സ്ഥിരതയിൽ ഊന്നുന്ന തൊഴിലവസരങ്ങൾ

അധ്വാനം 3 വലിയ തിന്മകളെയാണ് നമ്മിൽ നിന്നും അകറ്റി നിർത്തുന്നത്: വിരസത, ദുശ്ശീലങ്ങൾ, ദാരിദ്ര്യം.
Job opportunities that focus on stability

സ്ഥിരതയിൽ ഊന്നുന്ന തൊഴിലവസരങ്ങൾ

Updated on

ഡോ. വി. അനന്തനാഗേശ്വരൻ,

മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ്, കേന്ദ്ര സർക്കാർ

1954ൽ സർ ആർതർ ലൂയിസ് ദരിദ്ര സമ്പദ്‌വ്യവസ്ഥകൾ എങ്ങനെയാണു സമ്പന്നമാകുന്നത് എന്ന് വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ വികസനത്തിന്‍റെ കേന്ദ്രബിന്ദുവായി അദ്ദേഹം കണ്ടത് മൂലധനത്തിന്‍റെ സമാഹരണത്തെയല്ല; മറിച്ച്, തൊഴിലാളികൾ ഉപജീവനത്തിനായുള്ള പരമ്പരാഗത കൃഷിയിൽ നിന്നും മാറി കൂടുതൽ വരുമാനം ലഭിക്കുന്ന വ്യവസായ- സേവന മേഖലകളിലേക്ക് കുടിയേറുന്നതിനെയാണ്. പിൽക്കാലത്ത് വ്യവസായവത്കരണ നയത്തിലേക്ക് കടക്കുന്ന ഏതൊരു രാജ്യത്തിന്‍റെയും ഭാവി നിർണയിക്കുക ഈ പരിവർത്തനമായിരിക്കും എന്ന് അദ്ദേഹം കൃത്യമായി മുൻകൂട്ടി കാണുകയും ചെയ്തു.

ഇന്ത്യ ഇന്ന് കൃത്യമായി അങ്ങനെയൊരു വഴിത്തിരിവിലാണ്. അതിനാൽ, നയരൂപകർത്താക്കളുടെ മുന്നിലുള്ള ചോദ്യം ആവശ്യത്തിന് തൊഴിലവസരങ്ങൾ ഉണ്ടോ എന്നതല്ല; ഒരു യുവ തൊഴിലാളിയെ ഉല്പാദനക്ഷമതയും സുരക്ഷിതത്വവുമുള്ള ഒരു ജീവിതത്തിലേക്ക് നയിക്കാൻ ആവശ്യമായ എണ്ണമുള്ളതും, ഔദ്യോഗിക സ്വഭാവമുള്ളതും, സുസ്ഥിരവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സമ്പദ്‌വ്യവസ്ഥയ്ക്ക് സാധിക്കുമോ എന്ന കൂടുതൽ സങ്കീർണമായ ചോദ്യമാണ്.

ഈ ദൗത്യത്തിന്‍റെ വ്യാപ്തി കൃത്യതയോടെ വ്യക്തമാക്കാൻ സാധിക്കും; കാരണം, പിരിയോഡിക് ലേബർ ഫോഴ്‌സ് സർവെയും ജനസംഖ്യാ പ്രവചനങ്ങളും ആധാരമാക്കി തയാറാക്കിയ 2023-24ലെ സാമ്പത്തിക സർവെ കണക്കാക്കുന്നത് ഈ ദശകത്തിന്‍റെ ബാക്കി വർഷങ്ങളിൽ ഓരോ വർഷവും ഏകദേശം 78.5 ലക്ഷം കാർഷികേതര തൊഴിലവസരങ്ങൾ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കണം എന്നാണ്.

2 പ്രധാന സമ്മർദങ്ങളുടെ ഫലമായാണ് ഈയൊരു സംഖ്യ ഉയർന്നുവരുന്നത്:

ഒന്ന്, തൊഴിൽ പങ്കാളിത്തം വർധിക്കുന്നതിനനുസരിച്ച് തൊഴിലാളികളുടെ എണ്ണത്തിലുണ്ടാകുന്ന സ്ഥിരമായ വളർച്ച; രണ്ട്, ഘടനാപരമായ പരിവർത്തനത്തിലൂടെ കാർഷിക മേഖലയിൽ നിന്നും മാറ്റേണ്ടി വരുന്ന തൊഴിലാളികളുടെ എണ്ണം. നിലവിൽ മൊത്തം തൊഴിലിന്‍റെ 46 ശതമാനത്തോളമുള്ള കാർഷിക മേഖലയുടെ പങ്ക്, 2047ഓടെ 25 ശതമാനമായി കുറയുമെന്നാണു പ്രതീക്ഷ.

