ചേരാനുള്ള ഇറാന്‍റെ ശ്രമങ്ങൾക്ക് അതിനു ശേഷം ഇന്ത്യയുടെ പൂർണ പിന്തുണ ലഭിച്ചു. തൊട്ടടുത്ത മാസം ഇറാന്‍റെ ബ്രിക്സ് അംഗത്വം യാഥാർഥ്യമാകുകയും ചെയ്തു.

ഭരണാധികാരിയാകും മുൻപേ മത പുരോഹിതനാണ് റെയ്സി. ഐക്യരാഷ്‌ട്ര സഭയിൽ ഖുറാൻ ചുംബിച്ച് ലോകത്തോടു പ്രഭാഷണം നടത്തിയ ആത്മീയ നേതാവ്. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ പിൻഗാമിയാകുമെന്നു പ്രതീക്ഷിക്കപ്പെട്ടയാൾ. രാജ്യത്തെ ശരീയത്ത് നിയമത്തിന്‍റെ പരിധികൾക്കുള്ളിൽ നിയന്ത്രിച്ചു നിർത്താനും, ഒപ്പം ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാനും മുൻകൈയെടുത്ത രാഷ്‌ട്രീയ നേതാവുമാണ് അദ്ദേഹം.

റെയ്സിക്കൊപ്പം, ഇന്ത്യയുമായുള്ള ചർച്ചകളിലും കരാറുകളിലും സുപ്രധാന പങ്ക് വഹിച്ചിരുന്ന ആളാണ് അദ്ദേഹത്തിനൊപ്പം ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളഹിയാൻ. റെയ്സിയും അബ്ദുള്ളഹിയാനും ഒരുമിച്ച് വിടവാങ്ങുമ്പോൾ, ഇന്ത്യയുമായുള്ള കരാറുകൾ ഇല്ലാതാകുമെന്ന് കരുതാനാവില്ല. എന്നാൽ, നടപ്പാക്കുന്നത് വൈകാൻ കാരണമായേക്കും. ഇറാന്‍റെ നയങ്ങളുടെയും നിലപാടുകളുടെയും കാര്യത്തിൽ അന്തിമ തീരുമാനം പരമോന്നത നേതാവായ ഖമീനിയാണ് കൈക്കൊള്ളുക. അതിന്‍റെ തുടർച്ച ഇന്ത്യയുമായുള്ള ബന്ധത്തിന്‍റെ ഭാവിയിലും പ്രതീക്ഷിക്കാം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com