

"ഡീൽ' പറഞ്ഞ് ചിരിപ്പിക്കല്ലേ, പരിഹാസ്യരാവല്ലേ..!
കോൺഗ്രസ് പാർട്ടിയെ തള്ളിപ്പറയാൻ ജനാധിപത്യ ബോധമുള്ള ഒരൊറ്റ ഇന്ത്യക്കാരനും കഴിയില്ല. കാരണം ആ പാർട്ടി ജനങ്ങളുടെ ഡിഎൻഎയെ വരെ സ്വാതന്ത്ര്യ ബോധം കൊണ്ട് സ്വാംശീകരിച്ചു നിർത്തിയ ദേശീയ പ്രസ്ഥാനമാണ്. അതിലേക്ക് ജനങ്ങളെ കൂട്ടമായി ആകർഷിക്കാൻ പ്രാപ്തമായ കരുത്തുറ്റ നേതൃനിര ഒരുകാലത്ത് ആ പാർട്ടിക്ക് ഉണ്ടായിരുന്നു. അക്കാലത്ത് ഇന്ത്യ അറിയപ്പെട്ടിരുന്നതു തന്നെ ആ നേതാക്കളുടെ വ്യക്തി പ്രഭാവത്തിലൂടെയായിരുന്നു.
ഗാന്ധിജിയുടെ നാട്, പണ്ഡിറ്റ് നെഹ്‌റുവിന്‍റെ നാട്. ഇന്ത്യയുടെ മേൽവിലാസം അന്ന് അങ്ങനെ ആയിരുന്നു, അവിടെ നിന്നാണ് ഇന്നത്തെ ഇന്ത്യയെ അവർ കെട്ടിപ്പടുത്തത്. അങ്ങനെയുള്ള നേതാക്കൾ പടുത്തുയർത്തിയ പ്രസ്ഥാനം എന്ന നിലയിൽ, നിരാശ്രയത്വം ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും കോൺഗ്രസ് പാർട്ടിയെ തള്ളിപ്പറയാൻ കഴിയില്ല.
പക്ഷേ, ഇന്നത്തെ അപക്വ നേതൃത്വത്തെ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിനെ രാഷ്‌ട്രീയ എതിരാളികൾ നിശിതമായി വിമർശിക്കുന്നത്. ആ വിമർശനങ്ങളിൽ കെട്ടുപോകുന്നത് ഉന്നത ജനാധിപത്യ മൂല്യങ്ങളിൽ തിളങ്ങി നിന്ന കോൺഗ്രസിന്‍റെ പഴയ സുവർണ കാലമാണ്.
ഇതൊക്കെ മനസിലാവണമെങ്കിൽ ഇന്നത്തെ കോൺഗ്രസ് നേതൃത്വം പഴയ ആ ദേശീയ പ്രസ്ഥാനം രൂപപ്പെടുത്തിയെടുത്ത ഇന്ത്യയുടെ ചരിത്രം ആത്മാർഥമായി വായിക്കണം, പഠിക്കണം. അതില്ലാത്തതു കൊണ്ടാണ് രാഷ്‌ട്രീയ ഔപചാരികത കാണുമ്പോൾ കോൺഗ്രസുകാർ "ഡീൽ, ഡീൽ' എന്ന് മുറവിളി കൂട്ടുന്നത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കാർ നിർത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അടുക്കലെത്തി സൗഹൃദ സംഭാഷണം നടത്തിയപ്പോൾ അത് കോൺഗ്രസ് - ബിജെപി ഡീൽ ആണെന്ന് ആക്ഷേപിക്കാതിരുന്നത് ഇടതുപക്ഷത്തിന്‍റെ ഉയർന്ന രാഷ്‌ട്രീയ നിലവാരം കൊണ്ടാണ്. കർഷകത്തൊഴിലാളി മാർച്ച് നടന്നുകൊണ്ടിരിക്കെ രാജ്യത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പാർലിമെന്‍റിൽ ഉന്നയിച്ചുകൊണ്ട് മോദിയെ കടന്നാക്രമിച്ച രാഹുൽ, ഇടയ്ക്ക് പ്രസംഗം നിർത്തി ഭരണപക്ഷ ബെഞ്ചിലെത്തി മോദിയെ ആശ്ലേഷിക്കുന്നതും ലോകം കണ്ടതാണ്.
കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ കേരള ഹൗസിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കർക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രാതൽ ചർച്ച നടത്തിയതും ജനാധിപത്യപരമായ രാഷ്‌ട്രീയ നയതന്ത്രമാണ്. ഇത്തരം സൗഹൃദങ്ങൾ രാഷ്‌ട്രീയത്തിലെ ഉയർന്ന ജനാധിപത്യ ബോധമാണെന്ന് ഇടതുപക്ഷത്തിന് എക്കാലവും തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്.
