

കർണാടകയിലെ പാളിച്ച പാഠമായി; ചരിത്രം ആവർത്തിക്കാതെ കോൺഗ്രസ്
MV Graphics
നീതു ചന്ദ്രൻ
ചരിത്രത്തിലാദ്യമായി102 സീറ്റ് നേടിണ് ഇത്തവണ യുഡിഎഫ് അധികാരമുറപ്പിച്ചത്. പക്ഷേ, ഫലം പ്രഖ്യാപിച്ച് പത്തു നാൾ നീണ്ടു നിന്ന തർക്കങ്ങൾ കേരളം മറ്റൊരു കർണാടകയാകുമോയെന്ന സംശയത്തിലേക്കാണ് ജനങ്ങളെ നയിച്ചത്. എന്നാൽ, കർണാടകയിലെ പാളിച്ചയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഹൈക്കമാൻഡ് ഇത്തവണ ജനങ്ങൾക്കൊപ്പം നിന്നു. സംസ്ഥാനത്ത് പാർട്ടിയെ ഒരുമിച്ചു നിർത്താൻ കഴിവുള്ള നേതാവ് വേണമെന്ന തീരുമാനം ഒടുവിൽ വി.ഡി. സതീശൻ എന്ന പേരിൽ എത്തി നിൽക്കുകയായിരുന്നു.
അധികാരമുറപ്പിച്ച ശേഷം കർണാടകയിലേതിനു സമാനമായ അവസ്ഥയിലേക്കാണ് കേരളവും എത്തിച്ചേർന്നിരുന്നത്. പാർട്ടിയെ തകർച്ചയിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിച്ച് തെരഞ്ഞെടുപ്പിൽ നയിച്ചയാളെയാണോ അതോ എംഎൽഎമാർ പിന്തുണയ്ക്കുന്നയാളെയാണോ മുഖ്യമന്ത്രി പദത്തിലേക്ക് കൈ പിടിച്ചുയർത്തേണ്ടതെന്ന ചോദ്യമാണ് ഹൈക്കമാൻഡിനെ കുഴക്കിയത്. കർണാടകയിൽ എംഎൽഎമാരുടെ പിന്തുണ നേടിയ സിദ്ധരാമയ്യ മുഖ്യമന്ത്രി ആയപ്പോൾ തെരഞ്ഞെടുപ്പ് നയിച്ച പോപ്പുലർ നേതാവ് ഡി.കെ. ശിവകുമാർ നിരാശനായി. എന്നാൽ, കേരളത്തിൽ ആ തെറ്റ് ആവർത്തിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചിരിക്കുന്നു.
2023ലാണ് ബിജെപിയുമായുള്ള പോരാട്ടത്തിൽ വിജയിച്ച് കർണാടകയിൽ കോൺഗ്രസ് അധികാരമുറപ്പിച്ചത്. പക്ഷേ, തൊട്ടു പിന്നാലെ പാർട്ടിക്കുള്ളിൽ പടയൊരുക്കം തുടങ്ങി. കർണാടകയിൽ കോൺഗ്രസിനെ ഉയിർത്തെഴുന്നേൽപ്പിച്ചത് ഡി.കെ. ശിവകുമാർ ആയിരുന്നു. സംസ്ഥാന കോൺഗ്രസ് മേധാവി എന്ന നിയിൽ പാർട്ടിക്കു വേണ്ട ഫണ്ട് ഉൾപ്പെടെ സംഘടിപ്പിച്ച് പ്രചാരണം ശരിയായ രീതിയിൽ മുന്നോട്ടു കൊണ്ടു പോയത് ഡികെ തന്നെ. പക്ഷേ, മുഖ്യമന്ത്രി പദം സിദ്ധരാമയ്യ കൈയടക്കി. എംഎൽഎമാരിൽ ഭൂരിപക്ഷവും സിദ്ധരാമയ്യയെ മുഖ്യമന്ത്രി പദത്തിലേക്ക് നിർദേശിച്ചതാണ് ഡികെക്ക് തിരിച്ചടിയായത്. ദീർഘമായ അനുനയചർച്ചകൾക്കൊടുവിൽ ഉപമുഖ്യമന്ത്രി പദം സ്വീകരിക്കാൻ ഡികെ തയാറായി. പക്ഷേ, രണ്ടര വർഷത്തിനു ശേഷം മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനമാണ് ഡികെയെ അനുനയിപ്പിച്ചതെന്നും അഭ്യൂഹമുണ്ട്. അതേ ചൊല്ലി ഇപ്പോഴും കർണാടകയിലെ കോൺഗ്രസിൽ കലഹം തുടരുകയാണ്. ഒരിക്കലും തീരാത്ത കർണാടകയിലെ മുഖ്യമന്ത്രി പ്രതിസന്ധി കേരളത്തിലും ആവർത്തിക്കാതിരിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചുവെന്നു പറഞ്ഞാലും തെറ്റില്ല.
