ഒളിംപിക് സ്വപ്ന സാക്ഷാത്കാരത്തിലേക്ക് സൈക്കിളിൽ കുതിക്കുമ്പോൾ

പൗരന്മാരെ വീടുകളിൽ നിന്ന് പുറത്തിറങ്ങാനും ശാരീരികമായി സജീവമാകാനും ഫിറ്റ്നസ് ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാക്കാനും പ്രോത്സാഹിപ്പിക്കുകയായിരുന്നു ഇതിന്‍റെ ലക്ഷ്യം
Mansukh L. Mandaviya special story

ഒളിംപിക് സ്വപ്ന സാക്ഷാത്കാരത്തിലേക്ക് സൈക്കിളിൽ കുതിക്കുമ്പോൾ

പ്രതീകാത്മക ചിത്രം- എഐ

Updated on: 

ഡോ. മൻസുഖ് മാണ്ഡവ്യ

കേന്ദ്ര യുവജനകാര്യ-

കായിക മന്ത്രി

""ഫിറ്റ്നസിന്‍റെ ഡോസ്, ദിവസവും അരമണിക്കൂർ!''- പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് നൽകിയ ആഹ്വാനമായിരുന്നു ഇത്. ഈ ആഹ്വാനത്തിന് മറുപടിയായാണ് 2024 ഡിസംബറിൽ "ഫിറ്റ് ഇന്ത്യ സൺഡേയ്‌സ് ഓൺ സൈക്കിൾ' സംരംഭത്തിന് തുടക്കം കുറിച്ചത്.

പൗരന്മാരെ വീടുകളിൽ നിന്ന് പുറത്തിറങ്ങാനും ശാരീരികമായി സജീവമാകാനും ഫിറ്റ്നസ് ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാക്കാനും പ്രോത്സാഹിപ്പിക്കുകയായിരുന്നു ഇതിന്‍റെ ലക്ഷ്യം. നവംബർ 29 ഞായറാഴ്ച നൂറാം പതിപ്പ് എന്ന നാഴികക്കല്ല് ആഘോഷിക്കവേ. രാജ്യവ്യാപകമായി ഈ പ്രസ്ഥാനം വളർന്നുവന്ന രീതി എന്നെ അദ്ഭുതപ്പെടുത്തുന്നു.

"സൺഡേയ്‌സ് ഓൺ സൈക്കിളി'ൽ ഇതുവരെ പങ്കെടുത്തവരുടെ ആകെ എണ്ണം 40 ലക്ഷം കവിഞ്ഞു. രാജ്യത്തുടനീളമുള്ള 40,000ത്തിലധികം കേന്ദ്രങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കുകയും 7,500ത്തിലധികം നമോ സൈക്ലിങ് ക്ലബ്ബുകളുടെ പിന്തുണ ലഭിക്കുകയും ചെയ്തു.

ഈ വർഷം "സൺഡേയ്‌സ് ഓൺ സൈക്കിൾ' അന്താരാഷ്‌ട്ര തലത്തിലേക്കും വ്യാപിച്ചു. യുണൈറ്റഡ് കിങ്ഡം, ജപ്പാൻ, തുർക്കിയെ എന്നിവിടങ്ങളിലും പരിപാടികൾ സംഘടിപ്പിച്ചു. രണ്ടുവർഷം മുമ്പ് 500 പേർ പങ്കെടുത്ത പ്രതിവാര സൈക്കിൾ യാത്രയായി ആരംഭിച്ച സംരംഭം ഇന്ന് യഥാർഥ ജനകീയ പ്രസ്ഥാനമായി വളർന്നിരിക്കുകയാണ്.

ഒളിംപിക് ആവേശത്തിന്‍റെ

ആഘോഷം

ഇന്ത്യയിലെ ഒളിംപിക് പ്രസ്ഥാനത്തെ ആഘോഷിക്കുന്നതിനായി #IndiaReady4Olympics എന്ന പ്രമേയത്തിലാണ് നൂറാം പതിപ്പ് സംഘടിപ്പിച്ചത്. ഒളിംപിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹം ദേശീയ ലക്ഷ്യമാണ്. ആ യാത്രയിൽ രാജ്യത്തെ മുഴുവൻ പങ്കാളികളാക്കാനുള്ള ശ്രമമായിരുന്നു ഈ പതിപ്പ്.

