

കോൺഗ്രസിന്‍റെ ലക്ഷ്യം സഫലമാകുമോ..?
metrovaartha
ജ്യോത്സ്യൻ|ഗ്രഹനില
ഏപ്രിൽ 9ന് നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് സംസ്ഥാന- ദേശീയ രാഷ്‌ട്രീയത്തിൽ ഒരുപോലെ നിർണായകമാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്‌ട്രീയത്തിൽ പ്രതിഫലിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
കേരളത്തിലെ രാഷ്‌ട്രീയ ചരിത്രം പരിശോധിച്ചാൽ, കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫും സിപിഎം നയിക്കുന്ന എൽഡിഎഫും മാറി മാറി അധികാരത്തിലേറുന്നതാണ് പതിവ്. എന്നാൽ 2016ൽ പിണറായി വിജയന്‍റെ നേതൃത്വത്തിൽ ഇടതു മുന്നണി അധികാരത്തിലെത്തിയത് ഒരു നിർണായക വഴിത്തിരിവായിരുന്നു. 5 വർഷങ്ങൾക്കു ശേഷം 2021ൽ വീണ്ടും പിണറായി വിജയന്‍റെ നേതൃത്വത്തിൽ എൽഡിഎഫ് അധികാരത്തിലേറി.
അതോടൊപ്പം, 2014 മുതൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി ദേശീയ രാഷ്‌ട്രീയത്തിൽ ശക്തമായ പിടിമുറുക്കി. 3 പ്രാവശ്യം തുടര്‍ച്ചയായ വിജയങ്ങളിലൂടെ ബിജെപി ദേശീയ രാഷ്‌ട്രീയത്തിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. ഈ പശ്ചാതലത്തിലാണ് കോൺഗ്രസ് വീണ്ടും കേരളത്തിലും അതിലൂടെ ദേശീയതലത്തിലും അധികാരത്തിൽ തിരിച്ചുവരാൻ ശ്രമം നടത്തുന്നത്.
കോൺഗ്രസിന് കേരളത്തിൽ ശക്തമായ തിരിച്ചുവരവ് അനിവാര്യമാണ്. സംസ്ഥാനത്ത് അധികാരം നേടാതെ ദേശീയ തലത്തിൽ കോൺഗ്രസിന് നിലനിൽക്കാൻ കഴിയില്ല. യുഡിഎഫിലെ ഘടകകക്ഷികൾക്ക്, പ്രത്യേകിച്ച് മുസ്‌ലിം ലീഗിന് ഭരണമില്ലാതെ മുന്നോട്ട് പോകാനാവില്ല. അതല്ലെങ്കിൽ പുതിയ രാഷ്‌ട്രീയ നിലപാടുകൾ സ്വീകരിക്കേണ്ട സാഹചര്യം രൂപപ്പെടും.
സ്ഥാനാർഥി നിർണയ സമയത്തു തന്നെ പല മുതിർന്ന രാഷ്‌ട്രീയ നേതാക്കന്മാരും അരിവാളും താമരയും മാറി മാറി പിടിക്കുന്നത് നാം കാണുന്നു. എന്നാൽ, ഇത്തരം നിർണായക സന്ദർഭങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിന്‍റെ നിസംഗത അദ്ഭുതാവഹമാണ്. കെപിസിസി പ്രസിഡന്‍റായിരുന്ന കെ. സുധാകരൻ കോൺഗ്രസിനെ ഒരു സെമി- കേഡർ പാർട്ടിയായി മാറ്റുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും നടപ്പാക്കാൻ കഴിഞ്ഞില്ല. 25 വർഷങ്ങളായി കോൺഗ്രസിൽ പ്രാഥമിക അംഗത്വം പോലും പുതുക്കാൻ കഴിഞ്ഞിട്ടില്ല. ഈ അവസ്ഥ പാർട്ടിയുടെ സംഘടനാപരമായ ദൗർബല്യത്തെ വെളിവാക്കുന്നു.
