ഇന്ത്യ മടങ്ങിത്തുടങ്ങി, ഇന്ത്യയിലേക്ക്...

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി എഴുതുന്നു
ഇന്ത്യ മടങ്ങിത്തുടങ്ങി, ഇന്ത്യയിലേക്ക്...
ഇന്ത്യ മടങ്ങിത്തുടങ്ങി, ഇന്ത്യയിലേക്ക്...

കെ.സി. വേണുഗോപാല്‍, MP

2024 ജൂണ്‍ 4: ഇന്ത്യ, ഇന്ത്യയിലേക്ക് മടങ്ങിത്തുടങ്ങിയ ദിവസം. അത്തരത്തിലായിരിക്കും ഭാവിയില്‍ ആ ദിവസത്തെ ചരിത്രം രേഖപ്പെടുത്തുക. അന്നാണ് വെറുപ്പിനും വിദ്വേഷത്തിനുമല്ല, സ്‌നേഹത്തിനും സാഹോദര്യത്തിനും സഹവര്‍ത്തിത്വത്തിനുമാണ് തങ്ങളുടെ "ഗ്യാരണ്ടി'യെന്ന് ഇന്ത്യന്‍ ജനത ഉറക്കെ പ്രഖ്യാപിച്ചത്. ജനങ്ങള്‍ അവരുടെ എറ്റവും വലിയ ജനാധിപത്യാവകാശം പ്രയോഗിച്ചാണ് അത് വിളിച്ചു പറഞ്ഞത്. "നാനാത്വത്തില്‍ ഏകത്വം', "വസുധൈവ കുടുംബകം' എന്നിവയയൊക്കെയാണല്ലോ രാജ്യത്തിന്‍റെ മൂല മന്ത്രങ്ങള്‍. സംസ്‌കാരം, ഭാഷ, മതം, വംശം, വസ്ത്രധാരണം, ഭക്ഷണം എന്നിവ എന്തു തന്നെയായാലും, നമ്മള്‍ സ്‌കൂള്‍ ക്ലാസുകളില്‍ ചൊല്ലിയിരുന്ന പ്രതിജ്ഞയിലെ ആദ്യ വാചകങ്ങള്‍ പോലെ, "ഇന്ത്യ എന്‍റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീ സഹോദരന്മാരാണ്' എന്നതാണ് ആ വാക്കുകളുടെ സത്ത.

എന്നാല്‍, 10 വര്‍ഷമായി, കൃത്യമായി പറഞ്ഞാല്‍, 2014 മേയ് മേയ് 26 മുതല്‍ നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരുന്നത് എന്താണ്? ആത്മപ്രശംസക്കും വിഭാഗീയതയ്ക്കും വിദ്വേഷ പ്രവൃത്തികള്‍ക്കും അഹങ്കാര, പരിഹാസ പ്രയോഗങ്ങള്‍ക്കും അധര വ്യായാമത്തിനും ട്വിറ്റര്‍, വാട്‌സാപ്പ്, ഫെയ്സ് ബുക്ക്, യുട്യൂബ് പ്രചണ്ഡ പ്രചാരണ കോലാഹലങ്ങള്‍ക്കുമപ്പുറം എന്താണുണ്ടായത്? അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാനാവാതെ നട്ടം തിരിയുന്ന ഒരു ജനതയെയും തൊഴില്‍ രഹിതരായ യുവതെയും സൃഷ്ടിക്കുകയും ഇന്ത്യയുടെ അടിസ്ഥാന ഘടനയെ, സാഹോദര്യത്തെ, ആത്മാവിനെത്തന്നെ നഷ്ടപ്പെടുത്തുകയായിരുന്നില്ലേ?

