സദ്ഭരണത്തിന്‍റെ നേട്ടവും അരാജകത്വത്തിന്‍റെ വിലയും

അധികാര സ്ഥാനങ്ങളോടുള്ള സ്വാധീനം കൊണ്ടല്ല, കഴിവുകളാണ് അവസരങ്ങൾ നിർണയിക്കേണ്ടത്.
Rajiv Chandrasekhar

രാജീവ് ചന്ദ്രശേഖർ

Updated on: 

രാജീവ് ചന്ദ്രശേഖർ

ചിപ്പ് നിർമാണവും നിർമിത ബുദ്ധിയും പോലെ തന്നെ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ നിർണായകമാണ് സദ്ഭരണവും. നല്ല ഭരണം ഒരു രാജ്യത്തിനും ജനങ്ങൾക്കും എന്തെല്ലാം നേട്ടങ്ങൾ സമ്മാനിക്കുന്നു? ദുർഭരണത്തിന്‍റെ വില എത്രത്തോളം വലുതാണ്? ഈ ചോദ്യങ്ങൾ പുതു തലമുറ ഗൗരവത്തോടെ പരിശോധിക്കേണ്ട സമയമാണിത്.

രണ്ടു പതിറ്റാണ്ടായി പൊതുപ്രവർത്തന രംഗത്തുള്ള ഒരാളെന്ന നിലയിൽ രാഷ്‌ട്രീയ ചർച്ചകളിൽ വന്ന മാറ്റങ്ങൾ നേരിട്ടു കണ്ടിട്ടുണ്ട്. കാലം കഴിയുന്തോറും രാഷ്‌ട്രീയത്തിലെ വാദപ്രതിവാദങ്ങൾ കൂടുതൽ ബഹളമയമാകുന്നു. എന്നാൽ സാധാരണ പൗരന്‍റെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന അടിസ്ഥാന ചോദ്യത്തിന് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല.

2014നു ശേഷം വോട്ടർമാരായവരും വരും വർഷങ്ങളിൽ വോട്ടവകാശം നേടാനിരിക്കുന്നവരുമായ കോടിക്കണക്കിന് യുവാക്കൾക്ക് ഈ ചോദ്യത്തിന്‍റെ ഉത്തരം നിർണായകമാണ്. അവരുടെ തൊഴിൽ സാധ്യതകളും ജീവിത നിലവാരവും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും രാജ്യത്തിന്‍റെ ഭരണ നിലവാരവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

അധികാര സ്ഥാനങ്ങളോടുള്ള സ്വാധീനം കൊണ്ടല്ല, കഴിവുകളാണ് അവസരങ്ങൾ നിർണയിക്കേണ്ടത്. 2004 മുതൽ 2014 വരെയുള്ള ഇന്ത്യയും ഇന്ന് വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യയും തമ്മിലുള്ള പ്രധാന വ്യത്യാസമെന്താണ്? സർക്കാർ പദ്ധതികളുടെ എണ്ണത്തിലോ പ്രഖ്യാപനങ്ങളുടെ വലിപ്പത്തിലോ മാത്രം അതിനുള്ള ഉത്തരം ഒതുങ്ങുന്നില്ല. പൗരനും ഭരണകൂടവും തമ്മിലുള്ള ബന്ധത്തിൽ സംഭവിച്ച അടിസ്ഥാനപരമായ മാറ്റമാണ് അതിന്‍റെ കാതൽ.

മുൻകാലത്ത് പലപ്പോഴും ഒരു യുവാവിന്‍റെ വിജയസാധ്യത നിർണയിച്ചിരുന്നത് അയാളുടെ കഴിവോ ആശയമോ കഠിനാധ്വാനമോ ആയിരുന്നില്ല. പകരം, അയാൾക്ക് ആരെയൊക്കെ പരിചയമുണ്ട്, അധികാര കേന്ദ്രങ്ങളുമായി എത്രത്തോളം ബന്ധമുണ്ട് എന്നതായിരുന്നു പ്രധാനം. അർഹതയ്ക്കും കാര്യക്ഷമതയ്ക്കും പകരം സ്വാധീനവും ബന്ധങ്ങളും അവസരങ്ങൾ നിർണയിക്കുന്ന സാഹചര്യം.

