'ആശ കൊടുക്കാം, വിനാശമാവരുത്', വാഹന മോഡിഫിക്കേഷനെതിരേ മുന്നറിയിപ്പ്

മോട്ടോർ വാഹന നിയമം കേന്ദ്ര സർക്കാരിന്റെ പരിധിയിലായതിനാൽ, ഉയരം കൂട്ടൽ മുതൽ ബോഡി മാറ്റം വരെ പല മോഡിഫിക്കേഷനും കേരളത്തിൽ എളുപ്പമാകില്ല
KV Thomas caution against vehicle modification

ഉദ്ദേശിക്കുന്ന തരത്തിലുള്ള മോഡിഫിക്കേഷനുകൾ എളുപ്പത്തിൽ നടത്താനാവില്ല.

Updated on

പ്രൊഫ. കെ.വി. തോമസ്

"ആന കൊടുത്താലും ആശ കൊടുക്കരുത്'' എന്നത് നമ്മുടെ നാട്ടിൽ പൊതുവേയുള്ളൊരു ചൊല്ലാണ്. പുതിയ മുഖ്യമന്ത്രി വി.ഡി. സതീശനോടും പൊതുസമൂഹത്തിന് ഇതു തന്നെയാണ് ഇപ്പോൾ പറയാനുള്ളത്.

തെരഞ്ഞെടുപ്പു കാലത്ത് കേരളത്തിലെ വാഹനപ്രേമികളായ വലിയൊരു വിഭാഗം യുവജനങ്ങൾക്ക് ആവേശം നൽകിയ മുഖ്യമന്ത്രിയുടെ വാഗ്ദാനമായിരുന്നു 'വാഹന മോഡിഫിക്കേഷൻ'. വാഹനങ്ങളുടെ രൂപത്തിൽ വ്യത്യാസം വരുത്തുക, ഉയരം വർധിപ്പിക്കുക, വീതിയേറിയ ടയറുകളും പുറത്തേക്ക് തള്ളിയ അലോയ് വീലുകളും ഘടിപ്പിക്കുക, ശക്തമായ ലൈറ്റുകളും കാതടപ്പിക്കുന്ന ഹോണുകളും സ്ഥാപിക്കുക തുടങ്ങിയവയെല്ലാം പുതിയ തലമുറയുടെ വലിയ സ്വപ്നങ്ങളായിരുന്നു. ഈ സ്വപ്നങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ നൽകിയ പൂ പുഞ്ചിരി അവരുടെ പ്രതീക്ഷകൾ ഇരട്ടിയാക്കി.

എന്നാൽ പ്രിയ നേതാവ് മുഖ്യമന്ത്രിയായി ഭരണമേറ്റെടുത്തപ്പോൾ ആ പ്രതീക്ഷകളുടെ നിറം മങ്ങുന്ന കാഴ്ചയാണ് കാണുന്നത്. സംസ്ഥാന മോട്ടോർ വാഹന വകുപ്പ് മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചാൽ ഇത്തരം മോഡിഫിക്കേഷനുകളൊന്നും അത്ര എളുപ്പത്തിൽ നടത്താനാവില്ലെന്ന് മനസിലാക്കാൻ സാധിക്കും. മോട്ടാർ വാഹന നിയമങ്ങൾ കേന്ദ്ര സർക്കാരിന്‍റെ പരിധിയിലുള്ളതായതുകൊണ്ട് തന്നെ, കേന്ദ്ര നിയമങ്ങൾക്കുള്ളിൽ നിന്നു മാത്രമേ വാഹനങ്ങളിൽ രൂപമാറ്റങ്ങൾ വരുത്താനാകൂ. സ്വന്തമായി ഒരു പ്രത്യേക മോട്ടോർ വാഹന നിയമം രൂപകൽപ്പന ചെയ്യാൻ ഒരു സംസ്ഥാന സർക്കാരിനും കഴിയില്ല.

ഇതുമായി ബന്ധപ്പെട്ട ധാരാളം പരാതികൾ ഇതിനകം തന്നെ ഹൈക്കോടതികളിലും സുപ്രീം കോടതിയിലും എത്തിയിട്ടുമുണ്ട്. സ്പീക്കറുകളും ലൈറ്റുകളും ഉൾപ്പെടെ 18 തരം മോഡിഫിക്കേഷനുകൾ അനുവദിക്കാമെന്നാണ് ഗതാഗത കമ്മിഷണറുടെ റിപ്പോർട്ടിലുള്ളത്. മുമ്പത്തെപ്പോലെ ആർടിഒ ഓഫീസിൽ നിശ്ചിത ഫീസ് അടച്ച് അനുവാദം വാങ്ങിയാൽ കാറും ബൈക്കും ഇഷ്ടമുള്ള നിറത്തിലേക്ക് മാറ്റാം. എന്നാൽ ബോഡി മാറ്റം, ഇലക്‌ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം, സിഎൻജിയിലേക്കുള്ള മാറ്റം തുടങ്ങി ഇപ്പോൾ നിലവിലില്ലാത്ത പ്രധാന മോഡിഫിക്കേഷനുകളെല്ലാം കേന്ദ്ര നിയമം അനുസരിച്ച് മാത്രമേ ചെയ്യാനാകൂ.

