ഭ്രാന്തുകൾ പലവിധം ഉലകിൽ സുലഭം

നാറാണത്ത് ഭ്രാന്തനില്‍ നിന്ന് ആരംഭിച്ച് ആരാധനാഭ്രാന്ത്, ഫുട്ബോള്‍ ഭ്രാന്ത്, രാഷ്ട്രീയ ഭ്രാന്ത് വരെ മനുഷ്യന്‍റെ വ്യത്യസ്ത മാനസികാവസ്ഥകളെ വിശകലനം ചെയ്യുന്ന ലേഖനം
Naranathu Bhranthan & Many Faces of Madness

ഓരോ സന്ദര്‍ഭത്തിനനുസരിച്ച് ഓരോരുത്തര്‍ക്കും ഓരോ തരം ഭ്രാന്തുകളുണ്ടാകുന്നു എന്നതാണ് യാഥാർഥ്യം.

freepik.com

Updated on

വിജയ് ചൗക്ക് | സുധീര്‍ നാഥ്

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ

നിന്‍റെ മക്കളില്‍ ഞാനാണു ഭ്രാന്തന്‍

പന്ത്രണ്ടു രാശിയും നീറ്റുമമ്മേ

നിന്‍റെ മക്കളില്‍ ഞാനാണനാഥന്‍...

നേരു ചികയുന്ന ഞാനാണു ഭ്രാന്തന്‍

മൂകമുരുകുന്ന ഞാനാണു മൂഢന്‍...

പ്രൊഫ. മധുസൂദനന്‍ നായര്‍ രചിച്ച "നാറാണത്തു ഭ്രാന്തന്‍' എന്ന കവിതയിലെ പ്രശസ്തമായ വരികളാണിത്. ആരായിരുന്നു നാറാണത്ത് ഭ്രാന്തന്‍? കേരളത്തില്‍ കാലാകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ പറയി പെറ്റ പന്തിരുകുലത്തിലെ പന്ത്രണ്ടു മക്കളിലൊരാളാണ് നാറാണത്ത് ഭ്രാന്തന്‍. കേവലം ഒരു ഭ്രാന്തന്‍ എന്നതിലുപരി ഒരു അവതാരമായാണ് അദ്ദേഹത്തെ സങ്കല്‍പിച്ചു പോരുന്നത്. പാലക്കാട് ജില്ലയിലെ ചെത്തല്ലൂരില്‍ അത്തിപ്പറ്റ കുന്നിനടുത്തുള്ള നാരായണമംഗലത്താണ് (ആമയൂര്‍ മന) അദ്ദേഹം വളര്‍ന്നത് എന്നു കരുതപ്പെടുന്നു. മലയുടെ മുകളിലേക്ക് ഒരു വലിയ കരിങ്കല്ല് ഉരുട്ടിക്കയറ്റി അതിനെ താഴോട്ടു തള്ളിയിട്ട് കൈകൊട്ടിച്ചിരിക്കുകയാണ് ഇദ്ദേഹത്തിന്‍റെ പ്രധാന പ്രവൃത്തി. കട്ടുറുമ്പുകളെ എണ്ണുക അദ്ദേഹത്തിന്‍റെ മറ്റൊരു വിനോദമായിരുന്നു. അദ്ദേഹം പ്രസിദ്ധനായ ഒരു താന്ത്രികനുമായിരുന്നു. കേരളത്തില്‍ ഒരുപാട് ക്ഷേത്രങ്ങളില്‍ ഭ്രാന്തന്‍ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. നാറാണത്ത് ഭ്രാന്തനില്‍ നിന്ന് സമൂഹത്തിനു പലതും പഠിക്കാനുണ്ട്. അദ്ദേഹത്തിന്‍റെ ചിന്തകളെയോളോ, ചെയ്തികളെയോ ഭ്രാന്ത് എന്നു വിശേഷിപ്പിച്ചുനിസാരവത്കരിച്ച് കാണാനും സാധിക്കില്ല.

