

അങ്കമാലിയിൽ കോൺഗ്രസ് കൗൺസിലറും മുൻ സിപിഎം കൗൺസിലറും ബിജെപി സ്ഥാനാർഥികൾ
Udf, Ldf, Bjp - Flags
AI generated summary, newsroom reviewed
അജയൻ
പത്തു വർഷത്തിനു ശേഷം അധികാരത്തിലേറിയ യുഡിഎഫിനെ സംബന്ധിച്ച് പല കാര്യങ്ങളും അത്ര ശരിയായ ദിശയിലല്ല പോകുന്നത്, അതിനു കാരണം ചുരുങ്ങിയ കാലയളവിനുള്ളിൽ കാര്യങ്ങൾ ചെയ്തുതീർക്കാനുള്ള ശ്രമം പരാജയപ്പെട്ടതല്ല, മറിച്ച് കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കുകൾ സമയവും സ്ഥലവും നോക്കാതെ പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്നതു കൊണ്ടാണ്. തെറ്റായ കാര്യങ്ങളാണോ പറയപ്പെടുന്നത് എന്നതിനെക്കുറിച്ച് പോലും സംശയങ്ങളുണ്ടെന്ന് ഒരു മുതിർന്ന യുഡിഎഫ് നേതാവ് സ്വകാര്യമായി ആശങ്ക പങ്കു വച്ചിരുന്നു. തെറ്റായ വ്യക്തി, തെറ്റായ സമയത്തും സ്ഥലത്തും വെച്ച്, തെറ്റായ കാര്യം പറഞ്ഞതാണോ ഇതെന്ന ചോദ്യത്തിന് ചിരിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കോൺഗ്രസ് നേതാക്കൾ ഇതിനെ പാർട്ടിയിലെ "ആന്തരിക ജനാധിപത്യം" എന്നൊക്കെയായിരിക്കും വിശേഷിപ്പിക്കുന്നത്. എന്നാൽ നിയമനങ്ങൾ ഉൾപ്പെടെയുള്ള തീരുമാനങ്ങൾ സഖ്യകക്ഷികളും മാധ്യമങ്ങളും വരെ അറിഞ്ഞിട്ടും തന്നെ അറിയിച്ചില്ലെന്നുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശന്റെ ആരോപണം ഈ ഉൾപ്പാർട്ടി ജനാധിപത്യം എന്ന വിശദീകരണത്തെ അപ്പാടെ തച്ചുടക്കുകയാണ്.
വളരെ രൂക്ഷമായാണ് മുതിർന്ന നേതാവു കൂടിയായ അടൂർ പ്രകാശ് പ്രതികരിച്ചത്. സിറ്റിങ് എംപിമാർക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിർദേശിച്ചതിനു ശേഷവും സീറ്റിനു വേണ്ടി അദ്ദേഹം ശ്രമിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന് മത്സരിക്കാൻ അവസരം ലഭിച്ചില്ല. അതു കൊണ്ടു തന്നെ അക്കാര്യം മനസിൽ വച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ കടുത്ത പ്രതികരണമെന്ന് സംശയിക്കുന്നത് സ്വാഭാവികം. പക്ഷേ അദ്ദേഹം പറയുന്നതു പോലെ ഇതൊന്നും കോൺഗ്രസിന് ഒട്ടും അപരിചിതമായ സാഹചര്യമല്ല. "ആഭ്യന്തര ജനാധിപത്യം" എന്നതിന് പലപ്പോഴും "ആഭ്യന്തര ഭിന്നത" എന്ന അർത്ഥം കൂടി നൽകാവുന്ന സൗകര്യപ്രദമായ ഒരു വഴക്കം കോൺഗ്രസിൽ കൈവരാറുണ്ട്
സ്വന്തം മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി വിമർശനങ്ങൾ ഉന്നയിക്കുന്നത് കോൺഗ്രസിന്റെ ഒരു പാരമ്പര്യമാണ്. പഴയ നായകന്മാരായ കെ. കരുണാകരനും എ.കെ. ആന്റണിയും ആ വിമർശനങ്ങളുടെ കൈപ്പ് അറിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വി.ഡി. സതീശനും അതേ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു.
