യോഗ: പ്രതിരോധാത്മക ആരോഗ്യ പരിചരണത്തിനു വഴികാട്ടി

യോഗ ദിനത്തിലേക്കുള്ള 100 ദിവസത്തെ കൗണ്ട് ഡൗണിന് ഇന്നു തുടക്കം
 Yoga: A guide to preventive health care

യോഗ: പ്രതിരോധാത്മക ആരോഗ്യ പരിചരണത്തിനു വഴികാട്ടി

file photo

Updated on

പ്രതാപ്‌റാവു ജാധവ്

യോഗയെക്കുറിച്ചുള്ള ഏവരുടെയും കാഴ്ചപ്പാടിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വലിയ മാറ്റമാണു സംഭവിച്ചത്. മുമ്പ്, പരമ്പരാഗത ആരോഗ്യ പരിപാലനരീതിയായി മാത്രമാണു യോഗയെ കണ്ടിരുന്നത്. എന്നാലിപ്പോൾ, തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ആരോഗ്യസമീപനമെന്ന നിലയിൽ യോഗ കൂടുതൽ അംഗീകരിക്കപ്പെടുന്നു. ശാസ്ത്രീയ ഗവേഷണങ്ങളും ഡിജിറ്റൽ നൂതനാവിഷ്കാരങ്ങളും ആഗോള സഹകരണവും യോഗയെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മനസിലാക്കാൻ സഹായിക്കുന്നു. ഇന്നു യോഗയെ ഇന്ത്യയുടെ സാംസ്കാരിക പൈതൃകമായി മാത്രമല്ല, മറിച്ച്, പൊതുജനാരോഗ്യം മെച്ചപ്പെടുത്താനുള്ള കരുത്തുറ്റ ഇടപെടലായി കൂടിയാണു വിലയിരുത്തുന്നത്.

പരമ്പരാഗത വൈദ്യശാസ്ത്രത്തിനായുള്ള (യോഗ) ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) സഹകരണ കേന്ദ്രമായി മൊറാർജി ദേശായ് ദേശീയ യോഗ ഇൻസ്റ്റിറ്റ്യൂട്ടിനെ തെരഞ്ഞെടുത്തു. ഇത് 2025–2029 കാലയളവിനായി വീണ്ടും അംഗീകരിക്കുകയും ചെയ്തു. ഇതിലൂടെ യോഗ ഗവേഷണരംഗത്ത് ഇന്ത്യയുടെ നേതൃത്വപരമായ പങ്കു കൂടുതൽ കരുത്താർജിച്ചു. സാംക്രമികേതര രോഗങ്ങൾക്കെതിരേ ശാസ്ത്രീയമായി തെളിയിച്ച യോഗ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഈ സ്ഥാപനത്തിനുള്ള വർധിച്ചുവരുന്ന പങ്ക് ഈ അംഗീകാരത്തിൽ പ്രതിഫലിക്കുന്നു. ആയുഷ് മന്ത്രാലയം, എയിംസ് ഡൽഹി, ലേഡി ഹാർഡിഞ്ജ് മെഡിക്കൽ കോളെജ്, സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യുനാനി മെഡിസിൻ, ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് എന്നിവ ഈ ദൗത്യത്തിലെ പ്രധാന പങ്കാളികളാണ്.

ഈ സഹകരണങ്ങളിലൂടെ, പ്രമേഹം, അമിതവണ്ണം, സമ്മർദം തുടങ്ങിയ ജീവിതശൈലീരോഗങ്ങൾക്കെതിരെ യോഗാധിഷ്ഠിത ഇടപെടലുകൾ നടത്തുന്നതിനുള്ള സാങ്കേതിക മാർഗനിർദേശങ്ങൾ വികസിപ്പിക്കുകയും ഗവേഷണങ്ങൾ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുന്നു. അന്താരാഷ്‌ട്ര സംഘടനകളും ഈ പരിശ്രമങ്ങളിൽ പങ്കാളികളാകുന്നു; ഇതു യോഗയുടെ ശാസ്ത്രീയ അടിത്തറയ്ക്കു കൂടുതൽ കരുത്തുപകരുകയും പ്രതിരോധാത്മക ആരോഗ്യ പരിരക്ഷയ്ക്കുള്ള ചെലവു കുറഞ്ഞതും ശാസ്ത്രീയ തെളിവുകളാൽ പിന്തുണയ്ക്കപ്പെടുന്നതുമായ മാർഗമെന്ന നിലയിൽ യോഗയുടെ സാധ്യതകൾ വെളിപ്പെടുത്തുകയും ചെയ്യുന്നു.

