നമ്പരുകളല്ല, പേരുകൾ: വാട്ട്‌സ്ആപ്പിന് നിബന്ധനകൾ നിശ്ചയിക്കേണ്ടത് ഇന്ത്യ

വാട്ട്‌സ്ആപ്പ് ഉൾപ്പെടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഇന്ത്യൻ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം
India should set terms for WhatsApp - Rajiv Chandrasekhar

വാട്ട്‌സ്ആപ്പിന് നിബന്ധനകൾ നിശ്ചയിക്കേണ്ടത് ഇന്ത്യ- രാജീവ് ചന്ദ്രശേഖർ

Updated on

രാജീവ് ചന്ദ്രശേഖർ എംഎൽഎ

മുൻ കേന്ദ്ര മന്ത്രി, ബിജെപി സംസ്‌ഥാന അധ്യക്ഷൻ

യൂസർ നെയിം എന്ന പേരിൽ വാട്ട്‌സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ച പുതിയ സംവിധാനം ദേശവ്യാപകമായും അതിനുമപ്പുറവും വലുതായ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഫോൺ നമ്പർ പങ്കുവയ്ക്കാതെ പോലും അതിന്‍റെ ഉടമകളെ കണ്ടെത്താനും സന്ദേശങ്ങൾ അയയ്ക്കാനും ഇതിലൂടെ കഴിയും എന്നതാണ് ഇതിന്‍റെ സവിശേഷത. ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെട്ട കേന്ദ്ര സർക്കാർ ഇന്ത്യയിൽ ഈ സംവിധാനം നടപ്പാക്കുന്നത് താത്കാലികമായി നിർത്തിവയ്ക്കാൻ വാട്ട്സ്ആപ്പിന്‍റെ ഉടമകളായ മെറ്റയോട് ആവശ്യപ്പെട്ടത് ഏറെ സ്വാഗതാർഹമായ തീരുമാനമാണ്.

ഇന്ത്യയിൽ ഏകദേശം 60 കോടി ആളുകളാണ് വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത് എന്നാണ് കണക്കാക്കിയിട്ടുള്ളത്. അതിനാൽ തന്നെ ഇത്രയും വലിയ മാറ്റം വരുത്തുന്നതിനു മുമ്പ് നമ്മോട് ചർച്ച ചെയ്യുകയും ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം മെറ്റയ്ക്കുണ്ടായിരുന്നു.

ഇതുവരെ വാട്ട്‌സ്ആപ്പിൽ ഓരോ ഉപയോക്താവിന്‍റെയും തിരിച്ചറിയൽ എന്നത് അവരവരുടെ ഫോൺ നമ്പറായിരുന്നു. പുതിയ സംവിധാനത്തിൽ ആ സ്ഥാനത്ത് മെറ്റ അനുവദിക്കുന്ന യൂസർ നെയിം വരും. അക്കൗണ്ട് രജിസ്റ്റർ ചെയ്യുന്നതിന് ഫോൺ നമ്പർ തുടർന്നും ആവശ്യമായിരിക്കും. എന്നാൽ മറ്റുള്ളവർ നിങ്ങളെ തിരിച്ചറിയുന്നതും ബന്ധപ്പെടുന്നതും പ്രധാനമായും യൂസർ നെയിം വഴിയായിരിക്കും. അതിന്‍റെ സാധ്യതകൾ പുതിയ സംവിധാനം നിലവിൽ വന്നതിനു പിന്നാലെ തന്നെ മുൻകൂട്ടി കണ്ടുകൊണ്ട് എന്നോണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, പ്രധാനമന്ത്രി, പ്രമുഖ കമ്പനികൾ എന്നിവയുടെയൊക്കെ പേരുകൾ എന്ന് ഒറ്റനോട്ടത്തിൽ തോന്നി(പ്പി)ക്കുന്ന യൂസർ നെയിമുകൾ ആർക്കും സ്വന്തമാക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും അത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു.

ഇത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും എന്നതിൽ സംശയം വേണ്ടതില്ല. ബാങ്കുകളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും പേരിൽ തട്ടിപ്പുകൾ നടത്തുന്നവർക്ക് ഇത് കൂടുതൽ വിശ്വാസ്യത സൃഷ്ടിക്കാൻ സഹായിച്ചേക്കാം. ഡിജിറ്റൽ അറസ്റ്റ്, വ്യാജ ബാങ്ക് സന്ദേശങ്ങൾ മുതലായ തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരം യൂസർ നെയിമുകൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്.

അതിന്‍റെ ഇരകളാവുന്നതിൽ കൂടുതലും രാജ്യത്തെ മുതിർന്ന പൗരന്മാരും ആദ്യമായി ഇന്‍റർനെറ്റ് ഉപയോഗിക്കുന്നവരും ഡിജിറ്റൽ സേവനങ്ങളെ കുറിച്ച് പരിമിതമായ അറിവുള്ളവരുമായിരിക്കും എന്നത് സമീപകാല അനുഭവങ്ങളിൽ നിന്ന് തന്നെ നമുക്ക് മുൻകൂട്ടി കാണാൻ കഴിയും.

