നിയമസഭകൾക്ക് പൊതു ഡിജിറ്റൽ ഓഡിറ്റ് മോണിറ്ററിങ് പ്ലാറ്റ്‌ഫോം വേണം

നിയമനിർമാണ സമിതികളുടെ പ്രവർത്തനത്തിൽ സാങ്കേതിക വിദ്യയുടെ കൂടുതൽ സംയോജനം വേണം.
Om Birla

Lok Sabha Speaker

ഓം ബിർള

ലോക്സഭാ സ്പീക്കർ

Updated on: 

(പാർലമെന്‍റിലെയും സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അധ്യക്ഷന്മാരുടെ ദ്വിദിന സമ്മേളനത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ നടത്തിയ അധ്യക്ഷ പ്രസംഗം)

--------------------

* ഓഡിറ്റിലും മൂല്യനിർണയത്തിലും ശക്തമായ സംവിധാനം വികസിപ്പിക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചു പ്രവർത്തിക്കണം.

* പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികളെ ശക്തിപ്പെടുത്താനും നിയമനിർമാണ മേൽനോട്ടം കൂടുതൽ ആഴത്തിലാക്കുന്നതിനും "കേരളം പ്രമേയം' നിർണായക വഴിത്തിരിവാകും.

* പിഎസി അംഗങ്ങൾക്കും കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഉദ്യോഗസ്ഥർക്കും നിയമസഭാ ജീവനക്കാർക്കും പുതിയ സാങ്കേതികവിദ്യകളിൽ ശേഷി വർധനവും പരിശീലനവും വേണം.

--------------------------

ഓം ബിർള

ലോക്സഭാ സ്പീക്കർ

നിയമനിർമാണ സമിതികളുടെ പ്രവർത്തനത്തിൽ സാങ്കേതിക വിദ്യയുടെ കൂടുതൽ സംയോജനം വേണം. പാർലമെന്‍റിലെ സമിതികൾക്ക് ലഭ്യമായ പ്ലാറ്റ്‌ഫോമിന്‍റെ മാതൃകയിൽ സംസ്ഥാന നിയമസഭകൾക്കായി ഒരു ഏകീകൃത ഡിജിറ്റൽ "ഓഡിറ്റ് മോണിറ്ററിങ് പ്ലാറ്റ്‌ഫോം' രൂപീകരിക്കണം. ഓഡിറ്റ് നിരീക്ഷണങ്ങൾ ചിട്ടയായി നിരീക്ഷിക്കുന്നതിനും തുടർനടപടികൾ ശക്തിപ്പെടുത്തുന്നതിനും ഓഡിറ്റ് റിപ്പോർട്ടുകൾ സമയബന്ധിതമായി പരിശോധിച്ച് തീർപ്പാക്കുന്നതിനും ഇത് സഹായിക്കും.

സാങ്കേതികവിദ്യ സ്ഥാപനപരമായ മാറ്റത്തിനുള്ള ഉപകരണമായി മാറണം. ഡിജിറ്റൽ നവീകരണങ്ങൾ സ്വീകരിക്കുന്നത് നിയമനിർമാണ മേൽനോട്ടത്തിന്‍റെ കാര്യക്ഷമതയും സുതാര്യതയും ഫലപ്രാപ്തിയും ഗണ്യമായി വർധിപ്പിക്കും. അതേസമയം, സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കണം. സാങ്കേതിക പുരോഗതി എല്ലായ്‌പ്പോഴും മാനുഷിക മൂല്യങ്ങളിലും വിവേകത്തിലും സംവേദനക്ഷമതയിലും അധിഷ്ഠിതമായിരിക്കണം. സ്ഥാപനങ്ങളുടെ ഉത്തരവാദിത്തബോധം ശക്തിപ്പെടുത്തുന്നതിനും തീരുമാനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സാങ്കേതികവിദ്യ സഹായിക്കണം. എന്നാൽ മനുഷ്യന്‍റെ വിവേചനബുദ്ധിക്കും വിലയിരുത്തൽശേഷിക്കും പകരമാകാൻ അതിന് ഒരിക്കലും കഴിയില്ല. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ സൃഷ്ടിക്കപ്പെടുകയും ലഭ്യമാക്കുകയും ചെയ്യുന്ന വിവരങ്ങളുടെ കൃത്യത, ആധികാരികത, നിഷ്പക്ഷത എന്നിവ നിലനിർത്തണം. സാങ്കേതികവിദ്യാധിഷ്ഠിത ഭരണത്തിന്‍റെ വിശ്വാസ്യത ആത്യന്തികമായി തീരുമാനങ്ങൾ കൈക്കൊള്ളാൻ ഉപയോഗിക്കുന്ന വിവരങ്ങളുടെ വിശ്വസനീയതയെ ആശ്രയിച്ചിരിക്കുന്നു.

