

വിദ്യാഭ്യാസ ശാക്തീകരണം
ബി.എൽ. വർമ
കേന്ദ്ര സാമൂഹ്യ നീതി, ശാക്തീകരണ സഹ മന്ത്രി
സാമൂഹിക ശാക്തീകരണത്തിന്റെ കേന്ദ്രബിന്ദുവാണ് വിദ്യാഭ്യാസം. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നത് സ്കൂൾ വിദ്യാഭ്യാസം തുടരാനും ഉന്നത വിദ്യാഭ്യാസത്തിന് വഴിയൊരുക്കാനും ഗവേഷണം, പ്രൊഫഷണൽ മേഖലകൾ എന്നിവയിലെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനും സഹായിക്കുന്നു.
2014-15 മുതൽ 2025-26 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ സ്കോളർഷിപ്പുകൾ, പരിശീലനത്തിനുള്ള സാമ്പത്തിക സഹായം, വിദേശ വിദ്യാഭ്യാസത്തിനുള്ള പിന്തുണ, ഗവേഷണ ഫെലോഷിപ്പുകൾ എന്നിവയിലൂടെ സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് ഈ ലക്ഷ്യങ്ങൾക്കായി പ്രവർത്തിച്ചുവരുന്നു.
സാമ്പത്തിക തടസങ്ങൾ കുറയ്ക്കുകയും വിദ്യാഭ്യാസത്തിന്റെ തുടർച്ച ഉറപ്പാക്കുകയും ചെയ്യുന്നതിലാണ് വകുപ്പിന്റെ സമീപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പട്ടികജാതി (എസ്സി), മറ്റു പിന്നാക്ക വിഭാഗങ്ങൾ (ഒബിസി), സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ (ഇബിസി), വിജ്ഞാപനം ചെയ്യപ്പെട്ടതും നാടോടികളും അർധ നാടോടികളുമായ ഗോത്ര വിഭാഗങ്ങൾ (ഡിഎൻടി) എന്നിവർക്കുള്ള അവസരങ്ങൾ മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. സാമ്പത്തിക സഹായത്തോടൊപ്പം, സ്കോളർഷിപ്പ് വിതരണത്തിലെ പരിഷ്കാരങ്ങൾ സുതാര്യത, ഗുണഭോക്താക്കളുടെ പരിശോധന, സഹായം നേരിട്ട് ലഭ്യമാക്കൽ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു.
സ്കൂൾ കാലം മുതൽ പിന്തുണ
പട്ടികജാതി വിഭാഗങ്ങൾക്കും മറ്റ് അർഹരായവർക്കുമുള്ള പ്രീ- മെട്രിക് സ്കോളർഷിപ്പ് പദ്ധതി പ്രാരംഭ ഘട്ടത്തിൽ തന്നെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകുന്നു. സാക്ഷരത പ്രോത്സാഹിപ്പിക്കുക, പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നവരുടെ എണ്ണം കുറയ്ക്കുക, പട്ടികജാതി വിഭാഗങ്ങളിലെ കുട്ടികളുടെയും വൃത്തിഹീനവും അപകട സാധ്യതയുള്ള തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന മാതാപിതാക്കളോ രക്ഷിതാക്കളോ ഉള്ള കുട്ടികളുടെയും സ്കൂൾ വിദ്യാഭ്യാസം തുടർച്ചയായി ഉറപ്പാക്കുക എന്നിവയാണ് കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ലക്ഷ്യങ്ങൾ.
2014-15 മുതൽ 2025-26 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ പദ്ധതിക്കു കീഴിൽ 4,893 കോടി രൂപയുടെ കേന്ദ്രസഹായം അനുവദിച്ചു. ഈ കാലയളവിൽ ഏകദേശം 3 കോടി ഗുണഭോക്താക്കൾ പദ്ധതിയുടെ ആനുകൂല്യം നേടി. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 562 കോടി രൂപ അനുവദിച്ചതിലൂടെ ഏകദേശം 27 ലക്ഷം വിദ്യാർഥികൾക്ക് പ്രയോജനം ലഭിച്ചു. സ്കൂൾ വിദ്യാഭ്യാസ കാലത്തെ സാമ്പത്തിക പരിമിതികൾ പരിഹരിക്കുന്നതിലൂടെ പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് പഠനം തുടരാൻ സഹായിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷമുള്ള പഠനത്തിന് പട്ടികജാതി വിദ്യാർഥികൾക്കായുള്ള പോസ്റ്റ്- മെട്രിക് സ്കോളർഷിപ്പ് പദ്ധതി പിന്തുണ നൽകുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷമുള്ള പഠനത്തിന് കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുക, പഠനം തുടരുന്നവരുടെ എണ്ണം വർധിപ്പിക്കുക, ഉന്നത വിദ്യാഭ്യാസത്തിൽ പട്ടികജാതി വിദ്യാർഥികളുടെ പങ്കാളിത്തം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ പ്രധാന പദ്ധതിയുടെ ലക്ഷ്യങ്ങൾ.
