ആര്യയും റോബിനും: മേയർ കസേരയുടെ ഇരുളും വെളിച്ചവും | റോബിൻ ഇലക്കാട്ട് അഭിമുഖം Part II

'ഒരു പോളിസി മേക്കറായ എനിക്ക് അവരിലൊരാളായി വർക്ക് ചെയ്യേണ്ട ആവശ്യമില്ല. എന്നാൽ ജനങ്ങൾക്ക് ആവശ്യമുള്ളപ്പോഴാണ് ഒരു രാഷ്ട്രീയ നേതാവ് അവരെ കേൾക്കേണ്ടത്. അത്രയേ ഞാൻ ചെയ്യുന്നുള്ളൂ' റോബിൻ ഇലക്കാട്ട്
Left: Mayor Robin serves with Missouri City volunteers during Hurricane 

Right: Arya tears up garbage disposal workers by not allowing them to eat Onam Sadhya

ഇടത്ത് ഹുറൈൻകെയ്ൻ ചുഴലിക്കൊടുങ്കാറ്റിൽ മിസൗറി സിറ്റിയിലെ വാളണ്ടിയർമാർക്കൊപ്പം അവരിലൊരാളായി മേയർ റോബിൻ

വലത് മാലിന്യ നിർമാർജനത്തൊഴിലാളികളെ കണ്ണീരുകുടിപ്പിച്ച് ആര്യ

Updated on

റീന വർഗീസ് കണ്ണിമല

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യാ രാജേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ട കാലം. അമെരിക്കയിൽ മിസൗറി സിറ്റിയിൽ ആദ്യത്തെ ഏഷ്യൻ മേയറായി റോബിൻ ഇലക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. അതിനാൽ തന്നെ അക്കാലത്ത് ഇരുവരെയും ചേർത്തുള്ള റിപ്പോർട്ടുകളും പത്രങ്ങളിൽ വന്നിരുന്നു. ഇന്നിപ്പോൾ നാലു വർഷമെത്തി നിൽക്കുമ്പോൾ ആര്യയെവിടെ നിൽക്കുന്നു, മേയർ റോബിൻ എവിടെ നിൽക്കുന്നു എന്നൊന്നു വിലയിരുത്തുന്നത് ഭാവി തലമുറയുടെ രാഷ്ട്രീയനേതാക്കൾക്കെങ്കിലും ഉപകാരപ്പെട്ടേക്കാം.

ഈ ചെറിയ പ്രായത്തിൽ മേയറായെങ്കിൽ ഭരിക്കാനും എനിക്കറിയാം എന്ന ധാർഷ്ട്യമാണ് ഭരണത്തിന്‍റെ ആദ്യ കാലങ്ങളിൽ തന്നെ ആര്യയിൽ ആരോപിക്കപ്പെട്ടത്. പിന്നീടിങ്ങോട്ട് ആര്യ പൊതുമധ്യത്തിലും പാർട്ടിയിലും ഉണ്ടാക്കിയ വിവാദങ്ങൾ ചില്ലറയല്ല.

കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ കശപിശയായിരുന്നു ഒന്ന്. മാലിന്യ നിർമാർജനത്തൊഴിലാളികളോട്, വൃത്തിയായി വന്ന് ഓണസദ്യ കഴിക്കാൻ മേയർ ഉത്തരവിട്ടതിനെത്തുടർന്ന് അവർ തങ്ങൾക്കു ലഭിച്ച ഭക്ഷണം കളയേണ്ടി വന്നതും ആര്യ ആ സാധുക്കൾക്കെതിരെ കർശന നടപടിയെടുത്തതും എല്ലാം വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്.

ഇനി നമുക്കു മേയർ റോബിനിലേയ്ക്കു പോകാം. വിവിധ രാജ്യക്കാർ യഥേഷ്ടമുള്ള, വലിയ പ്രകൃതി ക്ഷോഭത്താൽ ജനജീവിതം ദുഃസഹമാകുന്ന മിസൗറി ജനത ഹൃദയത്തിൽ സൂക്ഷിക്കുന്ന മാലാഖയാണ് മേയർ റോബിൻ. ആര്യയിൽ നിന്നു റോബിനിലേക്കെത്താൻ ഏറെ ദൂരം പോകേണ്ടിയിരിക്കുന്നു.

