

വനിതാ സംരംഭകർ നേരിടുന്ന വെല്ലുവിളികളും പരിഹാര മാർഗങ്ങളും.
Freepik.com - Representative image
AI generated summary, newsroom reviewed
(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്റ്ററാണ് ലേഖകൻ)
സംരംഭ മേഖല വനിതകൾക്ക് ആശ്രയിക്കാവുന്ന മികച്ച ഒരു ജീവിത മാർഗമാണ്. നന്നായി പ്രവർത്തിച്ചാൽ നന്നായി വളരാൻ കഴിയുന്ന ഒരു രംഗം. വലിയ സാമൂഹ്യ സാമ്പത്തിക മുന്നേറ്റം ഉണ്ടാക്കാൻ കഴിയുന്ന ഒരു പാത കൂടിയാണ് സംരംഭ മേഖല. പ്രതിസന്ധികളെ അതിജീവിച്ച് ഈ മേഖലയിൽ സ്ഥാനം കണ്ടെത്തിയ വനിതാ സംരംഭകർ മികച്ച വിജയം കൊയ്ത് മുന്നേറുന്നത് കാണാനാവും. കേന്ദ്ര എംഎസ്എംഇ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം ഇന്ത്യയിലെ സംരംഭകരുടെ ഉടമസ്ഥതയിൽ വനിതാ സംരംഭകരുടെ പങ്കാളിത്തം 28.8% ആണ്. (2024-25 ലെ വാർഷിക റിപ്പോർട്ട്).
2023 - 24 ലെ കേരള സർക്കാരിന്‍റെ സംരംഭക വർഷം -2 പ്രമാണിച്ച് ആരംഭിച്ച സംരംഭങ്ങളിൽ വനിതകളുടെ ഉടമസ്ഥത പങ്കാളിത്തം 31.19% ആണെന്നത് എടുത്തു പറയാവുന്ന നേട്ടമാണ്. സംരംഭ മേഖലയിലേക്ക് കടന്നുവരുന്ന വനിതകൾ നേരിടുന്ന വെല്ലുവിളികളും അതിജീവിക്കാൻ വേണ്ട മാർഗങ്ങളുമാണ് ഇതിൽ പറയുന്നത്.
വിൽക്കാവുന്നവ മാത്രമേ തെരഞ്ഞെടുക്കാവൂ
പൊതുജനത്തിന് ആവശ്യമുള്ള അല്ലെങ്കിൽ വിറ്റഴിക്കാൻ കഴിയുന്ന ഒരു ഉത്പന്നമോ സേവനമോ കണ്ടെത്തുക എന്നുള്ളതാണ് ഏതൊരാളും ഒരു സംരംഭം തുടങ്ങുന്നതിനു മുൻപ് ചെയ്യേണ്ട പ്രാഥമികമായിട്ടുള്ള കാര്യം. വനിത ആയതു കൊണ്ട് പ്രത്യേക ഇളവ് ഒന്നും ഇക്കാര്യത്തിൽ ഇല്ല. എന്തുണ്ടാക്കിയാലും അത് വിൽക്കുകയും പണം തിരികെ വരുകയും വേണം അത്തരത്തിലുള്ള ഒരു പ്രൊജക്റ്റ് ഐഡിയ കണ്ടെത്തുക എന്നുള്ളതാണ് ഒന്നാമത്തെ ടാസ്ക്.
ലൈസൻസുകളും അനുമതികളും
സംരംഭത്തിന്‍റെ സ്വഭാവം അനുസരിച്ച് ലൈസൻസുകളിലും അനുമതികളിലും വ്യത്യാസം വരും. ഒരു ഭക്ഷ്യ സംസ്കരണ സംരംഭമാണ് എങ്കിൽ അതിനു ഫുഡ് സേഫ്റ്റി രജിസ്ട്രേഷൻ/ ലൈസൻസ് വേണം. ഒരു ഇലക്‌ട്രിക് / ഇലക്‌ട്രോണിക്സ് പോലുള്ള ഉത്പന്നമാണെങ്കിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അനുമതി ആവശ്യമാണ്.
പാക്ക് ചെയ്ത് വിൽക്കുന്ന ഉത്പന്നങ്ങളാണെങ്കിൽ അതിന് പാക്കർ ലൈസൻസ് എടുത്തിരിക്കണം. മെഡിസിൻ ആയി ഉപയോഗിക്കുന്ന ഏതൊരു പ്രൊഡക്റ്റ് ഉണ്ടാക്കണമെങ്കിലും ഡ്രഗ് കൺട്രോളറുടെ അനുമതി വേണം.
