ഇനി ആന്ധ്രയിൽ, തെലങ്കാനയിൽ

ഈ മാസം 13ന് 10 സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലായി 96 സീറ്റുകളിലേക്ക് വോട്ടെടുപ്പു നടക്കുന്നുണ്ട്. അതിൽ ഉൾപ്പെട്ടവയാണ് ആന്ധ്രപ്രദേശിലെയും തെലങ്കാനയിലും മണ്ഡലങ്ങൾ.
ഇനി ആന്ധ്രയിൽ, തെലങ്കാനയിൽ

തമിഴ്നാട്ടിലും പുതുച്ചേരിയിലും കേരളത്തിലും കർണാടകയിലും ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പു പൂർത്തിയായിക്കഴിഞ്ഞു. ദക്ഷിണേന്ത്യയിൽ ഇനി രാഷ്‌ട്രീയ ശ്രദ്ധ മുഴുവൻ ആന്ധ്രപ്രദേശിലും തെലങ്കാനയിലും കേന്ദ്രീകരിക്കുകയാണ്. ഈ മാസം 13ന് 10 സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലായി 96 സീറ്റുകളിലേക്ക് വോട്ടെടുപ്പു നടക്കുന്നുണ്ട്. അതിൽ ഉൾപ്പെട്ടവയാണ് ആന്ധ്രപ്രദേശിലെയും തെലങ്കാനയിലും മണ്ഡലങ്ങൾ. ആന്ധ്രയിൽ ഇരുപത്തഞ്ചും തെലങ്കാനയിൽ പതിനേഴും മണ്ഡലങ്ങളാണുള്ളത്. ആന്ധ്രയിൽ നിയമസഭാ തെരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കുകയാണ്. സംസ്ഥാന ഭരണത്തിലേക്കു തിരിച്ചെത്തിയ കോൺഗ്രസ് എന്തു പ്രകടനം കാഴ്ചവയ്ക്കുന്നു എന്നതാണു തെലങ്കാനയിൽ അറിയാനുള്ളതെങ്കിൽ ചന്ദ്രബാബു നായിഡുവിന്‍റെ തിരിച്ചുവരവു സാധ്യതകളാണ് ആന്ധ്രയിലെ പ്രധാന ചർച്ചാവിഷയം.

ബിജെപിയുടെ സഹായത്തോടെ സംസ്ഥാനം തൂത്തുവാരുകയാണ് ആന്ധ്രയിൽ ചന്ദ്രബാബു നായിഡു ലക്ഷ്യമിടുന്നത്. എന്നാൽ, തന്‍റെ സർക്കാർ നടപ്പാക്കിയ ക്ഷേമ പദ്ധതികൾ വോട്ടായി മാറുമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയും കരുതുന്നുണ്ട്. ക്ഷേമപദ്ധതികളുടെ തുടർച്ചയാണ് ജഗൻ മോഹൻ ജനങ്ങൾക്കു വാഗ്ദാനം ചെയ്യുന്നത്. കൂടുതൽ ക്ഷേമ പെൻഷൻ, വിദ്യാഭ്യാസ സഹായം, കർഷകർക്ക് സാമ്പത്തിക സഹായം, സ്ത്രീകൾക്ക് പലിശരഹിത വായ്പ, തൊഴിലാളികൾക്ക് ഇൻഷ്വറൻസ് തുടങ്ങി വോട്ടർമാരെ ആകർഷിക്കുന്ന വാഗ്ദാനങ്ങൾ പലതുണ്ട് വൈഎസ്ആർ കോൺഗ്രസിന്‍റെ പ്രകടന പത്രികയിൽ. ആന്ധ്രയിലെ ജനങ്ങളാണ് തന്‍റെ താരപ്രചാരകർ എന്നത്രേ മുഖ്യമന്ത്രിയുടെ അവകാശവാദം. കർഷകരും ഓട്ടോ ഡ്രൈവറും ടെയ്‌ലറും അടക്കം 12 സാധാരണക്കാരെ ഔദ്യോഗിക താരപ്രചാരകരായി നിയോഗിച്ചുകൊണ്ടുള്ള ലിസ്റ്റും അദ്ദേഹം തെരഞ്ഞെടുപ്പു കമ്മിഷനു സമർപ്പിച്ചിരിക്കുകയാണ്. അസാധാരണമായ ഈ നീക്കം മറ്റു രാഷ്‌ട്രീയ കക്ഷികളെ അമ്പരപ്പിക്കുന്നതു തന്നെയായി. സെലിബ്രിറ്റികളും സിനിമാ താരങ്ങളും ഒന്നുമല്ല, സാധാരണക്കാരാണ് തനിക്കു‌ താരങ്ങൾ എന്നാണ് ജഗൻ നൽകാൻ ഉദ്ദേശിക്കുന്ന സന്ദേശം.

