

കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ കെ.സി. വേണുഗോപാലിന്‍റെ നിർണായക ഇടപെടൽ.
MV Graphics
സ്വന്തം ലേഖകൻ
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുമ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് യുഡിഎഫിന്‍റെ സ്ഥാനാർഥിപ്പട്ടികയിലേക്കാണ്. ഗ്രൂപ്പ് സമവാക്യങ്ങൾക്കും തർക്കങ്ങൾക്കുമപ്പുറം വിജയസാധ്യത മാത്രം മാനദണ്ഡമാക്കി മികച്ച പട്ടിക പുറത്തിറക്കാൻ സാധിച്ചു എന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. ഇതിനു പിന്നിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നടത്തിയ നയതന്ത്ര ഇടപെടലുകൾ എടുത്തുപറയേണ്ടതാണ്.
കെ. സുധാകരന്‍റെ സ്ഥാനാർഥിത്വ മോഹവുമായി ബന്ധപ്പെട്ട് പ്രതിസന്ധി രൂക്ഷമായപ്പോൾ അനുനയമുണ്ടാക്കാനും സമവായം നേടിയെടുക്കാനുമുള്ള ശ്രമങ്ങൾ നടത്തിയത് കെസിയാണ്. ഒരു ഘട്ടത്തിലും അയയാൻ സുധാകരൻ തയാറാകാതിരുന്നപ്പോൾ, കൃത്യമായ ആശയവിനിമയം നടത്തി എ.കെ. ആന്‍റണിയെ പോലൊരു മുതിർന്ന നേതാവിനെയും പിന്നീട് ദേശീയ നേതാക്കളായ മല്ലികാർജ്ജുൻ ഖാർഗെയെയും യെയും രാഹുൽ ഗാന്ധിയെയും വരെ ഇടപെടുത്തി സമയോചിതമായി പ്രശ്നപരിഹാരം കാണാൻ അദ്ദേഹത്തിനു സാധിച്ചു. കോൺഗ്രസിന് തലവേദനയാകുമായിരുന്ന 'സുധാകര ബോംബിനെ' നിർവീര്യമാക്കിയത് കെസിയുടെ ചാണക്യ തന്ത്രമാണ്.
നേതാക്കളുടെ കടുംപിടുത്തം
പല സീറ്റുകളിലും തങ്ങളുടെ ഇഷ്ടക്കാരെ കുത്തിനിറയ്ക്കാൻ നേതാക്കളുടെ അനാവശ്യ കടുംപിടുത്തം ഉണ്ടായെങ്കിലും കെസിയുടെയും ഹൈക്കമാൻഡിന്‍റെയും ഇടപെടലിലൂടെ പുറത്തുവന്നത് സാധ്യമായ മികച്ച പട്ടികയാണ്. അനിശ്ചിതമായി നീളുമായിരുന്ന കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക, അഭിപ്രായ ഭിന്നതകളെല്ലാം മറികടന്ന് കഴിവുള്ളവരെ ഉൾപ്പെടുത്തി യുഡിഎഫിന്‍റെ വിജയസാധ്യതയുള്ള ഒരു പട്ടികയായി ഇറക്കിയതിലും വലിയ നയതന്ത്ര ഇടപെടലാണ് കെസി നടത്തിയത്.
അൽപ്പം വൈകിയെങ്കിൽ പോലും സുദീർഘമായ ചർച്ചകളിലൂടെയും നീണ്ട തയാറെടുപ്പിലൂടെയും എല്ലാ പ്രാതിനിധ്യവും ഉറപ്പാക്കി പുറത്തുവന്ന കോൺഗ്രസിന്‍റെ സ്ഥാനാർഥിപ്പട്ടിക സമീപ ചരിത്രത്തിലെ ഏറ്റവും മികച്ചതാണ്. ഒരു ഘട്ടത്തിൽ സംസ്ഥാന നേതൃത്വം ചില മണ്ഡലങ്ങളിൽ ഒറ്റപ്പേരിലേക്ക് എത്താൻ പ്രയാസപ്പെട്ടപ്പോൾ, നേതൃത്വത്തെ ഒറ്റക്കെട്ടായി ഒരു പേരിലേക്ക് എത്തിച്ചത് കെ.സി. വേണുഗോപാൽ നടത്തിയ ഇടപെലുകളാണ്.
യോഗ്യതയും വിജയസാധ്യതയും മാനദണ്ഡം
ഗ്രൂപ്പുകൾക്ക് വീതംവയ്പ്പിന് അവസരം കൊടുക്കാതെ സർവെകളെ മുൻനിർത്തി കഴിവും യോഗ്യതയും വിജയസാധ്യതയും പാർട്ടി പാരമ്പര്യവും കണക്കിലെടുത്ത് നിയോഗിച്ച ഓരോ സ്ഥാനാർഥിയും യുഡിഎഫിനെ അധികാരത്തിൽ എത്തിക്കാൻ പ്രാപ്തരാണെന്ന് കോൺഗ്രസ് നേതൃത്വം വിശ്വസിക്കുന്നു. 'മികച്ച സ്ഥാനാർഥികളെ അണിനിരത്തിയാൽ തെരഞ്ഞെടുപ്പ് പകുതി ജയിച്ചു' എന്ന തത്വമാണ് ഇവിടെ നേതാക്കളെ നയിക്കുന്നത്.