ഒരാളുടെ മാനസികനില തെറ്റിയെന്നു സമൂഹത്തിനു തോന്നിയാല്‍ അയാളെ ഭ്രാന്തനെന്ന് പറയും. എന്താണ് ഭ്രാന്ത് എന്ന് നിര്‍വചിക്കുക അതുകൊണ്ടു തന്നെ വളരെ എളുപ്പമാണ്. പക്ഷേ, ഒരു തലത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാവരും ഭ്രാന്തന്മാരാണ്. വ്യത്യസ്തമായ ഭ്രാന്തുള്ളവരാണ് നമ്മളൊക്കെത്തന്നെ എന്ന് പറയുന്നതിലും തെറ്റില്ല. ഓരോ സന്ദര്‍ഭത്തിനനുസരിച്ച് ഓരോരുത്തര്‍ക്കും ഓരോ തരം ഭ്രാന്തുകളുണ്ടാകുന്നു എന്നതാണ് യാഥാർഥ്യം.

ഇതു ഫിഫ വേള്‍ഡ് കപ്പ് ഫുട്ബോള്‍ മത്സരത്തിന്‍റെ കാലമാണല്ലോ. അടുത്തിടെ വ്യാപകമായി കേള്‍ക്കേണ്ടി വന്ന ഒരു വാക്കാണ് ഫുട്ബോള്‍ ഭ്രാന്ത് എന്ന്. ലോക ഫുട്ബോള്‍ മത്സരം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നു. ഫൈനല്‍ ആകുമ്പോഴേക്കും അതിന്‍റെ തീവ്രത കൂടിക്കൊണ്ടിരിക്കും. ലോക ഫുട്ബോള്‍ മത്സര സമയത്ത് ഫുട്ബോളിനെ കൂടുതല്‍ ആരാധിക്കുന്നു. ഇപ്പോള്‍ തന്നെ നമ്മള്‍ പലരെക്കുറിച്ചും അവന് ഫുട്ബോള്‍ ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് പറഞ്ഞിട്ടുണ്ടാകും. എന്തിനാണ് നമ്മള്‍ ഇങ്ങനെ ഭ്രാന്ത് എന്നുള്ള വാക്ക് ഈ ഒരു സന്ദര്‍ഭത്തില്‍ ഉപയോഗിക്കുന്നത് എന്നുള്ളത് ആലോചിച്ചിട്ടുണ്ടോ? തെരഞ്ഞെടുപ്പ് കാലത്ത് രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രീകരിക്കുമ്പോള്‍ അത് ഇലക്‌ഷന്‍ ഭ്രാന്താവും. ലോക ക്രിക്കറ്റ് മത്സരം വരുമ്പോള്‍ പലര്‍ക്കും ക്രിക്കറ്റ് ഭ്രാന്താണെന്ന് പറയാറുണ്ട്.

ഓരോ കാര്യം ആലോചിച്ചു ഭ്രാന്തു പിടിക്കുന്നു എന്ന് എത്രയോ തവണ കേട്ടിരിക്കുന്നു. അനാവശ്യമായ തീരുമാനമെടുക്കുന്ന അവസരത്തിൽ നിനക്ക് ഭ്രാന്തുണ്ടോ അങ്ങിനെ ചെയ്യാനെന്നു ചോദിക്കുന്നതു നമ്മള്‍ കേൾക്കാറുണ്ട്. ഭ്രാന്തമാകുന്ന അവസ്ഥ പല തരത്തിലും ഓരോരുത്തരുടെ ജീവിതത്തില്‍ വരാം. ""ഭ്രാന്തന്‍ ചിന്തകള്‍ അവനെ ആത്മഹത്യ ചെയ്യിക്കുന്നതിൽ വരെ എത്തിച്ചു, അവന്‍റെ തലയ്ക്ക് പണം സമ്പാദിക്കനുള്ള ഭ്രാന്ത് പിടിച്ചിരിക്കുകയാണ്'' എന്നതൊക്കെ വീടുകളിലും പുറമെയും ഒക്കെ പതിവായി കേൾക്കാറുള്ള ഒരു വാചകമാണ്.

