

രാജീവ് ചന്ദ്രശേഖർ
file photo
വന്ദേ മാതരത്തെ അപമാനിക്കുന്ന കാര്യത്തിൽ കോൺഗ്രസിനും സിപിഎമ്മിനും ഇപ്പോഴും ഒരേ നിലപാടാണെന്നു ബിജെപി. ഇരു കൂട്ടരും ജമാ അത്തെ ഇസ്‌ലാമിക്കും എസ്ഡിപിഐക്കുമൊക്കെ വഴങ്ങുന്നു. ഗവർണറെയും ലോക് ഭവനെയും അവഹേളിക്കുന്ന നടപടിയാണ് നിയമസഭയിലുണ്ടായതെന്നും ബിജെപി ചൂണ്ടിക്കാട്ടി.
ദേശീയ താത്പര്യത്തേക്കാൾ ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും താല്പര്യങ്ങൾക്കാണ് ഇരു മുന്നണികളും പ്രാധാന്യം നൽകുന്നതെന്നു ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ എംഎൽഎ പറഞ്ഞു.
ദേശീയതയോടും ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തോടുമുള്ള സിപിഎമ്മിന്‍റെ അകലം പുതുമയല്ല. സിപിഎമ്മിന്‍റെ ആശയധാര ഇന്ത്യയുടെ മണ്ണിൽ നിന്നല്ല, ഇറക്കുമതി ചെയ്തതാണ്. അതുകൊണ്ടുതന്നെ വന്ദേമാതരത്തിന്‍റെ ചരിത്രപരമായ പ്രാധാന്യവും ആത്മീയ മൂല്യവും അവർ മനസിലാക്കുന്നില്ല.
അതേസമയം, കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന്‍റെ കേരള നിയമസഭയിലെ സമീപനം അത്യന്തം ലജ്ജാകരമാണ്. ഗവർണറുടെ ഓഫിസിൽ നിന്നും വ്യക്തമായ നിർദേശം ഉണ്ടായിട്ടും, നിയമസഭയിൽ വന്ദേ മാതരത്തിന്‍റെ പൂർണരൂപത്തിന് പകരം ചുരുക്കപ്പെട്ട പതിപ്പ് പ്ലേ ചെയ്തത് അപലപനീയമാണ്.
വന്ദേ മാതരം കേവലമൊരു പാട്ട് മാത്രമല്ല, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്‍റെ ഊർജമായിരുന്നു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരേ രാജ്യത്തെ ഒന്നിപ്പിച്ച് സ്വാതന്ത്ര്യ സമരത്തിന് പ്രചോദനമായ ആത്മാവാണ് വന്ദേമാതരം. ഇന്ന് കോൺഗ്രസ് ദേശീയ ഐക്യത്തിന്‍റെയും സ്വാതന്ത്ര്യസമര പാരമ്പര്യത്തിന്‍റെയും പ്രതികങ്ങളെക്കാൾ ജമാഅത്തെ ഇസ്‌ലാമിയുടെയും, എസ്ഡിപിഐയുടെയും പ്രീതി പിടിച്ചുപറ്റാൻ ആണ് ശ്രമിക്കുന്നത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം താൻ മുന്നറിയിപ്പ് നൽകിയിരുന്ന അപകടകരമായ രാഷ്‌ട്രീയ പ്രവണതയുടെ ഉദാഹരണമാണ് ഇപ്പോഴത്തെ സംഭവമെന്നും രാജീവ് കൂട്ടിച്ചേർത്തു.
ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവൻ ആലപിക്കണം എന്ന കേന്ദ്ര സർക്കാർ നിർദേശമുണ്ടായിട്ടും നിയമസഭയിൽ അത് പാലിക്കപ്പെടാതിരുന്നത് ലോക്ഭവനോടും ഗവർണറോടുമുള്ള അവഹേളനമാണെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ വി. മുരളീധരൻ എംഎൽഎ.
150 ആം വാർഷികം ആഘോഷിക്കുന്ന ദേശീയഗീതവും അപമാനിക്കപ്പെട്ടു. അതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ജമാ അത്തെ ഇസ്‌ലാമിക്കും സിപിഎമ്മിനും വഴങ്ങുകയാണ് വി.ഡി. സതീശൻ സർക്കാർ എന്ന് വ്യക്തം.
ദേശീയഗീതം മതനിരപേക്ഷതയ്ക്ക് നിരക്കാത്തതാണെന്ന അവരുടെ വാദം സർക്കാർ അംഗീകരിക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. 1896ൽ കോൺഗ്രസ് ദേശീയ സമ്മേളനത്തിൽ ആദ്യമായി ആലപിച്ച "വന്ദേമാതര'ത്തോട് എന്നുമുതലാണ് കോൺഗ്രസിന് അയിത്തം തുടങ്ങിയത് എന്ന് സതീശൻ വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.