വായ്പാ വിതരണത്തിലെ കേന്ദ്രീകരണവും ഇതിന്‍റെ ഉദാഹരണമാണ്. 10 വ്യവസായ ഗ്രൂപ്പുകൾ ഇന്ത്യൻ ബാങ്കിങ് സംവിധാനത്തിന്‍റെ മൊത്തം മൂല്യത്തിന്‍റെ ഏകദേശം 98 ശതമാനത്തിന് തുല്യമായ തുക വായ്പയെടുത്തിരുന്നു എന്ന 2010ലെ റിപ്പോർട്ട് സാമ്പത്തിക അവസരങ്ങളിലെ അസന്തുലിത അവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതേസമയം, തൃശൂരിൽ ചെറിയൊരു കട നടത്തുന്ന സ്ത്രീക്കും സൂറത്തിൽ ചെറുകിട വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്ന യുവ എൻജിനീയർക്കും വായ്പ ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇത് രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയിൽ ആർക്കൊക്കെയാണ് പങ്കാളികളാകാൻ അവസരം ലഭിച്ചത് എന്നതിന്‍റെ കൂടി സൂചനയാണ്.

ക്ഷേമ പദ്ധതികൾക്കായി സർക്കാർ ചെലവഴിക്കുന്ന ഓരോ രൂപയിലും 15 പൈസയിൽ താഴെ മാത്രമാണ് അർഹരായവരിലേക്ക് എത്തിയിരുന്നതെന്ന മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പരാമർശവും പ്രസക്തമാണ്. ജനങ്ങൾക്കായി നീക്കിവച്ച പണത്തിന്‍റെ വലിയൊരു ഭാഗം ഇടനിലക്കാരുടെ കൈകളിൽ ചോർന്നുപോകുന്ന സംവിധാനമായിരുന്നു അത്.

"നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?' എന്ന ചോദ്യത്തിനാണോ "നിങ്ങൾക്ക് ആരെയൊക്കെ പരിചയമുണ്ട്?' എന്ന ചോദ്യത്തിനാണോ ഭരണ സംവിധാനം പ്രാധാന്യം നൽകുന്നത് എന്നതിലാണ് സദ്ഭരണത്തിന്‍റെ യഥാർഥ വ്യത്യാസം. ജൻധൻ അക്കൗണ്ടുകൾ, ആധാർ, മൊബൈൽ സാങ്കേതികവിദ്യ എന്നിവയെ ബന്ധിപ്പിച്ച ജാം ട്രിനിറ്റി ഇന്ത്യയുടെ ഡിജിറ്റൽ ഭരണരംഗത്തെ പ്രധാന ചുവടുവയ്പായിരുന്നു. ഇത് സാങ്കേതിക വിദ്യയുടെ നേട്ടം മാത്രമായിരുന്നില്ല; ക്ഷേമ പദ്ധതികളിലെ ചോർച്ച തടയാനും സർക്കാർ സഹായം അർഹരായവരിലേക്ക് നേരിട്ട് എത്തിക്കാനുമുള്ള ഭരണ പരിഷ്കാരം കൂടിയായിരുന്നു.

2014നു ശേഷം 53 ലക്ഷം കോടി രൂപയിലധികം നേരിട്ടുള്ള കൈമാറ്റത്തിലൂടെ ജനങ്ങളുടെ അക്കൗണ്ടുകളിലെത്തി. മുൻകാലത്ത് ക്ഷേമ പദ്ധതികളുടെ പണം ചോർന്നു പോകാൻ ഇടയാക്കിയ സംവിധാനത്തെ ചെറിയ പരിഷ്കാരങ്ങളിലൂടെ നിലനിർത്തുകയല്ല, സാങ്കേതിക വിദ്യയുടെ സഹായത്തോടെ അതിന്‍റെ അടിസ്ഥാന ദൗർബല്യങ്ങൾ പരിഹരിക്കുകയാണ് ചെയ്തത്.