ലോക്‌സഭാ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അധ്യക്ഷൻ കെ.സി. വേണുഗോപാൽ സമ്മേളനത്തിൽ മുന്നോട്ടുവച്ച നിർദേശങ്ങൾ പരാമർശിക്കേണ്ടതാണ്. തുടർച്ചയായ പരിശോധനയും ഓഡിറ്റ് റിപ്പോർട്ടുകൾ സമയബന്ധിതമായി തീർപ്പാക്കലും സംബന്ധിച്ച പൊതുവായ വെല്ലുവിളികൾ പരിഹരിക്കുന്നതിന് പാർലമെന്‍റിലെയും സംസ്ഥാന നിയമസഭകളിലെയും സമിതികൾ സംയുക്തമായി സമഗ്രമായ ഓഡിറ്റ്- വിലയിരുത്തൽ സംവിധാനം രൂപപ്പെടുത്തണം. ഏകോപിതമായ സ്ഥാപനസംവിധാനം കൂടുതൽ സഹകരണം വളർത്തുന്നതിനും അനുഭവങ്ങൾ പങ്കുവയാനും രാജ്യത്തുടനീളമുള്ള പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റികളുടെ കൂട്ടായ ശേഷി ശക്തിപ്പെടുത്താനും സഹായിക്കും.

പൊതുജനങ്ങളുടെ പണം ചെലവഴിക്കുന്നതിൽ സുതാര്യത ഉറപ്പാക്കുന്നതിൽ പിഎസികളുടെ ഒഴിച്ചുകൂടാനാവാത്തതാണ്. കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) സ്വതന്ത്രവും നിഷ്പക്ഷവുമായ ഓഡിറ്റുകൾ നടത്തുമ്പോൾ, ഓഡിറ്റ് കണ്ടെത്തലുകൾ പരിശോധിക്കുകയും വിശദമായ വസ്തുതാപരമായ പരിശോധന നടത്തുകയും സമിതിയുടെ ശുപാർശകളിൽ ഫലപ്രദമായ തുടർനടപടികൾ ഉറപ്പാക്കുകയും ചെയ്യുന്ന നിർണായക ചുമതല പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികൾക്കാണുള്ളത്. ഓഡിറ്റ് നിരീക്ഷണങ്ങൾ കേവലം റിപ്പോർട്ടുകളിലും രേഖകളിലും ഒതുങ്ങിനിൽക്കരുത്; അവ അനുയോജ്യമായ തിരുത്തൽ നടപടികളായും ഭരണപരമായ പ്രവർത്തനങ്ങളിലെ പ്രകടമായ മെച്ചപ്പെടുത്തലുകളായും മാറണം. ഭരണനിർവഹണ വിഭാഗം ഈ സമിതികളുടെ ശുപാർശകൾക്ക് അർഹമായ പ്രാധാന്യം നൽകുകയും അവ സമയബന്ധിതമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