പരസ്പരം കലഹിക്കുമ്പോൾ അതിൽ പ്രത്യയശാസ്ത്രത്തിന്റെ സാന്നിധ്യമൊന്നുമുണ്ടാകാറില്ല. നയങ്ങളാണ് വിഷയമെങ്കിൽ, സർക്കാരിന്റെ നിലപാടുകളിൽ നിന്നുള്ള പിന്മാറ്റങ്ങളെ ലക്ഷ്യമാക്കിയാണ് വിമർശനത്തിന്റെ അമ്പുകൾ തിരിയേണ്ടിയിരുന്നത്. മന്ത്രിമാരുടെ യാത്രകളിൽ സ്വകാര്യ മേഖലയ്ക്ക് ഇടപെടാൻ അവസരം നൽകുന്നതിൽ നിന്ന് തുടങ്ങി, പ്രതിപക്ഷത്തായിരുന്ന കാലത്ത് ചെലവ് നിയന്ത്രിക്കുന്നതിലും മന്ത്രിസഭാ നിയമനങ്ങളിലും സ്വീകരിച്ചിരുന്ന നിലപാടുകൾ ഉപേക്ഷിച്ചത്, ലോകായുക്തയുടെ അധികാരങ്ങൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിലപാട്, മുൻ എൽഡിഎഫ് ഭരണകാലത്ത് നടന്നുവെന്ന് ആരോപിക്കപ്പെട്ട പൊലീസ് അതിക്രമങ്ങൾക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യം, പി.എം. ശ്രീ പദ്ധതിയോടുള്ള ശക്തമായ നിലപാട് എല്ലാം അതിൽപ്പെടും. പക്ഷേ, വിമർശനത്തിന്റെ അമ്പ് നേരെ സതീശനിലേക്കാണ് തൊടുത്തിരിക്കുന്നത്. എന്തുകൊണ്ട്? അതിനുള്ള ഉത്തരം മാത്രം വിചിത്രമായി അരങ്ങിന് പുറത്താണ്.
“പിണറായി വിജയനും കുടുംബവും ഉൾപ്പെട്ട ഇഡി കേസിൽ സതീശനും സംഘവും മൃദുസമീപനം സ്വീകരിച്ചതിനെതിരെ അടൂർ പ്രതിഷേധിക്കുമെന്ന് ഞാൻ കരുതിയിരുന്നു. എന്നാൽ അദ്ദേഹം അങ്ങനെ ചെയ്തില്ല. അതോടെ അവരുടെ ഉദ്ദേശ്യങ്ങൾ എന്താണെന്ന് വ്യക്തമായി.”പാർട്ടിയിലെ ഒരു നേതാവ് സ്വന്തം അഭിപ്രായം വ്യക്തമാക്കി.
അപ്രതീക്ഷിതമായി സിപിഎമ്മിന് ലഭിച്ച ഒരു രാഷ്ട്രീയ നേട്ടമായി അടൂർ മാറിയേക്കാം. എന്നാൽ, പിണറായി വിജയന് വേണ്ടി അദ്ദേഹത്തെ ഒരു സൗകര്യപ്രദമായ മറയാക്കി ഉപയോഗിക്കുന്നത് അത്ര എളുപ്പമായിരിക്കില്ല.
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്തുന്നതിനായി വിളിച്ചുചേർത്ത പാർട്ടി സമ്മേളനങ്ങളിൽ, തനിക്കും കുടുംബത്തിനുമെതിരായ ഇഡി കേസിൽ പാർട്ടിയുടെ പിന്തുണ പിണറായി വിജയൻ തേടിയതായാണ് റിപ്പോർട്ടുകൾ. കേരളത്തിലേക്ക് ലയണൽ മെസിയെ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കുന്നതിലേക്ക് നയിച്ചത് രാഷ്ട്രീയ അന്തരീക്ഷത്തെ കൂടുതൽ കലുഷിതമാക്കിയിരിക്കുകയാണ്.