ഇതിനിടെ, തങ്ങളുടെ പഴയ തട്ടകത്തിൽ തിരിച്ചുവരവിനുള്ള സാധ്യതകളാണു കോൺഗ്രസ് തേടുന്നത്. ജഗൻ മോഹനും ചന്ദ്രബാബുവും തമ്മിൽ നേരിട്ടുള്ള മത്സരമായി ആന്ധ്ര രാഷ്‌ട്രീയം മാറാതിരിക്കാൻ ഇത്തവണ ഏതാനും സീറ്റുകളെങ്കിലും പിടിച്ച് അവർക്ക് കരുത്തു തെളിയിക്കേണ്ടതുണ്ട്. ജഗൻ മോഹന്‍റെ സഹോദരി കൂടിയായ വൈ.എസ്. ശാർമിളയെ പിസിസി അധ്യക്ഷസ്ഥാനത്തെത്തിച്ച് താഴെത്തട്ടു വരെ പ്രവർത്തനങ്ങൾക്ക് ഉണർവു പകരാനാണു കോൺഗ്രസിന്‍റെ ശ്രമം. ജഗനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് 2021ൽ വൈഎസ്ആർ കോൺഗ്രസ് വിട്ട ശാർമിള വൈഎസ്ആർ തെലങ്കാന പാർട്ടിയുണ്ടാക്കി പ്രവർത്തിച്ചു വരുകയായിരുന്നു. ഈ ജനുവരിയിൽ വൈഎസ്ആർ തെലങ്കാന പാർട്ടി കോൺഗ്രസിൽ ലയിച്ചു. പിന്നാലെ ശാർമിള പിസിസി അധ്യക്ഷയുമായി. മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൾ നയിക്കാനെത്തിയതിന്‍റെ ആവേശം കോൺഗ്രസ് നേതാക്കളിലും അണികളിലുമുണ്ടെന്നാണ് പാർട്ടി അവകാശപ്പെടുന്നത്.

ചന്ദ്രബാബുവിന്‍റെ തെലുങ്കുദേശം, പവൻ കല്യാണിന്‍റെ ജനസേനാ പാർട്ടി എന്നിവയുമായുള്ള സഖ്യം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആന്ധ്രയിലെ ബിജെപി. ഏറ്റവും അവസാനം നടന്ന അഭിപ്രായ വോട്ടെടുപ്പുകൾ എന്‍ഡിഎയ്ക്കു വലിയ സാധ്യതകളാണു കൽപ്പിക്കുന്നത്. 18 മുതൽ 20 വരെ ലോക്സഭാ സീറ്റുകൾ ടിഡിപി- ബിജെപി- ജെഎസ്പി സഖ്യത്തിനു കിട്ടുമെന്നാണു പ്രവചനങ്ങൾ. കഴിഞ്ഞ വർഷം അവസാനവും ഈ വർഷം ആദ്യവും നടന്ന അഭിപ്രായ വോട്ടെടുപ്പുകളിൽ 15 മുതൽ 25 വരെ സീറ്റുകൾ ജഗൻ മോഹന്‍റെ വൈഎസ്ആർ കോൺഗ്രസിനു പ്രവചിച്ചിരുന്നിടത്താണ് വലിയ മാറ്റങ്ങളുണ്ടായിരിക്കുന്നത്. 45 മുതൽ 50 വരെ ശതമാനം വോട്ട് എന്‍ഡിഎ നേടുമത്രേ. 42 ശതമാനം വരെ വോട്ടാണ് ജഗൻ മോഹന്‍റെ പാർട്ടിക്കു പ്രവചിക്കുന്നത്. ഈ പ്രവചനങ്ങൾക്ക് തൊട്ടടുത്താണ് അന്തിമ ഫലം വരുന്നതെങ്കിൽ കൂടി കോൺഗ്രസ് തകർന്നടിയും. സംസ്ഥാന ഭരണത്തിൽ തെലുങ്കുദേശവും മുഖ്യമന്ത്രി സ്ഥാനത്ത് ചന്ദ്രബാബു നായിഡുവും തിരിച്ചെത്തുകയും ചെയ്യം.