സ്ഥാപനതലത്തിൽ, യോഗയുടെ ശാസ്ത്രീയ അടിത്തറയ്ക്കു കരുത്തേകുന്ന പ്രവർത്തനങ്ങൾ മൊറാർജി ദേശായ് ദേശീയ യോഗ ഇൻസ്റ്റിറ്റ്യൂട്ട് തുടരുകയാണ്. ഫിസിയോളജി, ബയോകെമിസ്ട്രി, ബയോമെക്കാനിക്സ്, സൈക്കോളജി തുടങ്ങിയ മേഖലകളിലെ ഗവേഷണ ലാബുകളിലൂടെ യോഗയുടെ ശാരീരിക- മാനസിക ഫലങ്ങളെക്കുറിച്ചും, വാർധക്യത്തിലും ജീവിതശൈലീ രോഗങ്ങളിലും യോഗ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഈ ഇൻസ്റ്റിറ്റ്യൂട്ട് പരിശോധിക്കുന്നു. പരമ്പരാഗതമായ അറിവുകളെ ആധുനിക ശാസ്ത്രീയ പരിശോധനകളുമായി സംയോജിപ്പിക്കുന്നതിൽ ഇന്ത്യക്കുള്ള പ്രതിജ്ഞാബദ്ധതയാണ് ഈ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നത്.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ യോഗയുടെ വ്യാപനം കൂടുതൽ വർധിപ്പിക്കുകയും തെളിവുകളുടെ അടിസ്ഥാനത്തിലുള്ള പരിശീലനങ്ങൾ വ്യക്തികളുടെ ദൈനംദിന ജീവിതത്തിലേക്കു നേരിട്ടെത്തിക്കുകയും ചെയ്തു. എം- യോഗ (m- Yoga) മൊബൈൽ ആപ്ലിക്കേഷൻ, വൈ- ബ്രേക്ക് (Y- Break) രീതികൾ തുടങ്ങിയ സംരംഭങ്ങൾ, യോഗയുടെ തനിമയും ചികിത്സാമൂല്യവും ചോർന്നുപോകാതെ, വലിയ തോതിൽ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്നു തെളിയിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ വികസിപ്പിച്ച "എം- യോഗ' പ്ലാറ്റ്‌ഫോം 1.1 ലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്; ഇത് എളുപ്പത്തിൽ ലഭ്യമാകുന്ന ഡിജിറ്റൽ ആരോഗ്യസങ്കേതങ്ങളോടുള്ള വർധിച്ചുവരുന്ന താൽപ്പര്യത്തെയാണു പ്രതിഫലിപ്പിക്കുന്നത്. ജോലിസമയത്ത് 5-10 മിനിറ്റുമാത്രം ദൈർഘ്യമുള്ള ലളിതമായ യോഗ പരിശീലനമായ "വൈ-ബ്രേക്ക് ' ഇതിനകം 33 ലക്ഷത്തിലധികം ഗവണ്മെന്‍റ് ഉദ്യോഗസ്ഥർക്കു ഗുണകരമായിട്ടുണ്ട്.

ഈ സംരംഭങ്ങളിൽനിന്നുള്ള ഗവേഷണ ഫലങ്ങളും ഉപയോഗവിവരങ്ങളും ഏറെ പ്രതീക്ഷ നൽകുന്നതാണ്. പതിവായുള്ള "വൈ- ബ്രേക്ക്' പരിശീലനം ഏതാനും ആഴ്ചകൾക്കുള്ളിൽ മാനസിക സമ്മർദം 40 ശതമാനം വരെ കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാനസിക ജാഗ്രത, വൈകാരിക ശക്തി, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയിലെ പുരോഗതിയും കോർട്ടിസോൾ അളവുപോലുള്ള ശാരീരിക സൂചകങ്ങളിലെ ആശാവഹമായ മാറ്റങ്ങളും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ശാരീരികമായ ഗുണങ്ങളിൽ കഴുത്ത്, തോൾ, താഴ്ഭാഗത്തെ നടുവേദന എന്നിവ കുറയുന്നതും, ശ്വസന വ്യായാമങ്ങളിലൂടെ ശ്വസനക്ഷമത മെച്ചപ്പെടുന്നതും, മൊത്തത്തിലുള്ള ഉന്മേഷം വർധിക്കുന്നതും ഉൾപ്പെടുന്നു. ഇന്നത്തെ ഉദാസീനവും കംപ്യൂട്ടർ സ്ക്രീനുകളിൽ കേന്ദ്രീകരിച്ചതുമായ ജോലിസ്ഥലങ്ങളിൽ ഇത്തരം ഫലങ്ങൾ ഏറെ പ്രസക്തമാണ്. "വൈ- ബ്രേക്ക് ' പദ്ധതി ജീവനക്കാരുടെ അവധി എടുക്കൽ നിരക്കു കുറയ്ക്കുന്നതിനും അവരുടെ മനോവീര്യം വർധിപ്പിക്കുന്നതിനും മെച്ചപ്പെട്ട തൊഴിൽ- ജീവിത സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും സഹായിച്ചിട്ടുണ്ട്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ക്ഷേമം ഒരുപോലെ കരുത്തുറ്റതാക്കാൻ യോഗയ്ക്കുള്ള കഴിവിനെ ഇത് അടിവരയിടുന്നു.