ഒരു വ്യക്തിയോടോ ആശയത്തോടോ മതത്തോടോ വിശ്വാസത്തോടോ പ്രസ്ഥാനത്തോടോ ഉള്ള അതിരുകടന്നതും യുക്തിരഹിതവുമായ ഭ്രമത്തെയും ആരാധനയെയും ആരാധനാ ഭ്രാന്ത് എന്ന് വിളിക്കും. ഈ ഭ്രാന്തുള്ളവർ തങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങളെ അന്ധമായി പിന്തുണയ്ക്കുകയും, അതിന് വിരുദ്ധമായ അഭിപ്രായങ്ങളെ അസഹിഷ്ണുതയോടെ എതിര്‍ക്കുകയും ചെയ്യുന്നു. വിമര്‍ശനാത്മകമായി ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. അസഹിഷ്ണുത അവരില്‍ കാര്യമായി ഉണ്ടാകും. എതിരഭിപ്രായങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകില്ല. ഇഷ്ടപ്പെടുന്ന കാര്യങ്ങളില്‍ അമിതമായി ആസക്തരാകുന്നു. ശരിയും തെറ്റും തിരിച്ചറിയാനുള്ള ബോധം നഷ്ടപ്പെടുന്നു. ചില ആള്‍ദൈവങ്ങളെ ചിലര്‍ അന്ധമായി വിശ്വസിക്കുന്നത് കണ്ടിട്ടില്ലേ. അതുപോലെ തന്നെ ചിലര്‍ ചില വൈദ്യ രംഗത്തെ ചില ചികിത്സകരേയും ഭ്രാന്തമായി വിശ്വസിക്കും.

ഒരു വ്യക്തിക്ക് ഭയം മൂലം ഉണ്ടാകുന്ന അവസ്ഥയാണ് മനോ വിഭ്രാന്തിയും ഉത്കണ്ഠയും. പക്ഷേ അവ വ്യത്യസ്തമാണ്. മറ്റുള്ളവര്‍ തങ്ങളെ ഉപദ്രവിക്കാനോ നിരീക്ഷിക്കാനോ വഞ്ചിക്കാനോ ശ്രമിക്കുന്നുണ്ടെന്ന് ആരെങ്കിലും വിശ്വസിക്കുന്നതാണ് മനോ വിഭ്രാന്തി. ഭാവി സംഭവങ്ങളെക്കുറിച്ചുള്ള പൊതുവായ ആശങ്കയോ ഭയമോ ആണ് ഉത്കണ്ഠ. ഉത്കണ്ഠയുള്ള ആളുകള്‍ക്ക് സാധാരണയായി അവരുടെ ഭയം എല്ലായ്പ്പോഴും യുക്തിസഹമല്ലെന്ന് അറിയാം. അതേസമയം മനോ വിഭ്രാന്തിയുള്ളവര്‍ അവരുടെ ചിന്തകള്‍ സത്യമാണെന്ന് ശക്തമായി വിശ്വസിക്കുന്നു. രണ്ടും തെറാപ്പിയിലൂടെയും ചിലപ്പോള്‍ മരുന്നുകളിലൂടെയും ചികിത്സിക്കാം.

മനോരോഗങ്ങള്‍ എന്നത് മനസിനോടു ബന്ധപ്പെട്ട രോഗങ്ങളാണ്. അറിഞ്ഞോ അറിയാതെയോ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് അകന്നു നിന്നു കൂടുതല്‍ സുഖപ്രദമായ, ചുറ്റുപാടിലേക്കു പോകാനുള്ള അഭിലാഷത്തിന്‍റെ ഫലമാണു മാനസികരോഗമെന്ന ഒരഭിപ്രായമുണ്ട്. സുഖപ്രദമെന്ന് പറയുന്നത് താത്പര്യക്കൂടുതല്‍ എന്ന് വിശദ്ധീകരിച്ച് പറയാം. അതുകൊണ്ടു തന്നെയാണ് മുന്‍പ് സൂചിപ്പിച്ച പല അവസരങ്ങളിലും ഭ്രാന്ത് എന്ന വാക്ക് ഉപയോഗിക്കുന്നത്. മാനസികവും ശാരീരികവും ശരീരഘടനാപരവും ആയ കാരണങ്ങള്‍ അറിഞ്ഞാലേ ഒരാളുടെ മാനസിക അസ്വാസ്ഥ്യത്തെപ്പറ്റി അറിയാന്‍ കഴിയൂ. ശാരീരിക കാരണങ്ങളാലുണ്ടാകുന്ന മാനസിക രോഗങ്ങളാലാണു ബുദ്ധിയുടെ തകര്‍ച്ച അനുഭവപ്പെടുന്നത്.

