

സഹകരണ മേഖലയിൽ സമഗ്രമായ പരിഷ്കാരം വേണം
Representative image for cooperative bank deposits
ജ്യോത്സ്യൻ| ഗ്രഹനില
കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയിൽ സഹകരണ പ്രസ്ഥാനങ്ങൾക്ക് നിർണായക സ്ഥാനമുണ്ട്. മരണ ഫണ്ട് മുതൽ കാർഷിക വായ്പകൾ വരെ സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിൽ ഈ സ്ഥാപനങ്ങൾ വലിയ പങ്ക് വഹിക്കുന്നു. കർഷകർ, കാർഷിക തൊഴിലാളികൾ അടങ്ങിയ പാവപ്പെട്ട വിഭാഗങ്ങൾക്ക് വേഗത്തിൽ സാമ്പത്തിക സഹായം നൽകുന്ന പ്രധാന സംവിധാനമായാണ് സഹകരണ മേഖല ദീർഘകാലമായി പ്രവർത്തിച്ചുവരുന്നത്.
വൻകിട ബാങ്കുകളിൽ നിന്ന് സാധാരണക്കാർക്ക് എളുപ്പത്തിൽ സാമ്പത്തിക സഹായം ലഭ്യമാക്കുക ബുദ്ധിമുട്ടായ സാഹചര്യത്തിൽ, സഹകരണ സ്ഥാപനങ്ങൾ ജനകീയമായ ഒരു ആശ്രയമായി നിലകൊള്ളുന്നു. ജനങ്ങളോടുള്ള അടുത്ത ബന്ധവും വിശ്വാസവും തന്നെയാണ് ഇവയുടെ ശക്തി.
എന്നാൽ അടുത്ത കാലത്ത് തൃശൂർ കരുവന്നൂർ മുതൽ കോഴിക്കോട് വടകര വരെയുള്ള ചില സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധികളും അനിഷ്ട സംഭവങ്ങളും വലിയ ആശങ്കകൾ സൃഷ്ടിച്ചിരിക്കുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ ചിലയിടങ്ങളിൽ ആത്മഹത്യ പോലുള്ള ദാരുണ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടത് സഹകരണ മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ്.
ഇന്ന് പല സഹകരണ ബാങ്കുകളും നിക്ഷേപകർ വിശ്വസിച്ച് ഏൽപ്പിച്ച പണം സമയത്ത് തിരികെ നൽകാൻ കഴിയാത്ത അവസ്ഥയിലാണ്. റിട്ടയേർഡ് ഉദ്യോഗസ്ഥർ, ഇടത്തരം വ്യാപാരികൾ, ചെറുകിട കച്ചവടക്കാർ എന്നിവരുടെ ജീവിത സമ്പാദ്യമാണ് പലപ്പോഴും നിക്ഷേപമായി എത്തുന്നത്. കുടുംബത്തിന്‍റെ ആരോഗ്യപരിപാലനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി മാറ്റി വെച്ച തുക നഷ്ടപ്പെടുന്നത് വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.
സംസ്ഥാന സർക്കാർ നിക്ഷേപങ്ങൾക്ക് 5 ലക്ഷം രൂപ വരെ ഗ്യാരണ്ടി നൽകുന്നുണ്ടെങ്കിലും, ആ സഹായം പലപ്പോഴും സമയബന്ധിതമായി ലഭ്യമാകുന്നില്ല എന്നതാണ് പ്രധാന വിമർശനം. സഹകരണ സംഘങ്ങൾ അടച്ചുപൂട്ടുന്ന ഘട്ടത്തിൽ മാത്രമാണ് പലപ്പോഴും ഈ ഗ്യാരണ്ടി പ്രവർത്തനക്ഷമമാകുന്നത്. ഇതുവഴി നിക്ഷേപകർക്ക് ഉടൻ ആശ്വാസം ലഭിക്കുന്ന സാഹചര്യം ഇല്ല.
കൂടാതെ, സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങളും ഗ്യാരണ്ടി സംവിധാനത്തിൽ അംഗങ്ങളല്ല എന്നതും ഒരു പരിമിതിയാണ്. പല സംഘങ്ങളും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നത് തട്ടിപ്പു മൂലമാണെന്ന പൊതുധാരണയുണ്ടെങ്കിലും, യഥാർഥത്തിൽ വരുമാനക്കുറവും ബാധ്യത വർധനയും മൂലമുള്ള സാമ്പത്തിക സമ്മർദങ്ങളും കാരണങ്ങളാണ്.
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതികൾ, കാർഷിക കടാശ്വാസം തുടങ്ങിയ സർക്കാർ പദ്ധതികൾ അർഹരായവർക്ക് ലഭ്യമാകുന്നതിലും പ്രശ്നങ്ങളുണ്ട്. അമിതമായ രാഷ്‌ട്രീയ ഇടപെടലുകൾ പലപ്പോഴും ഈ പ്രക്രിയയെ ബാധിക്കുന്നുവെന്ന ആരോപണവും നിലനിൽക്കുന്നു. കേന്ദ്ര സർക്കാർ പുതിയ സഹകരണ മന്ത്രാലയം രൂപീകരിച്ചതിനു ശേഷം ഇ- സേവനങ്ങൾ, പാസ്പോർട്ട് സേവനങ്ങൾ, ടിക്കറ്റ് ബുക്കിംഗ്, ആധാർ സേവനങ്ങൾ എന്നിവ സഹകരണ സംഘങ്ങൾ വഴി നടപ്പിലാക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ കേരളം ഈ അവസരങ്ങൾ പൂർണമായി പ്രയോജനപ്പെടുത്തുന്നില്ലെന്ന വിമർശനവും ഉയരുന്നു. ഇതുമൂലം സംസ്ഥാനത്തിന് ലഭിക്കാവുന്ന സാമ്പത്തിക സാധ്യതകൾ നഷ്ടപ്പെടുന്നുവെന്നും വിലയിരുത്തപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ, സഹകരണ മേഖലയിലെ വിശ്വാസ്യതയും പ്രവർത്തനക്ഷമതയും ഉറപ്പാക്കുന്ന സമഗ്രമായ പരിഷ്കാരങ്ങൾ അനിവാര്യമാണെന്നാണ് ജോത്സ്യന് പറയാനുള്ളത്.