പൊള്ളിക്കുന്ന പുരസ്കാരം

''2018ൽ ഞങ്ങൾ പല പ്രായത്തിലുള്ള ഒന്നിലധികം സ്ത്രീകൾ ഒരു ഗാനരചയിതാവിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന് വെളിപ്പെടുത്തിയിരുന്നു"
jnanpith award r vairamuthu controversys

ആർ. വൈരമുത്തു

Updated on

നീതു ചന്ദ്രൻ

നോവിക്കുന്ന ഓർമകളെയും ചോദ്യങ്ങളെയും കുറ്റപ്പെടുത്തലുകളെയും മറികടക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന, ഇപ്പോഴും പൊരുതിക്കൊണ്ടിരിക്കുന്നവരുടെ ഉള്ളിലാണ് ഇത്തവണത്തെ ജ്ഞാനപീഠം പുരസ്കാരം വീണു പൊള്ളുന്നത്. ആർ. വൈരമുത്തു തമിഴ് സാഹിത്യകാരനും ഗാനരചയിതാവും മാത്രമല്ല, ഗായിക ചിന്മയി ശ്രീപദ ഉൾപ്പെടെ17 സ്ത്രീകളുടെ മീ ടൂ ആരോപണം നേരിട്ട വ്യക്തി കൂടിയാണ്. ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നൊരു വ്യക്തിയിലേക്ക് ജ്ഞാനപീഠം എത്തുന്നത് എന്തു തരത്തിലുള്ള സന്ദേശമാണ് നൽകുന്നത്? അതിക്രമം നേരിട്ട, അതു തുറന്നു പറഞ്ഞ, സ്ത്രീകൾക്കൊപ്പം നിൽക്കേണ്ട സമൂഹം ചൂഷകനൊപ്പം നിൽക്കുന്നുവെന്നതിന്‍റെ ഒന്നാന്തരം ഉദാഹരണമായി വ്യാഖ്യാനിക്കാം ഇത്തവണത്തെ പുരസ്കാര പ്രഖ്യാപനത്തെ.

ഇരുപത്തിനാല് വർഷം നീണ്ട ഇടവേളയ്ക്കു ശേഷമാണ് തമിഴ്നാട്ടിലേക്ക് ജ്ഞാനപീഠമെത്തുന്നത്. 2002ൽ ഡി. ജയകാന്തനാണ് അവസാനമായി തമിഴ്നാട്ടിൽ നിന്ന് ജ്ഞാനപീഠം നേടിയ സാഹിത്യകാരൻ. 11 ലക്ഷം രൂപയ്ക്കും വാഗ്ദേവതാ ശിൽപ്പത്തിനും ഫലകത്തിനും ഉപരിയായൊരു മൂല്യം ആ പുരസ്കാരത്തിന് സാഹിത്യലോകം കൽപ്പിച്ചു കൊടുത്തിട്ടുള്ളതുമായിരുന്നു. വൈരമുത്തു തമിഴ് സാഹിത്യത്തിനു നൽകിയ സമഗ്രസംഭാവനകൾ മുൻ നിർത്തിയാണ് ഇത്തവണത്തെ പുരസ്കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്നാണ് ജൂറി വ്യക്തമാക്കുന്നത്. വൈരമുത്തു നല്ലൊരു സാഹിത്യകാരനാണ്, പക്ഷേ, ജ്ഞാനപീഠം പോലൊരു പുരസ്കാരം അതർഹിക്കുന്ന തമിഴ് മണ്ണിലെത്തുന്നത് ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിൽ, അതിനു കാരണം മാനുഷികത മാത്രമാണ്.

