കെ.ആർ. സുഭാഷ്
കെ.ആർ. സുഭാഷ്

''പിണറായിയിലെ കമ്യൂണിസ്റ്റ് മരിച്ചു''; രൂക്ഷ വിമർശനവുമായി ഡോക്യുമെന്‍ററി സംവിധായകൻ| അഭിമുഖം

പിണറായി വിജയൻ എന്ന രാഷ്‌ട്രീയ നേതാവിനെക്കുറിച്ചുള്ള, ദേശീയ തലത്തിൽ ശ്രദ്ധ നേടിയ ഡോക്യുമെന്‍ററി പിൻവലിച്ചിരിക്കുകയാണ് കെ.ആർ. സുഭാഷ് എന്ന ഡോക്യുമെന്‍ററി സംവിധായകൻ.

പുരോഗമന കലാ സാഹിത്യ സംഘത്തിൽ നിന്ന് വേർപിരിഞ്ഞു കൊണ്ട്, ''രാജി വയ്ക്കുന്നതും ഒരു രാഷ്‌ട്രീയ പ്രവർത്തനമാണ്'' എന്നു പ്രഖ്യാപിച്ചത് വിഖ്യാത ചിന്തകനും നിരൂപകനുമായിരുന്ന എം.എൻ. വിജയനാണ്. ഇപ്പോഴിതാ പിണറായി വിജയൻ എന്ന രാഷ്‌ട്രീയ നേതാവിനെക്കുറിച്ച് താൻ തയാറാക്കിയ, ദേശീയ തലത്തിൽ ശ്രദ്ധ നേടിയ ഡോക്യുമെന്‍ററി പിൻവലിച്ചു കൊണ്ട് ആ വാക്കുകൾ അന്വർഥമാക്കിയിരിക്കുകയാണ് കെ.ആർ. സുഭാഷ് എന്ന ഡോക്യുമെന്‍ററി സംവിധായകൻ.

അജയൻ

വർഷങ്ങൾക്കു മുൻപ്, 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപാണ് 'യുവതയോട്: അറിയണം പിണറായിയെ' എന്ന ഡോക്യുമെന്‍ററി പുറത്തിറങ്ങിയത്. കേരളത്തിന്‍റെ രക്ഷകൻ എന്ന രീതിയിൽ പിണറായിയെ ചിത്രീകരിക്കുന്നതിൽ വലിയ വിജയമായിരുന്നു കെ.ആർ. സുഭാഷ് തയാറാക്കിയ ആ ഡോക്യുമെന്‍ററി. പക്ഷേ, ഏറെ ശ്രദ്ധേയമായ ആ ഡോക്യുമെന്‍ററി പിൻവലിക്കാൻ ഇപ്പോൾ നിർബന്ധിതനായിരിക്കുകയാണ് സുഭാഷ്. പിണറായി വിജയൻ എന്ന നേതാവിന്‍റെ ഉള്ളിലെ കമ്യൂണിസ്റ്റ് ഇല്ലാതായിരിക്കുന്നു. അതു കൊണ്ടു തന്നെ ഈ ഡോക്യുമെന്‍ററി ഇപ്പോൾ അപ്രസക്തമാണ് എന്നാണ് ഡോക്യുമെന്‍ററി പിൻവലിച്ചതിനു കാരണമായി സുഭാഷ് ചൂണ്ടിക്കാണിക്കുന്നത്.

പി. രാജീവിന്‍റെ നേതൃത്വത്തിലുള്ള എകെജി പഠനകേന്ദ്രത്തിനു വേണ്ടിയാണ് പിണറായിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി അന്നു തയാറാക്കിയത്. നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ പ്രമുഖ നിരൂപകൻ എം.കെ. സാനുവാണ് ഡോക്യുമെന്‍ററി പ്രകാശനം ചെയ്തത്. എൺപതു ലക്ഷം പേർ യൂട്യൂബിൽ ഇതു കണ്ടിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം കടുത്ത തിരിച്ചടി നേരിടുകയും, അതിനു കാരണം പിണറായി വിജയന്‍റെ ഏകാധിപത്യ രീതിയിലുള്ള പെരുമാറ്റവും തീരുമാനങ്ങളുമാണെന്ന് പാർട്ടിക്കകത്ത് വലിയ രീതിയിൽ വിമർശനമുയരുകയും ചെയ്യുന്ന അതേ സമയത്തു തന്നെയാണ് സുഭാഷ് ഡോക്യുമെന്‍ററി പിൻവലിക്കുന്നു എന്നു പ്രഖ്യാപിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

