

കരിമരുന്നിൽ എരിഞ്ഞു തീരുന്നവർ; പാഠമാകാത്ത വെടിക്കെട്ടപകടങ്ങൾ
മറ്റൊരു വെടിക്കെട്ട് ദുരന്തത്തിനു കൂടി സാക്ഷിയായിരിക്കുകയാണ് കേരളം. തൃശൂരിലെ മുണ്ടത്തിക്കോടിൽ തൃശൂർ പൂരം ഒരുക്കത്തിനിടെയുണ്ടായ വൻ പൊട്ടിത്തെറി നിരവധിപേരുടെ ജീവനാണ് എടുത്തിരിക്കുന്നത്. കേരളത്തിലെ ഉത്സവങ്ങളിലെ പ്രധാന ഘടകമാണ് വലിയ ശബ്ദത്തോടെയുള്ള വെടിക്കെട്ട്. വെടിക്കെട്ട് കാണാനും ആസ്വദിക്കാനുമായി മറ്റു ജില്ലകളിൽ നിന്നുള്ളവർ വരെ കൂട്ടത്തോടെ എത്താറുണ്ട്.
ഇതാദ്യമായല്ല കേരളത്തിൽ വെടിക്കെട്ടപകടങ്ങൾ ഉണ്ടാകുന്നത്. കൊല്ലം പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ 114 പേർ മരിച്ചതുൾപ്പെടെ ചെറുതും വലുതുമായ വെടിക്കട്ട് അപകടങ്ങളിൽ പൊലിഞ്ഞവർ അനവധിയാണ്. 20 വർഷത്തിനിടെ 750 വെടിക്കെട്ടപകടങ്ങൾ ഉണ്ടായതായാണ് ഔദ്യോഗിക കണക്കുകൾ.
പുറ്റിങ്ങൽ വെടിക്കെട്ട് അപകടം (2016)
2016ൽ കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. 110 പേർ മരിച്ചുവെന്നും 300 പേർക്ക് പരുക്കേറ്റുവെന്നുമാണ് ഔദ്യോഗിക വിവരം. ജില്ലാ ഭരണകൂടത്തിന്‍റെ വിലക്ക് ലംഘിച്ച് നടത്തിയ വെടിക്കെട്ടിനിടെ കമ്പപ്പുരയ്ക്ക് തീ പിടിക്കുകയായിരുന്നു. പ്രാദേശിക വെടിക്കെട്ട് സംഘങ്ങൾ തമ്മിൽ നടത്തിയ മത്സരമാണ് ദുരന്തത്തിനു കാരണമായത്. ഒന്നര കിലോമീറ്ററോളം ദൂരത്തിൽ സ്ഫോടനത്തിന്‍റെ പ്രകമ്പനമുണ്ടായെന്നും പ്രാദേശികവാസികൾ പറയുന്നു.
വെടിക്കെട്ടപകടങ്ങളുടെ പട്ടിക
2016 എറണാകുളം ജില്ലയിലെ മരട് കൊട്ടാരം ഭഗവതി ക്ഷേത്രം താലപ്പൊലിക്ക് വെടിക്കെട്ട് തയ്യാറാക്കുന്ന തെക്കേ ചേരുവാരം വെടിക്കെട്ട്പുരയിൽ ഉണ്ടായ സ്‌ഫോടനത്തിൽ 2 പേർ മരിച്ചു.
2013-പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്കനിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടത് ആറ് പേർ.
2011-ഷൊർണൂരിനടുത്ത് ത്രാങ്ങാലിയിൽ വെടിക്കെട്ടുപുരയ്ക്ക് തീപിടിച്ച് 13 പേർ കൊല്ലപ്പെട്ടു.
2008 -എറണാകുളം ജില്ലയിലെ മരടിൽ കൊട്ടാരം ഭഗവതി ക്ഷേത്രം താലപ്പൊലി വെടിക്കെട്ടിനിടെ ഡൈന ആളുകളുടെ ഇടയിൽ വീണു പൊട്ടി 3 പേർ മരിച്ചു.
2006-തൃശൂർ പൂരത്തിന് വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടത്തിൽ 7 പേർ മരിച്ചു.
1999-പാലക്കാട് ആളൂരിൽ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടത്തിൽ 8 പേർ മരിച്ചു.
1998-പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയ്ൽ 13 മരണം.
1997-തൃശൂർ ചിയ്യാരം പടക്കനിർമ്മാണശാലയിലെ പൊട്ടിത്തെറിയിൽ ആറ് മരണം.
1990-കൊല്ലം മലനടയിൽ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടത്തിൽ 26 പേരാണ് മരിച്ചത്.
1989-തൃശൂർ കണ്ടശ്ശംകടവ് പള്ളിയിൽ വീണ്ടുമുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത് 12 പേർ.
1988-തൃപ്പൂണിത്തുറയിൽ വെടിക്കെട്ട് മരുന്നുപുരക്ക് തീപിടിച്ച് 10 ജോലിക്കാർ മരിച്ചു.
1987 എറണാകുളം ജില്ലയിലെ മരട് കൊട്ടാരം ഭഗവതി ക്ഷേത്രം താലപ്പൊലി വെടിക്കെട്ടിന് വെടിക്കെട്ടൊരുക്കുന്ന വടക്കേ ചേരുവാരം വെടിക്കെട്ട് പുരയ്ക്കു തീപിടിച്ചു 5 മരണം
1987-തൃശൂർ വേലൂരിൽ വെള്ളാട്ടഞ്ചൂർ -കൂട്ടന്മൂലി ക്ഷേത്രത്തിലെ അപകടത്തിൽ 20 പേർ കൊല്ലപ്പെട്ടു.
1984-തൃശൂർ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടത്തിൽ 20 മരണം.
1978-തൃശൂർ പൂരത്തോട് അനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആൾക്കൂട്ടത്തിൽ പതിച്ചുണ്ടായ അപകടത്തിൽ മരണം എട്ട്
1952-ശബരിമലയിൽ ജനുവരി 14ന് പകൽ മൂന്ന് മണിക്കുണ്ടായ കരിമരുന്നു സ്ഫോടനത്തിൽ മരണം 68.