ദാരിദ്ര്യ നിർമാർജന രംഗത്തും ഇന്ത്യ കൈവരിച്ച പുരോഗതി ശ്രദ്ധേയമാണ്. ലോക ബാങ്കിന്‍റെ വിലയിരുത്തലുകളും നിതി ആയോഗിന്‍റെ കണക്കുകളും ഇതിലേക്ക് വെളിച്ചം വീശുന്നു. നിതി ആയോഗിന്‍റെ കണക്കനുസരിച്ച് 2013-14ൽ 29.17 ശതമാനമായിരുന്ന ബഹുമുഖ ദാരിദ്ര്യ നിരക്ക് 2022-23ൽ 11.28 ശതമാനമായി കുറഞ്ഞു. ഈ കാലയളവിൽ ഏകദേശം 25 കോടി പേർ ബഹുമുഖ ദാരിദ്ര്യത്തിൽനിന്ന് മോചിതരായെന്നാണ് കണക്ക്.

ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ പരിധിയിൽ 50 കോടി പേർ എത്തി. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ കർഷകർക്ക് 4.47 ലക്ഷം കോടി രൂപ കൈമാറി. ഏറ്റവും പുതിയ ഗഡുവിൽ ഏകദേശം 9.5 കോടി കർഷകർക്ക് ആനുകൂല്യം ലഭിച്ചു.

ദാരിദ്ര്യത്തിൽ നിന്ന് കരകയറുന്ന ഒരു കുടുംബത്തിന് കുട്ടികളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കൂടുതൽ നിക്ഷേപം നടത്താനാകും. നേരിട്ടുള്ള സാമ്പത്തിക സഹായം പഠനം തുടരാൻ ഒരു വിദ്യാർഥിയെ സഹായിക്കുമ്പോൾ, അതിന്‍റെ ഗുണം ആ കുടുംബത്തിന്‍റെ അടുത്ത തലമുറയിലേക്കും വ്യാപിക്കുന്നു. സ്വന്തം വരുമാനത്തിൽ കൂടുതൽ ഉറച്ചുനിൽക്കാൻ കഴിയുന്ന കർഷകന് സാമ്പത്തിക സുരക്ഷയ്ക്കൊപ്പം ആത്മവിശ്വാസവും കൈവരിക്കാനാകും.

ദുർഭരണത്തിന്‍റെ വില

കർണാടകയിലെ സാമ്പത്തിക സ്ഥിതിഗതികൾ ഈ പശ്ചാത്തലത്തിൽ പരിശോധിക്കേണ്ടതാണ്. ഗ്യാരണ്ടി പദ്ധതികൾക്കായി 52,000 കോടി രൂപ ചെലവഴിക്കുന്നതിനിടെ സംസ്ഥാനത്തിന്‍റെ വാർഷിക കടമെടുപ്പ് 90,280 കോടി രൂപയിൽനിന്ന് 1.04 ലക്ഷം കോടി രൂപയായി ഉയർന്നുവെന്നാണ് കണക്ക്.

ജനക്ഷേമ പദ്ധതികളുടെ ലക്ഷ്യത്തെ ചോദ്യം ചെയ്യുന്നതല്ല പ്രധാനം. എന്നാൽ ഇത്തരം ചെലവുകൾക്കായി കൂടുതൽ വിഭവങ്ങൾ വിനിയോഗിക്കുമ്പോൾ റോഡുകൾ, ആശുപത്രികൾ, വ്യവസായ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ ദീർഘകാല വികസന പദ്ധതികൾക്കുള്ള മൂലധനച്ചെലവിനെ അത് എങ്ങനെ ബാധിക്കുന്നു എന്നതും പരിശോധിക്കണം.

വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷനിൽ ആദിവാസി ക്ഷേമത്തിനായി നീക്കിവച്ചിരുന്ന 187 മുതൽ 194 കോടി രൂപ വരെയുള്ള തുകയുടെ നിയമവിരുദ്ധമായ വകമാറ്റവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്താൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടതും ഭരണത്തിലെ ഉത്തരവാദിത്തത്തിന്‍റെ പ്രാധാന്യം ഓർമിപ്പിക്കുന്നു.

കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതിയും ഗൗരവമായ ചർച്ച അർഹിക്കുന്നു. 2026 ജൂണിൽ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിലെ കണക്കുകൾ പ്രകാരം 10 വർഷത്തെ ഇടതു ഭരണ കാലത്ത് സംസ്ഥാനത്തിന്‍റെ കടബാധ്യത 5.07 ലക്ഷം കോടി രൂപയിലെത്തി. 2025ൽ 84 ദിവസം സംസ്ഥാനത്തിന് റിസർവ് ബാങ്കിന്‍റെ ഓവർഡ്രാഫ്റ്റ് സംവിധാനത്തെ ആശ്രയിക്കേണ്ടിവന്നു എന്നാണ് കണക്ക്. സംസ്ഥാനത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ 1.3 ശതമാനം മാത്രമാണ് മൂലധനച്ചെലവ് എന്നതും ശ്രദ്ധേയമാണ്. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ താഴെയാണ്.

ഈ കണക്കുകൾ കേവലം സാമ്പത്തിക വിദഗ്ധർക്കിടയിലെ ചർച്ചാവിഷയങ്ങളല്ല. യുവതലമുറയുടെ ഭാവിയെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളാണ്. ദൈനംദിന ചെലവുകൾ നിറവേറ്റാൻ കടമെടുക്കേണ്ടി വരുന്ന സാഹചര്യം രൂക്ഷമാകുമ്പോൾ, പുതിയ വ്യവസായങ്ങൾക്കും തൊഴിലവസരങ്ങൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള സർക്കാരിന്‍റെ ശേഷി പരിമിതപ്പെടും.

ദുർഭരണത്തിന്‍റെ നഷ്ടം അഴിമതിയിലൂടെ ചോർന്നുപോകുന്ന പണം മാത്രമല്ല. ആ പണം കൊണ്ട് നിർമിക്കാമായിരുന്ന റോഡുകൾ, ആശുപത്രികൾ, ഫാക്റ്ററികൾ, നൈപുണ്യ വികസന കേന്ദ്രങ്ങൾ എന്നിവയുടെ അഭാവം കൂടിയാണ്. അതിലൂടെ ഇല്ലാതാകുന്നത് ഇന്നത്തെ സൗകര്യങ്ങൾ മാത്രമല്ല, നാളത്തെ തൊഴിലവസരങ്ങളും സാമ്പത്തിക വളർച്ചയുടെ സാധ്യതകളുമാണ്.

പ്രതിഷേധവും അരാജകത്വവും രണ്ട്

ജനാധിപത്യത്തിൽ പ്രതിഷേധത്തിന് നിർണായക സ്ഥാനമുണ്ട്. അനീതിക്കെതിരായ ആത്മാർഥമായ പ്രതിഷേധങ്ങളും അധികാരത്തെ ചോദ്യം ചെയ്യുന്ന സമരങ്ങളും ജനാധിപത്യത്തിന്‍റെ ജീവശ്വാസമാണ്. അത്തരം പ്രതിഷേധങ്ങളിൽ പങ്കെടുത്തിട്ടുള്ള ഒരാളെന്ന നിലയിൽ പൗരന്മാരുടെ ഈ അവകാശത്തിന്‍റെ പ്രാധാന്യം എനിക്ക് നന്നായി അറിയാം. എന്നാൽ പ്രതിഷേധവും രാഷ്‌ട്രീയ നേട്ടത്തിനായി ബോധപൂർവം സൃഷ്ടിക്കുന്ന അരാജകത്വവും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ട്.