അധികാരത്തിൽ തിരിച്ചെത്തുകയെന്നത് ചന്ദ്രബാബുവിനെ സംബന്ധിച്ച് ഏറെ നിർണായകമാണ്. സംസ്ഥാനത്തു ചുവടുറപ്പിക്കുക ബിജെപിക്കും വളരെ പ്രധാനം. കഴിഞ്ഞ തവണ (2019ൽ) വൈഎസ്ആർ കോൺഗ്രസ് സീറ്റുകൾ തൂത്തുവാരുന്ന അവസ്ഥയായിരുന്നു. 50 ശതമാനത്തോളം വോട്ടും 22 ലോക്സഭാ സീറ്റുകളും ജഗൻ മോഹൻ നേടി.175ൽ 151 നിയമസഭാ സീറ്റുകളും ജഗൻ മോഹനായിരുന്നു. 40 ശതമാനം വോട്ടും മൂന്നു ലോക്സഭാ സീറ്റുകളും 23 നിയമസഭാ സീറ്റുകളുമായിരുന്നു ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്കുദേശത്തിന്. കോൺഗ്രസും ബിജെപിയും തീർത്തും അപ്രസക്തമായി.

എൻഡിഎയിൽ 17 ലോക്സഭാ സീറ്റുകളിലാണ് തെലുങ്കുദേശം ഇക്കുറി മത്സരിക്കുന്നത്. ആറിടത്ത് ബിജെപിയും രണ്ടിടത്ത് ജെഎസ്പിയും. നിയമസഭയിലേക്കു വരുമ്പോൾ ബിജെപിയെക്കാൾ കൂടുതൽ സീറ്റ് ജെഎസ്പിക്കാണ്. ആകെയുള്ള 175 നിയമസഭാ സീറ്റുകളിൽ തെലുങ്കുദേശം മത്സരിക്കുന്നത് 144ൽ. ജെഎസ്പി 21 സീറ്റിലും ബിജെപി 10 സീറ്റിലും മത്സരിക്കുന്നു. വൈഎസ്ആർ കോൺഗ്രസ് മുഴുവൻ സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കുമ്പോൾ ഇന്ത്യ മുന്നണിയിൽ കോൺഗ്രസ് ഇടതുപക്ഷവുമായി സഖ്യത്തിലാണ്. 23 ലോക്സഭാ മണ്ഡലങ്ങളിലാണു കോൺഗ്രസിനു സ്ഥാനാർഥികളുള്ളത്. സിപിഎമ്മിനും സിപിഐയ്ക്കും ഓരോ സീറ്റ് നൽകിയിട്ടുണ്ട്. 159 നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസിനു സ്ഥാനാർഥികളുണ്ട്. സിപിഎമ്മിനും സിപിഐയ്ക്കും എട്ടു വീതം സീറ്റുകളാണു നൽകിയിട്ടുള്ളത്.

2004ലും 2009ലും കേന്ദ്രത്തിൽ അധികാരത്തിലെത്താൻ കോൺഗ്രസിനെ സഹായിച്ചത് ഇന്നത്തെ തെലങ്കാന കൂടി ഉൾപ്പെട്ട അന്നത്തെ ആന്ധ്രപ്രദേശാണ്. 2004ൽ സംസ്ഥാനത്തെ 29 ലോക്സഭാ സീറ്റുകൾ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പിടിച്ചു. തെലുങ്കുദേശത്തിനും ടിആർഎസിനും അഞ്ചു സീറ്റുകൾ വീതമായിരുന്നു. 2009ൽ നില ഒന്നുകൂടി മെച്ചപ്പെടുത്തിയ കോൺഗ്രസ് 33 സീറ്റുകളിൽ വിജയം നേടി. തെലുങ്കുദേശം ആറിടത്തും ടിആർഎസ് രണ്ടിടത്തുമാണു ജയിച്ചത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രയിൽ തകർന്നടിഞ്ഞപ്പോൾ കേന്ദ്രഭരണവും കോൺഗ്രസിനു നഷ്ടമായി. ആന്ധ്രയും തെലങ്കാനയും എത്രമാത്രം പ്രധാനമായിരുന്നു പാർട്ടിക്കെന്ന് ഇതു വ്യക്തമാക്കുന്നുണ്ട്.

