ഹനുമാന് മാപ്പ് നൽകാത്തൊരു ഗ്രാമമുണ്ട്, ആ പേരിനു പോലും വിലക്കുള്ള നാട്; കാരണമറിയാം

ഹിമാലയൻ ഗ്രാമമായ ദ്രോണഗിരിയാണ് ഹനുമാന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
Himalayan village banned hanuman name and temples, reason and story

ഹനുമാന് മാപ്പ് നൽകാത്തൊരു ഗ്രാമമുണ്ട്, ആ പേരിനു പോലും വിലക്കുള്ള നാട്; കാരണമറിയാം

Updated on

ഹൈന്ദവ വിശ്വാസികളുടെ ഇഷ്ടദൈവങ്ങളിൽ പ്രധാനിയാണ് ഹനുമാൻ. എന്നാൽ ത്രേതായുഗത്തിൽ ചെയ്തൊരു തെറ്റിന്‍റെ പേരിൽ ഹനുമാനെ ഇന്നും അകറ്റി നി‌ർത്തുന്നൊരു ഗ്രാമമുണ്ട് ഇന്ത്യയിൽ. ഹനുമാൻ ക്ഷേത്രങ്ങളില്ലാത്ത, ഹനുമാൻ സ്തുതികളില്ലാത്ത, എന്തിനേറെ മാരുതൻ, ബജ്‌രംഗ്, സങ്കട്മോചൻ തുടങ്ങിയുള്ള ഹനുമാന്‍റെ പേരുകൾക്കു പോലും വിലക്കേർപ്പെടുത്തിയിരിക്കുന്നൊരു ഗ്രാമം. ഉത്തരാഘണ്ഡിലെ ചമോലി ജില്ലയിൽ സമുദ്രനിരപ്പിൽ നിന്ന് 14,000 അടി ഉയരത്തിലുള്ള ഹിമാലയൻ ഗ്രാമമായ ദ്രോണഗിരിയാണ് ഹനുമാന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് ഐതിഹ്യങ്ങൾ പ്രകാരം ത്രേതായുഗത്തിൽ ഹനുമാൻ ചെയ്തൊരു തെറ്റിനാണ് ഗ്രാമീണർ ഇപ്പോഴും മാപ്പ് നൽകാതെ മുന്നോട്ടു പോകുന്നത്. ലങ്കയിൽ രാമ-രാവണ യുദ്ധം നടക്കുന്ന കാലം. യുദ്ധത്തിൽ പരുക്കേറ്റ ലക്ഷ്മണൻ മരണശയ്യയിലായി. ഹിമാലയ പർവതങ്ങളിൽ വളരുന്ന മൃതസഞ്ജീവനി കൊണ്ടു വന്നെങ്കിൽ മാത്രമേ ലക്ഷ്മണനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ സാധിക്കൂ എന്ന് വൈദ്യന്മാർ വിധിയെഴുതി. അക്കാര്യത്തിനായി ശ്രീരാമൻ നിയോഗിച്ചത് ഹനുമാനെയാണ്. എന്നാൽ ഹിമാലയ പർവതത്തിലെത്തിയ ഹനുമാൻ ഏതാണ് ദിവ്യ ഔഷധ സസ്യം എന്നറിയാതെ ആശങ്കയിലായി.

ആ സമയത്ത് ദ്രോണഗിരിയിൽ നിന്നുള്ള ഒരു മുതിർന്ന സ്ത്രീ ഹനുമാന് വഴി കാട്ടിയായി. എന്നിട്ടും ഔഷധ സസ്യം കണ്ടെത്താൻ കഴിയാതെ വന്നതോടെ ഹനുമാൻ ആ മലയപ്പാടെ പിഴുതെടുത്ത് ലങ്കയിലേക്ക് യാത്രയായി. ദിവ്യ ഔഷധം ലഭിച്ചതോടെ ലക്ഷ്മണൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ശ്രീരാമൻ സന്തുഷ്ടനായി. ‌രാവണനെ വധിച്ചതോടെ ലോകവും സന്തോഷത്തിലാറാടി. എന്നാൽ ദ്രോണഗിരിയിലുള്ളവർ മാത്രം സന്തുഷ്ടരായിരുന്നില്ല. മല അപ്പാടെ എടുത്തു കൊണ്ടു പോകുന്നതിന് മുൻപ് ഹനുമാൻ പ്രദേശവാസികൾ ആരാധിക്കുന്ന ലാതു ദേവ്തയോട് അനുവാദം വാങ്ങിയില്ലെന്നതാണ് ദ്രോണഗിരിക്കാതെ വിഷമിപ്പിച്ചത്. ഹനുമാൻ എത്തിയ സമയത്ത് ലാതു ദേവ്ത വർവത ശിഖരത്തിലൊന്നിൽ ധ്യാനത്തിലായിരുന്നു.

ദ്രോണഗിരിയിലിപ്പോഴും ഹനുമാൻ എടുത്തു കൊണ്ടു പോയ മലയിരുന്ന സ്ഥലം ശൂന്യമായി തുടരുന്നുണ്ടെന്നും അതൊരു മുറിവാണെന്നുമാണ് ഗ്രാമീണർ പറയുന്നത്. ഓരോ തവണയും ഗ്രാമീണർ ആ പ്രദേശത്തേക്ക് നോക്കുമ്പോൾ ഹനുമാൻ തങ്ങളെ വഞ്ചിച്ചതായി ഗ്രാമീണർക്കു തോന്നും.

ഹനുമാനുമായി ബന്ധപ്പെട്ടതൊന്നും ഗ്രാമത്തിൽ കാണില്ല. ഹനുമാനെ സൂചിപ്പിക്കുന്ന ചുവന്ന കൊടിക്കൂറ പോലും ഇവിടെ നിരോധിക്കപ്പെട്ടിരിക്കുകയാണ്. ലാതു ദേവ്തയെ മാത്രമാണ് ഗ്രാമീണർ ആരാധിക്കുന്നത്. ഹനുമാന് വഴി കാട്ടിയ മുതിർന്ന സ്ത്രീയെ ഗ്രാമത്തിൽ നിന്ന് പുറത്താക്കിയെന്നും അവരെ പിന്നീടൊരിക്കലും ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചിട്ടില്ലെന്നുമാണ് കഥ. ദ്രോണഗിരിയിലുള്ളവർക്ക് ഹനുമാനോട് വെറുപ്പില്ല. ഹനുമാന് ശ്രീരാമചന്ദ്രനോടുള്ള ഭക്തി അവർക്ക് തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. എങ്കിലും അനുവാദം ചോദിക്കാതെയുള്ള പ്രവൃത്തിക്ക് മാപ്പ് നൽകാൻ അവർ തയാറല്ല.

logo
Metro Vaartha
www.metrovaartha.com