

സാനു മാഷ് തന്‍റെ കൃഷിയിടത്തിൽ
ഏബിൾ സി. അലക്സ്
കോതമംഗലം: അധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ച ശേഷം കൃഷിയുടെ വഴിയേ സഞ്ചരിക്കുകയാണ് കോതമംഗലം സ്വദേശി സാനു മാഷ്. പഴമയുടെ കൃഷിരീതികൾക്കൊപ്പം ആധുനിക സാങ്കേതിക വിദ്യകളും ചേർത്താണ് ഒന്നര ഏക്കറോളം സ്ഥലത്ത് വൈവിധ്യമാർന്ന ജൈവ പച്ചക്കറി കൃഷി നടത്തുന്നത്. കാസർകോട് കുറ്റിക്കോൽ എ.യു.പി സ്കൂളിലെ മുൻ അധ്യാപകനായ സാനു മാഷിന്‍റെ കൃഷിയിടം എറണാകുളം ജില്ലയിലെ കോതമംഗലം, കോട്ടപ്പടി വടാശേരിയിലാണ്. ദിവസം 40 മുതൽ 50 കിലോ വരെ പച്ചക്കറി ഉൽപാദിപ്പിക്കുന്ന ഈ തോട്ടം ഇന്ന് അമ്പതിലേറെ കുടുംബങ്ങളിലേക്ക് ആവശ്യമായ പച്ചക്കറി നൽകുന്നുണ്ട്.
30 സെന്‍റിൽ തുടങ്ങിയ കൃഷി ഇന്ന് ഒന്നര ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു. കൃഷി നഷ്ടമാണ് എന്ന പൊതുധാരണ തിരുത്തുകയായിരുന്നു ആദ്യ ലക്ഷ്യം. അതിനായി കൃഷിയിടത്തിൽ പരമാവധി യന്ത്രവത്കരണവും കൊണ്ടുവന്നു. മണ്ണിളക്കാനും വാരങ്ങൾ തയ്യാറാക്കാനും പവർ വീഡറും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുന്നു. ഏകദേശം ഒരു ലക്ഷം രൂപ ചെലവഴിച്ചുള്ള ഈ സംവിധാനത്തിലൂടെ കൃഷിപ്പണിയും തൊഴിലാളികൾക്കുള്ള ചെലവും ഗണ്യമായി കുറയ്ക്കാനായി.
വാരങ്ങൾ തയ്യാറാക്കി മൾച്ചിംഗ് ഷീറ്റ് വിരിച്ചാണ് പ്രധാനമായും കൃഷി. ഒരിക്കൽ ഷീറ്റ് വിരിച്ചാൽ അതിൽ നാല് മുതൽ അഞ്ച് വിളകൾ വരെ കൃഷി ചെയ്യാം. 400 മീറ്റർ വരമ്പിൽ വിരിക്കാനുള്ള മൾച്ചിംഗ് ഷീറ്റിന് ചെലവ് 1700 മുതൽ 2000 രൂപ വരെ.
തുള്ളി നനയാണ് ജലസേചനത്തിന് ആശ്രയം. വെഞ്ച്വറി സംവിധാനത്തിലൂടെ ജൈവവളങ്ങളും സൂക്ഷ്മാണു വളങ്ങളും നേരിട്ട് ചെടികളിലെത്തിക്കുന്നു. ചാണകം, കോഴിക്കാഷ്ടം, എല്ലുപൊടി, സൂക്ഷ്മാണു വളങ്ങൾ, മൈക്രോ ന്യൂട്രിയന്‍റ്സ് തുടങ്ങിയ ജൈവ വളക്കൂട്ടിലാണ് കൃഷിയുടെ കരുത്ത്. കീടനിയന്ത്രണത്തിന് ഫെറമോൺ കെണികളും മഞ്ഞക്കെണികളും വേപ്പ് അധിഷ്ഠിത ജൈവ കീടനാശിനികളും പ്രയോഗിക്കുന്നു.
വിളകളുടെ കാര്യത്തിൽ വൈവിധ്യത്തിന് ഒരു കുറവുമില്ല. കേരളത്തിൽ അപൂർവ്വമായി കാണുന്ന ഗന്‍റോല മുതൽ ബംഗാളികളുടെ പ്രിയപ്പെട്ട പർവ്വൽ വരെ ഇവിടെ വിളയുന്നു. അടതാപ്പ്, മംഗലാപുരം ഊരുവെണ്ട, മാട്ടു ഗുള വഴുതന, ഭൗമസൂചികാ പദവി നേടിയ എടയൂർ ചില്ലി, വയലറ്റ് ചതുരപ്പയർ, ലോംഗ് ചതുരപ്പയർ, നീളൻ നിത്യവഴുതന തുടങ്ങി നിരവധി ഇനങ്ങളും ഇവിടെയുണ്ട്.
ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമാണ് ഗന്‍റോല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൃഷി ചെയ്യുന്ന ഈ പച്ചക്കറി കേരളത്തിൽ അപൂർവമാണ്. ഇവിടെ പ്രതിദിനം അഞ്ച് മുതൽ ഏഴ് കിലോ വരെ ഗന്‍റോല വിളവെടുക്കുന്നു.
കൃഷി നഷ്ടമല്ലെന്നും ശാസ്ത്രീയമായി കൃഷി ചെയ്താൽ ലാഭകരമാക്കി മാറ്റാൻ കഴിയുമെന്നും സാനു മാഷ് പറയുന്നു. വൈവിധ്യമാർന്ന വിളകൾ പരീക്ഷിക്കുന്ന സാനുമാഷിന്‍റെ കൃഷിരീതികൾ പ്രശംസനീയമാണെന്ന് കൃഷി ഓഫീസർ ജിജി ജോബ് പറഞ്ഞു.
മുൻ അധ്യാപികയായ ഭാര്യ ബിന്ദുവും കൃഷിയിൽ പിന്തുണയുമായി ഒപ്പമുണ്ട്. മക്കളായ അഞ്ജു സാനുവും, മഞ്ജു സാനുവും ആയുർവേദ ഡോക്ടർമാരാണ്. അധ്യാപകജീവിതത്തിന് ശേഷം പാഠപുസ്തകങ്ങൾക്കു പകരം സാനു മാഷിന്‍റെ കൈയിൽ കൃഷി ഉപകരണങ്ങളാണ്. കൃഷിയിടം തന്നെയാണ് ഇപ്പോൾ സാനു മാഷിന്‍റെ ക്ലാസ് മുറിയും. അവിടെ നിന്ന് പകർന്നു നൽകുന്നത് വിഷരഹിത കൃഷിയുടെ ഒരു പുതിയ പാഠവും.