ആ നിലയ്ക്കാണ് തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചുവരവ് കോൺഗ്രസിന് ആവേശം പകരുന്നത്. പത്തുവർഷക്കാലം കെ. ചന്ദ്രശേഖർ റാവുവിന്‍റെ ഭരണത്തിലായിരുന്ന തെലങ്കാനയിൽ കഴിഞ്ഞ വർഷം അവസാനം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയമാണ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേടിയത്. തെലങ്കാനയിലെ 14 സീറ്റും കോൺഗ്രസ് നേടുമെന്നാണ് രേവന്ത് റെഡ്ഡി അവകാശപ്പെടുന്നത്. മോദിയുടെ ഗ്യാരന്‍റിയുടെ കാലാവധി തീർന്നുവെന്ന് രേവന്ത് പറയുന്നു. അതേസമയം, ചന്ദ്രശേഖർ റാവുവിന്‍റെ ബിആർഎസ് തകർന്നതിന്‍റെ നേട്ടം പാർട്ടിക്കുണ്ടാവുമെന്നാണു ബിജെപി കണക്കുകൂട്ടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം വോട്ടർമാരെ ആകർഷിക്കുന്നുണ്ടെന്ന് പാർട്ടി കരുതുന്നു. കർണാടകയ്ക്കു പുറത്ത് ദക്ഷിണേന്ത്യയിൽ ബിജെപി കൂടുതൽ സാധ്യത കാണുന്ന സംസ്ഥാനവും തെലങ്കാനയാണ്. 2019ൽ നാലു സീറ്റുകൾ ഇവിടെ ബിജെപിക്കു ലഭിച്ചിരുന്നു. ചന്ദ്രശേഖർ റാവുവിന്‍റെ പാർട്ടി ഒമ്പതിടത്താണ് അന്നു ജയിച്ചത്. കോൺഗ്രസിനു മൂന്നും ഒവൈസിയുടെ എഐഎംഐഎം ഒന്നും സീറ്റ് നേടി.

ഇക്കുറി രാഷ്‌ട്രീയ സാഹചര്യങ്ങൾ കൂടുതൽ അനുകൂലമാണെന്ന് ബിജെപി നേതാക്കൾ ഒരേസ്വരത്തിൽ അവകാശപ്പെടുന്നുണ്ട്. പാർട്ടിയുടെ തെലങ്കാനയിൽ നിന്നുള്ള എംപിമാർ ഇരട്ടയക്കത്തിലെത്തുമെന്നാണ് കേന്ദ്ര മന്ത്രിയും സംസ്ഥാന ബിജെപി അധ്യക്ഷനുമായ ജി. കിഷൻ റെഡ്ഡി അവകാശപ്പെടുന്നത്. മോദിയുടെ പൊതുയോഗങ്ങളിൽ കാണുന്ന ആവേശം ബിജെപിക്ക് അനുകൂലമായ ജനവികാരത്തിനു തെളിവാണെന്നും അദ്ദേഹം. സാം പിട്രോഡയുടെ വിവാദ പരാമർശങ്ങൾ അടക്കം കോൺഗ്രസിനെതിരായ മുഴുവൻ ആയുധങ്ങളും ബിജെപി ഉപയോഗപ്പെടുത്തുന്നുണ്ട്.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ നിന്ന് തിരിച്ചുവരാനുള്ള കഠിനാധ്വാനത്തിലാണ് കെ. ചന്ദ്രശേഖർ റാവു. തെലങ്കാനയുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ ബിആർഎസിനു മാത്രമേ കഴിയൂ എന്നാണ് കെസിആർ വോട്ടർമാരോടു പറയുന്നത്. ബിആർഎസ് എംപിമാർ പാർലമെന്‍റിലുണ്ടായാലേ തെലങ്കാനയുടെ സ്വരം അവിടെ മുഴങ്ങൂ എന്നും അദ്ദേഹം. ബിആർഎസ് സർക്കാരിന്‍റെ ക്ഷേമപദ്ധതികൾ കോൺഗ്രസ് സർക്കാർ അട്ടിമറിച്ചെന്നും റോഡ് ഷോകളിൽ അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്. ദിശാബോധമില്ലാത്ത സർക്കാരാണു കോൺഗ്രസിന്‍റേതെന്നും റാവു പറയുന്നു. ത്രികോണ മത്സരത്തിന്‍റെ അന്തിമ ഫലം ആരെ തുണയ്ക്കുമെന്ന് കണ്ടുതന്നെ അറിയണം. കഴിഞ്ഞ വർഷം അവസാന മാസങ്ങളിൽ നടന്ന അഭിപ്രായ വോട്ടെടുപ്പുകൾ ബിആർഎസിനാണു മുൻതൂക്കം കൽപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ അവർ കോൺഗ്രസിനൊപ്പമാണ്. പത്തു സീറ്റുകൾ വരെ കോൺഗ്രസ് നേടുമെന്നാണു പ്രവചനങ്ങൾ. അഞ്ച് സീറ്റ് വരെ ബിജെപിക്കു പ്രവചിക്കുന്നവരുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com