ലോക്‌സഭയില്‍ പ്രതിപക്ഷത്തിന് അര്‍ഹമായ പ്രതിപക്ഷ നേതൃപദവി നിഷേധിച്ചുകൊണ്ടായിരുന്നു 10 വര്‍ഷം മുമ്പ് ഇന്ത്യയെ തകര്‍ത്ത ആ വിധ്വംസക യാത്രക്ക് തുടക്കമായത്. ജനാധിപത്യ ധ്വംസന മാത്രമല്ല, വെറുപ്പും വിദ്വേഷവും കൂടി കലര്‍ന്നതായിരുന്നു ആ നിലപാട്. 10 വര്‍ഷം രാജ്യം കണ്ടത് ഇതിന്‍റെ നേര്‍ക്കാഴ്ചകള്‍ ആയിരുന്നു. കശ്മീരിലും മണിപ്പുരിലും യുപിയിലും രാജ്യത്തിന്‍റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും "മുഖ്യ സേവകന്‍' വിതച്ച വിപത്തിന്‍റെ വിത്തിന്‍റെ ഫലമെടുക്കലാണ് അനുയായികള്‍ നടത്തിയത്.

നോട്ട് അസാധുവാക്കല്‍, സംസ്ഥാനത്തെ വെട്ടിമുറിക്കല്‍, ബുള്‍ഡോസര്‍ രാജ്, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, പേരുമാറ്റി ചരിത്രത്തെ മറക്കല്‍, പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിങ്ങനെ എത്രയെത്ര കൊടും പാതകങ്ങളാണ് കാണേണ്ടിയും അനുഭവിക്കേണ്ടിയും വന്നത്. ദേശസ്‌നേഹത്തിൽ അധിഷ്ഠിതമായ സൈനിക സേവനത്തെ, "അഗ്‌നീവീര്‍' പദ്ധതിയിലൂടെ എത്ര വികലമാക്കി. ജമ്മു കശ്മീരിലെ ജനങ്ങക്ക് പാക്കിസ്ഥാന്‍ മനസാണെന്ന് ആക്ഷേപിച്ചാണ് ആ സംസ്ഥാനത്തെ രണ്ടാക്കിയത്. സ്വന്തം രാജ്യത്തിലെ ഒരു സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അന്യരാജ്യ മാസാണെന്ന് പറയുന്ന ഒരു പ്രധാന മന്ത്രി! ഏറ്റവുമൊടുവില്‍, രാജ്യത്തെ ഒരു പ്രബല ന്യൂനപക്ഷ വിഭാഗത്തെ പ്രതിക്കൂട്ടിലാക്കി, അവര്‍ക്കായി സ്വത്ത് പങ്കുവച്ചുപോകുമെന്നും കെട്ടുതാലി പൊട്ടിച്ചു കൊടുക്കുമെന്നും അവര്‍ നുഴഞ്ഞുകയറ്റക്കാരാണെന്നും കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നവരാണെന്നും വരെയുളള അധിക്ഷേപം വിശ്വ ഗുരുവെന്ന് സ്വയം പുകഴ്ത്തി നടക്കുന്ന മോദിയില്‍ നിന്നുണ്ടായി. പ്രധാനമന്ത്രിയുടെ കസേരയിലിരിക്കുന്ന 142 കോടി ജനങ്ങളുടെ നേതാവിന്‍റെ വായില്‍ നിന്നുതിര്‍ന്ന ആ വാക്കുകള്‍ കേട്ട് രാജ്യം നടുങ്ങുക മാത്രമല്ല, നാണം കെട്ട് തല താഴ്ത്തുക കൂടി ചെയ്തു. എന്നാല്‍, മുസ്‌ലിങ്ങള്‍ നുഴഞ്ഞുകയറ്റക്കാരാണെന്നും കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നവരാണെന്നും മോദി പരാമര്‍ശം നടത്തിയ രാജസ്ഥാനിലെ ബന്‍സ്വാരയില്‍ ബിജെപി സ്ഥാനാര്‍ഥി തോറ്റത് രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ്. മാത്രമല്ല, മോദി പ്രചാരണം നടത്തിയ മണ്ഡലങ്ങളില്‍ പകുതിയോളം സീറ്റുകളിലും എന്‍ഡിഎ സ്ഥാനാർഥികള്‍ തോറ്റു. അദ്ദേഹം എത്തിയ 164 മണ്ഡലങ്ങളില്‍ 77 ലും എന്‍ഡിഎ പരാജയപ്പെട്ടു.