കേന്ദ്ര മന്ത്രിസഭ 2025 ജൂലൈയിൽ അംഗീകാരം നൽകുകയും തൊട്ടടുത്ത മാസം മുതൽ പ്രവർത്തനക്ഷമമാകുകയും ചെയ്ത "പ്രധാൻമന്ത്രി വിക്സിത് ഭാരത് റോസ്ഗാർ യോജന' ഈ തൊഴിൽ കമ്മി പരിഹരിക്കാനുള്ള ഏറ്റവും ശ്രദ്ധേയമായ ശ്രമമാണ്. 2027 ജൂലൈ വരെയുള്ള 2 വർഷത്തിനുള്ളിൽ 3.5 കോടിയിലധികം ഔദ്യോഗിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) വഴി 99,446 കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്.

ഇപിഎഫ്‌ഒയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനത്തിൽ ആദ്യമായി ചേരുന്നതും പ്രതിമാസം ഒരു ലക്ഷം രൂപയിൽ താഴെ ശമ്പളമുള്ളതുമായ ഒരു തൊഴിലാളിക്ക്, രണ്ട് ഗഡുക്കളായി 15,000 രൂപ വരെ ലഭിക്കാൻ അർഹതയുണ്ടായിരിക്കും. ഇതിൽ രണ്ടാമത്തെ ഗഡു സാമ്പത്തിക സാക്ഷരതാ കോഴ്‌സ് പൂർത്തിയാക്കുന്നതിന് വിധേയമായി സമ്പാദ്യമായി സൂക്ഷിക്കുന്നതാണ്. അതേസമയം, നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന പരിധിക്കപ്പുറം തങ്ങളുടെ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്ന തൊഴിലുടമകൾക്ക്, ഓരോ പുതിയ തൊഴിലാളിക്കും പ്രതിമാസം 3,000 രൂപ വരെ ലഭിക്കും. ചെറുകിട സ്ഥാപനങ്ങൾ പോലും ഈ പദ്ധതിക്കു പുറത്താകാതെ ഇതിലേക്ക് ആകർഷിക്കപ്പെടുന്ന രീതിയിലാണ് ഇതിന്‍റെ നിബന്ധനകൾ ക്രമീകരിച്ചിരിക്കുന്നത്.

ആദ്യ ആനുകൂല്യം അനുവദിക്കും മുമ്പ് 6 മാസത്തെ തുടർച്ചയായ ജോലി വേണമെന്ന നിബന്ധനയാണ് ഈ പദ്ധതിയെ സാധാരണവും പലപ്പോഴും നിരാശാജനകവുമായ തൊഴിൽ സബ്‌സിഡികളിൽ നിന്ന് വളരെ ഉയർന്ന തലത്തിലേക്ക് എത്തിക്കുന്നത്. കാരണം, ആദ്യമായി ജോലിക്ക് കയറുന്ന ഒരാൾ സ്ഥാപനത്തിൽ തുടരുകയും ഉത്പാദനക്ഷമതയുള്ള തോഴിലാളിയായി മാറുകയും ചെയ്താൽ മാത്രമേ ആ നിയമനം പ്രയോജനപ്പെടുകയുള്ളൂ.

ഈ നിബന്ധന ആദ്യത്തെ നിയമനത്തെ ഒരു യഥാർഥ പ്രതിബദ്ധതയാക്കി മാറ്റുന്നു; ഇത് തൊഴിലാളിക്ക് ശരിയായ നൈപുണ്യവും വിശ്വസനീയമായ ഒരു തൊഴിൽ ചരിത്രവും കെട്ടിപ്പടുക്കാൻ ആവശ്യമായ സമയം നൽകുന്നതോടൊപ്പം, പരിശീലനച്ചെലവ് തിരിച്ചുപിടിക്കാൻ തക്കവണ്ണമുള്ള ഒരു നിശ്ചിത സേവന കാലാവധി തൊഴിലുടമയ്ക്ക് ഉറപ്പാക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ, ഇത് കേവലം ആളുകളെ ജോലിക്ക് എടുക്കുന്നതിനെയല്ല, മറിച്ച് അവരെ ജോലിയിൽ നിലനിർത്തുക എന്ന കൂടുതൽ ബുദ്ധിമുട്ടേറിയ കാര്യത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്; ഇത് തൊഴിലാളിക്ക് എവിടെയും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു തൊഴിൽ യോഗ്യതാ ചരിത്രം സമ്മാനിക്കുകയും ചെയ്യുന്നു.