മെട്രൊ വാർത്ത പ്രതിനിധി അജയനുമായി നടത്തിയ വിശദമായ അഭിമുഖത്തിൽ, ഡോക്യുമെന്‍ററിയിലേക്ക് എത്തിപ്പെട്ട സാഹചര്യത്തെക്കുറിച്ചും പിണറായി വിജയനുമായുള്ള അടുപ്പത്തെക്കുറിച്ചും ഏറ്റവും ഒടുവിൽ ഡോക്യുമെന്‍ററി പിൻവലക്കാമെന്ന തീരുമാനത്തിലെത്തിയതിനെക്കുറിച്ചും സുഭാഷ് വിശദീകരിക്കുന്നു. ഡോക്യുമെന്‍ററി പിൻവലിച്ച തീരുമാനം വിവാദങ്ങൾക്കൊപ്പം പാർട്ടി പ്രവർത്തകരുടെ കോപത്തിനും ഇടയാക്കി. എന്നിട്ടു പോലും തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് സുഭാഷ്.

അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ

Q

ദേശീയ തലത്തിൽ വരെ അംഗീകരിക്കപ്പെട്ട പ്രഗത്ഭനായ ഒരു ഡോക്യുമെന്‍ററി സംവിധായകനാണ് താങ്കൾ. എങ്ങനെയാണ് പിണറായി വിജയനെക്കുറിച്ച് ഡോക്യുമെന്‍ററി തയാറാക്കുന്ന സാഹചര്യമുണ്ടായത്‍?

A

പിണറായി വിജയൻ ആദ്യമായി മുഖ്യമന്ത്രി പദമേറിയ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് കുറച്ചു മുൻപായിരുന്നു അത്തരമൊരു വിഷയം ചർച്ചകളിൽ ഇടം പിടിച്ചത്. പിണറായി വിജയനുമായി വളരെ അടുപ്പമുള്ള ഒരു സീരിയൽ താരമാണ് പ്രചാരണത്തിന്‍റെ ഭാഗമായി ഡോക്യുമെന്‍ററി നിർമിക്കണമെന്ന ആവശ്യവുമായി എന്നെ ആദ്യം സമീപിച്ചത്. പിന്നീട് എകെജി പഠന കേന്ദ്രവുമായി കൂടിയാലോചന നടത്തി. അക്കാലത്ത് പി. രാജീവാണ് പഠന കേന്ദ്രത്തിനു നേതൃത്വം നൽകിയിരുന്നത്. ചർച്ചകൾക്കു പിന്നാലെ നിർമാതാവിനെയും കിട്ടിയതോടെ അതിവേഗം ഡോക്യുമെന്‍ററി നിർമാണത്തിലേക്ക് കടക്കുകയായിരുന്നു.

Q

ഡോക്യുമെന്‍ററി നിർമാണം ഏതു രീതിയിലാണ് മുന്നോട്ടു പോയത്; അതിൽ രാഷ്‌ട്രീയ ഇടപെടലുകൾ ഉണ്ടായിരുന്നോ?

A

ഡോക്യുമെന്‍ററി നിർമാണം സുഗമമായാണ് മുന്നോട്ടു പോയിരുന്നത്. അതിൽ യാതൊരു വിധത്തിലുള്ള രാഷ്‌ട്രീയ ഇടപെടലുകളും ഉണ്ടായിരുന്നില്ല. പഠനകാലത്ത് പിണറായി വിജയൻ ദരിദ്രനായ ഒരു കുട്ടിയായിരുന്നുവെന്ന് ചിത്രീകരിക്കുന്നതിൽ പിണറായി ചെറിയ മടി കാണിച്ചിരുന്നു. പക്ഷേ, ഞാൻ ആ തീരുമാനത്തിൽ നിന്ന് പിന്മാറാൻ തയാറായില്ല. അദ്ദേഹത്തിന്‍റെ നാട്ടിൽ സ്ത്രീകൾ അടക്കമുള്ളവരുമായി ഞാൻ സംസാരിച്ചിരുന്നു. അവരെല്ലാം കഠിനപ്രയത്നത്തിലൂടെ ഉയർന്നു വന്ന പിണറായിയെക്കുറിച്ചുള്ള ഓർമകളാണ് അഭിമാനത്തോടെ പങ്കു വച്ചത്. അവർ പറഞ്ഞ ഹൃദയം തൊടുന്ന കഥകളെല്ലാം ജനങ്ങൾ അറിയണമെന്നും, ഡോക്യുമെന്‍ററിയിൽ നിർബന്ധമായും ഉൾപ്പെടുത്തണമെന്നും എനിക്കു തോന്നിയിരുന്നു.