ഭരണ നിർവഹണത്തെ ആസൂത്രിതമായി തടസപ്പെടുത്തുകയും വിശ്വസനീയമായ ബദൽ നയങ്ങൾ മുന്നോട്ടു വയ്ക്കുന്നതിനു പകരം പ്രതിസന്ധികൾ സൃഷ്ടിക്കുകയും ചെയ്യുന്ന രാഷ്‌ട്രീയ രീതി ജനാധിപത്യത്തിന് ഗുണകരമല്ല. നിയമ നിർമാണത്തെക്കുറിച്ചുള്ള വിയോജിപ്പുകൾ ചർച്ചകളിലൂടെ ഉന്നയിക്കുന്നതിനു പകരം പാർലമെന്‍റിന്‍റെ പ്രവർത്തനം തന്നെ തടസപ്പെടുത്തുക, ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾക്കു പരിഹാരം തേടുന്നതിനു പകരം സമ്മർദ തന്ത്രമായി ദേശീയ പാതകൾ ഉപരോധിക്കുക, മാധ്യമ ശ്രദ്ധ നേടുന്നതിനായി ആസൂത്രിതമായി ഏറ്റുമുട്ടലുകൾ സൃഷ്ടിക്കുക തുടങ്ങിയ പ്രവണതകൾ രാഷ്‌ട്രീയ ഉത്തരവാദിത്തത്തിന്‍റെ അഭാവമാണ് പ്രകടമാക്കുന്നത്.

വിയോജിപ്പുകൾ ഉന്നയിക്കാനും സർക്കാരിനെ വിമർശിക്കാനും പ്രതിപക്ഷത്തിന് അവകാശമുണ്ട്. എന്നാൽ വിമർശനത്തോടൊപ്പം ബദൽ നയങ്ങളും പരിഹാരങ്ങളും മുന്നോട്ടുവയ്ക്കാനുള്ള ഉത്തരവാദിത്തവുമുണ്ട്. ബഹളവും ഏറ്റുമുട്ടലും മാത്രം രാഷ്‌ട്രീയ പ്രവർത്തനത്തിന്‍റെ അളവുകോലായി മാറുമ്പോൾ സംവാദത്തിന്‍റെ നിലവാരം താഴുന്നു. ഇതിന്‍റെ ദോഷഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് യുവജനങ്ങളാണ്. രാഷ്‌ട്രീയമെന്നാൽ തുടർച്ചയായ ഏറ്റുമുട്ടലുകളും മാധ്യമ ശ്രദ്ധ നേടാനുള്ള നാടകങ്ങളും മാത്രമാണെന്ന ധാരണ അവരിൽ വളരുന്നു.

ഇതിലൂടെ രാഷ്‌ട്രീയത്തോടും ഭരണ സംവിധാനത്തോടും യുവതലമുറയ്ക്ക് വിശ്വാസം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. തങ്ങളുടെ പങ്കാളിത്തം കൊണ്ട് മാറ്റമുണ്ടാക്കാൻ കഴിയില്ലെന്ന തോന്നൽ ജനാധിപത്യ പ്രക്രിയയിൽനിന്നുള്ള അവരുടെ അകൽച്ചയ്ക്കും കാരണമാകാം. ഉത്തരവാദിത്തമുള്ള പ്രതിപക്ഷം അനിവാര്യമാണ്. അതുപോലെ, ഭരണത്തെ തടസപ്പെടുത്തുന്നതിൽ മാത്രം ഒതുങ്ങാത്ത രാഷ്‌ട്രീയ സംസ്കാരവും ആവശ്യമാണ്.