മെറ്റ ഈ മാറ്റത്തെ സ്വകാര്യത മെച്ചപ്പെടുത്തുന്ന സംവിധാനമായാണ് അവതരിപ്പിക്കുന്നത്. എന്നാൽ ഇത് വഴി കമ്പനിക്ക് സ്വന്തം പ്ലാറ്റ്‌ഫോമിലുള്ള ഉപയോക്താക്കളെയും തങ്ങളുടെ ഇടപാടുകാരായ ബിസിനസുകളെയും കൂടുതൽ ശക്തമായി ബന്ധിപ്പിക്കാൻ നിഷ്പ്രയാസം കഴിയും.

വാട്ട്സ്ആപ്പ് വഴി പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളും സ്റ്റാർട്ടപ്പുകളും ഉപഭോക്താക്കളുമായി ബന്ധപ്പെടാൻ മെറ്റയുടെ യൂസർ നെയിം സംവിധാനത്തെ കൂടുതൽ ആശ്രയിക്കേണ്ട സാഹചര്യവും അത് വഴി സംജാതമാകും. അതോടെ ഉപഭോക്തൃ ബന്ധങ്ങളുടെ മേൽ വലുതായ നിയന്ത്രണം മെറ്റയുടെ കൈകളിലാവുകയും ചെയ്യും.

സ്വകാര്യ കമ്പനികളുടെ ഇത്തരം നിയന്ത്രണങ്ങൾക്ക് അതീതമായതും വിശ്വസനീയവുമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യം സൃഷ്ടിക്കുന്നതിനാണ് ആധാർ, യുപിഐ, ഡിജി ലോക്കർ എന്നിത്യാദി പൊതു ഡിജിറ്റൽ സംവിധാനങ്ങൾ ഇന്ത്യ വികസിപ്പിച്ചത് എന്നോർക്കണം. അതിനാൽ കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആശയ വിനിമയത്തിന്‍റെയും ഡിജിറ്റൽ തിരിച്ചറിയലിന്‍റെയും നിയന്ത്രണം ഒരു സ്വകാര്യ കമ്പനിയുടെ കൈകളിലേക്ക് കൂടുതൽ കേന്ദ്രീകരിക്കപ്പെടുന്ന സാഹചര്യം സർക്കാർ ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.

മെറ്റയുടെ പുതിയ സംവിധാനം നടപ്പാക്കുന്നതിന് മുമ്പ് താഴെപ്പറയുന്ന അടിസ്ഥാനപരമായ ചില നിബന്ധനകൾ അവർക്കുമേൽ നിർബന്ധമാക്കണം എന്നാണ് എന്‍റെ അഭിപ്രായം.

* സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, നിയന്ത്രണ ഏജൻസികൾ എന്നിവയുടെ പേരുകൾ ആർക്കും തന്നെ ദുരുപയോഗം ചെയ്യാൻ കഴിയാത്ത തരം സംവിധാനം ഉറപ്പാക്കണം.

* അപരിചിതരിൽ നിന്ന് വരുന്ന സന്ദേശങ്ങൾക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകണം.

* തട്ടിപ്പുകളും വ്യാജ അക്കൗണ്ടുകളും എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യപ്പെടാനുള്ള സംവിധാനം ഒരുക്കണം.

* യൂസർ നെയിമുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്യ ആവശ്യങ്ങൾക്കോ മറ്റ് വ്യാപാര ആവശ്യങ്ങൾക്കോ ഉപയോഗിക്കരുത് എന്ന നിബന്ധന കർശനമാക്കണം.

* നിയമാനുസൃതമായ അന്വേഷണങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നത്തിന് നിലവിലുള്ള സംവിധാനം അതേപടി തുടരണം.

* വിപണിയിൽ അനാവശ്യ ആധിപത്യം ഉണ്ടാകുന്നുണ്ടോ എന്ന് ബന്ധപ്പെട്ട ഏജൻസികൾ കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പു വരുത്തണം.

* സർവോപരി, ഇത്തരം നിയമങ്ങളും നിബന്ധനകളും എല്ലാ മെസേജിങ് പ്ലാറ്റ്‌ഫോമുകൾക്കും ഒരുപോലെ ബാധകമാക്കണം.

ഇന്ത്യ പുതിയ സാങ്കേതിക വിദ്യകളെ എതിർക്കുന്ന രാജ്യമല്ല എന്നത് ഒരു ചരിത്ര സത്യമാണ്. എന്നാൽ സാങ്കേതിക പുരോഗതിയുടെ പേരിൽ ഇന്ത്യൻ ഉപഭോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും അവകാശങ്ങളും ദുർബലമാക്കപ്പെടുന്നത് ഒരുകാരണവശാലും അനുവദിക്കാനാവില്ല തന്നെ.

വാട്ട്‌സ്ആപ്പ് ഉൾപ്പെടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഇന്ത്യൻ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. അറുപത് കോടി ഇന്ത്യക്കാർ എന്നത് കേവലം ഒരു കമ്പനിയുടെ ഉപഭോക്താക്കൾ മാത്രമല്ല; അവർ ഇന്ത്യൻ പൗരന്മാരാണ്. അവരുടെ സുരക്ഷയും സ്വകാര്യതയും ഡിജിറ്റൽ അവകാശങ്ങളും സംരക്ഷിക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. അതിനാൽ തന്നെ ഈ വിഷയത്തിൽ അന്തിമ നിബന്ധനകൾ നിശ്ചയിക്കേണ്ടത് ഇന്ത്യ തന്നെയായിരിക്കണം.

logo
Metro Vaartha
www.metrovaartha.com