Q

ഡോക്യുമെന്‍ററി ചിത്രീകരണത്തിനായി താങ്കൾ ആരെല്ലാമായാണ് സംവദിച്ചത്? അവരുടെയെല്ലാം പ്രതികരണം എങ്ങനെയായിരുന്നു?

A

ഞാൻ അദ്ദേഹത്തിന്‍റെ നാട്ടിലെത്തി ആ നാട്ടുകാരുമായി സംസാരിച്ചു. അദ്ദേഹത്തിന്‍റെ ജീവിതയാത്രയെക്കുറിച്ചുള്ള വിശദമായ ഒരു രൂപരേഖ തന്നെയാണ് അവർ വാക്കുകൾ കൊണ്ട് എനിക്കു മുന്നിൽ വരച്ചിട്ടത്. ഒരു സാധാരണക്കാരനിൽ നിന്ന് ആരും അംഗീകരിക്കുന്ന നേതാവായി പിണറായി വിജയൻ കഠിനപ്രയത്നത്തിലൂടെ ഉയർന്നു വന്നതിനെക്കുറിച്ച് ആരാധനയോടെയാണ് അവർ എന്നോടു സംസാരിച്ചത്. പിണറായി വിജയൻ എന്ന വ്യക്തിയുടെ നിശ്ചയദാർഢ്യത്തിന്‍റെയും, മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള മനസ്സിന്‍റെയും, ആരെയും പ്രചോദിപ്പിക്കും വിധത്തിലുള്ള കഥകളാണ് അധ്വാനിക്കുന്ന വിഭാഗത്തിൽ നിന്നുള്ളവർ പങ്കുവച്ചത്. ആത്മ സമർപ്പണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും എങ്ങനെയൊക്കെയാണ് പിണറായി വിജയൻ അവരുടെ ഓരോരുത്തരുടെയും ബഹുമാനവും വിശ്വാസവും സ്വന്തമാക്കിയതെന്നും, എങ്ങനെയാണ് അവരുടെ നേതാവായി മാറിയതെന്നുമെല്ലാമുള്ള കഥകൾ അവർ ആത്മാർഥമായി തന്നെയാണ് എന്നോട് പങ്കുവച്ചത്.

Q

പ്രായാധിക്യമുണ്ടെങ്കിലും വി.എസ്. അച്യുതാനന്ദൻ മാത്രമാണ് അക്കാലത്ത് പിണറായി വിജയന് മുഖ്യമന്ത്രി പദത്തിലേക്ക് ഒരു എതിരാളിയായി ഉണ്ടായിരുന്നത്. പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാർഥി എന്ന നിലയിൽ പരിചയപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നോ ഡോക്യുമെന്‍ററി?

A

ഉറപ്പായും. മീൻപിടിത്തക്കാർ ഉൾപ്പെടെയുള്ള തൊഴിലാളി വർഗ ജനവിഭാഗം പറയുന്ന കഥകളിലൂടെ, പിണറായി വെറുമൊരു നേതാവ് മാത്രമല്ല, അധ്വാനിക്കുന്ന വിഭാഗം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അധികാരത്തിലേറുന്ന എൽഡിഎഫ് സർക്കാരിനെ നയിക്കാൻ കെൽപ്പുള്ള വ്യക്തിത്വമാണെന്ന സന്ദേശം തന്നെയാണ് ഡോക്യുമെന്‍ററിയിലൂടെ പകർന്നു നൽകിയിരുന്നത്.