ഭരണത്തിന്‍റെ ഗുണനിലവാരം

ലോകത്തെ ഏറ്റവും വലിയ യുവജന സമൂഹങ്ങളിലൊന്നാണ് ഇന്ത്യയുടേത്. ഇന്ന് യുവാക്കൾ രൂപപ്പെടുത്തുന്ന രാഷ്‌ട്രീയ കാഴ്ചപ്പാടുകൾ വരും പതിറ്റാണ്ടുകളിലെ ജനാധിപത്യത്തിന്‍റെ സ്വഭാവത്തെ നിർണയിക്കും. സർക്കാരിന്‍റെ ഉത്തരവാദിത്തം എന്താണ്? ജനങ്ങളുടെ പണം എങ്ങനെയാണ് വിനിയോഗിക്കേണ്ടത്? യഥാർഥ വികസനവും രാഷ്‌ട്രീയ പ്രചാരണവും തമ്മിലുള്ള വ്യത്യാസമെന്താണ്? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ യുവജനങ്ങൾ ശ്രമിക്കണം. ഇത് കക്ഷിരാഷ്‌ട്രീയത്തിന്‍റെ പരിധിയിൽ ഒതുങ്ങുന്ന വിഷയമല്ല. രാജ്യത്തിന്‍റെ സാമ്പത്തിക ഭാവിയുമായി ബന്ധപ്പെട്ട പ്രായോഗികമായ ചോദ്യമാണ്.

ഉത്തർപ്രദേശിന്‍റെ വളർച്ച പരിശോധിക്കാം. ഒരുകാലത്ത് പിന്നാക്ക സംസ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന സംസ്ഥാനം ഇന്ന് വലിയ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് മുന്നേറുകയാണ്. 36 ലക്ഷം കോടി രൂപയുടെ സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യത്തിലേക്കുള്ള അതിന്‍റെ പ്രയാണവും അടിസ്ഥാനസൗകര്യ വികസനവും നിക്ഷേപം ആകർഷിക്കാനുള്ള ശ്രമങ്ങളും ശ്രദ്ധേയമാണ്. ക്രമസമാധാന നില മെച്ചപ്പെട്ടുവെന്നതും നിക്ഷേപകരുടെ വിശ്വാസം വർധിച്ചുവെന്നതും അവിടത്തെ ഭരണത്തെ വിലയിരുത്തുമ്പോൾ പരിഗണിക്കേണ്ട കാര്യങ്ങളാണ്.

മഹാരാഷ്‌ട്രയിലും നിക്ഷേപം ആകർഷിക്കുന്നതിൽ സംസ്ഥാനത്തിന്‍റെ സ്ഥാനം പ്രധാനമാണ്. ഒരു പാദത്തിൽ രാജ്യത്തെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‍റെ പകുതിയിലധികം മഹാരാഷ്‌ട്ര സ്വന്തമാക്കിയെന്ന കണക്ക് സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സംസ്ഥാനങ്ങളുടെ പങ്ക് വ്യക്തമാക്കുന്നു.

ഇതിനു വിപരീതമായി കേരളത്തിലും കർണാടകയിലും ഉയർന്നുവരുന്ന കടബാധ്യത, നിയന്ത്രണമില്ലാത്ത ചെലവുകളെക്കുറിച്ചുള്ള ആശങ്കകൾ, മൂലധന നിക്ഷേപത്തിലെ പരിമിതികൾ, ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട അഴിമതി വിവാദങ്ങൾ തുടങ്ങിയ വിഷയങ്ങളും ഗൗരവമായി പരിശോധിക്കണം.

ഓരോ സംസ്ഥാനത്തിന്‍റെയും സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിലും അടിസ്ഥാന ചോദ്യം ഒന്നുതന്നെയാണ്: ഏതു ഭരണ സംവിധാനമാണ് ജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നത്? കഴിവും ആശയവും കഠിനാധ്വാനവും അടിസ്ഥാനമാക്കി വിജയിക്കാൻ കഴിയുന്ന സാഹചര്യമാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? അതോ രാഷ്‌ട്രീയ ബന്ധങ്ങളും അധികാര കേന്ദ്രങ്ങളുമായുള്ള അടുപ്പവും അവസരങ്ങൾ നിർണയിക്കുന്ന സംവിധാനമാണോ?

