ദുരന്തങ്ങൾ വിറ്റു കാശാക്കുന്ന കശാപ്പുശാല | പരമ്പര ഭാഗം - 5

ഉരുൾപൊട്ടലുകളും പുനരധിവാസവും സംബന്ധിച്ച് മെട്രൊ വാർത്ത പ്രതിനിധി റീന വർഗീസ് കണ്ണിമല തയാറാക്കിയ പരമ്പര - കൊക്കയാറിന്‍റെ കണ്ണീർ - ഭാഗം 5
Kalarikkal Dawood
കളരിക്കൽ ദാവൂദ്
Updated on

റീന വർഗീസ് കണ്ണിമല

മാക്കോച്ചി പൂവഞ്ചി മേഖലയിലെ മുപ്പത് കുടുംബങ്ങൾ സുരക്ഷിതരല്ലെന്നു പ്രഖ്യാപിച്ച റവന്യൂ വകുപ്പ്, മുക്കുളം - അഴങ്ങാട് മേഖലയിലായി 180 കുടുംബങ്ങൾ കൂടി സുരക്ഷിതരല്ലാത്ത അവസ്ഥയിലാണെന്നു റിപ്പോർട്ട് കൊടുത്തിരുന്നു. 2022 ഒക്റ്റോബർ 19 വരെ ഒൻപതു കോടി മുപ്പത്തഞ്ച് ലക്ഷം രൂപയാണ് കൊക്കയാർ പഞ്ചായത്തിന് അനുവദിച്ചു കിട്ടിയതെന്നാണ് കണക്കുകൾ ഉദ്ധരിച്ച് പീരുമേട് തഹസിൽദാർ പറഞ്ഞത്.

ആദ്യ ഗഡുവായി പൂർണമായി വീടു നഷ്ടപ്പെട്ടവർക്ക് നാലു കോടി മുപ്പത്തഞ്ച് ലക്ഷം റവന്യൂ വകുപ്പ് നൽകി. ഭാഗികമായി വീടു തകർന്നവർക്ക് ഇതുവരെ നഷ്ടപരിഹാരം പൂർണമായി നൽകിയിട്ടില്ല, പരാതികൾ തീർന്നിട്ടുമില്ല.

Tears of Kokkayar
കൊക്കയാറിന്‍റെ കണ്ണീർeditorial

റവന്യൂ വകുപ്പിന്‍റെ കണക്കു പ്രകാരം മാത്രം 774 വീടുകളാണ് ഇങ്ങനെ തകർന്നത്. 74 പേർക്ക് വീടും സ്ഥലവും പൂർണമായും, 41 പേർക്ക് വീടും നഷ്ടപ്പെട്ടു. വീടും സ്ഥലവും നഷ്ടപ്പെട്ട 60 പേർക്ക് ആറു ലക്ഷം രൂപ വീതം, വീട് മാത്രം നഷ്ടപ്പെട്ടവർക്ക് ഒരു ലക്ഷം വീതം എന്നിങ്ങനെയാണ് ധനസഹായം നൽകിയത്.

വീട് 75 ശതമാനം തകർന്ന 24 പേർ, 59 ശതമാനം തകർന്ന 84 പേർ, 29 ശതമാനം തകർന്ന 284 പേർ, 15 ശതമാനം തകർന്ന 207 പേർ എന്നിവർക്ക് അർഹമായ തുക ലഭിച്ചില്ല. നഷ്ടം കണക്കാക്കിയതിലുണ്ടായ അപാകതയെത്തുടർന്ന് മന്ത്രി തലത്തിൽ അദാലത്ത് വച്ച് വീണ്ടും 2022 ഒക്റ്റോബർ 18ന് അഞ്ച് കോടി രൂപ കൂടി കൊക്കയാർ പുനരധിവാസ പ്രക്രിയയ്ക്കു ലഭിച്ചതായി അന്നത്തെ പീരുമേട് തഹസിൽദാർ കെ.എസ്. വിജയലാൽ വെളിപ്പെടുത്തി.

