
കൊടിയ ദാരിദ്ര്യവും കടക്കെണിയും; അടിയന്തരാവസ്ഥയിലെ നടുക്കുന്ന ഓർമകൾ
ഇ.എൻ. നന്ദകുമാർ
ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കാൻ പോലും പ്രയാസമുള്ള ഒന്നാണ് അടിയന്തരാവസ്ഥ. ഇന്ത്യൻ ഭരണഘടനയുടെ മഹത്വം ലോകമൊട്ടാകെ അംഗീകരിക്കുന്നതിന് പിന്നിലെ പ്രധാനപ്പെട്ട ഘടകം അതുയർത്തിപ്പിടിക്കുന്ന മൗലികാവകാശ സംരക്ഷണ വ്യവസ്ഥകളാണ്. അടിയന്തരാവസ്ഥയിൽ അത്തരത്തിലുള്ള അവകാശങ്ങളെല്ലാം മരവിപ്പിച്ചിരുന്നു. ജീവിക്കാനുള്ള അടിസ്ഥാന അവകാശം നിഷേധിക്കപ്പെട്ടാൽ കോടതി വഴി ഹേബിയസ് കോർപ്പസ് ഹർജി ഫയലാക്കി പരിഹാരം തേടാനുള്ള അവകാശം പൗരനില്ലെന്നുള്ള വിചിത്രമായ നിലപാടാണ് സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും അന്ന് കേന്ദ്രസർക്കാർ ഭാഗം സ്വീകരിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എ.എൻ. റേ, സീനിയർ ജഡ്ജിമാരായ എം.എച്ച്. ബേഗ്, വൈ. ബി. ചന്ദ്രചൂഡ്, പി.എൻ. ഭഗവതി എന്നിവർ ഈ വാദത്തെ അംഗീകരിച്ചു. ജസ്റ്റിസ് ഹൻസ് രാജ് ഖന്ന മാത്രം ഇതിനെതിരായി വിധിയെഴുതി. ഇതുമൂലം അദ്ദേഹത്തിന് ലഭിക്കാൻ അർഹതയുണ്ടായിരുന്ന ഇന്ത്യൻ ചീഫ് ജസ്റ്റിസ് പദവിയാണ് നഷ്ടപ്പെട്ടത്. ജസ്റ്റിസ് എം. എച്ച്. ബേഗ് ചീഫ് ജസ്റ്റിസ് പദവി തട്ടിയെടുത്തു.
ഹിറ്റ്ലറെ പോലെ, സ്റ്റാലിനെ പോലെ, മാവോ സേതൂങ്ങിനെ പോലെ, മുസോളിനിയെ പോലെ അഴിമതിക്കാരിയായ ഒരേകാധിപതി ഇന്ത്യ ഭരിച്ചിരുന്നു. അവരുടെ ഭരണകാലത്ത് പ്രതിപക്ഷ പ്രസ്ഥാനങ്ങൾ എന്നൊന്ന് വേണ്ടാ എന്നവർ തീരുമാനിച്ചു. മുതിർന്ന പ്രതിപക്ഷ നേതാക്കൾ തുടങ്ങി, താഴെത്തട്ടിലുള്ളവർ വരെ 1,75,000 പേരെ 21 മാസത്തിനിടയ്ക്കവർ കൽത്തുറുങ്കിലടച്ചു. സ്വാതന്ത്ര്യസമരസേനാനികളും, വയോവൃദ്ധരും, സ്ത്രീകളും, കുട്ടികളും എന്തിനേറെ, സത്യസന്ധമായി, ധീരമായി സംസാരിക്കുന്ന കോൺഗ്രസുകാർ പോലും ജയിലിലായി. ജനാധിപത്യത്തിന്‍റെ തൂണുകൾ എന്നു ബി.ആർ. അംബേദ്കർ വിശേഷിപ്പിച്ച പാർലമെന്‍റും, ജുഡീഷ്യറിയും, എക്സിക്യൂട്ടീവും മാധ്യമങ്ങളുമൊക്കെ ഏകാധിപത്യത്തിന്‍റെ മുമ്പിൽ പഞ്ചപുച്ഛമടക്കി നിന്നു.
ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യ സ്വഭാവം മനസിലാക്കാൻ ഒരൊറ്റ ഉദാഹരണം മതി. ലാൽ ബഹാദൂർ ശാസ്ത്രി പ്രധാനമന്ത്രിയായിരിക്കെ 1965ൽ ഇന്ത്യ -പാകിസ്ഥാൻ യുദ്ധമുണ്ടായി. ഇന്ത്യയിലെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഴുവൻ ജനങ്ങളും സമാരാധ്യനായ ശാസ്ത്രിയുടെ പിന്നിൽ അണിനിരന്നു. എന്നാൽ ശാസ്ത്രി മന്ത്രിസഭയിൽ വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്ന ശ്രീമതി ഇന്ദിര ഗാന്ധി കുട്ടികളൊത്ത് പ്രശ്നബാധിത പ്രദേശമായ കാശ്മീരിൽ ഉല്ലാസയാത്ര യിലായിരുന്നു. എല്ലാവരും അവരോട് മടങ്ങിവരാൻ ആവശ്യപ്പെട്ടുവെങ്കിലും അവർ കൂട്ടാക്കിയില്ല. മറിച്ച് ഒരു പ്രചരണം അഴിച്ചുവിട്ടു. ഈ മന്ത്രിസഭയിൽ "ആണൊരുത്തനേ ഉള്ളൂ, അത് ഇന്ദിര ഗാന്ധിയാണ്'.
ഭാരത ഭരണഘടന 352ാം വകുപ്പനുസരിച്ച് രാഷ്‌ട്രപതിക്ക് ചില പ്രത്യേക സന്ദർഭങ്ങളിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ അധികാരമുണ്ട്. അതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം വേണം. എന്നാൽ 1975 ജൂൺ 25ന് തീയതി പെട്ടെന്നുണ്ടായ അടിയന്തരാവസ്ഥ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനപ്രകാരമായിരുന്നില്ല. അർധരാത്രി 11:45ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നിർദേശാനുസരണം രാഷ്‌ട്രപതി ഫക്രുദീൻ അലി അഹമ്മദ് ഓർഡിനൻസിൽ ഒപ്പിടുകയായിരുന്നു. പിറ്റേന്ന് രാവിലെ 8 മണിക്ക് അടിയന്തര മന്ത്രിസഭായോഗം ചേർന്ന് ഇതിന് അംഗീകാരം നൽകി. എന്നാൽ അർധരാത്രിയിൽ തന്നെ ക്വിറ്റ് ഇന്ത്യാ സമരനായകൻ ലോകമാന്യ ജയപ്രകാശ് നാരായണനും മൊറാർജി ദേശായി, അടൽ ബിഹാരി വാജ്പേയി, ലാൽ കൃഷ്ണ അദ്വാനി, ചൗധരി ചരൺ സിങ് തുടങ്ങി ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ പ്രതിപക്ഷ നേതാക്കളും ഇരുമ്പഴികൾക്കുള്ളിലായി. ജെപിയുടെ അറസ്റ്റ് ഒരു വലിയ ഞെട്ടലായിരുന്നു പൊതുസമൂഹത്തിൽ സൃഷ്ടിച്ചത്. ഒരച്ഛൻ മകളെയെന്ന പോലെ എക്കാലത്തും ഇന്ദിരയെ ജെപി വിളിച്ചിരുന്നത് "ഇന്ദു' എന്നായിരുന്നു. എന്നാൽ ഇന്ദിരയുടെ അഴിമതിയേയും ഏകാധിപത്യ ഭരണരീതിയേയും ഒരുകാലത്തും അംഗീകരി ക്കാൻ ജെപിക്കു കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ദിരയുടെ അക്കാലത്തെ ഏറ്റവും വലിയ അപ്രഖ്യാപിത ശത്രുവും ജയപ്രകാശ് നാരായണൻ ആയിരുന്നു.
പണ്ഡിറ്റ് ജവഹർലാൽ നെഹ്റു തന്‍റെ ആദ്യ മന്ത്രിസഭയിലേക്ക് ജയപ്രകാശ് നാരായണെ ക്ഷണിച്ചിരുന്നു. അദ്ദേഹം ആ ക്ഷണം വിനയപൂർവ്വം നിരസിച്ചു. അക്കാല ത്ത് ജെപിയെ നെഹ്റു വിശേഷിപ്പിച്ചത് "അടുത്ത ഇന്ത്യൻ പ്രധാനമന്ത്രി' എന്നാണ്. ആ ജെപി യുടെ കൈകളിൽ തന്നെ ഇന്ദിരയുടെ പൊലീസ് വിലങ്ങുവച്ചു. തന്നോട് ചോദിച്ച മാധ്യമങ്ങളോട് അദ്ദേഹം ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു. "വിനാശകാലേ വിപരീത ബുദ്ധി.'