അതുപോലെ പ്രൊഡക്ഷൻ പ്ലാന്‍റ് തുടങ്ങുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡ്, ഫാക്റ്ററീസ് ആൻഡ് ബോയിലേഴ്സ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ അനുമതികൾ സംരംഭത്തിന്‍റെ സ്വഭാവം അനുസരിച്ച് വേണം. 5 എച്ച് പിയിൽ അധികരിക്കാതെ പവർ ഉപയോഗിക്കുന്ന സ്ഥാപനങ്ങളെ പ്രത്യേകിച്ച് കുടുംബ വ്യവസായ സ്ഥാപനങ്ങളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഓഫീസുകളിൽ പോകാതെ തന്നെ ലൈസൻസുകൾ എടുക്കുന്നതിന് കേരളത്തിൽ ഇപ്പോൾ ഓൺലൈൻ സംവിധാനം (കെ സിഫ്റ്റ് ) ഫലപ്രദമായി പ്രവർത്തിച്ചു വരുന്നുണ്ട്.
ഫണ്ടിങ്
നിരവധി കേന്ദ്ര-സംസ്ഥാന സർക്കാർ വായ്പ പദ്ധതികൾ വനിതകൾക്ക് ലഭ്യമാണ്. വനിതകൾക്ക് മാത്രമായുള്ള പദ്ധതികൾ കുറവാണെങ്കിലും വനിതകളെ പ്രത്യേക ക്യാറ്റഗറിയായി കണ്ടുകൊണ്ട് നിരവധി വായ്പ പദ്ധതികൾ ഇന്ന് ലഭ്യമാണ്. പിഎംഇജിപി, നാനോ സംരംഭങ്ങൾക്ക് ഗ്രാൻഡ് കൊടുക്കുന്ന പദ്ധതി, എന്‍റെ ഗ്രാമം, മൾട്ടി പർപ്പസ് ജോബ് ക്ലബ്ബ്, വി-മിഷൻ, എന്‍റർപ്രണർ സപ്പോർട്ട് സ്കീം, പിഎംഎഫ്എംഇ, മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി, വനിതാ വികസന കോർപ്പറേഷൻ സംരംഭം വായ്പ പദ്ധതികൾ, പലിശ ഇളവ് നൽകുന്ന പ്രത്യേക പദ്ധതികൾ എന്നിവയെല്ലാം ബാങ്ക് വായ്പക്ക് ഒപ്പം സബ്സിഡി കൂടി ലഭ്യമാക്കുന്നുണ്ട്.
വനിതകൾക്ക് (SC/STവിഭാഗങ്ങൾക്കും ) നൽകി വരുന്ന സ്റ്റാൻഡ് ഇന്ത്യ പദ്ധതി പ്രകാരം ഒരു കോടി രൂപ വരെ പ്രത്യേക കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ തന്നെ വായ്പ ലഭിക്കും.
നാനോ സംരംഭങ്ങൾക്ക് മാർജിൻ മണി ഗ്രാൻഡ് ( സബ്സിഡി ) കൊടുക്കുന്ന ഒരു പദ്ധതി സംസ്ഥാനസർക്കാർ വിജയകരമായി നടപ്പാക്കി വരുന്നുണ്ട്. ഇത് പ്രകാരം വനിതാ സംരംഭകർക്ക് 10 ലക്ഷം രൂപ വരെയുള്ള പദ്ധതികൾ നടപ്പാക്കുമ്പോൾ 4 ലക്ഷം രൂപ ഗവൺമെന്‍റ് സബ്സിഡിയും 4 ലക്ഷം രൂപ ബാങ്കിന്‍റെ വായ്പയും 2 ലക്ഷം രൂപ സംരംഭകയുടെ വിഹിതവും ആയി കണക്കാക്കി പദ്ധതി ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ കഴിയുന്നു ഇത് ഇപ്പോൾ വളരെ വിജയകരമായി നടപ്പാക്കി വരുന്നുണ്ട് നിർമാണ സ്ഥാപനങ്ങൾക്കും സേവന സ്ഥാപനങ്ങൾക്കും ഈ പദ്ധതി ആനുകൂല്യം ലഭിക്കും. എന്നാൽ കച്ചവടത്തിന് കിട്ടില്ല. ഫാമുകൾക്കും ലഭിക്കില്ല
വ്യക്തമായ പദ്ധതി ഐഡിയ ഉണ്ടെങ്കിൽ ഇന്ന് വായ്പ ലഭിക്കാനുള്ള സൗകര്യങ്ങൾ ഒട്ടനവധിയാണ്.
ജിഎസ്ടി രജിസ്ട്രേഷൻ നല്ലതാണ്
ചെറുകിട സംരംഭകരെ സംബന്ധിച്ച് 40 ലക്ഷം രൂപ വരെ വാർഷിക വിറ്റ് വരവുള്ള നിർമാണ സ്ഥാപനങ്ങളെയും 20 ലക്ഷം രൂപ വരെ വിറ്റുവരവുള്ള സേവന വ്യാപാര സ്ഥാപനങ്ങളെയും ജിഎസ്ടിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ നല്ല രീതിയിൽ ബിസിനസ് ചെയ്യണമെങ്കിൽ ജിഎസ്ടി എടുക്കേണ്ടി വരും എന്നുള്ളതാണ് അവസ്ഥ.അതാണ് അഭികാമ്യം. ഇൻകം ടാക്സ് എല്ലാവർക്കും ഒരുപോലെ ബാധകമാണ്.