

ഡൽഹി പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന യുവാക്കളെ നേരിടുന്ന അർധ സൈനിക വിഭാഗം.
AI generated summary, newsroom reviewed
അജയൻ
യുവരോഷത്തിൽ യൂറോപ്പ് എരിഞ്ഞു കത്തുകയാണ്, സർക്കാരുകൾ വിയോജിപ്പുകളെ അടിച്ചമർത്തുന്നു. ഇന്ത്യയിലെ യുവജനമുന്നേറ്റം ശ്രദ്ധേയമാംവിധം സമാധാനപരമായി തുടരുന്നു; എന്നിട്ടും അവർക്കു കിട്ടുന്ന പരിഗണനയ്ക്കുമില്ല ഒട്ടും മാർദവം. ഇവിടെ തെരുവുകൾ കത്തുന്നില്ലായിരിക്കാം, പക്ഷേ, യുവമനഃസാക്ഷികൾ കത്തുകയാണ്; വിയോജിപ്പിനോട് അലർജിയുള്ള ഭരണകൂടം ആ ശബ്ദം തല്ലിക്കെടുത്താൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. മൗനം സമ്മതമെന്നു തെറ്റിദ്ധരിച്ച അധികാരഗർവിന് സമാധാനപരമായ ധിക്കാരംപോലും അസഹ്യമായിരിക്കാം.
യൂറോപ്പിലെ യുവാക്കൾ ഉയർത്തുന്ന പരാതികളുടെ പ്രതിധ്വനി ഇന്ത്യയിലും ഉയരുന്നുണ്ട് - തൊഴിലില്ലായ്മയും താങ്ങാനാവാത്ത വിദ്യാഭ്യാസച്ചെലവും. ഇവിടെ അതിനൊപ്പം, ഏറിവരുന്ന വോട്ടവകാശനിഷേധവും. പ്രവേശനപ്പരീക്ഷാ വിവാദത്തിൽ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭം ഒരു മന്ത്രിയുടെ രാജിയിൽ കലാശിച്ചു. ഇപ്പോൾ തെരഞ്ഞെടുപ്പ് ഭണ്ഡാരങ്ങളിൽനിന്ന് അസ്ഥികൂടങ്ങൾ ഓരോന്നായി പുറത്തുവരുന്നു. സ്വതന്ത്രവും നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ തെരഞ്ഞെടുപ്പ് എന്ന വാഗ്ദാനം സംശയാസ്പദമായ എസ്ഐആർ (SIR) നടപടിയിൽ തകർന്നടിയുന്നു. ഈ പശ്ചാത്തലത്തിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെ പുറത്താക്കണമെന്ന ആവശ്യം യുവത്വത്തിന്റെ ധിക്കാരമല്ല. ജനാധിപത്യത്തിന്റെ സംരക്ഷകർ തന്നെ അതിന്റെ ശവക്കുഴി തോണ്ടാൻ അനുവദിക്കില്ലെന്ന ഭാവിതലമുറയുടെ നിലപാടാണത്.
ഫ്രാൻസിലും അൽബേനിയയിലും പോർച്ചുഗലിലും ഇറ്റലിയിലും തെരുവ് യുദ്ധങ്ങൾ പടരുമ്പോൾ, അതിനു തികച്ചും വിപരീതമായി ഇന്ത്യയിലെ യുവത പ്ലക്കാർഡുകളും കൂപ്പുകൈകളും സന്തോഷം തുളുമ്പുന്ന മുദ്രാവാക്യങ്ങളും ഗാന്ധിജിയുടെ അഹിംസാ സുവിശേഷവുമായി സമാധാനപരമായി മാർച്ച് ചെയ്യുന്നു. എന്നിട്ടും ഭയം ഗ്രസിച്ച ഭരണകൂടത്തിന്, ഉയർത്തിപ്പിടിച്ച ഭരണഘടനയും പാറിക്കളിക്കുന്ന ത്രിവർണ പതാകയും വരെ ചതച്ചരയ്ക്കപ്പെടേണ്ട ഭീഷണിയാണ്. സമാധാനപ്രിയരെ അവർ വലിച്ചിഴയ്ക്കുന്നു, ലാത്തിച്ചാർജ് ചെയ്യുന്നു, അധിക്ഷേപിക്കുന്നു; അധികാരസ്ഥാനങ്ങൾ വിറകൊള്ളുമ്പോൾ കൂപ്പുകൈപോലും ചുരുട്ടിയ മുഷ്ടിയായി തോന്നുമെന്നാണല്ലോ!
