സഭയിൽ ഗ്രൂപ്പ് ഫോട്ടൊയ്ക്ക് നിർത്തി, ബില്ലിൽ പിരിഞ്ഞു

ചോദ്യോത്തരവേള കഴിഞ്ഞ് ശൂന്യവേളയ്ക്ക് തൊട്ടുമുമ്പായിരുന്നു ഫോട്ടൊ സെഷൻ
നിയമസഭാ ഗ്രൂപ്പ് ഫോട്ടോ
നിയമസഭാ ഗ്രൂപ്പ് ഫോട്ടോ

എം.ബി. സന്തോഷ്

തിരുവനന്തപുരം: സമ്മേളനത്തിനിടെ നിയമസഭ നിർത്തിവയ്ക്കുന്നത് അസാധാരണ സംഭവങ്ങൾ ഉണ്ടാവുമ്പോഴാണ്. പലപ്പോഴും ഭരണ- പ്രതിപക്ഷ സംഘർഷത്തിനിടയ്ക്കാണ് അത് സംഭവിക്കുന്നത്. മൈക്ക് പ്രവർത്തിക്കാതിരുന്നതിനെ തുടർന്നും ഒരിക്കൽ സഭ നിർത്തിയിട്ടുണ്ട്. എന്നാൽ, ആദ്യമായി തിങ്കളാഴ്ച ഗ്രൂപ്പ് ഫോട്ടൊ എടുക്കുന്നതിനായി സമ്മേളനം നിർത്തിവച്ചു. കഴിഞ്ഞ സഭയുടെ ഗ്രൂപ്പ് ഫോട്ടൊ എടുപ്പ് നടന്നില്ല. പല തവണ ഇതിനായി ഒരുക്കങ്ങൾ നടന്നെങ്കിലും അപ്പോഴൊക്കെ ഭരണ- പ്രതിപക്ഷ സംഘർഷം കാരണം നടന്നില്ല. അതുകൊണ്ട് സഭ തുടങ്ങുന്ന ദിവസം രാവിലെ ഇത്തവണ സ്പീക്കർ എ.എൻ. ഷംസീർ അതിനായി നിശ്ചയിച്ചു. ചോദ്യോത്തരവേള കഴിഞ്ഞ് ശൂന്യവേളയ്ക്ക് തൊട്ടുമുമ്പായിരുന്നു ഫോട്ടൊ സെഷൻ. 140 അംഗങ്ങളിൽ ഡോ. എം.കെ. മുനീർ, പി.വി. അൻവർ, സി.കെ. ഹരീന്ദ്രൻ, വടകര നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിൽ എന്നിവർ എത്തിയില്ല.

അതുകഴിഞ്ഞ് സഭ സംഘർഷത്തിലേക്ക് പോവുമെന്നുറപ്പായിരുന്നു. വിഷയം: ബാർ കോഴ. മദ്യനയം ആവിഷ്കരിക്കുന്നത് എക്സൈസ് മന്ത്രി നടത്തുന്ന ചർച്ചകൾക്ക് ശേഷമാണെന്നുപറഞ്ഞ മന്ത്രി എം.ബി. രാജേഷ്, ഇതുവരെ അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്ന് അറിയിച്ചു. നയം പോലും രൂപീകരിച്ചിട്ടില്ല. പ്രാഥമിക നടപടികൾ പോലും ആരംഭിച്ചിട്ടില്ല. ചീഫ് സെക്രട്ടറി നടത്തിയ യോഗം മദ്യനയുമായി ബന്ധപ്പെട്ടല്ല. ടൂറിസം ഡയറക്റ്റർ നടത്തിയതും പതിവ് യോഗങ്ങളുടെ ഭാഗമാണ്. മദ്യനയത്തെക്കുറിച്ച് ഒരു മാസമായി നിരന്തരം വാർത്തകൾ വരുന്നു. വിവാദ ശബ്ദരേഖ വന്നു. ഈ ശബ്ദരേഖ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അന്വേഷണം ആവശ്യപ്പെട്ടു. സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും അടിയന്തരപ്രമേയ നോട്ടീസിനെ എതി‍ർത്ത് രാജേഷ് പറഞ്ഞു.

ഇപ്പോൾ പുറത്തു വന്നിരിക്കുന്നതു പോലൊരു ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് മുൻപ് കെ.എം. മാണിക്കെതിരെ ബാർ കോഴ ആരോപണം എൽഡിഎഫ് ഉന്നയിച്ചതെന്ന് പ്രമേയാവതാരകനായ റോജി എം. ജോൺ ഓർമിപ്പിച്ചു. മാണിക്ക് എതിരായ വിഎസിന്‍റെ പ്രസംഗത്തിലെ പഴയ ബൈബിൾ വാക്യം ഉദ്ധരിച്ച് "കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തിൽ' മുഖ്യമന്ത്രിയും മന്ത്രിമാരും വീണു പോകരുതെന്നും പറഞ്ഞു. ഇതുവരെ തയാറാകാത്ത മദ്യനയത്തെ സംബന്ധിച്ച്, "ജനിക്കാത്ത കുട്ടിയുടെ ജാതകം' എഴുതിയെന്നാണ് എക്സൈസ് മന്ത്രി പറയുന്നത്. കുട്ടി ജനിച്ചിട്ടുമുണ്ട്, ജാതകം എഴുതിയിട്ടുമുണ്ട്. കുട്ടിയുടെ അച്ഛനാരെന്നു മാത്രം അന്വേഷിച്ചാൽ മതി. "ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേയെന്നും' സമീപകാലത്ത് ഹിറ്റായ "ആവേശം' സിനിമയിലെ ഡയലോഗിലൂടെ റോജി പരിഹസിച്ചു.