2021ൽ യുഡിഎഫ് വീണ്ടും പരാജയം ഏറ്റു വാങ്ങിയപ്പോഴാണ് പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം വി.ഡി. സതീശനു ലഭിക്കുന്നത്. മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല ശാന്തമായാണ് മുന്നോട്ടു പോയിരുന്നതെങ്കിലും കുറച്ചു കൂടി ആക്രമണോത്സുകമായ രീതിയിലാണ് സതീശൻ പ്രതിപക്ഷത്തെ നയിച്ചിരുന്നത്. സർക്കാരിനെ രൂക്ഷമായി വിമർശിച്ചു കൊണ്ടു മുന്നോട്ടു പോയ സതീശൻ പെട്ടെന്നു തന്നെ മലയാളികളുടെ പ്രിയ നേതാവായി മാറി.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിലും വൻ വിജയം നേടിയെടുക്കുന്നതിനിടെ തന്നെ കോൺഗ്രസിന്‍റെ അപ്രഖ്യാപിത മുഖ്യമന്ത്രി സ്ഥാനാർഥിയായി വിഡി മാറിയിരുന്നു.വ45 കോൺഗ്രസ് എംഎൽഎമാരാണ് കെ.സി. വേണു ഗോപാലിനെ പിന്തുണച്ചത്. ദേശീയനേതൃത്വവുമായി വലിയ അടുപ്പമുള്ള കെസിക്ക് പാർട്ടിയിൽ പിന്തുണ ആവശ്യത്തിൽ അധികമുണ്ടായിരുന്നുവെങ്കിലും ജനപിന്തുണ നന്നേ കുറഞ്ഞു പോയി. തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ഒരാളെ മുഖ്യമന്ത്രി പദത്തിലേക്ക് നിർദേശിച്ചതിന്‍റെ പേരിൽ എംഎൽഎ മാരെപ്പോലും ചോദ്യം ചെയ്യാൻ കേരളീയർ തുനിഞ്ഞു. മുഖ്യമന്ത്രി തർക്കം മുറുകുമ്പോൾ കേരളത്തിൽ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും എതിരേ വരെ മുദ്രാവാക്യങ്ങൾ ഉയർന്നു. വയനാട് അടുത്ത അമേഠിയാണെന്ന ഭീഷണി പോലും ഉണ്ടായി. രാഹുൽ ഗാന്ധിയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾക്കു താഴെ വി.ഡി. സതീശനു വേണ്ടിയുള്ള മുറവിളികൾ കുമിഞ്ഞു കൂടി. സമൂഹമാധ്യമങ്ങളിൽ പരിഹസിച്ചും ഭീഷണിപ്പെടുത്തിയുമുള്ള ട്രോളുകളും റീലുകളും നിറഞ്ഞു. ഘടകകക്ഷികളും സിറ്റിങ് എംഎൽഎ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടതോടെ ഹൈക്കമാൻഡ് പരമ്പരാഗത രീതികളെയപ്പാടെ ഒഴിവാക്കി സതീശനൊപ്പം നിന്നു.