അധികാരത്തിന്റെ കോട്ടകൊത്തളങ്ങളെ ഭയം തീണ്ടിയിട്ടില്ലെന്ന് വാദത്തിനു വേണ്ടി സമ്മതിക്കാം. എങ്കിൽ അവിടെയൊരു ചോദ്യം ബാക്കിയുണ്ട്. യുവജനമുന്നേറ്റങ്ങൾ സർക്കാരുകളെ മറിച്ചിട്ട ശ്രീലങ്കയോ നേപ്പാളോ ബംഗ്ലാദേശോ അല്ല ഇന്ത്യയെന്ന് അധികാരികൾ പരിഭ്രാന്തിയോടെ ആവർത്തിക്കുന്നതു പിന്നെന്തിന്? കർഷകരുടെ വിജയം മുതൽ പ്രവേശനപ്പരീക്ഷാ വിവാദത്തിലെ സമീപകാല പ്രക്ഷോഭം വരെ, ജനശക്തി അധികാരത്തിന്റെ ഇടനാഴികളെ പലവട്ടം വിറപ്പിച്ചിട്ടുണ്ട്. ഈ യുവമുന്നേറ്റം ഒരു സർക്കാരിന്റെയും തല ചോദിക്കുന്നില്ല; നിഷ്കാസനത്തിലേക്കുള്ള അപകടകരമായ വഴിമാറ്റത്തിൽനിന്ന് ജനാധിപത്യത്തെ തിരികെ വലിച്ചുകൊണ്ടുവരാനാണ് അത് ശ്രമിക്കുന്നത്; മതാധിഷ്ഠിതമായ അന്തർധാര നമ്മുടെ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ ആത്മാവിനെ വിഷലിപ്തമാക്കുമെന്ന ആശങ്കയാണ് അവർ ഉയർത്തിക്കാട്ടുന്നത്. ഈ തിരുത്തൽ ശ്രമത്തെ അട്ടിമറിശ്രമമായി തെറ്റിദ്ധരിക്കുന്നത്, അധികാരകേന്ദ്രങ്ങളുടെ ഭയം കൊണ്ടല്ലെങ്കിൽ പിന്നെ എന്തുകൊണ്ടായിരിക്കും!
ജനാധിപത്യത്തിന്റെ സുപരിചിത സമരവേദിയായ ജന്തർ മന്തറിനെ ഭയത്തിന്റെ താഴിട്ട് പൂട്ടിയിരിക്കുകയാണിപ്പോൾ. ഇന്ന് അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ നേതാക്കൾ തന്നെ ഒരിക്കൽ സമരം ചെയ്ത ഇടമാണത്; അതിനെ വേലികെട്ടി അടയ്ക്കുന്നതു കൊണ്ട് ചരിത്രത്തെ മറവിയുടെ മണ്ണിട്ട് മൂടാനാവില്ല; അടിയന്തരാവസ്ഥയുടെ പുതുഗന്ധത്തെ മറയ്ക്കാനുമാവില്ല. ഇന്നത്തെ യുവസമരക്കാർക്ക് ഇന്നലത്തെ വിമതരെ ഓർമയുണ്ടാകണമെന്നില്ല. പക്ഷേ, ഇന്ന് തടവിൽ കിടക്കുന്നവരെ അവർക്ക് എളുപ്പം തിരിച്ചറിയാം. പുതിയ ക്രമത്തിൽ ചരിത്രത്തിന്റെ പാഠം ലളിതമാണ്: അധികാരത്തിലിരിക്കുന്നവർ സ്വന്തം സമരങ്ങൾ ഓർത്തുവയ്ക്കാനുള്ള അവകാശം കൈയാളുകയും, മറ്റെല്ലാവരും അത് മറക്കണമെന്നു ശഠിക്കുകയും ചെയ്യുന്നു.