Q

അതായത്, പാർട്ടി അധികാരത്തിലേറുന്നതിനു മുൻപേ തന്നെ എൽഡിഎഫിന്‍റെയോ പാർട്ടി നേതൃത്വത്തിന്‍റെയോ നിർദേശമില്ലാതെ, പിണറായി വിജയനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാണിക്കാൻ ശ്രമിച്ചിരുന്നുവെന്നാണോ താങ്കൾ പറയുന്നത്?

A

തീർച്ചയായും. അതു കൃത്യമായിരുന്നു. എൽഎഫിനെ നയിക്കാൻ പ്രാപ്തനായ ഏക നേതാവാണ് പിണറായി വിജയൻ എന്ന രീതിയിലായിരുന്നു പ്രചാരണം പൂർണമായും. ബാക്കിയെല്ലാം ചരിത്രം.

Q

ഡോക്യുമെന്‍ററി പൂർത്തിയായ ശേഷം താങ്കൾ പിണറായി വിജയനുമായി അടുപ്പം സൂക്ഷിച്ചിരുന്നോ?

A

ഇല്ല, കഴിഞ്ഞ എട്ടു വർഷമായി അദ്ദേഹവുമായി ഞാൻ ബന്ധപ്പെട്ടിട്ടില്ല. ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ എനിക്കുണ്ടാകുന്ന ആകുലതകൾ ഞാൻ പാർട്ടി നേതൃത്വം വഴി പിണറായിയുടെ ഓഫിസിനെ അറിയിക്കാറുണ്ട്. അതല്ലാതെ അദ്ദേഹവുമായി നേരിട്ട് സംസാരിക്കേണ്ട സാഹചര്യം പിന്നീട് ഉണ്ടായിട്ടില്ല.

Q

ഹൃദയം കൊണ്ട് പിണറായി ഒരു കമ്യൂണിസ്റ്റ് അല്ലാതായി മാറിയിരിക്കുന്നു എന്ന അനുമാനത്തിൽ എങ്ങനെയാണ് എത്തിയത്? ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയം നേരിട്ടതിനു പിന്നാലെയുണ്ടായ ചർച്ചകളിൽ പിണറായി വിജയൻ വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പു ഫലങ്ങളാണോ ഡോക്യുമെന്‍ററി പിൻവലിക്കാൻ കാരണമായത്?

A

ലോക്സഭാ തെരഞ്ഞെടുപ്പും ഡോക്യുമെന്‍ററി പിൻവലിക്കാനുള്ള തീരുമാനവും തമ്മിൽ യാതൊരു ബന്ധവുമില്ല. പാർട്ടിയുടെ ആശയങ്ങളിൽ ഉറച്ചു വിശ്വസിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ, കഴിഞ്ഞ കുറച്ചു കാലമായി പിണറായി വിജയനിലെ മാറ്റങ്ങൾ ഞാൻ ശ്രദ്ധിക്കുകയായിരുന്നു. അദ്ദേഹം കമ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് സമൂലമായി അകന്നിരിക്കുന്നു. അധ്വാനിക്കുന്ന വിഭാഗങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നിന്നു വലിയ ബിസിനസ് താത്പര്യങ്ങളിലേക്ക് ശ്രദ്ധ മാറിയിരിക്കുന്നു. ഏറെ ചിന്തിച്ചതിനു ശേഷം, ഇനി പാർട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്ന ഏറെ വിഷമകരമായ ഒരു തീരുമാനത്തിൽ ഞാനെത്തി. 1986 മുതൽ പാർട്ടി അംഗമാണു ഞാൻ. മാധ്യമപ്രവർത്തകനായാണ് യാത്രം തുടങ്ങിയത്. തൃശൂരിൽ ജോലി ചെയ്തിരുന്ന പത്രസ്ഥാപനം പൂട്ടിയതോടെ സിനിമാ-ഡോക്യുമെന്‍ററി സംവിധാനത്തിലേക്ക് എത്തുകയായിരുന്നു. എന്നിലെ കമ്യൂണിസ്റ്റ് ആശയങ്ങൾ‌ക്ക് അടിത്തറയിട്ടത് പിണറായിയെ പോലുള്ള നേതാക്കളാണ്. പക്ഷേ, ഇന്നദ്ദേഹം പാർട്ടിയെ മറ്റൊരു ദിശയിലേക്കാണ് നയിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പു ഫലങ്ങളും ഡോക്യുമെന്‍ററി പിൻവലിക്കാനുള്ള തീരുമാനവും ഒരേ കാലഘട്ടത്തിലായത് തികച്ചും യാദൃച്ഛികമാണ്. ഒരു ചെറിയ താരതമ്യത്തിലൂടെ അതു കൂടുതൽ വ്യക്തമാകും. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ അദ്ദേഹത്തിന്‍റെ മകനെതിരേ ആരോപണമുയർന്നപ്പോൾ വിഎസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. എന്നാൽ, പിണറായി വിജയനും മകൾക്കുമെതിരേ ആരോപണമുയർന്നപ്പോൾ പിണറായി മൗനം പാലിച്ചു. അതോടെ അദ്ദേഹത്തെ പ്രതിരോധിക്കാൻ പാർട്ടി നിർബന്ധിതമായി. കമ്യൂണിസ്റ്റ് ആശയത്തിൽ നിന്നുള്ള വ്യതിചലനമാണത്.

