സീറ്റ് നിഷേധിച്ചിട്ടും പരിഭവിക്കാത്ത നേതാക്കൾ

രാഷ്‌ട്രീയ മാന്യത മുറുകെപ്പിടിച്ച സൗമ്യസ്വഭാവിയായ മാതൃകാ പൊതുപ്രവര്‍ത്തകനായിരുന്നു ധനപാലൻ
Leaders who are not upset despite being denied seats

കെ.പി. ധനപാലൻ

Updated on

ജിബി സദാശിവൻ

കൊച്ചി: അടിമുടി ഗാന്ധിയനായിരുന്നു, മാന്യനായിരുന്നു, സ്നേഹവാനായിരുന്നു എറണാകുളത്തെ കോൺഗ്രസ് നേതാവായിരുന്ന കെ.പി. ധനപാലൻ. സിറ്റിങ് എംപി ആയിരിക്കെ സീറ്റ് നിഷേധിക്കപ്പെട്ടിട്ടും ആരോടും പരിഭവമില്ലാതെ, ഗ്രൂപ്പ് കളിക്കാതെ കോൺഗ്രസിൽ തന്നെ മരണം വരെ തുടർന്ന നേതാവ്.

രാഷ്‌ട്രീയ മാന്യത മുറുകെപ്പിടിച്ച സൗമ്യസ്വഭാവിയായ മാതൃകാ പൊതുപ്രവര്‍ത്തകനായിരുന്നു ധനപാലൻ. 2009ല്‍ ചാലക്കുടിയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഒരു മികച്ച പാര്‍ലമെന്‍റേറിയനായിരുന്നു. അഞ്ചു വര്‍ഷവും സഭയിൽ 100 ശതമാനം ഹാജരുണ്ടായിരുന്ന കേരളത്തില്‍ നിന്നുള്ള എംപിമാരില്‍ ഒരാളായിരുന്നു അദ്ദേഹം.

ചോദ്യോത്തര വേളയില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ച എംപിമാരില്‍ ഒരാൾ, നിയമനിര്‍മാണ നടപടിക്രമങ്ങളിലടക്കം സജീവമായ ഇടപെടലുകൾ നടത്തിയ എംപി. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെമ്പാടും അദ്ദേഹത്തിന്‍റെ സാന്നിധ്യം സജീവമായിരുന്നു.

എന്നിട്ടും 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ധനപാലന് സീറ്റ് നിഷേധിക്കപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയുടെ വസതിയില്‍ നടന്ന സീറ്റ് നിര്‍ണയ ചര്‍ച്ചകള്‍ക്കുശേഷം, അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി മുൻ അധ്യക്ഷന്‍ രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ എന്നിവർക്കൊപ്പം സ്വന്തം മണ്ഡലമായ ചാലക്കുടി നഷ്ടപ്പെട്ട് നിറകണ്ണുകളോടെ പുറത്തേക്ക് ഇറങ്ങിവരുന്ന ധനപാലന്‍റെ മുഖം ഇന്നും എനിക്ക് ഓർമയുണ്ട്. പി.സി. ചാക്കോയ്ക്ക് വേണ്ടിയാണ് അന്ന് ദേശീയ നേതൃത്വം ധനപാലനെ തള്ളിപ്പറഞ്ഞത്. ചാക്കോ പിന്നീട് കോൺഗ്രസ് വിട്ട് ഇപ്പോൾ എൻസിപിക്കാരനായി മാറി അതിന്‍റെ സംസ്ഥാന പ്രസിഡന്‍റായിഎന്നത് ചരിത്രം.

വേദനയോടെയും നിരാശയോടെയും 10 ജന്‍പഥിന് പുറത്തേക്ക് വന്ന ധനപാലനോട് മാധ്യമപ്രവര്‍ത്തകര്‍ ആ അനീതിയെക്കുറിച്ച് ആവര്‍ത്തിച്ച് കുത്തിക്കുത്തി ചോദിച്ചപ്പോഴും ""പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുന്നു'' എന്ന മറുപടി മാത്രമാണ് അദ്ദേഹം നല്‍കിയത്. തെരഞ്ഞെടുപ്പ് വേളയിലോ പിന്നീട് നാളിതു വരെയോ , അദ്ദേഹത്തിന് ഇന്ന് ഒരു അപശബ്ദം പോലും അതേക്കുറിച്ച് ഉണ്ടായിട്ടില്ല. കാരണം അദ്ദേഹം അത്രമാത്രം മാന്യനായിരുന്നു, അച്ചടക്കം മുറുകെപ്പിടിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഹൃദയത്തോട് ചേര്‍ത്തുവച്ച വ്യക്തിയായിരുന്നു. കോൺഗ്രസിൽ ഇതൊക്കെ അപൂർവവുമായിരുന്നു.