അതിലുപരി, മോദി മത്സരിച്ച വാരാണസിയില്‍ വോട്ടെണ്ണലിനിടിയില്‍ പല പ്രാവശ്യം എതിരാളിക്ക് പിന്നിലായി. 2019ല്‍ 4,79,505 വോട്ടായിരുന്നു ഭൂരിപക്ഷം. ഇത്തവണ 3 ലക്ഷത്തിലേറെ വോട്ടിന്‍റെ കുറവ്. ഒടുവില്‍, ഏകഛത്രാധിപതിയായി 10 കൊല്ലം, ആരാലും ചോദ്യം ചെയ്യപ്പെടാനാവാതെ, തോന്നുന്നതെല്ലാം ചെയ്ത് രാജ്യം ഭരിച്ച മോദി സ്വന്തമായി കേവല ഭൂരിപക്ഷം പോലും നേടാനാവാതെ, സഖ്യകക്ഷികളുടെ പിന്തുണ തേടി ഭരിക്കുന്നു. എന്‍ഡിഎ എന്ന ദേശീയ ജനാധിപത്യ സഖ്യത്തില്‍ നിന്ന് ഇറങ്ങിപ്പോയ തെലുങ്കുദേശത്തിന്‍റെ ചന്ദ്രബാബു നായിഡുവിന്‍റെയും മോദി ബിഹാറില്‍ കയറരുതെന്ന് മുന്‍പ് പറഞ്ഞ ജനതാദള്‍- യു നേതാവ് നിതീഷ് കുമാറിന്‍റെയും കരുണാ കടാക്ഷത്തിലാണ് മൂന്നാം ഊഴം. രാജ്യത്തിന്‍റെ ഐക്യം, അഭിമാനം, അന്തസ്, അഭിവൃദ്ധി ഇവയൊക്കെ നഷ്ടപ്പെടുത്തിയ ഒരു ഭരണാധികാരിയോട് ഇങ്ങനെയല്ലാതെ ഒരു ജനത എങ്ങനെയാണ് കണക്ക് ചോദിക്കുക. ഇതല്ലേ, ഇന്ത്യയുടെ ഗ്യാരണ്ടി.

ഇങ്ങനെ ഒരാള്‍ രാജ്യത്തെ മൂച്ചൂടും മുടിച്ച് മുന്നേറിയപ്പോള്‍, അതിനെതിരേ ഒരു നനുത്ത കാറ്റു പോലെ വന്ന്, കൊടുങ്കാറ്റായി മാറുകയായിരുന്നു രാഹുല്‍ ഗാന്ധി. അതിന് കേള്‍ക്കേണ്ടി വന്ന പരിഹാസങ്ങളും ആക്ഷേപങ്ങളും അധിക്ഷേപങ്ങളും ചില്ലറയല്ല. പ്രധാനമന്ത്രി പോലും ഒരു രാഷ്‌ട്രീയ മര്യാദയുമില്ലാതെ, അദ്ദേഹത്തെ പരിഹസിച്ചു. അതിനു പുറമേ, കേന്ദ്ര എജന്‍സികളെ ഉപയോഗിച്ച് പീഡിപ്പിച്ചത് മതിയാവാതെ അദ്ദേഹത്തിന്‍റെ ലോക്‌സഭാംഗത്വം വരെ റദ്ദാക്കി.

എന്നാല്‍, ഇന്ത്യയ്ക്കു വേണ്ടി, ജനങ്ങള്‍ക്കു വേണ്ടി അദ്ദേഹം അചഞ്ചലനായി നിന്നു. ചരിത്രത്തിലാദ്യമായി, 136 ദിവസം 14 സംസ്ഥാനങ്ങളിലൂടെ നടന്ന് ജനങ്ങിലേക്കിറങ്ങി. 10 കിലോമീറ്റര്‍ ഇയാള്‍ക്ക് നടക്കാനാവുമോ എന്ന് പരഹസിച്ചവർക്ക് ഇടയിലൂടെയയാണ് 4,000 കിലോമീറ്റര്‍ നടന്നുനീങ്ങിയത്. നോട്ട് നിരോധനത്തിനെതിരേ, ജിഎസ്ടിക്കെതിരേ, പൗരത്വ ഭേദഗതി നിയമത്തിനെതിരേ, അഴിമതിക്കെതിരേ, തൊഴിലില്ലായ്മക്കെതിരേ, അഗ്‌നിവീറിനെതിരേ, ഭരണകൂട ഭീകരതയ്ക്കെതിരേ, തൊഴിലില്ലായ്മക്കെതിരേ അദ്ദേഹം രംഗത്തെത്തി. കര്‍ഷക സമരത്തില്‍ അവരോടൊപ്പവും കൊവിഡില്‍ പ്രതിസന്ധിയിലായ പാവപ്പെട്ട മനുഷ്യര്‍ക്കൊപ്പവും നിലകൊണ്ടു. കുഞ്ഞുങ്ങള്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, കര്‍ഷകര്‍, കച്ചവടക്കാര്‍, കായിക താരങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍, പാര്‍ശ്വവത്കരിക്കപ്പെട്ട പാവപ്പെട്ട മനുഷ്യര്‍ എന്നിങ്ങനെ സമൂഹമാകെ ആ മനുഷ്യന്‍റെ അടുത്തേക്ക് ഓടിയെത്തി. "നിങ്ങളുടെ സഹോദരിയായതില്‍ അഭിമാനമുണ്ട് " എന്ന് സഹോദരി പ്രിയങ്ക കുറിച്ചതു പോലെ ജനതയാകെ ആ മനുഷ്യനില്‍ അഭിമാനിക്കുന്നു.

