മാധവി ലത; ചെനാബ് പാലത്തിനായി 17 വർഷം മാറ്റി വച്ച ബംഗളൂരു‌കാരി

പദ്ധതിയുടെ പ്ലാനിങ് മുതൽ ഡിസൈൻ, നിർമാണം തുടങ്ങി എല്ലാ ഘട്ടങ്ങളിലും മാധവി ലത ഒപ്പമുണ്ടായിരുന്നു.
Madhavi latha spent 17 years for chenab bridge

മാധവി ലത ചെനാബ് റെയിൽ പാലത്തിനു മുന്നിൽ

Updated on

ശ്രീനഗ‌ർ: ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമെന്ന വിശേഷണത്തോടെ ജമ്മു കശ്മീരിൽ ചെനാബ് പാലം തലയുയർത്തി നിൽക്കുമ്പോൾ അതിനു പിന്നിൽ പ്രൊഫസർ മാധവി ലത എന്ന ബംഗളൂരുകാരിയുടെ 17 വർഷത്തെ കഠിനാധ്വാനം കൂടിയുണ്ട്. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിലെ പ്രൊഫസറാണ് മാധവി ലത. കഴിഞ്ഞ 17 വർഷമായി പദ്ധതിയുടെ ജിയോ ടെക്നിക്കൽ കൺസൾട്ടന്‍റായി പ്രവർത്തിച്ചുവരുന്നു. പദ്ധതിയുടെ പ്ലാനിങ് മുതൽ ഡിസൈൻ, നിർമാണം തുടങ്ങി എല്ലാ ഘട്ടങ്ങളിലും മാധവി ലത ഒപ്പമുണ്ടായിരുന്നു.

പാലത്തിന്‍റെ ചെരിവ്, സ്ഥിരത, അടിത്തറ രൂപകൽപ്പന എന്നിവ സംബന്ധിച്ച പ്ലാനിങ് ആയിരുന്നു മാധവി ലതയുടെ പ്രധാന ഉത്തരവാദിത്വം. കുത്തനെയുള്ളതും സ്ഥിരതയില്ലാത്തതുമായ പാറകളുടെ ചരിവുകളിലാണ് പാലത്തിന്‍റെ പ്രത്യേകതയായ കൂറ്റൻ കമാനവും തൂണുകളും നിർമിച്ചിരിക്കുന്നത്. പഠനങ്ങളിൽ നിന്നും പ്രതീക്ഷകളിൽ നിന്നുമെല്ലാം വ്യത്യസ്തമായി ഖനനത്തിനിടെയാണ് പാറകളിലെ മറഞ്ഞിരിക്കുന്ന ദ്വാരങ്ങളും പൊട്ടലുകളും ഉൾപ്പെടെ കണ്ടെത്തിയിരുന്നത്. അതു കൊണ്ട് തന്നെ ഡിസൈൻ ആസ് യു ഗോ എന്ന ആശയത്തിലാണ് മാധവിലത മുന്നോട്ടു പോയത്. അത് വിജയിക്കുകയും ചെയ്തു.

ഖനനത്തിനിടെ കണ്ടെത്തുന്ന പ്രശ്നങ്ങൾക്ക് ആ സമയത്ത് പരിഹാരം കാണുക എന്നതായിരുന്നു മാധവി ലത തെരഞ്ഞെടുത്ത മാർഗം. പാറകളിലെ ദ്വാരങ്ങളിൽ സിമന്‍റ് ഒഴിച്ച് ഉറപ്പു വരുത്തുന്നത് ഉൾപ്പെടെയുള്ള മാർഗങ്ങൾ ഈ ആശയത്തിന്‍റെ ഭാഗമായി സ്വീകരിച്ചിരുന്നു.

272 കിലോമീറ്റർ നീണ്ടു കിടക്കുന്ന ഉധംപുർ- ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലിങ്കിന്‍റെ ഭാഗമാണ് ചെനാബ് പാലം. 2003ലാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. കാലാവസ്ഥയായിരുന്നു ചെനാബ് പാലം നിർമാണത്തിലെ ഏറ്റവും വലിയ പ്രതിസന്ധി. പ്രതികൂല കാലാവസ്ഥയിൽ ഉൾമേഖലയിൽ പാലം നിർമിക്കുന്നത് വലിയ വെല്ലുവിളിയായി മാറി.

നിലവിൽ ഐഐഎസ്‌സിയിലെ എച്ച്എജി പ്രൊഫസർ ആണ് മാധവി ലത. ‌1992ൽ ജവഹർലാൽ നെഹ്റു ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിസ്റ്റിങ്ഷനോടെ സിവിൽ എൻജിനീയറിങ്ങിൽ ബിടെക് നേടി. വാറങ്കൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ നിന്ന് എംടെക്കിൽ സ്വർണ മെഡലോടെയാണ് വിജയിച്ചത്. ജിയോടെക്നിക്കൽ എൻജിനീയറിങ്ങിൽ ആണ് സ്പെഷ്യലൈസ് ചെയ്തിരുന്നത്.

‌2000ത്തിൽ ജിയോടെക്നിക്കൽ എൻജിനീയറിങ്ങിൽ ഐഐടി മദ്രാസിൽ നിന്ന് ഡോക്റ്ററേറ്റ് നേടി. ഇക്കാലഘട്ടത്തിനിടെ നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണഅട്. 2022ൽ സ്റ്റീം ഓഫ് ഇന്ത്യയുടെ മികച്ച 75 സ്ത്രീകളുടെ പട്ടികയിൽ മാധവി ലത ഇടം പിടിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com