2014-15 മുതൽ 2025-26 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ പദ്ധതിക്കു കീഴിൽ 46,581 കോടി രൂപയുടെ കേന്ദ്ര സഹായം അനുവദിച്ചു. ഈ കാലയളവിൽ ഏകദേശം 6.13 കോടി ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിച്ചു. 2025-26 സാമ്പത്തിക വർഷത്തിൽ 47.53 ലക്ഷം വിദ്യാർഥികൾക്ക് പദ്ധതിയുടെ പിന്തുണ ലഭിച്ചു.
ഡിജിറ്റൽ പരിഷ്കാരങ്ങളിലൂടെ സുതാര്യത ശക്തിപ്പെടുത്തുന്നു
2021-22 സാമ്പത്തിക വർഷം മുതൽ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ സംവിധാനത്തിലേക്ക് മാറിയത് സ്കോളർഷിപ്പ് വിതരണത്തിൽ നിർണായകമായ മാറ്റമായി. ഈ സംവിധാനത്തിലൂടെ സ്കോളർഷിപ്പ് തുക ആധാർ ബന്ധിപ്പിച്ച ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നു. ഉത്തരവാദിത്തം ശക്തിപ്പെടുത്തുക, കാലതാമസവും ചോർച്ചയും കുറയ്ക്കുക, വിദ്യാർഥികൾക്ക് സഹായം കൂടുതൽ കാര്യക്ഷമമായി ലഭ്യമാക്കുക എന്നിവയാണ് ഈ പരിഷ്കാരത്തിന്റെ ലക്ഷ്യങ്ങൾ.
ഡിജിറ്റൽ പരിശോധനയും ഈ സംവിധാനത്തിന്റെ മറ്റൊരു പ്രധാന ഘടകമായി മാറിയിട്ടുണ്ട്. വ്യാജവും ഇരട്ടിപ്പുമുള്ള ഗുണഭോക്താക്കളെ കണ്ടെത്താൻ ഡ്യൂപ്ലിക്കേഷൻ ഒഴിവാക്കുന്നതിനുള്ള സംവിധാനങ്ങൾ സഹായിക്കുന്നു. ബയോമെട്രിക് ആധികാരികത ഉറപ്പാക്കലും ഇലക്ട്രോണിക് "നോ യുവർ കസ്റ്റമർ' (ഇ- കെവൈസി) പരിശോധനയും വ്യക്തിത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തുന്നു. ഡിജി ലോക്കറുമായും എപിഐ സേതുവുമായുമുള്ള സംയോജനം സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും ഡിജിറ്റൽ പരിശോധനയ്ക്ക് സഹായിക്കുന്നു.
വിവിധ പദ്ധതികളിലും അധ്യയന വർഷങ്ങളിലുമായി ഗുണഭോക്താക്കളെ നിരീക്ഷിക്കാൻ ഒറ്റത്തവണ രജിസ്ട്രേഷൻ സംവിധാനം സഹായിക്കുന്നു. വിദ്യാഭ്യാസ ഡാറ്റാബേസുകളുമായുള്ള ബന്ധം സ്ഥാപനങ്ങളുടെയും വിദ്യാർഥികളുടെയും രേഖകളുടെ സാധുത ഉറപ്പാക്കുന്നു. യുഐഡിഎഐ, എൻപിസിഐ, പബ്ലിക് ഫിനാൻഷ്യൽ മാനെജ്മെന്റ് സിസ്റ്റം എന്നിവയുമായുള്ള ബന്ധം പണമിടപാട് നടപടികൾക്ക് പിന്തുണ നൽകുന്നു. ഈ നടപടികളെല്ലാം അർഹരായ വിദ്യാർഥികളിലേക്ക് സ്കോളർഷിപ്പ് സഹായം എത്തിക്കുന്നതിനുള്ള ഭരണ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നു.
ഉന്നത വിദ്യാഭ്യാസ, ഗവേഷണ അവസരങ്ങൾ തുറക്കുന്നു
പ്രീ- മെട്രിക്, പോസ്റ്റ്- മെട്രിക് സഹായങ്ങൾക്കപ്പുറം യുവപ്രതിഭകൾക്കായുള്ള ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതി (ശ്രേയസ്) പരിശീലനം, പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം, വിദേശ വിദ്യാഭ്യാസം, ഗവേഷണ അവസരങ്ങൾ എന്നിവയ്ക്കുള്ള പിന്തുണ ഉറപ്പാക്കുന്നു.