എന്നാൽ, ഗാന്ധിയുടെയും നെഹ്‌റുവിന്‍റെയും പിൻഗാമികളെന്ന് അവകാശപ്പെടുന്ന കോൺഗ്രസുകാർക്ക് ഈ രാഷ്‌ട്രീയ വിദ്യാഭ്യാസവും മാന്യതയും ഇപ്പോൾ അന്യമാണ്. അത് കൊണ്ടാണ് കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് വികസന ചർച്ച നടത്തിയാൽ അത് ഡീൽ ആണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്.
മിനിമം കേരളത്തിലെ കോൺഗ്രസുകാർ, രാഹുൽ - മോദി ആലിംഗനങ്ങളിൽ നിന്ന് രാഷ്‌ട്രീയ മര്യാദ പഠിക്കാനെങ്കിലും ശ്രമിക്കണം. ശബരിമല സ്വർണക്കൊള്ളയിൽ പങ്കാളികളായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവരെ പല പ്രാവശ്യം സോണിയ ഗാന്ധിയുടെ മുന്നിൽ എത്തിച്ച സംഭവത്തിൽ അവരെ കുറ്റപ്പെടുത്താൻ സിപിഎം അഖിലേന്ത്യാ സെക്രട്ടറി എം.എ. ബേബി തയാറായില്ല എന്നത് രാഷ്‌ട്രീയ മാന്യതയും മര്യാദയുമാണ് കാണിക്കുന്നത്. അപ്പോഴും ഇന്ത്യ മുന്നണിയുടെ നായകൻ രാഹുൽ ഗാന്ധി ""സ്വർണം കട്ടത് ആരപ്പാ, സഖാക്കളാണേ അയ്യപ്പാ'' എന്ന് പാടി നടന്നത് നാം കണ്ടു. ഈ സ്വർണക്കള്ളന്മാർക്കെതിരേ സ്വതന്ത്രമായ കോടതിയുടെ മേൽനോട്ടത്തിൽ സത്യസന്ധമായി അന്വേഷിച്ച് ശക്തമായ നടപടി എടുക്കുന്ന നിലപാട് സ്വീകരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയനെ ആക്ഷേപിക്കുന്ന കോൺഗ്രസ് നിലപാട് എങ്ങിനെ നീതികരിക്കാൻ കഴിയും.
രാഷ്‌ട്രീയത്തിൽ ഒരാളെ എതിർക്കുന്നത് വ്യക്തിപരമായല്ല, മറിച്ച് വിരുദ്ധ ആശയങ്ങൾ മുന്നിൽ വച്ച് കൈകൊള്ളുന്ന ജനവിരുദ്ധ നിലപാടുകളെയാണ്. ഇത് ഇനിയും മനസിലാക്കാത്തവരാണ് പിണറായി വിജയൻ സംസ്ഥാന കാര്യങ്ങളുമായി പ്രധാനമന്ത്രിയെ കണ്ടാൽ ഡീൽ ആരോപണം ഉന്നയിക്കുന്നത്.
ഭരണ നിർവഹണത്തിൽ കേന്ദ്ര സർക്കാരുമായി ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കാനുള്ള നടപടികൾ നീക്കാനാണ് ഡൽഹിയിലെ കേരള ഹൗസ് പ്രവർത്തിക്കുന്നത്. അതിന്‍റെ ഭാഗമായി ഇത്രകാലവും പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതിൽ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായ പ്രൊഫ. കെ.വി. തോമസിന് അഭിമാനിക്കാം. കേരളത്തിന് വേണ്ടി നിരവധി കാര്യങ്ങൾ നേടിയെടുക്കാൻ കേന്ദ്ര, സംസ്ഥാന മന്ത്രിയായിരുന്ന പരിചയസമ്പന്നനായ ഈ പ്രത്യേക പ്രതിനിധിക്കു കഴിഞ്ഞുവെന്നത് ഏറെ ചാരിതാർഥ്യജനകമാണ്. ഇത്തരം നയതന്ത്ര പ്രവർത്തനങ്ങളെ ഡീലാണെന്ന് പറയാൻ തുടങ്ങിയാൽ പ്രബുദ്ധ രാഷ്‌ട്രീയ കേരളം ചിരിച്ചു മരിക്കുകയേ ഉള്ളൂ. കോൺഗ്രസുകാർ ഇനിയും ജനത്തെ വല്ലാതെ ചിരിപ്പിക്കരുത് എന്നാണ് ജോത്സ്യന് പറയാനുള്ളത്.