യുഡിഎഫ് കാലത്ത് ടൂറിസം - എക്സൈസ് വകുപ്പുകൾ തമ്മിൽ ബന്ധപ്പെട്ടാൽ "ആഹാ', ഇപ്പോൾ "ഓഹോ' എന്ന് രാജേഷിന്‍റെ വിമർശനം. യുഡിഎഫ് കാലത്ത് ടൂറിസം - എക്സൈസ് വകുപ്പുകൾ തമ്മിൽ ബന്ധപ്പെട്ടതിന്‍റെ വിവരങ്ങൾ അദ്ദേഹം വിശദീകരിച്ചു. "ഈ സർക്കാർ ഡ്രൈഡേ പിൻവലിച്ചിട്ടില്ല. 2014 ൽ യുഡിഎഫിന് 3 മദ്യനയം. അതിൽ ഒരു മദ്യ നയത്തിൽ ഞായറാഴ്ച ഡ്രൈ ഡേ ഏർപ്പെടുത്തി. പിന്നാലെ അടുത്ത മദ്യനയത്തിൽ 52 ഡ്രൈ ഡേ പിൻവലിച്ചു. അതിനൊക്കെ എത്ര വാങ്ങിയെന്ന് ഞാൻ ചോദിക്കുന്നില്ല. പറയുന്നതെല്ലാം തിരിഞ്ഞു കുത്തുമെന്ന് ഓർമിക്കണം. 418 ബാറുകൾ നിലവാരമില്ല എന്ന ശുപാർശ യുഡിഎഫ് സർക്കാർ അവഗണിച്ചു. എന്നാൽ സുപ്രീം കോടതി പറഞ്ഞപ്പോൾ പൂട്ടേണ്ടി വന്നു. എന്നിട്ട്, ഇവർക്ക് ബിയർ - വൈൻ ലൈസൻസ് പ്രായശ്ചിത്തമായി നൽകി'- എം ബി രാജേഷ് ചൂണ്ടിക്കാട്ടി.

ആനന്ദിന്‍റെ നോവലായ "ഗോവർധന്‍റെ യാത്രകളി'ൽ ചൗപട്ട് രാജ ഒരു കുരുക്കുമായി നടക്കുന്നുണ്ട്. അത്തരമൊരു കുരുക്കുമായി നടക്കുന്ന പ്രതിപക്ഷം ആദ്യം ആരോഗ്യമന്ത്രിയെ നോക്കി. അത് പാകമായില്ല. പിന്നീട് എക്സൈസ് മന്ത്രിയെ നോക്കി. അതും പാകമായില്ല. അതിനുശേഷം ടൂറിസം മന്ത്രിയെ നോക്കി. അതും ചീറ്റി.അതിന് പാകമായ കഴുത്തുള്ളവർ നിങ്ങളുടെ കൂട്ടത്തിലേയുള്ളൂ എന്ന് പ്രതിപക്ഷ നിരകളെ നോക്കി പരിഹസിച്ച മന്ത്രി രാജേഷ്, കഴിഞ്ഞ 8 വർഷമായി കുരുക്കുമായി നടക്കുന്നത് ഒറ്റ കഴുത്തിനു വേണ്ടിയാണെന്നും മുഖ്യമന്ത്രിയെ ഉദ്ദേശിച്ച് വ്യക്തമാക്കി. മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയ അനുമതി നിഷേധിച്ചു.