പാർലമെന്‍റിന്‍റെയും സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളുടെയും പിഎസി ചെയർപേഴ്‌സൺമാരുടെ സമ്മേളനത്തിൽ അംഗീകരിച്ച "കേരളം പ്രമേയം' (Keralam Resolution) വരും വർഷങ്ങളിൽ ഈ പ്രധാനപ്പെട്ട പാർലമെന്‍ററി- നിയമസഭാ സ്ഥാപനങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന വഴികാട്ടിയായും ദീർഘവീക്ഷണമുള്ള ഒരു റോഡ്‌ മാപ്പായും വർത്തിക്കും. സമ്മേളനത്തിൽ ഉയർന്നുവന്ന സമ്പന്നമായ ചർച്ചകളും കൂട്ടായ വിവേകവും ശുപാർശകളും പ്രായോഗിക നടപടികളിലൂടെ അർഥവത്തായ രൂപം പ്രാപിക്കണം. സാമ്പത്തിക അച്ചടക്കം ശക്തിപ്പെടുത്തുക, സ്ഥാപനപരമായ ശേഷി വർധിപ്പിക്കുക, കേന്ദ്ര- സംസ്ഥാന തലങ്ങളിൽ ഭരണനിർവഹണം കൂടുതൽ സുതാര്യവും ജനകീയവും ഫലപ്രാപ്തിയിൽ അധിഷ്ഠിതവുമാക്കുക എന്നിവയായിരിക്കണം അന്തിമ ലക്ഷ്യം. ഇതിലെ ശുപാർശകൾ നിയമസഭയുടെയും ഭരണനിർവഹണ വിഭാഗത്തിന്‍റെയും പ്രവർത്തനങ്ങളിൽ അർഥവത്തായി പ്രതിഫലിക്കുമെന്ന ആത്മവിശ്വാസമുണ്ട്. പ്രമേയത്തിന്‍റെ ഫലപ്രദമായ നടപ്പാക്കൽ ജനാധിപത്യ സ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തും. പൊതുജനവിശ്വാസം വർധിപ്പിക്കും. നിയമനിർമാണ മേൽനോട്ടത്തിന്‍റെ ഗുണനിലവാരം കൂട്ടും.

വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക ക്ഷേമം, ഗ്രാമീണ വികസനം തുടങ്ങിയ സുപ്രധാന മേഖലകളിൽ പൊതു നിക്ഷേപത്തിന്‍റെ വ്യാപ്തി വർധിച്ചുവരുന്നത് പൊതു ഫണ്ടുകളുടെ വിവേകപൂർണവും ലക്ഷ്യാധിഷ്ഠിതവുമായ വിനിയോഗം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം കൂടുതൽ പ്രധാനപ്പെട്ടതാക്കി. പൊതുജനങ്ങളുടെ ഓരോ രൂപയും കൃത്യമായി കണക്കു കാണിക്കുകയും ഏത് ആവശ്യത്തിനാണോ അനുവദിച്ചത് അതിനായി മാത്രം വിനിയോഗിക്കുകയും വേണം.

അതുകൊണ്ടുതന്നെ, നിയമനിർമാണ മേൽനോട്ടം ചെലവഴിച്ച തുക പരിശോധിക്കുന്നതിനപ്പുറം, പൊതു ഫണ്ടുകൾ ഉദ്ദേശിച്ച ആനുകൂല്യങ്ങൾ നൽകുന്നുണ്ടോ എന്നും പൗരന്മാരുടെ ജീവിതത്തിൽ പ്രകടമായ മാറ്റങ്ങൾ വരുത്തുന്നുണ്ടോ എന്നും വിലയിരുത്തണം. ഗവൺമെന്‍റ് പ്രോഗ്രാമുകളുടെയും പദ്ധതികളുടെയും മൂല്യനിർണയത്തിൽ അവയുടെ തുടർച്ച, ഗുണനിലവാരം, സമയബന്ധിതമായ നടപ്പാക്കൽ, യഥാർഥ ഫലപ്രാപ്തി എന്നിവ ഉൾപ്പെടണം. സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കലാകട്ടെ, നിശ്ചിത സമയപരിധിക്കുള്ളിൽ പദ്ധതികൾ പൂർത്തിയാക്കലാകട്ടെ, അർഹരായ ഗുണഭോക്താക്കൾക്ക് ക്ഷേമാനുകൂല്യങ്ങൾ സമയബന്ധിതമായി എത്തിക്കലാകട്ടെ, പൊതുസേവന വിതരണത്തിന്‍റെ ഓരോ വശവും വ്യവസ്ഥാപിതമായ പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിധേയമാക്കണം. വകുപ്പുതല സ്റ്റാൻഡിങ് കമ്മിറ്റികളും ഇക്കാര്യത്തിൽ പ്രധാനപ്പെട്ട വിലയിരുത്തലുകൾ നടത്തുന്നുണ്ടെങ്കിലും സാമ്പത്തിക ഔചിത്യവും പൊതുചെലവിലെ ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിൽ പ്രത്യേകിച്ച് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് നിർണായക ഉത്തരവാദിത്തമുണ്ട്.