പുതുക്കിപ്പണിയാത്ത റോഡുകളും പാലങ്ങളും

തകർന്ന റോഡുകളോ പാലങ്ങളോ ഇതുവരെ പുതുക്കി പണിതിട്ടില്ല. ഇടുക്കി കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം, പൂവഞ്ചി തൂക്കുപാലം, കൊക്കയാർ പാലം, വെമ്പ്ലി കമ്യൂണിറ്റി ഹാൾ പാലം, നൂറേക്കർ പാലം, തെരുവു പാറ പാലം, ഏന്തയാർ മലയിഞ്ചി പാലം, കുപ്പയക്കുഴി പാലം, വെട്ടിക്കാനം നടപ്പാലം എന്നിവയെല്ലാം തകർന്നു കിടക്കുകയാണ്. മുക്കുളം, വടക്കേമല, നാരകം പുഴ, കൊക്കയാർ, കുറ്റിപ്ലാങ്ങാട്, മേലോരം, ഏന്തയാർ, പൂവഞ്ചി റോഡുകളും തകർന്നവയുടെ കൂട്ടത്തിൽപ്പെടുന്നു.

ദുരന്ത നിവാരണ അഥോറിറ്റിയുടെ പരാജയം?

പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോഴെല്ലാം പുനരധിവാസ പാക്കെജുകൾ പ്രഖ്യാപിക്കാൻ സർക്കാർ മുന്നിൽ നിൽക്കും. പലയിടത്തു നിന്നും സഹായ ധനം ഒഴുകും. പക്ഷേ, ദീർഘകാലാടിസ്ഥാനത്തിൽ ഒരു പുനരധിവാസപദ്ധതി ഇതുവരെ വന്നിട്ടില്ല കേരളത്തിൽ. 1924 മുതലിങ്ങോട്ട്, 1958, 1984 വർഷങ്ങളിലും, 2018 മുതൽ 2022 വരെ തുടർച്ചയായ വർഷങ്ങളിലും, ഇപ്പോഴിതാ 2024ൽ വയനാട്ടിലും വീണ്ടും വീണ്ടും മണ്ണിടിച്ചിലും കനത്ത ആൾനാശവും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു.

കേരളത്തിൽ കോർപ്പറെറ്റുകൾ കൈയടക്കി വച്ചിരിക്കുന്ന ഏഴു ലക്ഷം ഏക്കർ ഭൂമി ഓർഡിനൻസിലൂടെ പിടിച്ചെടുക്കാൻ രാജമാണിക്യം കമ്മിറ്റിയുടെ ശുപാർശയുണ്ട്. കൊക്കയാർ പഞ്ചായത്തിലുള്ള 1666 ഏക്കർ വരുന്ന ഒറ്റ എസ്റ്റേറ്റ് കേരള ഭൂസംരക്ഷണ നിയമം 1963, 1970 എന്നീ വർഷങ്ങളിലെ ചട്ടങ്ങൾ പ്രകാരം നിയമ വിരുദ്ധ വ്യാജ ആധാരം ചമച്ച് ഭൂമി ക്രയവിക്രയം നടത്തിയതാണെന്നു കണ്ടെത്തിയിട്ടുള്ളതാണ്. 2005ൽ നിയമിക്കപ്പെട്ട റവന്യൂ വനം വകുപ്പ് ഉന്നതതല സമിതി ആ ഭൂമി ഏറ്റെടുക്കാൻ ആദ്യ നിർദേശം നൽകിയിരുന്നു.

ആ ഭൂമിയിൽ നിന്ന് ഒരു നൂറേക്കർ സ്ഥലം ഉരുൾ പൊട്ടലിന്‍റെ ഇരകളായ കൊക്കയാർ പഞ്ചായത്തിലെ ജനങ്ങൾക്ക് നൽകിയാൽ തീരുന്ന പ്രശ്നമേ അവിടെയുളളൂ. പക്ഷേ, അതിനൊന്നും അധികാരികൾക്ക് സമയമില്ല, സൗകര്യവും. ദുരന്തങ്ങൾ നിർമിച്ച് അതു വിറ്റ് കാശാക്കുന്ന കശാപ്പുശാലയാക്കി കേരളത്തെ മാറ്റാനുള്ള ഈ ഉദാസീനത ഇനിയെങ്കിലും അവസാനിപ്പിക്കണം രാഷ്‌ട്രീയക്കാർ.

(അവസാനിച്ചു)

Trending

No stories found.

Latest News

No stories found.