സ്വതന്ത്ര ഭാരതത്തിലെ ഒരു രാഷ്‌ട്രീയ വിഷയങ്ങളിലും ഇടപെടാതെ, സർവോദയ പ്രസ്ഥാനത്തിന്‍റെയും ആചാര്യ വിനോബ ഭാവയുടെയും നേതൃത്വത്തിലുള്ള ഭൂദാന പ്രസ്ഥാനത്തിന്‍റെ ഭാഗമായി, ഭാരതമെമ്പാടും സഞ്ചരിച്ച് അശരണരും ആർത്തരുമായ ജനവിഭാഗങ്ങൾക്ക് കിടക്കാൻ ഒരിടം ഉണ്ടാക്കാനുള്ള തിരക്കിലായിരുന്നു രണ്ടു പതിറ്റാണ്ടോളമായി ലോകമാന്യ ജയപ്രകാശ് നാരായണൻ. അതിനിടയിൽ അദ്ദേഹത്തിന് താങ്ങും തണലുമായിരുന്ന സഹധർമിണി പ്രഭാവതീ ദേവി 1973ൽ ഈ ലോകത്തോട് യാത്ര പറഞ്ഞു.
1971ൽ അന്നത്തെ രാഷ്‌ട്രപതി പുറപ്പെടുവിച്ച അടിയന്തരാവസ്ഥ നിലവിലിരിക്കുമ്പോഴാണ് 1975ൽ വീണ്ടുമൊരു അടിയന്തരാവസ്ഥാ പ്രഖ്യാപന നടപടിക്ക് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും മുതിർന്നതെന്നതും പ്രസ്താവ്യമാണ്. അടിയന്തരാവസ്ഥാ പ്രഖ്യാപനം മുതൽ അത് പിൻവലിക്കുന്നത് വരെ, പൗരന് സ്വാഭാവിക നീതി നിഷേധിക്കുന്ന പല നിയമഭേദഗതികളും പാർലമെന്‍റിൽ പാസാക്കിയെടുക്കുവാൻ ഇന്ദിരയ്ക്ക് കഴിഞ്ഞു. ഇന്ദിരയും മകൻ സഞ്ജയ് ഗാന്ധിയും, ധീരേന്ദ്ര ബ്രഹ്മചാരി, സിദ്ധാർഥ ശങ്കർ റേ, അവരുടെ കോക്കസിലെ മറ്റു ചില അംഗങ്ങൾ എന്നിവരായിരുന്നു സത്യത്തിൽ പാർലമെന്‍റിനും കോടതികൾക്കും മേലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ബറുവ "ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര' എന്ന പ്രഖ്യാപനം നടത്തുകയും ഇന്ത്യയിലാകമാനമുള്ള കോൺഗ്രസുകാരും, ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും ചില മാധ്യമ പ്രഭൃതികളും ഇതിനു വലിയ പ്രചാരം നൽകുകയും ചെയ്തു.