സ്ഥാപനപരമായ ശേഷി ശക്തിപ്പെടുത്തണം. വേഗത്തിലുള്ള സാങ്കേതിക മാറ്റങ്ങളുടെ ഈ യുഗത്തിൽ സിഎജി, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികൾ എന്നിവയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിരന്തരമായ ശേഷി വർധനവും പ്രൊഫഷണൽ വികസനവും അത്യാവശ്യമാണ്. പാർലമെന്‍റ് അംഗങ്ങളും സംസ്ഥാന നിയമസഭാംഗങ്ങളും തങ്ങളുടെ മേൽനോട്ട ഉത്തരവാദിത്തങ്ങളിൽ പുതിയ സാങ്കേതികവിദ്യകൾ മനസിലാക്കാനും ഫലപ്രദമായി ഉപയോഗിക്കാനുമുള്ള ആവശ്യമായ അറിവും വൈദഗ്ധ്യവും ഉള്ളവരായിരിക്കണം. ക്രമമായ പരിശീലനം, പുതിയ ടൂളുകളുമായുള്ള പരിചയം, പ്രൊഫഷണൽ വൈദഗ്ധ്യം പങ്കുവയ്ക്കൽ എന്നിവ പരിശോധനയുടെയും നിരീക്ഷണത്തിന്‍റെയും മൂല്യനിർണയത്തിന്‍റെയും ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുത്തും.

പാർലമെന്‍റിന്‍റെയും സംസ്ഥാന നിയമസഭകളുടെയും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റികൾക്കിടയിൽ പതിവായി യോഗങ്ങളും സമ്മേളനങ്ങളും അനുഭവങ്ങൾ പങ്കുവയ്ക്കലും വ്യവസ്ഥാപിതമാക്കണം. വിവിധ സംസ്ഥാനങ്ങൾ വികസിപ്പിച്ച വിജയിച്ച രീതികൾ, നൂതനമായ സമീപനങ്ങൾ, സാങ്കേതിക പരിഹാരങ്ങൾ എന്നിവ പങ്കുവെക്കുന്നത് മികച്ച പഠന അവസരങ്ങൾ നൽകും. രാജ്യത്തുടനീളമുള്ള സമിതികൾക്ക് ഫലപ്രദമായ മാതൃകകൾ സ്വീകരിക്കാനും പിന്തുടരാനും സഹായിക്കും. 27 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുകയും തങ്ങളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും കൊണ്ട് ചർച്ചകളെ സമ്പന്നമാക്കുകയും ചെയ്തിട്ടുണ്ട്. ശക്തവും കൂടുതൽ ഫലപ്രദവുമായ നിയമനിർമ്മാണ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിന് ഇത്തരം കൂട്ടായ ഇടപെടലുകൾ അത്യാവശ്യമാണ്.

സമ്മേളനത്തിലെ ചർച്ചകളെയും "കേരളം പ്രമേയ'ത്തെയും സുസ്ഥിരമായ സ്ഥാപനപരമായ പ്രവർത്തനങ്ങളാക്കി മാറ്റുന്നതിലാണ് സമ്മേളനത്തിന്‍റെ യഥാർഥ പ്രാധാന്യം കുടികൊള്ളുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെയും വിവരസാങ്കേതിക പരിശോധനകളുടെയും ഫലപ്രദമായ തുടർനടപടി സംവിധാനങ്ങളുടെയും പിൻബലമുള്ള ശക്തമായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികൾ പൊതുവിഭവങ്ങൾ വിവേകത്തോടെയും ശുദ്ധതയോടെയും വ്യക്തമായ പൊതുലക്ഷ്യത്തോടെയും വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ ഗണ്യമായ സംഭാവന നൽകും.