ഒന്നും വലുതാക്കി പൊലിപ്പിക്കരുത്

ഇക്കാലത്തെ മൽസരയോട്ടത്തിൽ മാധ്യമങ്ങളിലെ പല വാർത്തകളും സേവന രംഗത്തുള്ള പ്രഗത്ഭരായ പലരെയും കുഴപ്പത്തിലാക്കുന്നത് നാം കാണുന്നുണ്ട്.
ഒന്നും വലുതാക്കി പൊലിപ്പിക്കരുത്

ജ്യോത്സ്യൻ

എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാൻ പറ്റില്ല എന്നൊരു ചൊല്ലുണ്ട്. രാഷ്‌ട്രീയ നേതാക്കൾ പ്രത്യേകം ഓർക്കേണ്ടതാണിത്. അടുത്ത കാലത്ത് മുൻ കേന്ദ്രമന്ത്രിയും സീനിയർ കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർ കോൺഗ്രസിനെ വെട്ടിലാക്കിക്കൊണ്ട് ഒരു വിവാദ പരാമർശം നടത്തി. പാക്കിസ്ഥാനെ ഇന്ത്യ പ്രകോപിപ്പിക്കരുതെന്നും അവരുമായി ഒരു ഏറ്റുമുട്ടൽ ഉണ്ടായാൽ അവർ അണ്വായുധങ്ങൾ ഉപയോഗിക്കും എന്നായിരുന്ന അയ്യരുടെ വെളിപ്പെടുത്തൽ. സൈനിക ബലാബലമല്ല, പരസ്പര ധാരണയും വിശ്വാസവുമാണ് വേണ്ടത് എന്നും അദ്ദേഹം വാദിച്ചു. ഇതിനെതിരേയും കോൺഗ്രസിനെതിരേയും മണിശങ്കറിനെതിരേയും ബിജെപി ശക്തമായ പ്രസ്താവനയിറക്കി.

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറാണ് പ്രത്യാക്രമണത്തിന് തുടക്കം കുറിച്ചത്. സിയാച്ചിൻ വിട്ടു കൊടുക്കുക, ജനങ്ങളെ രണ്ടാക്കുക, നുണ പ്രചരണങ്ങൾ നടത്തുക തുടങ്ങിയവയാണ് കോൺഗ്രസിന്‍റെ അജൻഡ എന്നൊക്കെ രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

ഉത്തർ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഒന്നുകൂടി കടത്തി പറഞ്ഞു. ലോകത്തെ മികച്ച സൈന്യമാണ് ഇന്ത്യയ്ക്കുള്ളതെന്നും അവരെ അപമാനിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റൊരു കേന്ദ്ര മന്ത്രിയായ അനുരാഗ് സിങ് ഠാക്കൂർ കുറെ കൂടി ശക്തമായി കോൺഗ്രസിനെ ആക്ഷേപിച്ചു. ഇപ്പോാഴും ഇന്ത്യയിൽ താമസിക്കുന്ന കോൺഗ്രസുകാരന്‍റെ മനസ് പാക്കിസ്ഥാനിലാണെന്ന് ഠാക്കൂർ കുറ്റപ്പെടുത്തി.

മണിശങ്കർ അയ്യർക്ക് തൊട്ടു മുൻപ് രാജീവ് ഗാന്ധിയുടെ സുഹൃത്തും, കോൺഗ്രസുകാരനും, ഇന്ത്യയിൽ ടെലിഫോൺ വിപ്ലവത്തിന് തുടക്കം കുറിച്ചയാളുമായ സാം പിട്രോഡ പറഞ്ഞ കോലാഹല വാക്കുകൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ദക്ഷിണേന്ത്യക്കാർക്ക് ആഫ്രിക്കൻ വംശജരുടെ സ്വഭാവമാണെന്നും, തീരപ്രദേശത്ത് താമസിക്കുന്നവർക്ക് അറബികളുടെ സ്വഭാവമാണെന്നും, വടക്ക് കിഴക്കൻ പ്രദേശങ്ങളിലുള്ളവർ ചൈനീസ് സ്വഭാവക്കാരാണെന്നും, വടക്ക് പടിഞ്ഞാറുള്ളവർക്ക് ബ്രിട്ടീഷുകാരുടെ സ്വഭാവമാണെന്നും സാം പിട്രോഡ പറഞ്ഞു. ബിജെപി ഇത് ഏറ്റു പിടിച്ചു. വംശീയമായി ഇന്ത്യക്കാരെ സാം പിട്രോഡ അപമാനിക്കുന്നതായി ആരോപണം ഉണ്ടായി.