MeToo വിവാദം

അമ്പത് വർഷത്തോളമായി തമിഴ് സിനിമാഗാനരചനയിൽ സജീവമായ, 7500ൽ പരം ഗാനങ്ങൾ രചിച്ച വൈരമുത്തു തമിഴ്സിനിമയുടെ മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ മികച്ച ഗാനരചയിതാക്കളിൽ ഒരാളാണെന്നതിൽ സംശയമില്ല. ഹോളിവുഡിനെ പിന്തുടർന്ന് ലോകത്തെമ്പാടും മീടൂ ക്യാംപൈൻ സജീവമായ കാലത്താണ് ആദ്യമായി വൈരമുത്തുവിനെതിരേ മീ ടൂ ആരോപണം ഉയർന്നത്. പേരു വെളിപ്പെടുത്താത്ത ഒരു സ്ത്രീയായിരുന്നു ആദ്യം. തൊട്ടു പിന്നാലെ ഗായിക ചിന്മയി ശ്രീപദ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തി. 2005ൽ ഒരു പരിപാടിക്കിടെ, തനിക്കു വഴങ്ങിയില്ലെങ്കിൽ കരിയർ ഇല്ലാതാക്കുമെന്ന് വൈരമുത്തു നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ചിന്മയി വെളിപ്പെടുത്തിയത്. ചിന്മയിക്കു പിന്നാലെ ഗായിക ഭുവന ശേഷനും മീ ടൂ ഉന്നവയിച്ചു. തനിക്കു 18 വയസുള്ളപ്പോൾ വൈരമുത്തു മോശമായി പെരുമാറിയതയാി മാലിനി യുഗേന്ദ്രനും ആരോപണമുന്നയിച്ചു. എന്നാൽ, ഈ ആരോപണങ്ങളെല്ലാം വൈരമുത്തു നിരാകരിച്ചിട്ടുമുണ്ട്.

വൈരമുത്തുവിന് ജ്ഞാനപീഠം പുരസ്കാരം പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ ചിന്മയി സമൂഹ മാധ്യമങ്ങളിലൂടെ വിമർശനമുന്നയിക്കുകയും ചെയ്തു.

''2018ൽ ഞങ്ങൾ പല പ്രായത്തിലുള്ള ഒന്നിലധികം സ്ത്രീകൾ ഒരു ഗാനരചയിതാവിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇന്ന് അദ്ദേഹത്തിന് ജ്ഞാനപീഠം പുരസ്കാരം ലഭിച്ചിരിക്കുന്നു. അയാൾക്കെതിരേ ആരോപണം ഉന്നയിച്ച സ്ത്രീകളെയെല്ലാം നിശബ്ദരാക്കി മാറ്റിയിരിക്കുന്നു...'', ചിന്മയി കുറിക്കുന്നു.

വൈരമുത്തുവിനെതിരേ ആരോപണം ഉന്നയിച്ചതിനു പിന്നാലെ തമിഴ് സിനിമയിൽ കടുത്ത വിലക്കാണ് ചിന്മയിക്ക് നേരിടേണ്ടി വന്നത്. ഡബ്ബിങ് ആർട്ടിസ്റ്റുകളുടെ സംഘടനയിൽ നിന്ന് പുറത്താക്കി; തമിഴ് സിനിമയിൽ ചിന്മയിക്ക് പിന്നണി ഗാനങ്ങൾ ലഭിക്കാതെയായി. ഈ പോരാട്ടത്തിൽ താൻ വലിയ വിലയാണ് നൽകേണ്ടി വന്നതെന്ന് ചിന്മയ പറയുന്നതിന്‍റെ കാരണവും അതു തന്നെയാണ്.