നിങ്ങളുടെ ഗ്രാമത്തിൽ മികച്ച റോഡുകൾ നിർമിക്കുകയും വ്യവസായങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന സർക്കാരാണോ വേണ്ടത്? അതോ ഇന്നത്തെ ചെലവുകൾ നിറവേറ്റുന്നതിനിടെ നാളത്തെ വികസനത്തിനുള്ള വിഭവങ്ങൾ ഇല്ലാതാക്കുന്ന സർക്കാരാണോ? ഇവ കേവലം രാഷ്‌ട്രീയ ചോദ്യങ്ങളല്ല. ഓരോ യുവജനതയുടെയും തൊഴിൽ, വരുമാനം, ജീവിതനിലവാരം, ഭാവി എന്നിവയുമായി ബന്ധപ്പെട്ടതാണ്.

ഉത്തരവാദിത്ത ഭരണ സംവിധാനം

ഭരണത്തിൽ സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ചും സദ്ഭരണത്തിന്‍റെ ആവശ്യകതയെക്കുറിച്ചും ഉന്നയിക്കുന്ന വാദത്തിന്‍റെ അടിസ്ഥാനം ഒന്നുതന്നെയാണ്. അധികാരത്തിലിരിക്കുന്നവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു പകരം ജനങ്ങൾക്ക് കാര്യക്ഷമമായി സേവനം നൽകുന്ന സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ സംവിധാനങ്ങൾ രൂപപ്പെടുത്തണം.

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ് എന്നത് ആർക്കാണ് കൂടുതൽ ആകർഷകമായ മുദ്രാവാക്യങ്ങൾ എന്നതിന്‍റെ മത്സരമല്ല. ആർക്കാണ് കൂടുതൽ ഉച്ചത്തിൽ പ്രതിഷേധിക്കാൻ കഴിയുക എന്നതിന്‍റെ മത്സരവുമല്ല. ജനങ്ങൾ ഏൽപ്പിച്ച അധികാരവും പൊതുവിഭവങ്ങളും ഉപയോഗിച്ച് രാജ്യത്തിന് യഥാർഥ വികസനവും പുതിയ അവസരങ്ങളും സൃഷ്ടിക്കാൻ ആർക്കാണ് കഴിയുന്നത് എന്നതാണ് പ്രധാന ചോദ്യം. അതുപോലെ, പൊതുവിഭവങ്ങൾ ചെലവഴിച്ചശേഷം അടുത്ത തലമുറയ്ക്ക് മുൻതലമുറയേക്കാൾ വലിയ കടബാധ്യതയും കുറഞ്ഞ അവസരങ്ങളും മാത്രം ബാക്കിവയ്ക്കുന്ന ഭരണസംവിധാനങ്ങളെയും ജനങ്ങൾ തിരിച്ചറിയണം.

സദ്ഭരണം എന്നത് നല്ല ഭരണത്തിന്‍റെ മറ്റൊരു പേരു മാത്രമല്ല. ജനങ്ങളുടെ പണം ജനങ്ങൾക്കായി വിനിയോഗിക്കുന്നതും അർഹതയ്ക്ക് അവസരങ്ങൾ ഉറപ്പാക്കുന്നതും ഭാവിതലമുറയ്ക്കായി വികസന സാധ്യതകൾ സംരക്ഷിക്കുന്നതുമായ ഉത്തരവാദിത്തപരമായ ഭരണരീതിയാണ്. ഈ വ്യത്യാസം തിരിച്ചറിയുക എന്നത് യുവതലമുറയുടെ പ്രധാന ഉത്തരവാദിത്തമാണ്. നമ്മൾ ശ്രദ്ധിക്കേണ്ടത് ഈ യഥാർഥ സൂചനകളെയാണ്. ബാക്കിയെല്ലാം വെറും കോലാഹലങ്ങൾ മാത്രം.

(മുൻ കേന്ദ്രമന്ത്രിയും എംഎൽഎയും ബിജെപി സംസ്ഥാന അധ്യക്ഷനുമാണ് ലേഖകൻ)