ചരിത്രത്തിൽ നിന്ന് പാഠങ്ങൾ പഠിക്കണം

65 വർഷക്കാലം ഇന്ത്യ ഭരിച്ച കോൺഗ്രസിന് ഇന്ന്, അംഗീകൃത പ്രതിപക്ഷം പോലും ആകാൻ കഴിയുന്നില്ല.
ചരിത്രത്തിൽ നിന്ന് പാഠങ്ങൾ പഠിക്കണം

ജ്യോത്സ്യൻ

മരച്ചില്ലകൾ കുലുക്കി യേശുവിനെ ഹോസാന ഹോസാന പാടി ജെറുസലേം ദേവാലയത്തിലേക്ക് സ്വീകരിച്ച അതേ ജനക്കൂട്ടം തന്നെയാണ് ബറാബസിനെ വിട്ടുതരിക യേശുവിനെ കുരിശിലേറ്റുക എന്ന് ഭരണാധികാരി പിലാത്തോസിന് മുന്നിൽ അലറി വിളിച്ചത്. കുരിശിലേറ്റിയ യേശു മൂന്നാം ദിവസം ഉയർത്തെഴുന്നേൽക്കുകയും സ്വർഗാരോപിതനാകുകയും ചെയ്തു. ചില ജീവിത യാഥാർഥ്യങ്ങൾ മാനവരാശിക്ക് മുഴുവൻ മനസിലാക്കിക്കൊടുക്കുന്ന ഒരു വലിയ ചരിത്രത്തിന്‍റെ ഭാഗമാണ് നാം കാണുന്നത്. രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നവർ തന്നെ പിന്നീട് തള്ളിപ്പറയുന്നത് ലോകചരിത്രത്തിന്‍റെ ഭാഗമാണ്. ഇതിൽ നിന്നെല്ലാം പാഠങ്ങൾ ഉൾക്കൊണ്ട് ജീവിതം മുന്നോട്ടു നയിക്കണം എന്നതാണ് യേശുവിന്‍റെ കുരിശു മരണവും ഉയിർപ്പും ചൂണ്ടിക്കാണിക്കുന്നത്.

നമ്മുടെ ചുറ്റുമുള്ള രാഷ്‌ട്രീയ ചരിത്രവും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ അഹിംസയുടെ മാർഗത്തിലൂടെ സമരം ചെയ്ത് രാജ്യത്തിന് സ്വാതന്ത്ര്യം നേടി തരുന്നതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. മഹാത്മാഗാന്ധിയാണ് അഹിംസ സിദ്ധാന്തത്തിന്‍റെ പ്രവാചകനായി മാറിയത്. എന്നാൽ നേതാജി സുഭാഷ് ചന്ദ്രബോസിനെ പോലുള്ള ചില രാജ്യസ്നേഹികൾ ബ്രിട്ടനെതിരേ ആയുധമെടുക്കണമെന്ന് തീരുമാനിച്ച് രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനോടൊപ്പം ചേർന്ന് ബ്രിട്ടനെ പുറത്താക്കാൻ യുദ്ധത്തിന് നേതൃത്വം കൊടുത്തവരാണ്.

ജവഹർലാൽ നെഹ്റുവിന്‍റെ നേതൃത്വത്തിൽ മൂന്നാം ലോകരാജ്യങ്ങളുടെ നേതൃത്വം ഏറ്റെടുക്കുന്നതിനുവേണ്ടി ചേരിചേരാ രാജ്യങ്ങളുടെ തലപ്പത്ത് നിന്നവരാണ് സ്വതന്ത്ര ഭാരതം. ചൈനയുമായി സുഹൃദ് ബന്ധം ഉണ്ടാക്കി ഹിന്ദി-ചീനി ഭായി ഭായി എന്ന മുദ്രാവാക്യം മുഴക്കുകയും പിന്നീട് ചൈന ഇന്ത്യയുടെ മണ്ണിലേക്ക് കടന്നു കയറിയപ്പോൾ നാം ആ മുദ്രാവാക്യം മാറ്റിപ്പറയുകയും ചെയ്തു. അതിനുശേഷം ഇന്നുവരെ ഇന്ത്യ- ചൈന അതിർത്തികളിൽ സമാധാനം ഉണ്ടായിട്ടില്ല.

65 വർഷക്കാലം ഇന്ത്യ ഭരിച്ച കോൺഗ്രസിന് ഇന്ന്, അംഗീകൃത പ്രതിപക്ഷം പോലും ആകാൻ കഴിയുന്നില്ല. ഇന്ത്യയുടെ ജനാധിപത്യ- മതേതര-സോഷ്യലിസ്റ്റ് ചിന്താഗതികൾ ഏതാണ്ട് അസ്തമിക്കുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. 2014 ൽ തികച്ചും അപ്രതീക്ഷിതമായി ഇന്ത്യയുടെ സാരഥ്യം ഏറ്റെടുത്ത ബിജെപി, കൂടുതൽ കരുത്തോടെ അടുത്ത 25 വർഷങ്ങൾ രാജ്യം ഭരിക്കാനുള്ള തയ്യാറെടുപ്പിലാണ്.