സാധാരണമായി മനോരോഗങ്ങള്‍ രണ്ടു തരമാണ് സൈക്കോ ന്യൂറോസിസും സൈക്കോസിസും. ഹിസ്റ്റീരിയ, ഒബ്സെഷന്‍, കമ്പല്‍ഷന്‍ ന്യൂറോസിസ്, ഫോബിയ, ആശങ്കാജന്യമായ ന്യൂറോസിസ്, ബഹു വ്യക്തിത്വം മുതലായവയാണു സൈക്കോ ന്യൂറോസിസില്‍പ്പെട്ട പ്രധാന രോഗങ്ങള്‍. ഈ വിഭാഗത്തിലെ മിക്കരോഗങ്ങളും പ്രധാനമായും തനിക്കു സുരക്ഷിതത്വമില്ലെന്നുള്ള ബോധത്താലും അതിന്‍റെ ഫലമായുള്ള ഭയംകൊണ്ടും വിഷമങ്ങളുടെ തീക്ഷ്ണത, ലൈംഗിക നൈരാശ്യങ്ങള്‍, അപകര്‍ഷതാബോധം മുതലായവ കൊണ്ടുമാണുണ്ടാകുന്നത്. സൈക്കോസിസില്‍ പെടുന്നതു കുറെക്കൂടി മുതിര്‍ന്ന മാനസിക രോഗങ്ങളാണ്. അവയെ ഉന്മാദ രോഗങ്ങളെന്നു പറയുന്നു. ഇന്‍റലിജന്‍സ് ടെസ്റ്റുകള്‍, പേഴ്സണാലിറ്റി ടെസ്റ്റുകള്‍ മുതലായവ നൽകി അവരുടെ രോഗവിവരം ശേഖരിക്കാം. എന്നാൽ ഈ ഭ്രമങ്ങളെ അയാള്‍ ന്യായീകരിക്കുകയും ചെയ്യും.

ഭ്രാന്ത് എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസില്‍ ഓടിയെത്തുന്ന പ്രശസ്തമായ ഒരു സാഹിത്യ രചനയുണ്ട്. ഒരുകാലത്ത് എന്നു മാത്രമല്ല ഇപ്പോഴും വായനക്കാരുടെ മനസില്‍ ചാഞ്ചാട്ടമുണ്ടാക്കുന്ന പ്രസിദ്ധമായ നോവലായ 'ഭ്രാന്ത്'. മലയാളത്തിന്‍റെ ഹാരോള്‍ഡ് റോബിന്‍സ് ആയ പമ്മന്‍റെ (ആർ.പി. പരമേശ്വരമേനോൻ) അതിപ്രശസ്തമായ രചന. ഇന്നും അതിന്‍റെ വില്‍പ്പന നന്നായി നടക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. പ്രസിദ്ധമായ മേലപ്പാട്ട് തറവാട്ടിലെ വിരസമായ ബാല്യവും കൗമാരവും യൗവനത്തിലേക്ക് കാല്‍കുത്തിയപ്പോള്‍ തന്നെ വന്നണഞ്ഞ അമ്മാവന്‍റെ മകനായ അപ്പുവിന്‍റെ ഭാര്യാപദം അമ്മുവിന് ലഭിച്ചു. പണത്തിനു വേണ്ടിയുള്ള പാച്ചിലിനിടയില്‍ കാമശാന്തിക്ക് ഒരു ഉപകരണം മാത്രമാണ് അമ്മാവന്‍റെ മകന് ഭാര്യയായ താനെന്ന് അമ്മു തിരിച്ചറിയുന്നു. ആത്മാവിന്‍റെ ഏകാന്തതയില്‍ അമ്മുവിനു തുണയായത് മനസിലുണരുന്ന കഥയും കവിതയും മാത്രമായിരുന്നു. അത് ലോകമറിഞ്ഞതോടെ പ്രസിദ്ധ എഴുത്തുകാരിയായി മാറി. തന്‍റെ നെഞ്ചിലെ അശാന്തികളെ തലോടിയമര്‍ത്താന്‍ അവള്‍ പല പുരുഷന്മാരെയും മനസിലേക്കും ശരീരത്തിലേക്കും ആവാഹിച്ചു. പക്ഷെ ആ ബന്ധങ്ങളൊന്നും ആഗ്രഹിച്ച ശാന്തി നല്കാതെ അവളെ ഭ്രാന്തിലേക്കാണ് നയിച്ചത്.