മൊറാർജി ദേശായ് ദേശീയ യോഗ ഇൻസ്റ്റിറ്റ്യൂട്ടുംസെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യോഗ ആൻഡ് നാച്ചുറോപ്പതിയും സംയുക്തമായി സംഘടിപ്പിച്ച "നാച്ചുറോപ്പതി ദേശീയ സമ്മേളനം- 2026'ൽ ശാസ്ത്രീയമായ സാധൂകരണത്തിന്‍റെ പ്രാധാന്യത്തിന് ഊന്നൽ നൽകിയിരുന്നു. യോഗയെ ആധുനിക ആരോഗ്യസംരക്ഷണ സംവിധാനങ്ങളുമായി സംയോജിപ്പിക്കുന്നതിനും കണക്കാക്കാവുന്ന ആരോഗ്യഫലങ്ങൾ ഉറപ്പാക്കുന്നതിനും കൃത്യമായ ഗവേഷണം, വിവിധ മേഖലകളുടെ സഹകരണം, കരുത്തുറ്റ ഡിജിറ്റൽ ഇടപെടൽ എന്നിവ അനിവാര്യമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടി.

ഈ സംഭവവികാസങ്ങൾ യോഗയെക്കുറിച്ചുള്ള ആഗോള കാഴ്ചപ്പാടിലുണ്ടായ വലിയ മാറ്റത്തെയാണു പ്രതിഫലിപ്പിക്കുന്നത്. യോഗ ഇപ്പോൾ കേവലം വ്യക്തിഗത ആരോഗ്യചര്യയായി മാത്രമല്ല, മറിച്ച്, പൊതുജനാരോഗ്യം, നൈപുണ്യവികസനം, ആരോഗ്യമേഖലയിലെ തൊഴിലവസരങ്ങൾ എന്നിവയ്ക്കുള്ള മാർഗമായിക്കൂടി കൂടുതൽ അംഗീകരിക്കപ്പെടുന്നു. പാരമ്പര്യത്തെ ശാസ്ത്രവുമായും സാങ്കേതികവിദ്യയുമായും സംയോജിപ്പിക്കുന്നതിലൂടെ, യോഗ "ആഗോള യോഗ ക്രാന്തി'ക്കു പിന്നിലെ ചാലകശക്തിയായി മാറുകയും അന്താരാഷ്‌ട്ര ആരോഗ്യമേഖലയിൽ ഇന്ത്യയുടെ നേതൃത്വത്തിനു കൂടുതൽ കരുത്തേകുകയും ചെയ്യുന്നു.

ജൂൺ 21ലെ അന്താരാഷ്‌ട്ര യോഗ ദിനത്തിലേക്കുള്ള 100 ദിവസത്തെ കൗണ്ട് ഡൗണിന് ഇന്നു തുടക്കമാകുകയാണ്. പുരാതന ചര്യ എന്നതിലുപരിയായി, ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതുമായ ആരോഗ്യ- ക്ഷേമ മാർഗമായി യോഗ എങ്ങനെ പരിണമിക്കുന്നു എന്നു ചിന്തിക്കാനുള്ള അവസരം കൂടിയാണിത്. ഈ 100 ദിനങ്ങൾ യോഗാഭ്യാസം ആരംഭിക്കുന്നതിനോ പുതുക്കുന്നതിനോ ഉള്ള ഓർമപ്പെടുത്തലായി മാറട്ടെ. നമ്മുടെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും സമൂഹത്തെയും യോഗ ജീവിതരീതിയായി സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യാം.

യോഗ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാക്കുന്നതിലൂടെ, നാം വ്യക്തിഗത ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല; സമൂഹത്തിന്‍റെ ക്ഷേമവും സ്ഥാപനങ്ങളുടെ കാര്യക്ഷമതയും സാമൂഹ്യ ഐക്യവും വളർത്തുകയും ചെയ്യുന്നു. ഗവേഷണം, സാങ്കേതികവിദ്യ, അന്തർദേശീയ സഹകരണം എന്നിവയുടെ സഹായത്തോടെ ഇന്ത്യയിന്നു സുപ്രധാന മുന്നേറ്റം നടത്തുകയാണ്. യോഗയുടെ കാലാതീതമായ ജ്ഞാനത്തെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും ആഗോളതലത്തിൽ ഏവർക്കും പ്രാപ്യവുമായ ആരോഗ്യ- ക്ഷേമ മാർഗമായി മാറ്റി, ലോകാരോഗ്യം, സന്തുലിതാവസ്ഥ, ക്ഷേമം എന്നിവയ്ക്കായി ഇന്ത്യ മുന്നോട്ടു കൊണ്ടുപോകുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com