

കഴിഞ്ഞത് കുത്തിത്തിരിപ്പുകളുടെ ഓണം!
ക്വാറന്‍റൈൻ | കെ.ആർ. പ്രമോദ്
ഈ വർഷത്തെ ഓണം കഴിഞ്ഞു. വാചകോത്സവങ്ങളും പാചകോത്സവങ്ങളും വ്യാപാരോത്സവങ്ങളും സാഹിത്യോത്സവങ്ങളും അവസാനിച്ചു. ഇനി നമുക്ക് ഓണത്തിന്‍റെ ബാലൻസ് ഷീറ്റ് പരിശോധിക്കാം.
ഈയാണ്ടത്തെ ഓണാഘോഷങ്ങൾ നമ്മൾ അടിച്ചുപൊളിച്ചു. ഓണമെന്നാൽ ടൺകണക്കിന് ഫൺ എന്നു പറഞ്ഞാൽ മതിയല്ലോ! ഒന്നിനൊന്നു വ്യത്യസ്തങ്ങളായ കിടിലൻ പരിപാടികളാണ് നാട്ടിൽ അരങ്ങറിയത്.
ഓണപ്പൂക്കളം ചവുട്ടി മായ്ച്ചുകളയുന്ന മത്സരംതന്നെ ഉദാഹരണം. "പൂവേ, പൊലി' എന്നു ചൊല്ലി ഒരൊറ്റ തൊഴിക്ക് പൂക്കളം പാടെ തകർക്കുന്നവർക്കായിരുന്നു സമ്മാനം.
റോഡിലൂടെ തെണ്ടിനടക്കുന്ന "മാവേലി'യുടെ തലയിൽ തിളച്ചെണ്ണ കമഴ്ത്തുന്നതായിരുന്നു മറ്റൊരു മത്സരം. എണ്ണ ഏതായാലും ഉന്നമുണ്ടായാൽ മതി. കുഴിമന്തി മുതൽ കോഴിബിരിയാണി വരെ വേവുന്ന തിളച്ചെണ്ണ വീണാൽ എതു ദേവേന്ദ്രന്‍റെ ഉടലും തലയും പൊള്ളുമെന്നത് ഒരു പൊള്ളുന്ന സത്യമാണ്.
വിവാദനായകൻ സുകുമാരക്കുറുപ്പിന് ഒരു പൊട്ടുതൊടുന്ന മത്സരം വേറൊരു പുതിയ ഇനമായിരുന്നു. കുറുപ്പിനെ പിടികൂടിയെന്ന് ഒരു ചാനലുകാർ ഓണം പ്രമാണിച്ച് ഒരുദിനം മുഴുവൻ വെടിപൊട്ടിക്കുകയും ഓരിയിടുകയും ചെയ്തതിന്‍റെ സ്മരണാർഥം ആരംഭിച്ച മത്സരമായിരുന്നു ഇത്. കുറുപ്പിന്‍റെ വേഷംകെട്ടിയ അവതാരകന്‍റെ മോന്തയിൽ ഒരു തിലകം ചാർത്തുക എന്നതായിരുന്നു മത്സരാർഥികളുടെ വെല്ലുവിളി.
ഒരു ഭീകരസംഭവം
ഇത്തരം ആഘോഷങ്ങൾ നടക്കുമ്പാഴും മാനവികതയ്ക്ക് തെല്ലും നിരക്കാത്ത ഒരു ഭീകരസംഭവമുണ്ടായെന്ന് പറയാതെ വയ്യ - അനന്തപുരിയിലെ ഓണാഘോഷങ്ങളുടെ സമാപനച്ചടങ്ങിൽ "വന്ദേമാതരം' മുഴുവനും ആലപിച്ചു! വേദിയിൽ സന്നിഹിതരായിരുന്ന നമ്മുടെ ചേരള സചിവന്മാരും പ്രഭൃതികളുമൊക്കെ പല്ലു ഞെരിച്ചും കൈകൾ തുടയിൽ മാന്തിയും കണ്ണുകൾ തുറിപ്പിച്ചും രോഷം പ്രകടിപ്പിച്ചത് വൃഥാവിലായെന്നു മാത്രം. അല്ലെങ്കിലും ബ്രാഹ്മണിക്കലായ മാതൃവന്ദനം ആലപിച്ച് മാതാവിനോട് സ്നേഹം കാണിക്കേണ്ട ഗതികേടൊന്നും നമുക്കില്ല. പകരം, എല്ലാ മാതാപിതാക്കൾക്കും വേണ്ടി പഞ്ചായത്തുകൾ വക വൃദ്ധമന്ദിരങ്ങൾ റെഡിയാക്കിയാൽപ്പോരേ? വൃദ്ധസദനങ്ങളിൽ ഓണത്തിന്‍റെ വലിയപപ്പടം കെട്ടിത്തൂക്കിയാൽപ്പോരേ? ഈ ഓൾഡേജ് ഹോമുകളിൽ കെ.സി.കേശവപിള്ളയുടെ ആസന്നമരണചിന്താശതകം നിരന്തരം പ്ലേ ചെയ്താൽപ്പോരേ?