Q

ഡോക്യുമെന്‍ററി പിൻവലിക്കാമെന്ന തീരുമാനത്തോടുള്ള പ്രതികരണം ഏതു തരത്തിലായിരുന്നു?

A

ഈ ഡോക്യുമെന്‍ററിയിൽ എനിക്കൊപ്പമുണ്ടായിരുന്ന രണ്ടു പേരടക്കം നിരവധി പേർ എന്‍റെ തീരുമാനത്തിനു പിന്തുണ നൽകി. പാർട്ടിയിൽ നിന്ന് പല പ്രമുഖ നേതാക്കളും തീരുമാനത്തിന്‍റെ കാരണമറിയാൻ ഞാനുമായി ബന്ധപ്പെട്ടിരുന്നു. അവർക്കെല്ലാം ഞാൻ വ്യക്തമായ വിശദീകരണവും നൽകി. കാരണങ്ങൾ ഇതൊക്കെയാണെങ്കിൽ പോലും ഇത്തരമൊരു തീരുമാനം എടുക്കരുതായിരുന്നു എന്നാണ് അവരെല്ലാം പറഞ്ഞത്. പക്ഷേ, ഞാൻ കമ്യൂണിസത്തോടുള്ള പ്രതിജ്ഞാബദ്ധതയിൽ തുടരുന്നതിനായി തീരുമാനത്തിൽ ഉറച്ചു നിന്നു.

Q

കാലങ്ങൾക്കു മുൻപ് കെ. കരുണാകരനെതിരേയുള്ള പ്രതിഷേധങ്ങളിൽ താങ്കൾ മുൻനിരയിൽ തന്നെയുണ്ടായിരുന്നു. അദ്ദേഹത്തെ റോഡിൽ തടഞ്ഞതിന്‍റെ പേരിൽ ജയിൽവാസം വരെ അനുഭവിച്ചു. ഇപ്പോൾ മറ്റൊരു മുഖ്യമന്ത്രിക്കെതിരേയും താങ്കൾ മുൻപോട്ടു വന്നിരിക്കുന്നു. അതേക്കുറിച്ച് പറയാമോ?

A

അതെ, കരുണാകരന് എതിരേയുള്ള പ്രതിഷേധം തികച്ചും അപ്രതീക്ഷിതമായിരുന്നു. എന്നു മാത്രമല്ല അദ്ദേഹത്തിന്‍റെ വീഴ്ചയിലേക്കുള്ള തുടക്കമായിരുന്നു അത്. എനിക്ക് വലിയ അവകാശവാദങ്ങൾ ഒന്നും ഉന്നയിക്കാനില്ല. പാർട്ടിയെ തിരുത്തലിലേക്ക് നയിക്കാനായി ഒരു ഡോക്യുമെന്‍ററി സംവിധായകൻ എന്ന നിലയിൽ ഞാൻ ഒരു ചുവടു വച്ചു. അതിലൂടെ കാര്യമായ മാറ്റം ഉണ്ടാകുമെന്നു തന്നെയാണ് എന്‍റെ പ്രതീക്ഷ.