നമ്മുടെ പൊലീസ് ഇങ്ങനെയാകരുത്

ഒരു കാലഘട്ടത്തിൽ പൊലീസ് സ്റ്റേഷൻ ജനങ്ങളിൽ ഭീതിയുയർത്തുന്ന മർദന കേന്ദ്രങ്ങളായിരുന്നു.
നമ്മുടെ പൊലീസ് ഇങ്ങനെയാകരുത്
നമ്മുടെ പൊലീസ് ഇങ്ങനെയാകരുത്

ജ്യോത്സ്യൻ

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതു പ്രധാനമായും പൊലീസാണ്. എന്നാൽ കാവൽക്കാരൻ തന്നെ കൊള്ളക്കാരനായാൽ എന്താകും സ്ഥിതി?! പൊതുവേ കേരള പൊലീസ് കഴിവിനും കരുത്തിനും വിശ്വസ്തതയ്ക്കും പേരുകേട്ട സേനയാണ്. പ്രഗത്ഭരായ ഉദ്യോഗസ്ഥരെ സംഭാവന ചെയ്യാൻ കേരള പൊലീസിന് കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേശകനായ അജിത് ഡോവൽ കേരള പൊലീസിലെ ഒരംഗമാണ്. കൊച്ചി മെട്രൊയുടെ എംഡിയായി പ്രവർത്തിക്കുന്ന ലോകനാഥ് ബെഹ്റ ഇന്ത്യയിലെ അറിയപ്പെട്ട കേസുകൾ വിജയകരമായി കൈകാര്യം ചെയ്ത കേരള പൊലീസിലെ ഡിജിപി ആയിരുന്നു. റോ, ഐബിഐ, സിബിഐ തുടങ്ങിയ കേന്ദ്ര സേനയിലെ പ്രഗത്ഭരായ പലരും പേരുകേട്ട മലയാളികളായിരുന്നു. റോയുടെ ആദ്യ സെക്രട്ടറിയായിരുന്ന ആർ.എൻ. കാവിനു ശേഷം വന്നത് മലയാളിയായ കെ. ശങ്കരൻ നായരാണ്. ദീർഘകാലം അദ്ദേഹം "റോ' യുടെ തലപ്പത്തിരുന്നു.

കേരളത്തിൽ പൊലീസിന്‍റെ തലപ്പത്തിരുന്ന ധാരാളം പ്രഗത്ഭരുണ്ട്. അതിൽ എം.കെ. ജോസഫ് പൊലീസ് സേനയിൽ മാത്രമല്ല കേരളത്തിലെ സ്പോർട്സ് രംഗത്തിനും നേതൃത്വം നൽകി. ഉന്നതനായ പൊലീസ് മേധാവി ജോസഫ് തോമസ് മുൻ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ വിശ്വസ്തനായിരുന്നു. ജിസിഡിഎ ചെയർമാനെന്ന നിലയിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ദിവസങ്ങൾ പിന്നോട്ട് എണ്ണിക്കൊണ്ടാണ് അദ്ദേഹം പൂർത്തീകരിച്ചത്. അദ്ദേഹത്തിന്‍റെ ഇളയ സഹോദരനാണ് കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് യാഥാർഥ്യമാക്കാൻ വേണ്ടി പ്രയത്നിച്ച വി.ജെ. കുര്യൻ.

എന്നാൽ അടുത്ത കാലത്ത് പുറത്തു വരുന്ന വാർത്തകൾ കേരള പൊലീസ് സേനയ്ക്ക് കളങ്കമാകുന്നു. കൊച്ചിയിലെ അറിയപ്പെടുന്ന ഗൂണ്ടാത്തലവന്‍റെ വീട്ടിലെ സത്കാരത്തിൽ കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനും സഹപ്രവർത്തകരും പങ്കെടുത്തത് ഞെട്ടിക്കുന്ന വാർത്തയാണ്. സംസ്ഥാനത്ത് ഗൂണ്ടാ സംഘങ്ങള അമര്‍ച്ച ചെയ്യാനുള്ള "ഓപറേഷന്‍ ആഗ് ' നടക്കുന്നതിനിടെയാണ് ഗൂണ്ടാ ലിസ്റ്റിലെ പ്രമുഖന്‍റെ വീട്ടില്‍ വിരുന്നുണ്ണാന്‍ ഡിവൈഎസ്പിയും മറ്റു മൂന്ന് പൊലീസുകാരും എത്തിയത്. അങ്കമാലി എസ്‌ഐയുടെ നേതൃത്വത്തില്‍ ഗൂണ്ടാ തലവന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോഴാണ് ഡിവൈഎസ്പിയും പൊലീസുകാരും ഗുണ്ടയുടെ വീട്ടില്‍ വിരുന്നെത്തിയ കാര്യം അറിഞ്ഞത്.