ഈ പദ്ധതിയുടെ ഏറ്റവും ബോധപൂർവമായ ശ്രദ്ധ നിർമാണ മേഖലയിലേക്കാണ്. അവിടെ തൊഴിലുടമകൾക്കുള്ള ആനുകൂല്യം 2 വർഷത്തിനു പകരം 4 വർഷത്തേക്കാണു നൽകുന്നത്. വ്യവസായ ശേഷി കൈവരിക്കുന്നതിന് കൂടുതൽ സമയമെടുക്കും എന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളുന്നതാണ് ഈ ഇരട്ടിപ്പ്. ഇത്, കൃത്രിമമായ യന്ത്രവത്കരണം വഴി തൊഴിലാളികളെ അകാലത്തിൽ ഒഴിവാക്കുന്നതിനു പകരം, ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിലേക്ക് നിർമാതാക്കളുടെ ചിന്താഗതിയെ മാറ്റാൻ സഹായിക്കുന്നു.

ഒരു ആഗോള നിർമാണ കേന്ദ്രമായി മാറാനുള്ള രാജ്യത്തിന്‍റെ സാക്ഷാത്കരിക്കാൻ കഴിയുന്ന ആഗ്രഹത്തിന് ഇത് അത്യന്താപേക്ഷിതമാണെന്ന് ഗവൺമെന്‍റ് തിരിച്ചറിഞ്ഞിട്ടുണ്ട് എന്നത് പ്രധാനമാണ്. ജോലിയിൽ പ്രവേശിക്കുന്ന ഓരോ തൊഴിലാളിക്കും ഇപിഎഫ്‌ഒ വഴി ഒരു യൂണിവേഴ്സൽ അക്കൗണ്ട് നമ്പറും, അസംഘടിത മേഖലയിലെ ഭൂരിഭാഗം തൊഴിലാളികൾക്കും ഇതുവരെ ലഭിച്ചിട്ടില്ലാത്ത സാമൂഹിക സുരക്ഷിതത്വത്തിന്‍റെ ആദ്യ അനുഭവവും കൈവരുന്നു.

പദ്ധതിയുടെ പ്രാരംഭ ഫലങ്ങൾ വളരെ പ്രോത്സാഹനം നൽകുന്നതാണ്; ഇത് ആരംഭിച്ച് ഇത്രയും കുറഞ്ഞ കാലയളവിനുള്ളിൽ 60 ലക്ഷത്തോളം തുടക്കക്കാരായ ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഇതിൽ ഭൂരിഭാഗവും 30 വയസിന് താഴെയുള്ളവരും, 18 ലക്ഷത്തിലധികം പേർ സ്ത്രീകളുമാണ്. അതോടൊപ്പം, അസംഘടിത സ്വഭാവം ദീർഘകാലമായി നിലനിന്നിരുന്ന ഒട്ടനവധി ചെറുകിട സ്ഥാപനങ്ങൾ ഉൾപ്പെടെ ഏകദേശം 1.77 ലക്ഷം തൊഴിൽദാതാക്കൾ വഴി 66 ലക്ഷത്തിലധികം അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

എന്നിരുന്നാലും, പ്രതീക്ഷ നൽകുന്ന ഒരു തുടക്കത്തെ സമ്പൂർണ വിജയമായി കണക്കാക്കുന്നത് വിവേകശൂന്യമായിരിക്കും. തട്ടിപ്പിൽ ഉൾപ്പെട്ട സ്ഥാപനങ്ങളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കൽ, തൊഴിൽ വെറും രേഖകളിൽ മാത്രം അല്ലാതെ യഥാർഥത്തിൽ നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കാൻ 6 മാസത്തിലൊരിക്കൽ ഇലക്‌ട്രോണിക് വിവരങ്ങൾ സമർപ്പിക്കണമെന്ന വ്യവസ്ഥ, ആനുകൂല്യങ്ങൾ സ്വയമേ വിതരണം ചെയ്യുന്ന സംവിധാനം എന്നിവ ഈ പദ്ധതിയുടെ പ്രധാന സുരക്ഷാ സംവിധാനങ്ങളാണ്. ഇത്തരം പദ്ധതികൾ, സാധാരണ രീതിയിൽ തന്നെ നടക്കുമായിരുന്ന സ്വാഭാവിക നിയമനങ്ങൾക്ക് വെറുതെ ആനുകൂല്യങ്ങൾ നൽകുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന സ്വാഗതാർഹമായ ഒരു ബോധ്യം ഇതിന് പിന്നിലുണ്ട്.