യുഡിഎഫ് സർക്കാരിന്‍റെ മദ്യനയം ചർച്ച ചെയ്യാനല്ല പ്രതിപക്ഷം നോട്ടീസ് നൽകിയതെന്ന് ഇറങ്ങിപ്പോക്കിനു മുന്നോടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത് ശബ്ദ രേഖ എങ്ങനെ പുറത്തുപോയി എന്നതാണ്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കേണ്ട വകുപ്പാണ് ഇത്. മാണിക്കെതിരായ ബാർ കോഴ ആരോപണം ഏത് വകുപ്പ് അനുസരിച്ചാണ് അന്ന് കേസ് എടുത്തത്? അന്നും ബാറുടമയാണ് ആരോപണം ഉന്നയിച്ചത്, ഇന്നും ഒരു ബാറുടമയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കാലം മുഖത്ത് നോക്കി കണക്ക് ചോദിക്കുകയാണ്. ജനങ്ങളാണ് രാജാവിന്‍റെ റോളില്‍ എല്ലാവരുടെയും കഴുത്തില്‍ കുരുക്കിട്ടത്. അത് നന്നായി വീണിട്ടുണ്ട്. രാജാവ് നഗ്നനാണെന്ന് ഞങ്ങള്‍ ഉറക്കെ വിളിച്ചു പറയും. അതാണ് രാജേഷ് പറഞ്ഞ രാജാവും ഞങ്ങളുടെ രാജാവും തമ്മിലുള്ള വ്യത്യാസം. ഇത്രയും കനത്ത ആഘാതം തെരഞ്ഞെടുപ്പില്‍ കിട്ടിയിട്ടും ജനപിന്തുണയെ കുറിച്ചൊക്കെ ഇത്രയും സംസാരിക്കാനുള്ള മന്ത്രിയുടെ ചങ്കുറപ്പിന് മുന്നില്‍ നമസ്‌ക്കരിക്കുകയാണ്. ബാർ കോഴയിൽ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുക്കണമെന്നും ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതോടെ പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി മുദ്രാവാക്യം മുഴക്കി.

ഇല്ലാത്ത കാര്യം കെട്ടിച്ചമച്ച് എന്തോ ഉണ്ടെന്ന് പ്രതീതി സൃഷ്ടിക്കുകയാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിച്ചു. ആരോപണം ഉയർന്നപ്പോൾ തന്നെ എക്സൈസ് മന്ത്രി പൊലീസിൽ പരാതി നൽകി. അതിന്മേൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. ക്രൈം ബ്രാഞ്ചിന്‍റെ അന്വേഷണത്തിൽ ഒരു തടസവും ഉണ്ടാകില്ല. അന്വേഷത്തിനനുസരിച്ച് തുടർനടപടികൾ സ്വീകരിക്കു‌മെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. "കോഴ സർക്കാർ, കോഴ മന്ത്രിമാർ രാജിവയ്ക്കുക' എന്ന ബാനർ സ്പീക്കറെ മറച്ച് ഉയർത്തിയ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി.

അതോടെ, സ്പീക്കർ ശ്രദ്ധക്ഷണിക്കലിന് ടി.പി രാമകൃഷ്ണനെ ക്ഷണിച്ചു.ദീർഘമായി സംസാരിച്ച അദ്ദേഹത്തിന് മന്ത്രി റിയാസ് വിശാലമായി മറുപടി നൽകി. ശ്രദ്ധക്ഷണിക്കലും സബ്മിഷനും ഉണ്ടായിരുന്ന പി.സി വിഷ്ണുനാഥിന് സമരം കാരണം രണ്ടും അവതരിപ്പിക്കാനായില്ല. നഗര- ഗ്രാമ പ്രദേശങ്ങളിൽ മഴയത്ത് വെള്ളക്കെട്ടുണ്ടാവുന്നതും കശുവണ്ടി മേഖലയിലെ പ്രതിസന്ധിയുമായിരുന്നു അദ്ദേഹത്തിന്‍റെ വിഷയങ്ങൾ. പിന്നീട് 10 സബ്മിഷൻ.അവതരിപ്പിച്ച ഭരണപക്ഷത്തെ 6 പേർക്ക് ബന്ധപ്പെട്ട മന്ത്രിമാർ മറുപടി നൽകി.

അജണ്ടയിലെ അടുത്ത ഇനം മുനിസിപ്പാലിറ്റി- നഗരപാലികാ നിയമങ്ങളുടെ ഭേദഗതി സബ്ജക്‌ട് കമ്മിറ്റിക്ക് അയക്കണമെന്നതായിരുന്നു. പ്രതിപക്ഷ ബഹളത്തിനിടെ ആ റൂൾ സസ്പെന്‍റ് ചെയ്ത് ബില്ലുകൾതന്നെ പാസാക്കി.ഗവർണർ തിരിച്ചയച്ച ഓർഡിനൻസ് ഇതോടെ നിയമമായി. ഇത് ഗവർണർ അംഗീകരിക്കുന്നതോടെ തദ്ദേശ സ്ഥാപന വാർഡ് വിഭജനത്തിന് സർക്കാരിന് നടപടികൾ ആരംഭിക്കാം.ദോശ ചുടുന്നതുപോലെ പാർലമെന്‍റിൽ ബില്ലുകൾ പാസാക്കുന്നു എന്ന് വിമർശിച്ചവരാണ് ഇവിടെ അത് ചെയ്തത്. എന്നാൽ, ബിൽ ചർച്ചയിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ ആവോളം അവസരമുണ്ടായിരുന്ന പ്രതിപക്ഷം അതിനുമുതിരാതെ നടുത്തളത്തിലിറങ്ങിയതോടെ അവരുടെ അവസരമാണ് നഷ്ടമായത്. ബില്ല് പാസായതോടെ നടപടികൾ പൂർത്തിയാക്കി സഭ പിരിഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com