കുത്തിത്തിരിപ്പുകളുടെ ഓണം
കഴിഞ്ഞുപോയത് കുത്തിത്തിരുപ്പുകളുടെ ഓണമായിരുന്നു. മാവേലി, വാമനൻ, മഹാവിഷ്ണു, ഭൂമി, സ്വർഗം, പാതാളം, പപ്പടം, പഴം, പായസം എന്നിവയെല്ലാം പലവിധ കുത്തിത്തിരിപ്പുകൾക്ക് ഇരയായി.
മാവേലി ഒരു മിത്താണെന്ന് ചിലർ പറഞ്ഞപ്പോൾ വാമനൻ ഉത്തർപ്രദേശിലെ യോഗിയുടെ ചാർച്ചക്കാരനാണെന്ന് മറ്റു ചിലർ ആണയിട്ടു. ഓണത്തെ വിചാരണ ചെയ്ത് സോഷ്യൽമീഡിയയിൽ പൂരപ്രബന്ധങ്ങളും ചാനലുകളിൽ അന്തിച്ചർച്ചകളും നിറഞ്ഞു.
മലയാളിയുടെ ജീവിതത്തിന് വർണവൈവിധ്യം പകരുന്ന പഴയ ഉത്സവാചാരങ്ങളായ തൃശ്ശിവപേരൂർ - ആറാട്ടുപുഴ പൂരങ്ങൾ, കാവടികൾ, കുംഭകുടങ്ങൾ, മകരവിളക്ക്, മാളികപ്പുറം പൂജ എന്നിവ മുതൽ ഓണപ്പൂക്കളം, അത്തച്ചമയം, ഓണസദ്യ തുടങ്ങിയവയൊക്കെ റദ്ദാക്കണമെന്ന പൊതുബോധം ശക്തമായിട്ടുണ്ടെന്നായിരുന്നു ഈ കുത്തിത്തിരുപ്പുകാരുടെ നിലപാട്.
"മാവേലിയല്ല, വാമനനാണ് വില്ലൻ' എന്ന ഓണസന്ദേശം നാടൊട്ടുക്കും പ്രചരിപ്പിക്കാനും വാമനനെതിരായ ഒരു ക്രോക്രോച്ച്മൂവ്മെന്‍റ് സംഘടിപ്പിക്കാനും ബുദ്ധിജീവികളുടെ നേതൃത്വത്തിൽ കാലടി ആസ്ഥാനമാക്കിയുള്ള കുത്തിത്തിരിപ്പ് സമിതി രൂപപ്പെട്ടെന്നും കേട്ടിരുന്നു.
എന്തൊക്കെ ഹിഡൺ അജൻഡകൾ മൂലമായാലും അനേകം നൂറ്റാണ്ടുകൾക്കു മുമ്പ് രൂപപ്പെട്ട ആഘോഷങ്ങളുടെ അടിവേരുകൾ മാന്തിയെടുത്ത് പുറത്തിട്ടു കലഹിക്കുന്നതുകൊണ്ട് ഇക്കാലത്ത് എന്തു പ്രയോജനമെന്ന് ചോദിക്കരുത്.
ഇതൊക്കെ ഒരു സുഖമാണ്. ഈ കുത്തിത്തിരിപ്പുകളിലൂടെയാണ് നമ്മുടെയുള്ളിലെ കാട്ടാളത്തം പൂത്തുലയുന്നത്. ഇങ്ങനെ പരസ്പരം മുറിവേൽപ്പിക്കുന്നതിലൂടെയാണ് നമ്മുടെ ഡിഎൻഎയിലെ ക്രൗര്യചിന്തകൾക്ക് സ്വാസ്ഥ്യം കിട്ടുന്നത്. അതൊന്നും സാരമില്ല, ചോറും പണവും എല്ലിൽ കുത്തിയാൽ ഇതും ഇതിലപ്പുറവും മനുഷ്യർ ചെയ്യും.