നാട് കൊടിയ ദാരിദ്ര്യത്തിലും അഴിമതിയിലും 1971 പാക്കിസ്ഥാനുമായി ഉണ്ടായ യുദ്ധം ഇന്ത്യയെ വലിയ കടക്കണിയിൽ പ്പെടുത്തി. നിത്യോപയോഗ സാധനങ്ങളുടെ വില വാണം പോലെ കുതിച്ചുയർന്നു. ഭക്ഷ്യക്ഷാമം രൂക്ഷമായി. ഒരുനേരത്തെ ആഹാരത്തിനു വേണ്ടി ജനങ്ങൾ വലഞ്ഞു. അതിനൊപ്പം കേന്ദ്ര മന്ത്രിമാരുടെ, പ്രത്യേകിച്ച് പ്രധാനമന്ത്രിയുടെ തന്നെയും അഴിമതി ജനങ്ങൾക്ക് താങ്ങാവുന്നതിലേറെയായി. ഡൽഹി പാർലമെന്‍റ് സ്ട്രീറ്റിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് പ്രധാനമന്ത്രിയുടെ പേരിൽ 60 ലക്ഷം രൂപ പിൻവലിക്കപ്പെട്ടു. റസ്റ്റം സൊറാബ് നാഗർവാല എന്നയാൾ ബാങ്കിലെ കാഷ്യർ വേദ പ്രകാശ് മൽഹോത്രയെ ടെലിഫോണിൽ വിളിച്ചാണ് തുക തരപ്പെടുത്തിയത്. നാഗർവാല പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും പ്രൈവറ്റ് സെക്രട്ടറി പി. എൻ. ഹക്സറിന്‍റെയും ശബ്ദത്തിൽ മൽഹോത്രയോട് പണം ആവശ്യപ്പെട്ടു എന്നാണ് കഥ. അറസ്റ്റിലായ നാഗർവാല ജയിലിൽ കിടന്ന് ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടു. താമസമില്ലാതെ അന്വേഷണ ഉദ്യോഗസ്ഥനും ജീവൻ നഷ്ടപ്പെട്ടു.
സംസ്ഥാന സർക്കാരുകളും കൊള്ളസംഘങ്ങളെ പോലെ പ്രവർത്തിക്കാൻ തുടങ്ങി. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വർഷാവർഷം മാറ്റി പരീക്ഷിച്ചുകൊണ്ട് ഇന്ദിര ഗാന്ധി സ്വയം ഹൈക്കമാൻഡ് ചമഞ്ഞു. കേരളത്തിൽ സിപിഐ എന്ന വലത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യമന്ത്രിയായിരുന്ന സി. അച്യുത മേനോന് സോവ്യറ്റ് റഷ്യയുടെ പിന്തുണയുണ്ടായിരുന്നതിനാൽ സ്ഥാനചലനം സംഭവിച്ചില്ല. പ്രത്യുപകാരമായി മേനോനാണ് റഷ്യയിൽ പോയി അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്‍റെ അംഗീകാരം നേടിക്കൊണ്ടുവന്നത്. സഹിക്കാനാകാത്ത പട്ടിണി കോൺഗ്രസിനോട് ചേർന്നു നിൽക്കുന്ന മാധ്യമങ്ങളെപ്പോലും, സത്യം എഴുതാതിരിക്കാൻ വയ്യാത്ത നിലയിലെത്തിച്ചു.
1974 ജനുവരി രണ്ടിന് നാഗപ്പൂർ യൂണിവേഴ്സിറ്റി ഗോൾഡൻ ജൂബിലി ആഘോഷത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ വിദ്യാർഥികൾ വിളിച്ചുപറഞ്ഞു: ' ഞങ്ങൾക്ക് ഭക്ഷണം വേണം. പ്രസംഗമല്ല വേണ്ടത്.' ഇതായിരുന്നു നാട്ടിലെ പൊതുവായ അവസ്ഥ.
ഭാരതത്തിലെ ദയനീയമായ സാഹചര്യത്തിൽ ദുഃഖിതനായ മുൻ കേന്ദ്രമന്ത്രി മുഹമ്മദ് കരീം ഛഗ്ല പറഞ്ഞു: "ഗവർമെന്‍റിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. അഴിമതി കൊണ്ട് ജനപ്രതിനിധികൾ ജനവിശ്വാസം കളഞ്ഞു കുളിച്ചു. കരിഞ്ചന്തക്കാരും കള്ളക്കടത്തുകാരുമാണ് സർക്കാരിന്‍റെ നയങ്ങൾ നിശ്ചയിക്കുന്നത്.'
കമ്മ്യൂണിസ്റ്റ് അനുകൂലിയായ കോൺഗ്രസ് നേതാവ് ഏഴു കള്ളക്കടത്തു കാരിൽ നിന്നായി നാല് കോടി രൂപ പിരിച്ചെടുത്തതായി യുപിയിൽ നിന്നുള്ള കോൺഗ്രസ് എംപി ആരോപണം ഉന്നയിച്ചു. (ഇന്ത്യൻ എക്സ്പ്രസ് 7.6.1975)
മധ്യപ്രദേശിൽ മുൻ മുഖ്യമന്ത്രി പി.സി. സേഥി പറഞ്ഞു:- 'ഏതു വഴിക്കും പണമുണ്ടാക്കുക എന്നതാണ് എല്ലാവരുടെയും ചിന്ത.'