മത്സര പരീക്ഷകൾക്കും പ്രൊഫഷണൽ പരീക്ഷകൾക്കും തയാറെടുക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി, മറ്റു പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള പരിശീലനം ലഭ്യമാക്കുന്നതിനായി സൗജന്യ പരിശീലന പദ്ധതി സാമ്പത്തിക സഹായം നൽകുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ 9.87 കോടി രൂപ ചെലവഴിച്ച് 854 ഗുണഭോക്താക്കൾക്ക് സഹായം നൽകി. അക്കാദമിക, പ്രൊഫഷണൽ അവസരങ്ങൾക്കായി തയാറെടുക്കുമ്പോൾ വിദ്യാർഥികൾ നേരിടുന്ന സാമ്പത്തിക തടസങ്ങൾ കുറയ്ക്കുകയാണ് ഈ സഹായത്തിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന മിടുക്കരായ പട്ടികജാതി വിദ്യാർഥികൾക്ക് ടോപ്പ് ക്ലാസ് എജ്യുക്കേഷൻ പദ്ധതി പിന്തുണ നൽകുന്നു. പദ്ധതിക്കു കീഴിലുള്ള ചെലവ് 2014-15 സാമ്പത്തിക വർഷത്തിലെ 19 കോടി രൂപയിൽ നിന്ന് 2025-26 സാമ്പത്തിക വർഷത്തിൽ 117 കോടി രൂപയായി ഉയർന്നു. ഏകദേശം ആറിരട്ടിയാണ് വർധന. ഇതേ കാലയളവിൽ പ്രതിവർഷം ആനുകൂല്യം ലഭിക്കുന്നവരുടെ എണ്ണം 1,568ൽ നിന്ന് 4,742 ആയി ഉയർന്നു. ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ കൂടുതൽ വിപുലീകരിച്ചതിന്റെ പ്രതിഫലനമാണിത്.
പ്രശസ്തമായ അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നതപഠനം നടത്തുന്ന അർഹരായ പട്ടികജാതി വിദ്യാർഥികൾക്ക് നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് പദ്ധതി സഹായം നൽകുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ പദ്ധതിക്കായി 55 കോടി രൂപ ചെലവഴിച്ചു. ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് വർഷത്തിൽ 67 ഗുണഭോക്താക്കൾ വിദേശത്തേക്ക് പഠനത്തിനായി പോയി.
നാഷണൽ ഫെലോഷിപ്പ് ഫോർ എസ്സി സ്റ്റുഡന്റ്സ് പദ്ധതിയിലൂടെ ഗവേഷണത്തിനും പിന്തുണ നൽകുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ ഉന്നത വിദ്യാഭ്യാസ, ഗവേഷണ പരിപാടികളിൽ ഏർപ്പെട്ടിരിക്കുന്ന 4,218 ഗവേഷകർക്ക് 213 കോടി രൂപ ചെലവഴിച്ച് സഹായം നൽകി. ഉന്നത അക്കാദമിക പഠനത്തിൽ അവരുടെ പങ്കാളിത്തം തുടരാൻ ഇത്തരം സഹായങ്ങൾ സഹായിക്കുന്നു.
വിദ്യാഭ്യാസ അവസരങ്ങൾ തുടർച്ചയായി ഉറപ്പാക്കുന്നു
സ്കൂൾ വിദ്യാഭ്യാസം തുടരുന്നതിനുള്ള പിന്തുണ മുതൽ ഉന്നത വിദ്യാഭ്യാസം, മത്സരപരീക്ഷകൾക്കുള്ള തയാറെടുപ്പ്, വിദേശ പഠനം, ഗവേഷണം എന്നിവ വരെയുള്ള വിവിധ ഘട്ടങ്ങളിലായി തുടർച്ചയായ പ്രക്രിയയായാണ് വിദ്യാഭ്യാസ ശാക്തീകരണം നടപ്പാക്കുന്നത്. സാമ്പത്തിക സഹായവും കൂടുതൽ ശക്തമായ വിതരണ സംവിധാനങ്ങളും സംയോജിപ്പിക്കുന്നതിലൂടെ മുൻഗണനാ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ കൂടുതൽ പ്രാപ്യമാക്കാനും വിദ്യാർഥികൾക്ക് അവരുടെ അക്കാദമിക അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനും സഹായിക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സവിശേഷമായ "എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം' എന്ന കാഴ്ചപ്പാടിന് കീഴിൽ, 2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാൻ രാജ്യത്തുടനീളമുള്ള എല്ലാ വിഭാഗങ്ങളുടെയും സമഗ്ര വികസനം ഉറപ്പാക്കാൻ മന്ത്രാലയം ഒരു വിട്ടുവീഴ്ചയുമില്ലാതെ പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകുന്നു.