പുതിയ മാവേലി ശാസനം
ഇപ്പോഴത്തെ ഓണക്കാലം ബൗദ്ധിക ഡയേറിയയുടെ സീസണായിരുന്നെന്ന് പറഞ്ഞുവല്ലോ. മഹാകവി അക്കിത്തത്തിന്‍റെ വിശ്രുതകാവ്യമായ "ബലിദർശന'വും മറ്റും ആരും തിരിഞ്ഞുനോക്കിയില്ലെങ്കിലും നവീന ഓണവ്യാഖ്യാനങ്ങളുമായി അനേകം ഫണീന്ദ്രന്മാർ മാളങ്ങൾ വിട്ടു പുറത്തെത്തിയിരുന്നു എന്നത് മറക്കാനാവില്ല.
മധ്യതിരുവിതാംകൂറിലെ ഒരു ക്ഷേത്രത്തിൽ കാണപ്പെടുന്ന മാവേലിശാസനത്തിന്‍റെ ചുവടുപിടിച്ച് കാലടിയിലെ ചില ബുദ്ധിജീവികൾ പുതിയൊരു തിരുവോണശാസനവും പുറപ്പെടുവിക്കുകയുണ്ടായി. ഈ കുത്തിത്തിരിപ്പുശാസനത്തിന്‍റെ ഏകദേശ സ്‌റ്റെൽ താഴെ ചേർക്കുന്നു. ദഹനശക്തി കുറഞ്ഞവർ വെളളം ചേർത്ത് വിഴുങ്ങണമെന്നു മാത്രം.
"ജാതി പ്രാന്തീയതയുടെയും അടിച്ചമർത്തലുകളുടെയും സവർണ ആഘോഷമായ ഓണം മുമ്പാട്ടുവയ്ക്കുന്ന അൾട്രാ-ഐഡന്‍റിറ്റി വാദങ്ങൾ നിരാകരിച്ച് പോസ്റ്റ്-സ്ട്രക്ചറലിസ്റ്റ് അപകോളനീകരണ പദ്ധതിയിലൂടെ ഓണത്തിന്‍റെ ആശയങ്ങൾ പൊളിച്ചെഴുതപ്പെടണം. ഫാസിസ്റ്റ് വിരുദ്ധ സംവേദനക്ഷമതയുള്ളവർ ഒറ്റക്കെട്ടായി നിന്ന് മാവേലിയുടെ കരങ്ങൾക്ക് ശക്തിപകരണം. പാതാളത്തിലേക്ക് വീഴുന്ന സയണിസ്റ്റ് കഴിബാംബുകൾ നിർവീര്യമാക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ഇത്തരം വലതുപക്ഷ ഉത്സവങ്ങളെ പിന്തിരിപ്പൻ സാമൂഹിക-സാംസ്കാരിക അനുമാനങ്ങളിൽ നിന്ന് ചരിത്രരഹിതമാക്കുകയാണ് നമ്മുടെ ലക്ഷ്യം. ഉത്സവങ്ങളെയും പ്രതിച്ഛായകളെയും കുറിച്ചുള്ള അൾട്രാ-ഐഡന്‍റിറ്റിയുടെ സന്ദർഭോചിതമല്ലാത്ത അതിരുകടന്ന പഴഞ്ചൻ വാദങ്ങൾ ആത്യന്തികമായി പശ്ചിമേഷ്യയിലേതുപോലുള്ള വിഭാഗീയ സംഘർഷങ്ങൾക്ക് ഇന്ധനമാകുമെന്നും നമ്മളറിയണം. ഫാസിസ്റ്റ് രാഷ്ട്രീയത്തിന്‍റെ പ്രധാന താവളമായി ഓണം പോലുള്ള ആചാരങ്ങളുടെ അവതരണം മാറുന്നത് വാമനന്‍റെ ഏഴാം കപ്പൽപ്പടയ്ക്കു തൃക്കാക്കരയിൽ നങ്കൂരമിടാൻ വഴിതുറക്കുമെന്ന വസ്തുത ഞങ്ങൾ ഓർമിപ്പിച്ചുകൊള്ളന്നു.
മാവേലിയുടെ പുതിയ പറുദീസകൾ പുലരട്ടെ!
അവിടുത്തെ സ്വർഗരാജ്യം വൈകാതെ ആഗതമാകട്ടെ!
എല്ലായിടവും ആയിരം ശോശന്നപ്പൂക്കൾ വിരിയട്ടെ!
എപ്പോഴും എന്നേയ്ക്കും ആമേൻ!
ഇതി മാവേലി ശാസനം സമാപ്തം.'
9447809631.