രണ്ടു പേരും കോൺഗ്രസിന്‍റെ ഔദ്യോഗിക ഭാരവാഹികളോ വ്യക്തികളോ അല്ലെന്ന് കോൺഗ്രസ് മറുപടി പറഞ്ഞെങ്കിലും കോൺഗ്രസിനെ ആക്ഷേപിച്ചു കൊണ്ടുള്ള കൊടുങ്കാറ്റുകൾ വീശിക്കൊണ്ടിരിക്കുകയാണ്. മണിശങ്കർ പറഞ്ഞതിൽ വലിയ തെറ്റില്ലെങ്കിലും തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. പാക്കിസ്ഥാനോട് മാത്രമല്ല ചൈന, ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ, മാലദ്വീപ് എന്നീ എല്ലാ അയൽ രാജ്യങ്ങളുമായും സ്നേഹബന്ധത്തിൽ പോകുന്നതാണ് ഇന്ത്യയ്ക്ക് നല്ലത്. ഏഷ്യയിലെ വൻ ശക്തിയാണ് ഇന്ത്യ. അതുകൊണ്ട് അയൽ രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുന്നതാണ് ഇന്ത്യയ്ക്ക് നല്ലത്.

നയതന്ത്ര വൽക്കരണ വിദഗ്ധൻ എന്ന നിലയിൽ സാം പിട്രോഡ ഇന്ത്യയെ കാണുമ്പോൾ അദ്ദേഹത്തിന്‍റെ വീക്ഷണത്തിന് പ്രത്യേക പ്രസക്തിയുണ്ടാകും. എന്നാൽ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഇതെല്ലാം അനാവശ്യ കോലാഹലങ്ങൾക്ക് വഴിവയ്ക്കും. പൊതുസമൂഹത്തിൽ നിറഞ്ഞുനിൽക്കുന്നവർ സംസാരിക്കുമ്പോൾ പ്രത്യേകം സൂക്ഷിക്കണമെന്നും അനാവശ്യ കോലാഹലങ്ങൾ ഒഴിവാക്കണമെന്നും അടുത്ത കാലത്ത് സുപ്രീം കോടതിയുടെ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടത് എല്ലാവരും ശ്രദ്ധിക്കണം.

ഇക്കാലത്തെ മൽസരയോട്ടത്തിൽ മാധ്യമങ്ങളിലെ പല വാർത്തകളും സേവന രംഗത്തുള്ള പ്രഗത്ഭരായ പലരെയും കുഴപ്പത്തിലാക്കുന്നത് നാം കാണുന്നുണ്ട്. തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ തിരുത്തപ്പെടണം.

അടുത്ത കാലത്ത് കോഴിക്കോട് മെഡിക്കൽ കോളെജുമായി ബന്ധപ്പെട്ട വാർത്തയാണ് അവയവം മാറി ശസ്ത്രക്രിയ നടത്തിയത്. നാലു വയസുകാരിയുടെ കൈവിരലിനു പകരം നാവിൽ ശസ്ത്രക്രിയ നടത്തിയതാണ് മാധ്യമങ്ങൾ വാശിയോടെ വാർത്തയാക്കിയത്. നാവിന്‍റെ അറ്റം മുറിച്ചു എന്നു പോലും ചില മാധ്യമങ്ങൾ എഴുതി. ഇതേക്കുറിച്ച് മുഖപ്രസംഗം എഴുതിയ പത്രങ്ങളുമുണ്ട്. ഇത്തരം വാർത്തകൾ കൊടുക്കുമ്പോൾ വിദഗ്ധരുടെ അഭിപ്രായം കൂടി കേൾക്കേണ്ടതുണ്ട്. നാവിൽ പലർക്കും വരുന്ന ഒരു കെട്ട് വളരെ ലളിതമായ ഒരു ഓപ്പറേഷനിലൂടെ മാറ്റാം. അങ്ങിനെയുള്ള ഒരു ഓപ്പറേഷനോടൊപ്പം തന്നെയായിരുന്നു വിരലിന്‍റെ ഓപ്പറേഷനും. ഓപ്പറേഷൻ നടത്തുന്നതിന് മുമ്പ് ബന്ധുക്കളെ വേണ്ട വിധത്തിൽ പറഞ്ഞു മനസിലാക്കിയില്ല എന്നൊരു വീഴ്ച ഉണ്ടെങ്കിൽ പോലും ആരോഗ്യ രംഗത്തെ ചെറിയ പാകപ്പിഴകൾ ഊതി വലുതാക്കുന്നത് പൊതു സമൂഹത്തിന് നല്ലതല്ല.

നമ്മുടെ ആരോഗ്യ സേവന രംഗത്ത് പ്രതിജ്ഞബദ്ധരായി നിൽക്കുന്നവരാണ് ഡോക്റ്റർമാർ നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫുമാർ എന്നിവർ. ആയിരക്കണക്കിന് മനുഷ്യജീവനാണ് ഇവരുടെ കൈകളിലൂടെ കടന്നു പോകുന്നത് . ഈ വൈദ്യ ശാസ്ത്ര വിദഗ്ധരുടെ ജീവിതം തകർക്കുന്ന രീതിയിൽ ചെറിയ തെറ്റുകൾ വലുതാക്കി കാണിക്കുന്നത് നല്ലതല്ല. അവരെ നിരാശപ്പെടുത്തരുത് എന്നാണ് ജോത്സ്യന്‍റെ അഭിപ്രായം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com