വാർഡ് മുതൽ ജില്ലാതലം വരെയുള്ള സംഘടന ദുർബലരായിരിക്കുമ്പോൾ നേതാക്കളുടെ പെട്ടിയെടുക്കുന്നവർക്കാണ് പാർട്ടിയിൽ മുൻഗണന ലഭിക്കുന്നതെന്ന ആരോപണം ശക്തമാണ്. വർഷങ്ങളായി താഴേത്തട്ടിൽ പ്രവർത്തിച്ച് ജനങ്ങളുമായി ഇടപെടുന്ന പ്രവർത്തകർ പിന്നിലാകുമ്പോൾ, സ്തുതിഗാനങ്ങൾ പാടുന്നവരും കൂറുമാറിയെത്തുന്നവരും മുന്നിലെത്തുന്നു എന്ന വിമർശനവും ഉയരുന്നു.
സ്ഥാനാർഥി നിർണയത്തിൽ പാർട്ടിയിലെ ഭിന്നതകളും ബലഹീനതയും തുറന്നുകാട്ടപ്പെടുന്നു. 2026 ജനുവരിയിൽ തന്നെ യുഡിഎഫിന്‍റെ സ്ഥാനാർഥി പട്ടിക റെഡിയാകും എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വീമ്പിളക്കിയെങ്കിലും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷവും കോൺഗ്രസിൽ തർക്കങ്ങൾ അവസാനിച്ചില്ല. മറുവശത്ത്, എൽഡിഎഫും എൻഡിഎയും കൂടുതൽ ഏകോപിതവും ചിട്ടയേറിയതുമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു.
തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് മുമ്പേ തന്നെ മുഖ്യമന്ത്രിപദത്തിനായുള്ള പോരാട്ടം കോൺഗ്രസിൽ വാശിയോടെ നടക്കുന്നു. പ്രതിപക്ഷ നേതാവ് ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ല. പാഴ്വാക്കുകൾ ചൂണ്ടിക്കാണിക്കുന്ന മാധ്യമ പ്രവർത്തകർക്കു നേരെ അദ്ദേഹം വിരൽചൂണ്ടി എടുത്തുചാടുന്നു.
ഹരിപ്പാട് മത്സരിക്കുന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇത്തവണ മുഖ്യമന്ത്രി ആയില്ലെങ്കിൽ ഇനി ഒരിക്കലുമാകാനാവികില്ല എന്ന ചിന്താഗതിയോടെ മ്ലാനവദനനായി നടക്കുന്നു. പുറകിൽ നിന്ന് ചരടു വലിക്കുന്ന സാക്ഷാൽ ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്ന "ഹൈക്കമാൻഡിന്‍റെ' ലക്ഷ്യവും മുഖ്യമന്ത്രിപദം തന്നെയാണ്. ഇപ്പോൾ മുഖ്യമന്ത്രിയായി പിന്നീട് 2029ൽ ഏതെങ്കിലും കാരണവശാൽ ഡൽഹിയിലെ അധികാര സിംഹാസനത്തിൽ തന്‍റെ നേതാവ് രാഹുൽ ഗാന്ധി അവരോധിക്കപ്പെട്ടാൽ അന്നവിടെ തനിക്കും കിട്ടും മറ്റൊരു കസേര എന്ന ചിന്തയിലാണ് ഈ ഹൈക്കമാൻഡ്.
നൂറ്റാണ്ട് പഴക്കമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ദേശീയ പാർട്ടിയിലെ നേതാക്കൾ അതിന്‍റെ ചരിത്രവും പാരമ്പര്യം വിസ്മരിച്ചുകൊണ്ട് അധികാര കസേരയ്ക്കു വേണ്ടി പരസ്പരം ചവിട്ടി താഴ്ത്തുന്നതാണ് കാണുന്നത്. ഐക്യവും കൃത്യമായ തന്ത്രവും ഇല്ലാതെ മുന്നേറുന്ന കോൺഗ്രസ് വീണ്ടും ഒരു പരാജയത്തിലേക്ക് നീങ്ങുകയാണോ എന്ന സംശയമാണ് ജോത്സ്യന് ഉള്ളത്.