വാഹനത്തിനുള്ളിലെ അലങ്കാര മാറ്റങ്ങൾ പോലും പുതിയ തലമുറ ഉദ്ദേശിക്കുന്ന തരത്തിൽ പൂർണമായി നടത്താൻ പറ്റുമെന്ന് തോന്നുന്നില്ല. കേരള ഹൈക്കോടതിയുടെ വിധിയനുസരിച്ചുള്ള സൺ ഫിലിം ഉൾപ്പെടെയുള്ള പല മാറ്റങ്ങൾക്കും മുൻപ് ഭരിച്ചിരുന്ന ഇടതു സർക്കാർ അനുവാദം കൊടുത്തിട്ടുള്ളതുമാണ്.

നവ വധൂവരന്മാർക്ക് ആദ്യത്തെ ഏതാനും മാസക്കാലം കുടുംബാംഗങ്ങൾ വലിയ സ്വാതന്ത്ര്യം നൽകുന്നതുപോലെ പുതിയ സർക്കാരിനും പ്രവർത്തിക്കാൻ ആവശ്യമായ സമയം കൊടുക്കുന്നതിൽ തെറ്റില്ല. എന്നാൽ സാമ്പത്തിക നയങ്ങളുടെ കാര്യത്തിൽ രാഷ്‌ട്രീയപ്രേരിതമായി മുൻ സർക്കാരിനെ മാത്രം കുറ്റപ്പെടുത്തി പുതിയ സർക്കാർ രക്ഷപ്പെടാൻ നോക്കരുത്. കേരളത്തിൽ പുതിയ നിക്ഷേപവുമായി വരാൻ ആഗ്രഹിക്കുന്നവർ നിരാശരാകും, ചിലർ പിന്തിരിയും. സാമ്പത്തികത്തകർച്ച നേരിടുന്ന ഒരു സംസ്ഥാനത്തേക്കു വരാൻ ആരാണാഗ്രഹിക്കുക? സംസ്ഥാനത്തെക്കുറിച്ച് സത്യസന്ധമായ ഒരു ചിത്രമാണ് നൽകേണ്ടത്.

കേരളം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി പുതിയ സർക്കാർ പുറത്തുവിട്ട ധവളപത്രം സൂചിപ്പിക്കുന്നു. സംസ്ഥാനത്തിന് 5.07 ലക്ഷം കോടി രൂപയുടെ കടബാധ്യത ഉണ്ടെന്നാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി സതീശൻ നിയമസഭയിൽ വച്ച ധവളപത്രത്തിൽ പറയുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ഉന്നയിച്ച ആരോപണം ആറുലക്ഷം കോടി രൂപയിലധികം കടബാധ്യതയുണ്ടെന്നായിരുന്നു. സർക്കാർ ജീവനക്കാർക്ക് ഡിഎ കുടിശികയിനത്തിൽ മാത്രം ഒരു ലക്ഷം കോടി രൂപ കൊടുക്കാനുണ്ടെന്നായിരുന്നു സതീശന്‍റെ നേതൃത്വത്തിലുള്ള അന്നത്തെ പ്രതിപക്ഷത്തിന്‍റെ ആരോപണം. എന്നാൽ ധവളപത്ര പ്രകാരം ഇത് 48,000 കോടി രൂപ മാത്രമാണ്.

ധവളപത്രം തയാറാക്കിയപ്പോൾ സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള തുക എത്രയെന്നു കൂടി വ്യക്തമാക്കേണ്ടതായിരുന്നു. ജിഎസ്ടി നിലവിൽ വന്നതിനുശേഷം ഉണ്ടായ പരിഷ്കാരങ്ങൾ സംസ്ഥാനത്തിന് വലിയ വരുമാന നഷ്ടമാണുണ്ടാക്കിയത്. കേന്ദ്ര സർക്കാർ നൽകുന്ന ഫണ്ടും ഗ്രാന്‍റും വൻ തോതിൽ കുറയുകയും ചെയ്തു. ഈ യാഥാർഥ്യങ്ങൾ ധവളപത്രത്തിൽ കാണിക്കാത്തത് ബിജെപിയും യുഡിഎഫും തമ്മിലുള്ള രാഷ്‌ട്രീയ അന്തർധാരണയുടെ ഭാഗമാണെന്ന ആരോപണമുണ്ടായാൽ അതിൽ തെറ്റ് പറയാനാകില്ല.

മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിയമസഭയിലെ ആദ്യ ദിവസങ്ങളിലെ പ്രകടനം മികച്ചു നിന്നെങ്കിലും ചില നയപരമായ കാര്യങ്ങളിൽ വ്യക്തതക്കുറവുണ്ട്. പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്‍റെ സമ്മിശ്ര സമ്പദ്ഘടനയാണ് ആദ്യ 50 വർഷക്കാലം ഇന്ത്യ ഭരിച്ച കോൺഗ്രസ് പിന്തുടർന്നിരുന്നത്. അതിൽ പൊതുമേഖല, സ്വകാര്യ മേഖല, സഹകരണ മേഖല എന്നിവയ്ക്കൊക്കെ തനതായ പ്രാധാന്യമുണ്ടായിരുന്നു. പൊതുമേഖലയ്ക്ക് പ്രത്യേക പരിഗണനയും ലക്ഷ്യബോധവുമുണ്ട്. സാമ്പത്തിക ബാധ്യതയുടെ പേരു പറഞ്ഞ് ഈ സ്ഥാപനങ്ങൾ ഒന്നൊന്നായി പൂട്ടി സ്വകാര്യ മേഖലയെ ഏൽപ്പിക്കുന്നത് ജനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും.

അത്തരമൊരു സംഭവത്തിന്‍റെ വലിയൊരു ഉദാഹരണമാണ് ഇന്ത്യയുടെ ഇന്നത്തെ വ്യോമയാന നയം. രാജ്യത്തിനകത്തും പുറത്തുമുള്ള യാത്രയ്ക്ക് യാത്രാ കൂലി ഉൾപ്പെടെ അനുകൂലമായ സമീപനമായിരുന്നു മുൻപുണ്ടായിരുന്നത്. എന്നാൽ ഇന്ത്യൻ എയർലൈൻസും എയർ ഇന്ത്യയും നഷ്ടത്തിലാണെന്ന് കാണിച്ച് ഈ മേഖലയെ സ്വകാര്യവത്കരിച്ചു. സ്വകാര്യ മേഖലയ്ക്ക് മെച്ചപ്പെട്ട റൂട്ടുകളും നിരക്കുകൾ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യവും നൽകി. അതിന്‍റെ പരിണിത ഫലമായി മലയാളികൾ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്ക് തൊഴിൽ തേടിപ്പോകുന്ന സാധാരണക്കാർ ഇന്ന് വലിയ രീതിയിൽ കൊള്ളയടിക്കപ്പെടുന്നു. വിരോധാഭാസമെന്നു പറയട്ടെ, ഈ സ്വകാര്യ വിമാന കമ്പനികളും ഇപ്പോൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. അവയെ സംരക്ഷിക്കാൻ ഒടുവിൽ ജനങ്ങളുടെ നികുതിപ്പണം തന്നെ കേന്ദ്ര സർക്കാരിന് ഉപയോഗിക്കേണ്ടി വരുന്നു. ജെറ്റ് എയർലൈൻസിന്‍റെ തകർച്ച ഇക്കാര്യത്തിൽ ഒരു ഉദാഹരണം മാത്രമാണ്.

ഏതു ഭരണകൂടവും പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റു രണ്ട് പ്രധാന മേഖലകൾ ആരോഗ്യവും വിദ്യാഭ്യാസവുമാണ്. അവിടെ സ്വകാര്യ മേഖലയെ പിന്തുണയ്ക്കുമ്പോൾ തന്നെ, സാധാരണക്കാരുടെ ആശ്രയമായ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. നിലവിൽ സ്വകാര്യ മേഖല ആരോഗ്യ- വിദ്യാഭ്യാസ രംഗങ്ങളിൽ ജനങ്ങളെ വലിയ രീതിയിൽ ചൂഷണം ചെയ്യുന്നതാണ് നാം കാണുന്നത്. കേരളത്തിലെ സർക്കാർ ആശുപത്രികൾ രാജ്യത്തിനു തന്നെ മാതൃകയാവുന്ന വിധത്തിലാണ് പ്രവർത്തിക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ഇല്ലെങ്കിൽ വിദേശത്തേക്കുള്ള വിദ്യാർഥികളുടെ പ്രയാണം തുടരും.

കേരളത്തിലെ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ഭക്ഷണ സാധനങ്ങൾ എത്തിക്കുന്ന വലിയൊരു സംവിധാനമാണ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ. അത് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കണം. അതുപോലെ തന്നെയാണ് കെഎസ്ആർടിസിയും. വിദ്യാർഥികൾ, തൊഴിലാളികൾ, സാധാരണക്കാരായ അമ്മമാർ തുടങ്ങിയവരുടെ ചെലവ് കുറയ്ക്കുന്ന ഇത്തരം പൊതുസംവിധാനങ്ങളെ യാതൊരു കാരണവശാലും സ്വകാര്യവത്കരിക്കരുത് എന്നൊരു മുന്നറിയിപ്പാണ് ഈ അവസരത്തിൽ സർക്കാരിന് നൽകാനുള്ളത്.

(കേന്ദ്ര, സംസ്ഥാന മന്ത്രിയും മുൻ കേരള സർക്കാരിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായിരുന്നു ലേഖകൻ)

logo
Metro Vaartha
www.metrovaartha.com