പ്രവർത്തകന്‍റെ ഉള്ളറിയുന്ന, അവരുമായി ആത്മബന്ധമുള്ള, മണ്ഡലത്തിലെ ജനങ്ങൾക്ക് പരിചയമുള്ള, അവർക്ക് സ്വീകാര്യതയുള്ള മികച്ച സ്ഥാനാർഥികളെ സംഭാവന ചെയ്യുന്നതിനും കെ.സി. വേണുഗോപാലിന്‍റെ ഇടപെടലിലൂടെ കഴിഞ്ഞിട്ടുണ്ട്. യോഗ്യതയും അർഹതയും വിജയസാധ്യതയും ഉള്ളവർ തഴയപ്പെടാതിരിക്കാൻ അദ്ദേഹം നടത്തിയ ജാഗ്രത ശ്രദ്ധേയമാണ്. മുൻകാല സ്ഥാനാർഥി നിർണയത്തിലെ തിരിച്ചടികളെക്കുറിച്ച് കൃത്യമായി ഗൃഹപാഠം ചെയ്താണ് കെസി തിരുത്തൽ ശക്തിയായത്.
സിപിഎമ്മിലെ പൊട്ടിത്തെറിയും ശാന്തമായ കോൺഗ്രസും
സിപിഎമ്മിൽ പരിണതപ്രജ്ഞരായ സീനിയർ നേതാക്കളാണ് പൊട്ടിത്തെറിച്ചത്. കണ്ണൂർ - ആലപ്പുഴ കോട്ടകൾ പോലും അതിൽ കുലുങ്ങി. എന്നാൽ, യുഡിഎഫിൽ അതുണ്ടാകാതിരുന്നത് തലനാരിഴകീറിയുള്ള ആസൂത്രണം മൂലമാണ്. യോഗ്യരായവരെ ഫീൽഡിലിറക്കിയാണ് കോൺഗ്രസ് ഈ നേട്ടം കൈവരിച്ചത്. പട്ടികയിലുള്ള ഒറ്റപ്പെട്ട പിണക്കങ്ങളും പരിഭവങ്ങളും വെറും മോഹഭംഗത്തിൽ നിന്നുള്ളതു മാത്രമാണെന്ന് നേതാക്കൾ വിലയിരുത്തുന്നു. പ്രവർത്തകർക്ക് ആകപ്പാടെ ഒരു ഉണർവും പ്രതീക്ഷയും സമ്മാനിക്കുന്നതാണ് കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക.
കോൺഗ്രസ് പാർട്ടിക്ക് എക്കാലവും മാർഗരേഖയാക്കാവുന്ന പ്രക്രിയയിലൂടെയാണ് കെ.സി. വേണുഗോപാൽ കേരളത്തിലെ സ്ഥാനാർഥി നിർണയത്തെ കൊണ്ടുപോയത്. മത-സാമുദായിക-പ്രാദേശിക സമവാക്യങ്ങൾ പാലിക്കുന്നതിനൊപ്പം വിജയസാധ്യതയും ആരാഞ്ഞു. പല തലങ്ങളിൽ സർവേകളും പഠനങ്ങളും നടത്തി.
മാസങ്ങൾക്ക് മുൻപേ മുന്നൊരുക്കം നടത്തിയ പാർട്ടിക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്ന് ദിവസത്തിനുള്ളിൽ മുഴുവൻ സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കാനായി. എൽഡിഎഫും എൻഡിഎയും മുഴുവൻ സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുൻപ് തന്നെ കോൺഗ്രസിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായി.
വമ്പൻ വിജയത്തിലുപരി മറ്റൊന്നും ലക്ഷ്യമിടാത്ത ഈ നിർണായക തെരഞ്ഞെടുപ്പിൽ, കോൺഗ്രസിന്‍റെ സ്ഥാനാർഥിപ്പട്ടികയ്ക്ക് മാനദണ്ഡം വിജയ സാധ്യത മാത്രമായിരുന്നു. വനിതകൾ, പാർശ്വവത്കരിക്കപ്പെട്ടവർ, യുവജനങ്ങൾ, പരിണതപ്രജ്ഞരായ മുതിർന്ന നേതാക്കൾ, ജനപ്രീതിയുള്ളവർ തുടങ്ങി എല്ലാ മേഖലകൾക്കും അർഹിച്ച പരിഗണന നൽകുന്ന സന്തുലിതമായ സ്ഥാനാർഥിപ്പട്ടികയാണ് കോൺഗ്രസിന്‍റേത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.