ഒരു കാലഘട്ടത്തിൽ പൊലീസ് സ്റ്റേഷൻ ജനങ്ങളിൽ ഭീതിയുയർത്തുന്ന മർദന കേന്ദ്രങ്ങളായിരുന്നു. ഇത്തരം മർദനം മൂലം കൊല ചെയ്യപ്പെട്ട പലരും, സ്വന്തം അടിവസ്ത്രത്തിന്‍റെ ചരടിൽ കെട്ടിത്തൂങ്ങി മരിച്ചെന്ന പൊലീസ് കഥകൾ നാം കേട്ടിട്ടുണ്ട്. കെ. കരുണാകരന്‍റെ രാജിയിൽ വരെ എത്തിച്ച രാജൻ കേസ് കേരളത്തിൽ കോളിളക്കം ഉണ്ടാക്കി. ശക്തമായി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ള കരുണാകരന് പോലും പൊലീസ് ഉദ്യോഗസ്ഥരുടെ വാക്കുകൾ വിശ്വസിച്ച് തെറ്റായ സത്യവാങ്മൂലം എഴുതിക്കൊടുക്കേണ്ടി വന്നതും അത് അദ്ദേഹത്തിന്‍റെ രാജിയിലേക്ക് നയിച്ചതും കേരള രാഷ്‌ട്രീയത്തിലെ പ്രത്യേകത നിറഞ്ഞ സംഭവങ്ങളാണ്.

നിയമം ലംഘിക്കുന്നവരെ എങ്ങിനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് സുപ്രീം കോടതിയും കേരള ഹൈക്കോടതിയും തങ്ങളുടെ വിധി ന്യായങ്ങളിൽ പല പ്രാവശ്യം തറപ്പിച്ചു പറഞ്ഞിട്ടുള്ളതാണ്. എങ്ങനെയാണ് ക്രിമിനൽ കേസുകളിൽപ്പെടുന്ന സ്ത്രീകളോട് പെരുമാറേണ്ടതെന്നും കോടതി പ്രത്യേകം പറയുന്നുണ്ട്. ഇതേ കേരളത്തിൽ തന്നെയാണ് വ്യാജ മയക്കുമരുന്നു കേസിൽ ഉൾപ്പെടുത്തി ഒരു സ്ത്രീയെ മാസങ്ങളോളം ജയിലിലടച്ചത്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന നീതിവാക്യം നാം പ്രത്യേകം ഓർക്കേണ്ടതാണ്. മുംബൈ പോലുള്ള മഹാനഗരങ്ങളിൽ പൊലീസും കുറ്റവാളികളും തമ്മിൽ ഉണ്ടാക്കിയിട്ടുള്ള രഹസ്യ ബന്ധങ്ങളാണ് പലപ്പോഴും രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ പുറത്തു വന്നിട്ടുള്ളത്. എന്നാൽ കുറ്റവാളികളെ ധീരമായി നേരിട്ട പൊലീസ് ഉദ്യോഗസ്ഥരും ഉണ്ട്. മുംബൈ പൊലീസ് കമ്മിഷണറായിരുന്ന ജൂലിയോ റിബേറോ അത്തരത്തിലുള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് അദ്ദേഹം പഞ്ചാബ് ഡിജിപിയായപ്പോൾ ലഹരി മാഫിയയെ അടിച്ചമർത്തി. തുടർന്നു വന്ന കെ.പി.എസ്. ഗിൽ വളരെ കരുത്തനായ പൊലീസ് മേധാവിയായി പേരെടുത്തു.

കേരളം പൊതുവേ മാഫിയ സംഘങ്ങൾക്ക് തണൽ നൽകാത്ത സംസ്ഥാനമാണ്. ചെറിയ സംഭവങ്ങൾ പോലും ജനമധ്യത്തിൽ കൊണ്ടുവരാൻ നമ്മുടെ മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. കുറ്റവാളികളെ സമയബന്ധിതമായി നിർദാക്ഷിണ്യം ശിക്ഷിക്കുവാൻ കേരളത്തിലെ കോടതികൾക്ക് കഴിഞ്ഞിട്ടുണ്ട്. കരുണാകരനെ പോലുള്ള മുഖ്യമന്ത്രിമാർ അവിഹിതമായി ഒരു ക്രിമിനൽ കേസിലും ഇടപെട്ടിട്ടില്ല എന്നതും പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. ഈ പാരമ്പര്യം നിലനിർത്തിക്കൊണ്ടു പോകാൻ ഇന്നത്തെ മുഖ്യമന്ത്രിയും സർക്കാരും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണം. മാധ്യമ സുഹൃത്തുക്കൾ ഇക്കാര്യത്തിൽ പിന്തുടരുന്ന സത്യസന്ധതയും ആത്മാർഥതയും നിഷ്പക്ഷതയും തുടരണം.

പൊലീസിന്‍റെ കാര്യക്ഷമതയും സത്യസന്ധതയും കൊണ്ടാണ് ജനങ്ങൾ ഭയപ്പാടില്ലാതെ കിടന്നുറങ്ങുന്നത്. അതുകൊണ്ട് സാമൂഹ്യ വിരുദ്ധരോടൊപ്പം വിരുന്നുണ്ണുന്ന ഒരു നിയമപാലകനും സേനയിൽ ഉണ്ടാകാൻ പാടില്ല എന്നാണ് ജോത്സ്യന്‍റെ അഭിപ്രായം.

Trending

No stories found.

Latest News

No stories found.