ദാരിദ്ര്യം ഇന്ത്യയിൽ പടർന്നു പിടിച്ചു. ഇതൊരു ആഗോള പ്രതിഭാസമാണെന്ന് ഗാന്ധി പ്രഖ്യാപിച്ചു. റേഷൻകടകളിൽ പോലും അരി ലഭിക്കാതെ യായി. സർക്കാർ സാധാരണക്കാരന്‍റെ പിച്ചച്ചട്ടിയിൽ കയ്യിട്ടു കൊണ്ടേയി രുന്നു. ലൈസൻസ് രാജ് നടപ്പിലാക്കി. സൈക്കിളിനും റേഡിയോയ്ക്കും വരെ ലൈസൻസ് ഏർപ്പെടുത്തി. സിമന്‍റ് സർക്കാർ ക്വാട്ടയിൽ വിതരണം ചെയ്യാൻ തുടങ്ങി. അതുമൂലം നിർമാണ പ്രവർത്തനങ്ങളൊക്കെ മുടങ്ങി. അതോടെ തൊഴിലില്ലായ്മ രൂക്ഷമായി.
കേരളത്തിലെ റേഷൻ ഇന്നുമുതൽ നാല് ഔൺസായി കുറച്ചു. (മലയാള മനോരമ 25. 5. 1973).
വെസ്റ്റ് ബംഗാളിലെ പുരുളിയാ ജില്ലയിലെ പതിനാറുലക്ഷം ജനങ്ങളിൽ 76 ശതമാനം പേരും മാസങ്ങളായി അരിയുടെയും ഗോതമ്പിന്‍റെയും സ്വാദ് അറിഞ്ഞിട്ടില്ല. (സ്റ്റേറ്റ്സ്മാൻ, കൽക്കട്ട 14.8.1974).
രാജസ്ഥാനിലെ റേഷൻ ഷോപ്പുകളിൽ ഒരാൾക്ക് ഒരുമാസത്തേക്ക് വിതരണം ചെയ്യുന്നത് ഒരു കിലോഗ്രാം ഗോതമ്പ് മാത്രമാണ്. ജനങ്ങൾ ദൈനംദിന ആവശ്യങ്ങൾ നിർവഹിക്കാൻ നിവൃത്തിയില്ലാതെ ഗൃഹോപകര ണങ്ങൾ, കാർഷികായുധങ്ങൾ, കന്നുകാലികൾ എന്നിവ വിൽക്കുന്നു. (ടൈംസ് ഓഫ് ഇന്ത്യ 17.9.1974)
കൊടും ദാരിദ്ര്യം കൊണ്ട് മൂത്തകുട്ടിക്ക് ഭക്ഷണം കൊടുക്കാൻ ഇല്ലാതെ വന്നതിൽ നിരാശ വന്ന അമ്മ രണ്ടാമത്തെ കുട്ടിയെ 51 രൂപയ്ക്ക് വിറ്റു. ( അമൃത ബസാർ പത്രിക 9.10.1974)
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും ഗതി ഇതുതന്നെയായിരുന്നു. അല്പം ചിലതു മാത്രം ചൂണ്ടിക്കാണിക്കുന്നു. രാഷ്‌ട്രീയം ഉപജീവനമാർഗമാക്കി തുടങ്ങിയത് ഇക്കാലത്താണെന്ന് പറയാം. വെളുത്ത ഖദർ ഷർട്ടും മുണ്ടും കക്ഷത്തിൽ ഒരു ഡയറിയും ഉണ്ടെങ്കിൽ ഏതു പോലീസ് സ്റ്റേഷനിലും ചെല്ലാം. പ്രതിയെ ഇറക്കി കൊണ്ടു പോകാം. പറയുന്ന പണം കൊടുക്ക ണമെന്നു മാത്രം.
(കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി പ്രസിഡന്‍റായ ലേഖകൻ അടിയന്തരാവസ്ഥക്കാലത്ത് 18ാം വയസിൽ രണ്ടു പ്രാവശ്യം അറസ്റ്റിലായിരുന്നു)