
ഗുരുഭക്തി വേണ്ടതാണ്, അതൊരു തെറ്റേയല്ല
ജ്യോത്സ്യൻ
ബൈബിളിലെ ഏറ്റവും ഹൃദയസ്പർശിയായ ഭാഗമാണ് അന്ത്യ അത്താഴവും ശിഷ്യന്മാരുടെ കാലുകൾ യേശു ക്രിസ്തു കഴുകിത്തുടച്ച് ചുംബിക്കുന്നതും. ഗുരു-ശിഷ്യ ബന്ധത്തിന്‍റെ ആഴവും പാവനതയുമാണ് ഈ കാൽ കഴുകൽ ശുശ്രൂഷ വെളിവാക്കുന്നത്. യോഹന്നാന്‍റെ സുവിശേഷത്തിൽ ഈ ലോകം വിട്ടു പോകുന്നതിനു മുമ്പാണ് യേശു ശിഷ്യരുടെ കാലുകൾ കഴുകി ചുംബിച്ചതെന്ന് പ്രത്യേകം പറയുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കണം എന്ന പുതിയൊരു കല്പന യേശു ശിഷ്യന്മാർക്ക് നൽകി.
അടുത്ത കാലത്തു വേദവ്യാസ ജയന്തി ഗുരുപൂജാ ദിനത്തിൽ കേരളത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളെക്കൊണ്ട് ഗുരുപാദ പൂജ ചെയ്തപ്പോഴുണ്ടായ അതിനിശിതമായ വിമർശനത്തെ ഈ പശ്ചാതലത്തിൽ വേണം കാണേണ്ടത്. ഗുരുക്കന്മാരെ ബഹുമാനിക്കുന്നതും വന്ദിക്കുന്നതും നമ്മുടെ ചരിത്രത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഭാഗമാണ്. ആരെയും നിർബന്ധിച്ച് ചെയ്യിക്കരുതെന്നു മാത്രം. ഗുരുക്കന്മാരെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്.
ഹൈന്ദവ കുടുംബങ്ങളിൽ പുറത്തേക്കു പോകുന്നവർ വീട്ടിലെ മുതിർന്നവരുടെ കാലു തൊട്ട് തൊഴുത് വണങ്ങി അനുഗ്രഹം വാങ്ങുന്ന രീതിയുണ്ട്. പുറത്തുനിന്നു വരുന്ന ഇളം തലമുറക്കാർ വീട്ടിലേക്കു കയറുമ്പോഴും മൂത്തവരുടെ പാദങ്ങൾ തൊട്ടു തൊഴും. മുൻകാലങ്ങളിൽ പുറത്തുനിന്നു വരുന്ന കാരണവന്മാരുടെ പാദം കഴുകാൻ കിണ്ടിയിൽ നിന്ന് വെള്ളം ഒഴിച്ചുകൊടുത്ത് തുണികൊണ്ടു തുടച്ച് വൃത്തിയാക്കിയിരുന്നു. ഇതെല്ലാം മുതിർന്നവരോടുള്ള ആദരവായി മാത്രം കാണേണ്ടതാണ്.
ക്രൈസ്തവ കുടുംബങ്ങളിൽ വീടുകളിൽ നിന്ന് ഇറങ്ങുമ്പോഴും വീട്ടിലേക്ക് കയറുമ്പോഴും ഈശോ മിശിഹയ്ക്ക് സ്തുതിയായിരിക്കട്ടെ എന്ന പ്രാർഥനയോടെ ആശംസകൾ നൽകി മൂത്തവരുടെ കൈ മുത്തുന്ന രീതിയുണ്ട്. മുസ്‌ലിം സഹോദരരും പരസ്പരം ആശ്ലേഷിച്ചാണ് ബഹുമാനവും സ്നേഹവും പ്രകടിപ്പിക്കുന്നത്. ജോത്സ്യന്‍റെ ചെറുപ്പകാലത്ത് സ്കൂളുകളിൽ ചൂരൽ കൊണ്ട് അടിച്ചും ചെവി തിരുമ്മി ചുവപ്പിച്ചുമൊക്കെ ഗുരുക്കന്മാർ ശിക്ഷിച്ചിരുന്നു. ഒരു എതിർശബ്ദവും ആരും ഉയർത്താറുണ്ടായിരുന്നില്ല. വീട്ടിലെത്തി പരാതി പറഞ്ഞാൽ അവിടെ നിന്നും കിട്ടുമായിരുന്നു ശിക്ഷ..! കാരണം, അധ്യാപകർ ശിക്ഷിച്ചെങ്കിൽ അതിനർഥം കുട്ടി തെറ്റു ചെയ്തു എന്നതു തന്നെ.
എന്നാൽ കാലം മാറി, വിദ്യാഭ്യാസ - പഠന രീതി മാറി. ഇന്നു കുട്ടികളെ തല്ലാൻ പറ്റില്ല. കഠിന ശിക്ഷ പാടില്ല. പീഡനത്തിലൂടെയല്ല, ഉപദേശിച്ചു വേണം തെറ്റു തിരുത്തിക്കാൻ. ബാലാവകാശ നിയമവും അത് നടപ്പിലാക്കുന്ന ഏജൻസികളും രംഗത്തുണ്ട്. ഇതൊക്കെയാണെങ്കിലും, ഗുരുക്കന്മാരെയും മുതിർന്നവരെയും സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും പുതിയ തലമുറ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. എത്ര വിദ്യാഭ്യാസം നേടിയാലും ജീവിത രീതിയിലും ശൈലിയിലും ബഹുമാനവും പരസ്പര സ്നേഹവും എളിമയും ഉണ്ടാകണമെന്നാണ് ജോത്സ്യന് പറയാനുള്ളത്.