പ്രധാന പരിപാടിക്കായി പുണെയിലെ പിംപ്രി- ചിഞ്ച്‌വഡിൽ ഏകദേശം 50,000 സൈക്കിൾ യാത്രികർക്കൊപ്പം പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചു. "മൈ ഭാരതി'ന്‍റെ പ്രോത്സാഹനത്തിലൂടെ യുവജനങ്ങൾ രാജ്യത്തെ എല്ലാ ജില്ലകളിലും "സൺഡേയ്‌സ് ഓൺ സൈക്കിൾ' ആഘോഷിച്ചു.

രാജ്യവ്യാപകമായി 100 കേന്ദ്രങ്ങളിൽ ബൃഹത്തായ ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഓരോ കേന്ദ്രത്തിലും 100 ഒളിംപ്യന്മാർ പൗരന്മാർക്കൊപ്പം സൈക്കിൾ ചവിട്ടി. നമ്മുടെ കായിക താരങ്ങൾ സ്കൂൾ കുട്ടികൾക്കും കുടുംബങ്ങൾക്കും മുതിർന്ന പൗരന്മാർക്കുമൊപ്പം സൈക്കിൾ ചവിട്ടിയപ്പോൾ, ഒളിംപിക് ആവേശം സ്ക്രീനിൽ മാത്രം കാണുന്ന ഒന്നല്ലാതായി; എല്ലാവരും ഒരുമിച്ച് പങ്കിടുന്ന അനുഭവമായി മാറി.

ദൈനംദിന ജീവിതത്തിൽ

ഒളിംപിക് മൂല്യങ്ങൾ

മികവ്, സൗഹൃദം, പരസ്പരബഹുമാനം എന്നീ ഒളിംപിക് മൂല്യങ്ങളോട് പ്രതിജ്ഞാബദ്ധരാകാനുള്ള അവസരമായിരുന്നു ഈ പതിപ്പ്. മികവ് എന്നത് മെഡലുകൾ നേടുന്നതിലോ റെക്കോർഡുകൾ സ്ഥാപിക്കുന്നതിലോ മാത്രം ഒതുങ്ങുന്നതല്ല. ഓരോ വ്യക്തിയും സ്വയം കൂടുതൽ മെച്ചപ്പെട്ടവരാകാൻ ശ്രമിക്കുന്നതിലാണ് അതിന്‍റെ യഥാർഥ അർഥം. എല്ലാ ഞായറാഴ്ചയും അലസമായ ജീവിതശൈലിക്ക് പകരം സൈക്കിൾ തെരഞ്ഞെടുക്കുന്ന ഓരോ പൗരനും മികവിന്‍റെ മനോഭാവമാണ് ഉയർത്തിപ്പിടിക്കുന്നത്.

സൗഹൃദവും പരസ്പര ബഹുമാനവും ഒരുപോലെ പ്രധാനമാണ്. വ്യത്യസ്ത പ്രായക്കാർ, തൊഴിൽ മേഖലകളിലുള്ളവർ, വിവിധ സമുദായങ്ങളിലും പശ്ചാത്തലങ്ങളിലും നിന്നുള്ളവർ ഒരുമിച്ച് സൈക്കിൾ ചവിട്ടുമ്പോൾ പരസ്പരം ബഹുമാനിക്കാനും കായിക മത്സരങ്ങളിലെ ന്യായബോധത്തിന്‍റെ പ്രാധാന്യം മനസിലാക്കാനും പഠിക്കുന്നു. ഒരുമിച്ചുള്ള സൈക്കിൾ യാത്ര സാമൂഹ്യ വേർതിരിവുകൾ ഇല്ലാതാക്കുകയും വ്യത്യാസങ്ങൾക്കതീതമായ സൗഹൃദങ്ങൾ വളർത്തുകയും ചെയ്യുന്നു.

'ഫിറ്റ് ഇന്ത്യ' എന്ന

കാഴ്ചപ്പാട‌ിലേക്ക്

വികസിത രാഷ്‌ട്രത്തിനായുള്ള പ്രധാനമന്ത്രിയുടെ "ഫിറ്റ് ഇന്ത്യ' എന്ന ദർശനം മുന്നോട്ടുകൊണ്ടുപോകുന്നതിൽ "സൺഡേയ്‌സ് ഓൺ സൈക്കിൾ' നിർണായക പങ്കുവഹിച്ചു.