ഈ പദ്ധതിയുടെ യഥാർഥ വിജയം അളക്കേണ്ടത് ആദ്യ വർഷത്തെ രജിസ്ട്രേഷൻ കണക്കുകൾ നോക്കിയല്ല; പദ്ധതി നൽകുന്ന ആനുകൂല്യങ്ങളുടെ കാലാവധി കഴിഞ്ഞാലും ഈ തൊഴിലവസരങ്ങൾ നിലനിൽക്കുമോ എന്നതിനെ ആശ്രയിച്ചാണ്. കൂടാതെ, ഈ പദ്ധതി സൃഷ്ടിക്കുന്ന തൊഴിൽ ആവശ്യകതയ്ക്ക് അനുസൃതമായി യോഗ്യരായ ഉദ്യോഗാർഥികളെ ലഭ്യമാക്കുന്നുണ്ടോ എന്നതും പ്രധാനമാണ്. അതുകൊണ്ടുതന്നെ, ഈ പദ്ധതിയുടെ ഭാവി ഇതിനൊപ്പം തന്നെ നടക്കുന്ന നൈപുണ്യ വികസനത്തിനായുള്ള നിക്ഷേപങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

തൊഴിലില്ലായ്മ എന്നത് കേവലം വരുമാനത്തെ മാത്രമല്ല ബാധിക്കുന്നത്; അത് ഒരു വ്യക്തിയുടെ നൈപുണ്യത്തെയും സ്വാഭിമാനത്തെയും സമൂഹത്തിലുള്ള സ്ഥാനത്തെയും കൂടിയാണ് ഇല്ലാതാക്കുന്നത് എന്നത് ഓർക്കേണ്ടതുണ്ട്. വോൾട്ടയർ തന്‍റെ "കാൻഡീഡ്' എന്ന കൃതിയിലൂടെ വ്യക്തമാക്കിയതും ഇതുതന്നെയാണ്- അതായത്, അധ്വാനം 3 വലിയ തിന്മകളെയാണ് നമ്മിൽ നിന്നും അകറ്റി നിർത്തുന്നത്: വിരസത, ദുശ്ശീലങ്ങൾ, ദാരിദ്ര്യം.

ഇത്തരം ഒരു പദ്ധതി വിലമതിക്കപ്പെടുന്നത് അത് തൊഴിലിന്‍റെ ഈ ആഴത്തിലുള്ള അർഥത്തെ ഉൾക്കൊള്ളുന്നതു കൊണ്ടാണ്. ഇത് ഒരു ഔദ്യോഗിക ജോലിയെ കേവലം കണക്കെടുക്കാനുള്ള ഒരു സ്ഥിതിവിവരക്കണക്കായല്ല കാണുന്നത്, മറിച്ച് ഒരു വ്യക്തിയുടെ ഔദ്യോഗിക ജീവിതത്തിലെ സുരക്ഷിതമായ ആദ്യത്തെ ചുവടുവയ്പ്പായിട്ടാണ്.

2047ഓടെ വികസിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പ്രയാണത്തിൽ ഇന്ത്യ ഇപ്പോൾ ചെയ്യേണ്ടത്, ഈ പദ്ധതി മുന്നോട്ടുവയ്ക്കുന്ന ക്ഷമയോടെയുള്ള സമീപനം തുടർന്നു കൊണ്ടുപോവുക എന്നതാണ്. ദേശീയ വികസനത്തിന്‍റെ കേന്ദ്രബിന്ദുവായി പ്രധാനമന്ത്രി നിർണയിച്ചിട്ടുള്ള യുവാക്കൾക്കായുള്ള തൊഴിലവസരങ്ങൾ ഒരു നിശ്ചിത കാലയളവിലെ ആനുകൂല്യങ്ങളിലൂടെ മാത്രമല്ല യാഥാർഥ്യമാക്കേണ്ടത്; സുസ്ഥിരവും ഉതപാദനക്ഷമതയുള്ളതും അന്തസുള്ളതുമായ തൊഴിലുകളിലൂടെ ഒരു തലമുറയിലുടനീളം അത് ഉറപ്പാക്കേണ്ടതുണ്ട്.

logo
Metro Vaartha
www.metrovaartha.com