വിപത്ത് വരുമ്പോള്‍ നാടിനെ രക്ഷിക്കണം: ഡോ. മോഹന്‍ ഭാഗവത്

രാജ്യം സുരക്ഷയുള്ളതായാല്‍ മാത്രമെ എല്ലാവരുടെയും ജീവിതം സുഖകരമായിരിക്കൂ
RSS Sarsanghchalak Dr. Mohan Bhagwat watches as children perform 51 chirats at a children's leadership camp held in Kochi.

കൊച്ചി എളമക്കര ഭാസ്‌കരീയത്തില്‍ നടന്ന ബാല നേതൃശിബിരത്തിൽ കുട്ടികൾ 51 ചിരാതുകൾ തെളിക്കുന്നത് വീക്ഷിക്കുന്ന ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.

file photo

Updated on

കൊച്ചി: എല്ലാവരും ഒരുമിച്ചു പ്രയത്‌നിക്കുമ്പോള്‍ മാത്രമേ ഭാരതം വിശ്വ ഗുരുവായിത്തീരൂ എന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഗോപീഗോപന്മാരെല്ലാം അവരവരുടെ ചുള്ളിക്കൊമ്പുകൾ കൊണ്ട് ഗോവര്‍ധനം ഉയര്‍ത്താന്‍ ശ്രമിക്കുന്നതു വരെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗോവര്‍ധനം ഉയര്‍ത്താന്‍ തന്‍റെ ചെറുവിരലനക്കിയില്ല. നമ്മള്‍ വളരണം, ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം- ബാലഗോകുലത്തിന്‍റെ സുവര്‍ണ ജൂബിലി സമാപന പരിപാടിയായ സുവര്‍ണാമൃതത്തോടനുബന്ധിച്ച് എളമക്കര ഭാസ്‌കരീയത്തില്‍ ബാല നേതൃശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യക്തി ജീവിതവും കുടുംബ ജീവിതവും ദേശത്തിന് അനുഗുണമായിരിക്കണം. നല്ലവരായിരുന്നാല്‍ പോരാ, നന്മകള്‍ ദേശത്തിന് വേണ്ടി ഉപയോഗിക്കണം. ഒരു വ്യക്തിക്കും കുടുംബത്തിനും മാത്രമായി സുഖത്തോടെ ജീവിക്കാന്‍ സാധിക്കില്ല. രാജ്യം സുരക്ഷയുള്ളതായാല്‍ മാത്രമെ എല്ലാവരുടെയും ജീവിതം സുഖകരമായിരിക്കൂ. ശ്രീനാരായണ ഗുരുദേവനും വിവേകാനന്ദ സ്വാമിയുമെല്ലാം ആര്‍ജിച്ച വ്യക്തിത്വവും കഴിവുമെല്ലാം സമൂഹത്തിനു വേണ്ടിയാണ് ചെലവഴിച്ചത്. ലോകനന്മയ്ക്കായി കഷ്ടതകളും ദുഃഖങ്ങളും സ്വയം ഏറ്റെടുത്ത ഭഗവാന്‍ ശ്രീകൃഷ്ണനാണ് നമുക്ക് മാതൃക.

ലോകത്തിന്‍റെ ഏതുഭാഗത്ത് പോയാലും ഇന്ന് ഭാരതീയര്‍ക്ക് മാന്യത ലഭിക്കുന്നു. ഭാരതം കരുത്തുള്ള രാജ്യമാണ്. നമ്മളെ ആക്രമിച്ചവരെ അവരുടെ നാട്ടില്‍ പോയി പാഠം പഠിപ്പിക്കുവാനുള്ള കഴിവ് നാം ആര്‍ജിച്ചു. നെഹ്‌റുവിന്‍റെ കാലത്ത് ചൈന നമ്മളെ ആക്രമിച്ചപ്പോള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാതെ കീഴടങ്ങേണ്ടി വന്നു.

ഒരു ഘട്ടത്തിലും നമ്മുടെ സംസ്‌കാരത്തെ കൈവിടരുത്. മോശം പ്രവര്‍ത്തനങ്ങളില്‍ ലജ്ജ തോന്നുന്ന മനോഭാവമുണ്ടാകണം. ഏതു കഠിനതയിലും ജീവിതത്തിലെ നന്മകളെ നാം ചേര്‍ത്തുപിടിക്കണം. ധര്‍മരക്ഷയ്ക്കായി സ്വജീവിതം ത്യജിച്ച നിരവധി മാതൃകകള്‍ നമുക്ക് മുന്‍പിലുണ്ട്. ഭാരത മാതാവിന്‍റെ സുരക്ഷിതത്വം സൂക്ഷിക്കണം. വിപത്ത് വരുമ്പോള്‍ നാടിനെ രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാടിനെ പുരോഗതിയിലേയ്ക്ക് നയിക്കാനുള്ള ചുമതലയും നമുക്കുണ്ട്, മോഹന്‍ ഭാഗവത് പറഞ്ഞു.

ഈ നാടിനെ നയിക്കാനുള്ള കര്‍ത്തവ്യം നിങ്ങള്‍ക്കാണെന്ന് ബാല നേതൃ സമ്മേളനത്തിനെത്തിയ വിദ്യാർഥി സമൂഹത്തോട് അദ്ദേഹം ഓർമിപ്പിച്ചു. പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കു ശേഷം നാടിനെ നയിക്കേണ്ടവരാണ് നമ്മള്‍. നന്മ ജീവിതത്തോട് ചേര്‍ത്തുവയ്ക്കണം. വിളക്ക് കൈയിലുണ്ടായാല്‍ പോരാ വെളിച്ചത്തിലേക്ക് നടക്കണം. സ്വയം പരിശ്രമിക്കണം. ചപലത പാടില്ല. ദൃഢമായ മനസോടെ നല്ല വ്യക്തിയായി നിലനില്‍ക്കണം. ഘോരമായ തപസ്യയാണിത്. അഹങ്കാരമില്ലാതെ മറ്റുള്ളവരോട് ദ്വേഷമില്ലാതെ മുന്നോട്ടുപോകണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ചടങ്ങില്‍ ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. സീമാ ജാഗരണ്‍ മഞ്ച് അഖിലഭാരതീയ സംയോജകൻ എ. ഗോപാലകൃഷ്ണന്‍ സര്‍സംഘചാലകിന്‍റെ പ്രസംഗം പരിഭാഷപ്പെടുത്തി. സ്വാഗതസംഘം ചെയര്‍മാനായ കല്യാൺ സിൽക്സ് മാനെജിങ് ഡയറക്റ്റർ ടി.എസ്. പട്ടാഭിരാമന്‍, കരിയര്‍ ഗുരു ഡോ. പി.ആര്‍. വെങ്കിട്ടരാമന്‍, സംസ്ഥാന ഭഗിനി പ്രമുഖ സ്മിത വല്‍സലന്‍, ബാലസമിതി സംസ്ഥാന അധ്യക്ഷ ശിവാന്യ എസ്. പ്രദീപ്, കോഴിക്കോട് ജില്ലാ കാര്യദര്‍ശി ആദികേശവന്‍ എന്നിവര്‍ പങ്കെടുത്തു. ബാലഗോകുലം പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍ സ്വാഗതവും കാര്യദര്‍ശി വി.ജെ. രാജ്‌മോഹന്‍ നന്ദിയും പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com