രാജ്യത്തിന് തലവേദനയുണ്ടാക്കിയ അയോധ്യ- ബാബ്റി മസ്ജിദ് പ്രശ്നം ഇന്ന് വിസ്മൃതിയിലാവുകയും രാമക്ഷേത്രം ഉയരുകയും ചെയ്തിരിക്കുന്നു. ഇന്ത്യയിലെ പല മുസ്‌ലിം ദേവാലയങ്ങളും ഒരുകാലത്ത് ഹൈന്ദവ ക്ഷേത്രങ്ങളായിരുന്നുവെന്നും പിന്നീട് പല സന്ദർഭങ്ങളിലായി അവ മോസ്ക്കുകളാക്കി മാറ്റുകയാണ് ഉണ്ടായതെന്നും ചരിത്രാന്വേഷകർ പറയുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം തിരിച്ച് ഹൈന്ദവ ക്ഷേത്രങ്ങളാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഗ്യാൻവ്യാപി തർക്കം കാശി- മഥുര ക്ഷേത്രങ്ങളിലേക്ക് കൂടി വ്യാപിച്ചിരിക്കുന്നു. ആർട്ടിക്കിൾ 370, ഏകവ്യക്തി നിയമം തുടങ്ങി പല പുതിയ നിയമനിർമാണങ്ങളിലേക്ക് ബിജെപി കടന്നുവരുന്നു.

സിബിഐ, ഇഡി തുടങ്ങി കേന്ദ്രസർക്കാരിന്‍റെ നേരിട്ട് നിയന്ത്രണമുള്ള ഏജൻസികൾ ബിജെപി ഇതര രാഷ്‌ട്രീയ പാർട്ടികളെ ഒതുക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ചിരിക്കുന്നു എന്ന് വ്യാപകമായ ആരോപണം ഉയർന്നിട്ടുണ്ട്. ഇത്തരം കേന്ദ്ര ഏജൻസികൾ ബിജെപി ഇതര രാഷ്‌ട്രീയ പാർട്ടികളോട് ഒരു നയവും ബിജെപിയോട് കൂറുള്ള ഭരണകൂടങ്ങളോട് മറ്റൊരു നയവും എടുക്കുന്നത് ജനാധിപത്യ മര്യാദകൾക്ക് ചേർന്നതാണോ എന്നും ആലോചിക്കേണ്ടിയിരിക്കുന്നു.

സർ സിപിയുടെ കാലഘട്ടത്തിൽ കേരളീയർ കടലിലെറിഞ്ഞ അമെരിക്കൻ മോഡൽ സിദ്ധാന്തം ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ബിജെപി പുറത്തെടുക്കുമോ എന്ന ഭയപ്പാടും എല്ലാവർക്കുമുണ്ട്. മാത്രമല്ല കേജരിവാളിനെതിരെ ഇന്ത്യയിൽ നടപടികളുണ്ടായപ്പോൾ അമെരിക്ക, ജർമനി തുടങ്ങിയ രാജ്യങ്ങൾ ഇടപ്പെട്ടത് ഈ രാജ്യങ്ങളുമായുള്ള നമ്മുടെ സൗഹൃദത്തിന് പോറലേൽപ്പിച്ചിട്ടുണ്ട്. ഒരു രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റൊരു രാജ്യം ഇടപെടുന്നത് ശരിയല്ല എന്നതാണ് അന്തർദേശീയ നയമെങ്കിലും മാറുന്ന ലോക സാഹചര്യത്തിൽ, ഇത്തരം ഇടപെടലുകൾ ഒറ്റപ്പെട്ട സംഭവമല്ല.

ഇസ്രായേൽ- പാലസ്തീൻ, റഷ്യ- യുക്രെയ്ൻ യുദ്ധങ്ങൾ അവിടെ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ഈ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടക്കുന്ന ചെറുതും വലുതുമായ പ്രശ്നങ്ങളിൽ മറ്റു രാജ്യങ്ങൾ ഇടപെടുന്നതിൽ നാം അമർഷം കൊള്ളേണ്ട കാര്യമില്ല. വസുധൈവ കുടുംബകം (ലോകമേ തറവാട്) എന്ന വാക്യം ആദ്യം ഉടലെടുത്തത് ഇന്ത്യയുടെ മണ്ണിലാണ് എന്നാണ് ജോത്സ്യന് പറയാനുള്ളത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com