അന്നത്തെ അനീതിക്ക് പരിഹാരമുണ്ടായില്ല. പാർട്ടി അദ്ദേഹത്തെ പരിഗണിച്ചില്ല. ആ ത്യാഗത്തെയും നിസ്വാർഥതയെയും മാനിച്ചില്ല. പിന്നീടൊരിക്കലും അദ്ദേഹത്തിന് നീതി ലഭിച്ചില്ല. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പുകളിലൊന്നിലും അദ്ദേഹം പരിഗണിക്കപ്പെട്ടില്ല. പല സ്ഥാനങ്ങളിലേക്കും മാധ്യമങ്ങളിൽ ധനപാലൻ എന്ന പേര് ഉയര്‍ന്നുകേട്ടെങ്കിലും ഒരു സ്ഥാനത്തേക്കും നിയമനം ലഭിച്ചില്ല.

അദ്ദേഹത്തിന് നീതി ലഭിക്കണമെന്ന് വാദിക്കാന്‍ ഒരാളും പാർട്ടിയിൽ മുന്നോട്ടുവന്നില്ല എന്നതാണു വസ്തുത. അദ്ദേഹം വിശ്വസിച്ചിരുന്നവര്‍ പോലും പിന്നീട് അദ്ദേഹത്തിനു വേണ്ടി മിണ്ടിയില്ല. കാരണം അദ്ദേഹം ഒരു ഗ്രൂപ്പിന്‍റെയും ചാവേറായിരുന്നില്ല. കോൺഗ്രസിൽ എ.കെ. ആന്‍റണിയോടായിരുന്നു ധനപാലന് വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നത്. പക്ഷേ, കോൺഗ്രസിൽ ആന്‍റണിക്കുണ്ടായിരുന്ന സ്വാധീനമൊന്നും ധനപാലനെ തുണച്ചില്ല.

ഒരു നിയമസഭാ തെരഞ്ഞെടുപ്പിൽ ചുവരെഴുത്ത് തുടങ്ങിക്കഴിഞ്ഞാണ് ധനപാലന് സീറ്റ് നിഷേധിക്കപ്പെട്ടത്, വടക്കേക്കരയിൽ. എ.കെ. ആന്‍റണി- കെ. കരുണാകരൻ പോര് മുറുകി നിന്നിരുന്ന സമയത്ത് ലീഡറുടെ പിടിവാശിക്ക് മുന്നിൽ ധനപാലനെ പാർട്ടിക്ക് ബലികൊടുക്കേണ്ടി വന്നു. ആരോടും ഒരു പരിഭവവും പറയാതെ ധനപാലൻ മത്സര രംഗത്തു നിന്ന് പിൻവാങ്ങി. പിന്നീട്ട് ചാലക്കുടി മണ്ഡലം ധനപാലന് നൽകിയെങ്കിലും അഞ്ച് വർഷത്തിനു ശേഷം അദ്ദേഹം നിഷ്കരുണം ഒഴിവാക്കപ്പെട്ടു. പിന്നീടിങ്ങോട്ട് ഇതേവരെ അദ്ദേഹത്തെ പാർട്ടിയുടെ അധികാരസ്ഥാനങ്ങളിലൊന്നും ആരും അടുപ്പിച്ചില്ല.

എന്നിട്ടും പരാതികളോ പരിഭവമോ പറയാതെ, ഗ്രൂപ്പ് കളിക്കാതെ, ലോബികളിലൊന്നും പങ്കാളിയാകാതെ അദ്ദേഹം പാർട്ടിക്കാരനായി തുടർന്നു. മരണം വരെയും അടിമുടി കോൺഗ്രസുകാരനായിരുന്നു ധനപാലൻ. ഒരു വാക്കു കൊണ്ടു പോലും പാർട്ടിയെ നോവിക്കാത്ത യഥാർഥ ഗാന്ധിയൻ.

logo
Metro Vaartha
www.metrovaartha.com