ഇന്ത്യയ്ക്കു വേണ്ടി, "ഇന്ത്യ' സഖ്യത്തിന് രൂപം നല്‍കുന്നതിലെ ചാലക ശക്തിയായി നിലകൊണ്ടതും മറ്റാരുമായിരുന്നില്ല. ഒരു പാര്‍ട്ടി തങ്ങളുടെ എല്ലാ അധികാര ആഗ്രഹങ്ങളും ജനങ്ങള്‍ക്കു വേണ്ടി മാറ്റിവച്ച് ഇത്രയധികം വിട്ടുവീഴ്ചകള്‍ക്ക് തയാറായ മറ്റൊരു ചരിത്രം വേറെയുണ്ടാവില്ല. ആ സഹനത്തിന്, മനുഷ്യര്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിന് ജനത നല്‍കിയ ഗ്യാരണ്ടിയാണ് ഇന്ത്യ സഖ്യത്തിന്‍റെ കുതിപ്പ്. അതിന് നേതൃത്വം നല്‍കിയ രാഹുലിന് മത്സരിച്ച രണ്ടിടത്തും മോദിയുടെ ഇരട്ടിയിലേറെയാണ് ഭൂരിപക്ഷം.

അധികാരത്തിലേറാനാവാത്തത് പരാജയമാണെങ്കില്‍, ഇപ്പോഴത്തെ പരാജയം വിജയത്തോളം തന്നെ തിളക്കമുള്ളതാണ്. രാജ്യം കൂരിരുട്ടിലേക്ക് പോകുമെന്ന ആശങ്കയിലായ ഒരു ജനതയ്ക്ക് പുതിയ ആകാശവും പുതിയ ഭൂമിയും കാട്ടിക്കൊടുക്കുന്ന വെളിച്ചമാണത്. അധികാരത്തിലേറുക എന്നതിനേക്കാള്‍ രാജ്യത്തെ അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുക എന്നതായിരുന്നു "ഇന്ത്യ'യുടെ ലക്ഷ്യം. "അസതോമാ സദ്ഗമയ, തമസോമാ ജ്യോതിര്‍ഗമയ' (അസത്യത്തില്‍ നിന്നും സത്യത്തിലേക്കും, ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും നയിക്കേണമേ!) എന്നത് തന്നെയാണ് നമ്മുടെ പ്രാര്‍ഥന.

പൂര്‍ണ ലക്ഷ്യത്തിനായി ദൂരം ഇനിയുമുണ്ട്. ഇപ്പോള്‍ കിട്ടിയ വെളിച്ചത്തിലുടെ ആ യാത്ര തുടരുക തന്നെയാണ്. ഇന്ത്യയെ പുര്‍ണമായും തിരിച്ചു പിടിച്ചും ഭരണഘടനാ മൂല്യങ്ങള്‍ മുറുകെപ്പിടിച്ചും വെറുപ്പിന്‍റെ കമ്പോളത്തില്‍ സ്‌നേഹത്തിന്‍റെ കട തുറന്ന്, "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി' ഇന്ത്യ മാറുക തന്നെ ചെയ്യും.

Trending

No stories found.

Latest News

No stories found.