ലൈംഗിക ചിന്തകളിലും ആസക്തിയിലും അമിതമായി മുഴുകുന്ന അവസ്ഥയാണ് കാമ ഭ്രാന്ത്. ഇതു തന്നെയാണ് പമ്മന്‍റെ നോവലിലും കാണുന്നത്. ഇത് പലപ്പോഴും ലൈംഗികതയോടുള്ള നിയന്ത്രണാതീതമായ ആഗ്രഹത്തെയാണ് സൂചിപ്പിക്കുന്നത്. ഈ അവസ്ഥയെക്കുറിച്ച് മനസിലാക്കേണ്ട പ്രധാന കാര്യങ്ങള്‍ താഴെ പറയുന്നവയാണ്. ലൈംഗിക ചിന്തകള്‍ മനസിനെ നിരന്തരം വേട്ടയാടുകയും അത് ദൈനംദിന ജീവിതത്തെയും ജോലിയെയും ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. മാനസിക സമ്മര്‍ദം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, അല്ലെങ്കില്‍ മറ്റു മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നിവ ഈ അവസ്ഥയ്ക്ക് കാരണമാകാം.

'മാഡ്' എന്ന വാക്കിന് സന്ദര്‍ഭത്തിനനുസരിച്ച് പല അർഥങ്ങളും വരുന്നുണ്ട്. ഭ്രാന്ത്, ദേഷ്യം, അമിതമായ ആവേശം എന്നിവയാണ് ഇതിന്‍റെ പ്രധാന അർഥങ്ങള്‍. സിനിമകളിലും മാഗസിനുകളിലും ഈ പേര് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. മാഡ് എന്ന പേരില്‍ പ്രശസ്തമായ ഒരു ഹാസ്യ മാസികയുണ്ട്. 1952ല്‍ ആരംഭിച്ച അമെരിക്കന്‍ ഹ്യൂമര്‍ മാസികയാണ് ഇത്. വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്കവറിയുടെ ഡിസി എന്‍റര്‍ടൈന്‍മെന്‍റ് അനുബന്ധ സ്ഥാപനമായ ഡിസി കോമിക്സ് ആണ് ഇത് പ്രസിദ്ധീകരിക്കുന്നത്. എഡിറ്റര്‍ ഹാര്‍വി കുര്‍ട്ട്സ്മാനും പ്രസാധകന്‍ വില്യം ഗെയിന്‍സും ചേര്‍ന്നാണ് മാഡ് സ്ഥാപിച്ചത്. ഒരു മാസികയാകുന്നതിന് മുമ്പ് ഒരു കോമിക് പുസ്തക പരമ്പരയായി ഇത് ആരംഭിച്ചു. ഇത് വ്യാപകമായി അനുകരിക്കപ്പെടുകയും സ്വാധീനം ചെലുത്തുകയും ചെയ്തു. ആക്ഷേപഹാസ്യ മാധ്യമങ്ങളെയും ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനത്തെ സാംസ്കാരിക ഭൂപ്രകൃതിയെയും ഇത് സ്വാധീനിച്ചു. 2023ല്‍ പുറത്തിറങ്ങിയ ഒരു ജനപ്രിയ തെലുങ്ക് കോമഡി ചിത്രത്തിന്‍റെ പേരും മാഡ് എന്നാണ്. എന്‍ജിനീയറിങ് കോളെജ് ജീവിതത്തെയും സുഹൃദ്ബന്ധങ്ങളെയും കുറിച്ചുള്ളതാണ് ഈ സിനിമ.

logo
Metro Vaartha
www.metrovaartha.com