ഇത്തരം വിവാദങ്ങൾ സിപിഎമ്മിന് പുത്തരിയല്ല. ലൈംഗിക പീഡനവും ലൈംഗിക അതിക്രമവും സംബന്ധിച്ച് അന്നത്തെ കണ്ണൂർ ജില്ലാ നേതാവായിരുന്ന പി. ശശിക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങൾ പ്രകാശ് കാരാട്ട് പരസ്യമായി സമ്മതിച്ചത് കേരളം മറന്നിട്ടില്ല. അച്ചടക്കനടപടി നേരിട്ടതിന് ശേഷം, ശശി പിന്നീട് വീണ്ടും പാർട്ടിയിൽ നിർണായക സ്വാധീനമുള്ള സ്ഥാനത്തേക്ക് തിരിച്ചെത്തി. പിണറായി വിജയന്റെ രണ്ടാം മുഖ്യമന്ത്രിക്കാലത്ത് അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായും ശശി ചുമതലയേറ്റു. കേരള രാഷ്ട്രീയത്തിന്റെ അരങ്ങിൽ, രാഷ്ട്രീയ പുനർജന്മത്തിന് ദീർഘവും കൗതുകകരവുമായ തുടർച്ച ഉണ്ടാകാറുണ്ടെന്ന് തോന്നുന്നു.
മുൻ ജില്ലാ സെക്രട്ടറിക്കെതിരേ ഇപ്പോൾ യാതൊരു പരാതിയുമില്ല എന്നുള്ളതാണ് വിരോധാഭാസം. എന്നാൽ, നേരത്തെ ലൈംഗിക പീഡന ആരോപണങ്ങൾ പരിശോധിച്ച പാർട്ടി സമിതികൾക്ക് നേതൃത്വം നൽകുകയും, അത്തരം ആരോപണങ്ങളുടെ “തീവ്രത”വരെ ചർച്ച ചെയ്യുകയും ചെയ്ത ചില നേതാക്കളാണ് ഇപ്പോൾ അദ്ദേഹത്തിനെതിരെ ഏറ്റവും ശക്തമായി രംഗത്തുള്ളത്.
സിപിഎമ്മിന്റെ ധാർമിക നിലപാടുകളുടെ ദിശാസൂചി ചിലപ്പോഴൊക്കെ അസാധാരണമായ വഴക്കമുള്ള സൂചിയായി മാറാറുണ്ട്. പാർട്ടിക്കുള്ളിലെ ഈ “പൊലീസ് സംവിധാനം”അന്വേഷണം നടത്തുകയും, വിധി പ്രഖ്യാപിക്കുകയും, ഇത്തവണ അസാധാരണമായ ഉറപ്പോടെ കുറ്റക്കാരനെയും കണ്ടെത്തുകയും ചെയ്യുന്നുവെന്നതാണ് സ്ഥിതി. അങ്ങനെ നോക്കുമ്പോൾ, \ എല്ലാ മുന്നണികളിലും കലഹം തന്നെ. കോൺഗ്രസിൽ, ഗ്രൂപ്പ് പോര് ഭരണത്തെ തന്നെ പിന്നണിയിലേക്ക് തള്ളിവിടുമെന്ന ഭീഷണിയാണ് ഉയരുന്നത്. സിപിഎമ്മിലാകട്ടെ, ഏറെ കൊട്ടിഘോഷിച്ച തിരുത്തൽ നടപടികൾ രംഗപ്രവേശത്തിനുള്ള സമയവും കാത്ത് നിൽക്കുന്നതുപോലെയാണ്.
വോട്ടർമാരാണെങ്കിലോ, ഇതിനകം തന്നെ ടിക്കറ്റ് വാങ്ങി, സദസ്സിലിരുന്ന് അടുത്ത പ്രദർശനത്തിനായി അഞ്ച് വർഷം കൂടി കാത്തിരിക്കുകയാണ്. കഥാപാത്രങ്ങൾ മാറിയേക്കാം, തിരക്കഥകൾ തിരുത്തിയെഴുതപ്പെട്ടേക്കാം, മുദ്രാവാക്യങ്ങൾ പുതിയ വേഷമണിഞ്ഞെത്തിയേക്കാം. ജനങ്ങൾ തന്നെ രംഗത്തിറങ്ങാൻ തീരുമാനിക്കുന്നതുവരെ ഈ അസംബന്ധ നാടകം വേദിയിൽ തുടരും.