സ്റ്റേഡിയങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും മാത്രമല്ല ഒരു കായിക രാഷ്‌ട്രം രൂപപ്പെടുന്നത്. കുട്ടികൾ കായികരംഗത്തെ പരിചയപ്പെടുകയും കുടുംബങ്ങൾ ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കുകയും സമൂഹങ്ങൾ ഒത്തുചേരുകയും ചെയ്യുന്ന നമ്മുടെ തെരുവുകളിലാണ് അതിന്‍റെ അടിത്തറ പാകപ്പെടുന്നത്. ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള നമ്മുടെ ലക്ഷ്യം ദൈനംദിന ജീവിതത്തിൽ ഒളിംപിക് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള പ്രതിജ്ഞാബദ്ധതയോടൊപ്പം മുന്നോട്ടുപോകണം.

ഇന്ന് ഇന്ത്യയുടെ കഥ സ്വന്തം രാജ്യത്ത് ഫിറ്റ്നസ് സംസ്കാരവും പാരിസ്ഥിതിക ഉത്തരവാദിത്വവും വളർത്തുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. മറ്റുള്ളവർക്ക് നാം നൽകുന്ന മാതൃക കൂടിയാണത്. ഈ മാസം ആദ്യം തുർക്കിയെയിൽ നടന്ന COP31ൽ, "സൺഡേയ്‌സ് ഓൺ സൈക്കിൾ' പ്രതിവാര സൈക്കിൾ യാത്രയിൽനിന്ന് ജീവിതശൈലിയിലേക്ക്’എന്ന പ്രത്യേക സെഷനിലൂടെ ഈ സംരംഭത്തെ ആഗോള വേദിയിലെത്തിച്ചു. അന്താരാഷ്‌ട്ര സൗര സഖ്യത്തിന്‍റെ പവിലിയനിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. നമ്മുടെ ആഹ്വാനത്തോട് സഹകരിച്ച ആദ്യ അന്താരാഷ്‌ട്ര പങ്കാളിയായി തുർക്കിഷ് സൈക്ലിങ് ഫെഡറേഷൻ മുന്നോട്ടുവന്നു. ഇന്ത്യയിൽ ആരംഭിച്ച ബഹുജന ഫിറ്റ്നസ് പ്രസ്ഥാനത്തിന് സുസ്ഥിര ഗതാഗതം, കാലാവസ്ഥാപ്രവർത്തനം, ആരോഗ്യകരമായ സമൂഹങ്ങൾ എന്നിവയെക്കുറിച്ചുള്ള ആഗോള ചർച്ചകളിൽ അർഥവത്തായ സംഭാവന നൽകാനാകുമെന്ന് ഇത് തെളിയിച്ചു. പിന്നീട് ഈ സംരംഭം യുണൈറ്റഡ് കിങ്ഡത്തിലേക്കും ജപ്പാനിലേക്കും വ്യാപിച്ചു.

നമ്മുടെ ജനങ്ങളുടെ ഊർജസ്വലതയാണ് ഇന്ത്യയുടെ കായികഭാവി രൂപപ്പെടുത്തുക. കൂടുതൽ ആരോഗ്യമുള്ള പൗരന്മാർ കരുത്തുറ്റ രാഷ്‌ട്രത്തെ സൃഷ്ടിക്കുന്നു. കായികരംഗം ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാകുന്തോറും നമ്മുടെ കായിക സംസ്കാരവും കൂടുതൽ ശക്തമാകും. ഒരു സൈക്കിൾ യാത്ര ചെറിയൊരു പ്രവൃത്തിയായി തോന്നിയേക്കാം. എന്നാൽ ദശലക്ഷക്കണക്കിനുപേർ ഒരുമിച്ച് അത് തെരഞ്ഞെടുക്കുമ്പോൾ അതിന്‍റെ ആകെ സ്വാധീനം ചെറുതായിരിക്കില്ല.

ഞായറാഴ്ച ഞങ്ങളോടൊപ്പം സൈക്കിൾ ചവിട്ടിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. നൂറാം പതിപ്പ് ഒരു നാഴികക്കല്ലാണ്, അവസാനമല്ല. ഒളിംപിക്‌സിന് സജ്ജമായ ഇന്ത്യയെന്ന ലക്ഷ്യത്തിലേക്ക് എല്ലാ ഞായറാഴ്ചയും നമുക്ക് സൈക്കിൾ ചവിട്ടി മുന്നേറാം.