ഒഎൻവി പുരസ്കാരവും പുനർവിചിന്തനവും

മീ ടൂ വിവാദം വിസ്മരിക്കപ്പെടാത്ത കാലഘട്ടത്തിൽ തന്നെയാണ് കേരളത്തിൽ നിന്നുള്ള ഒ.എൻ.വി. കുറുപ്പ് പുരസ്കാരം വൈരമുത്തുവിനു ലഭിച്ചത്. മിനിറ്റുകൾക്കുള്ളിൽ തന്നെ മലയാള സിനിമയിൽ നിന്നുള്ളവർ ഉൾപ്പെടെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. പുരസ്കാരപ്രഖ്യാപനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് ഡബ്യുസിസിപ്രസ്താവനയിറക്കി. നടി പാർവതി ഉൾപ്പെടെയുള്ളവർ രൂക്ഷമായി പ്രതികരിച്ചു. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളും സ്വഭാവദൂഷ്യവും മനുഷ്യത്വമില്ലായ്മയാണ് എന്നാണ് അന്ന് പുരസ്കാര പ്രഖ്യാപനത്തെ എതിർത്തു കൊണ്ട് സാഹിത്യകാരി കെ.ആർ. മീര പ്രതികരിച്ചത്. വ്യക്തിത്വം നോക്കിയല്ല, സാഹിത്യത്തിലെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം സമർപ്പിച്ചതെന്നായിരുന്നു ജൂറി‌യുടെ ആദ്യപ്രതികരണം. എ‍ന്നാൽ, പ്രതിഷേധം രൂക്ഷമായതോടെ പുരസ്കാരത്തിൽ പുനഃപരിശോധന നടത്തുമെന്ന് ജൂറി വ്യക്തമാക്കി. പുരസ്കാരം പിൻവലിക്കപ്പെടുമെന്ന സാഹചര്യം ഉണ്ടായതോടെ, പുരസ്കാരം സ്വീകരിക്കില്ലെന്നും പുരസ്കാരത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്നും വൈരമുത്തു പ്രസ്താവനയിറക്കി. അതോടെയാണ് ആ വിവാദം കെട്ടടങ്ങിയത്.

വിവാദങ്ങൾ വേറെയും

മീടൂ ആരോപണങ്ങൾക്കു പുറമേ മറ്റ് അനവധി വിവാദങ്ങളും വൈരമുത്തുവിനെ തേടിയെത്തിയിട്ടുണ്ട്. തമിഴ് സാഹിത്യകാരൻ ജയകാന്തൻ തന്നെ പ്രശംസിച്ച് കത്തെഴുതിയെന്ന വൈരമുത്തുവിന്‍റെ അവകാശവാദം വ്യാജമാണെന്ന് ജയകാന്തന്‍റെ മകൾ ആരോപിച്ചിരുന്നു. ആണ്ടാൾ ദേവി ദേവദാസിയായിരുന്നുവെന്ന പ്രസ്താവനയും വിവാദമായി മാറി. ഹിന്ദു മുന്നണി നേതാവ് സൂരി നൽകിയ പരാതിയിൽ രാജപാളയം സൗത്ത് പൊലീസ് കേസെടുത്തിരുന്നു. ചെന്നൈയിൽ കമ്പർ കഴകം നടത്തിയ പരിപാടിക്കിടെ ശ്രീരാമനെതിരേ നടത്തിയ പ്രസ്താവനകളും വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സീതയെ വേർപിരിഞ്ഞ ശേഷം ശ്രീരാമന്‍റെ മാനസികനില തെറ്റിയെന്ന പ്രസ്താവന മതവികാരത്തെ വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം.

ദ്രാവിഡ സാംസ്കാരികതയുമായി ബന്ധപ്പെട്ട വിവാദങ്ങളെ മീടൂ ആരോപണങ്ങളുമായി കൂട്ടിക്കെട്ടാനാവില്ല. ആദ്യത്തേത് ആശയപരമാണെങ്കിൽ രണ്ടാമത്തേത് ക്രിമിനൽ സ്വഭാവമുള്ളതാണ്. ലോകത്തെ തന്നെ ആദിമമായ ക്ലാസിക് ഭാഷകളിൽ ഉൾപ്പെടുന്ന തമിഴിനു ലഭിക്കുന്ന അംഗീകാരം, അതർഹിക്കുന്ന കൈകളിൽ തന്നെ എത്തിച്ചേരണമായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com