മതത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയും പാർട്ടിയുടെയും ചങ്ങലകളില്ലാത്ത യുവതയാണ് ഇന്ത്യയിലെയും യൂറോപ്പിലെയും പ്രക്ഷോഭങ്ങളെ ബന്ധിപ്പിക്കുന്ന ശ്രദ്ധേയമായ സാമ്യം. ഇന്ത്യയിൽ പ്രതിപക്ഷ പിന്തുണയുണ്ടെന്നതുകൊണ്ട് ഈ സമരത്തിന്റെ അടിസ്ഥാനപരമായ രാഷ്ട്രീയേതര ആത്മാവ് ഇല്ലാതാകുന്നില്ല; ചീഞ്ഞളിഞ്ഞത് തുറന്നുകാട്ടുന്നവരെ പരിഹസിച്ചതുകൊണ്ട് അതിന്റെ സന്ദേശം മൂടിവയ്ക്കാനുമാകില്ല. യുവതികളുടെ ഉജ്ജ്വലമായ മാർച്ച് ഭരണവർഗത്തിന്റെ ലോകവീക്ഷണത്തോട് ഇടയുന്ന പുരോഗതിയുടെ പ്രതീകമാണ്. അതുകൊണ്ടാകാം, പുരോഗമനാശയങ്ങൾ പാശ്ചാത്യ ഇറക്കുമതിയാണെന്ന സൗകര്യപ്രദമായ പല്ലവി; സമത്വവും സ്വാതന്ത്ര്യവും വിദേശ പാസ്പോർട്ടുമായി വന്നതുപോലെയും, പിന്തിരിപ്പൻ മനോഭാവങ്ങൾ നാടിന്റെ സ്വന്തം സദ്ഗുണങ്ങളായതുപോലെയുമാണ് അധികാരവർഗത്തിന്റെ പ്രചാരണം.
വാൽക്കഷണം:
പിന്തിരിപ്പൻ മുന്നേറ്റം അത്ര നിർദയമായതിനാൽ, രാഷ്ട്രീയം ഇപ്പോൾ ഊണുമേശയിലും സ്ഥാനം പിടിച്ചിരിക്കുന്നു. ഭരണത്തിന്റെ ആദ്യ വിഭവം ബീഫായിരുന്നെങ്കിൽ, കേരളത്തിലെ ലോക്ഭവൻ വിളമ്പുന്നത് സസ്യാഹാരം മാത്രമുള്ള കപടഭക്തിയുടെ സദ്യയാണ്. ഭക്ഷണശീലങ്ങൾക്ക് മതപരമായ പവിത്രത ചാർത്താൻ പുരാതന അവശിഷ്ടങ്ങളെ കൂട്ടുപിടിക്കുന്നു; അസ്വാസ്ഥ്യജനകമായ പുരാണകഥകളാകട്ടെ സൗകര്യപൂർവം മെനുവിൽനിന്ന് ഒഴിവാക്കുന്നു. മതത്തിന്റെ പേരിൽ രാഷ്ട്രീയം തീൻമേശയ്ക്കു കാവൽ നിൽക്കുമ്പോൾ, പ്രശ്നം ഇനി ഭക്ഷണമല്ല; നിയന്ത്രണത്തിനും അധികാരത്തിനും വേണ്ടി വിശന്നിരിക്കുന്ന ഒരു പ്രത്യയശാസ്ത്രമാണ്.