എല്ലാ വർഷവും പ്രകൃതി ക്ഷോഭത്താൽ വലയുന്ന സംസ്ഥാനമാണ് ടെക്സസ്. ഹുറൈൻ ബെറിൽ ചുഴലിക്കൊടുങ്കാറ്റ് ആണ് അവരുടെ വില്ലൻ. ഈ ചുഴലിക്കൊടുങ്കാറ്റിൽ എല്ലാ വർഷവും 95 ശതമാനവും തൂത്തെറിയപ്പെടുന്ന പ്രദേശമാണ് മിസൗറി സിറ്റി.

ഒരു തരത്തിലും ജീവിക്കാൻ പ്രകൃതി അനുവദിക്കാത്ത സിറ്റി. അതു കൊണ്ടു തന്നെ ജനങ്ങൾ അവിടെ താമസിക്കുന്നതിനു താത്പര്യം കാണിച്ചിരുന്നില്ല നേരത്തെ. എന്നാൽ, മേയർ റോബിൻ ഇലക്കാട്ട് മിസൗറി സിറ്റിയുടെ മേയറായതോടെ സ്ഥിതിഗതികൾ മാറി മറിഞ്ഞു. ഈ നഗരത്തിന്‍റെ ജനപ്രിയത അമെരിക്കയിൽ 77ാം സ്ഥാനത്തേയ്ക്ക് ഉയർന്നു.

Mayor with family

മേയറും കുടുംബവും 

അതിലേയ്ക്കു നയിച്ച പ്രവർത്തനങ്ങളെ കുറിച്ച് മേയർ പറയുന്നത് ഇങ്ങനെ:

ഹുറൈൻ ബെറിൽ സമയത്ത് ഞാൻ എന്‍റെ വീട്ടിൽ നിന്നും പോയിട്ട് ആറാം ദിവസമാണ് തിരിച്ചു വീട്ടിൽ എത്തിയത്. എന്‍റെ ഭാര്യ പോലും എന്നോടു ചോദിച്ചു, വേറെ എത്രയോ മേയർമാരുണ്ട്? അവരാരും നിങ്ങളെ പോലെ ഇങ്ങനെ ഓഫീസിൽ മരിച്ചു പണിയെടുക്കുന്നില്ലല്ലോ... വാളണ്ടിയേഴ്സിനൊപ്പം നിൽക്കാനും പണിയെടുക്കാനും എടുപ്പിക്കാനുമെല്ലാം അവിടെ കലക്റ്ററും പൊലീസും മറ്റുള്ളവരുമെല്ലാമില്ലേ എന്ന്.

ഞാൻ അവളോടു പറഞ്ഞു: "ശരിയാണ്. ഒരു പോളിസി മേക്കറായ എനിക്ക് അവരിലൊരാളായി വർക്ക് ചെയ്യേണ്ട ആവശ്യമില്ല. എന്നാൽ ജനങ്ങൾക്ക് ആവശ്യമുള്ളപ്പോഴാണ് ഒരു രാഷ്ട്രീയ നേതാവ് അവരെ കേൾക്കേണ്ടത്. അവരോടൊപ്പം നിൽക്കേണ്ടത്. എന്നെ തെരഞ്ഞെടുത്തത് അവരാണ്. അവർ ബെറിൽ ദുരന്തം മൂലം വലയുമ്പോൾ അവരോടൊപ്പം നിന്ന് എല്ലാം എത്രയും വേഗം പുനരുദ്ധരിക്കാൻ നേതൃത്വം നൽകാൻ ഞാൻ അവരോടു കടപ്പെട്ടിരിക്കുന്നു. അതാണു ഞാൻ ചെയ്യുന്നത്. പിന്നെ, അവിടെ ഓഫീസിൽ റെസ്റ്റ് എടുക്കാനും ഫ്രഷ് ആകാനും സൗകര്യമുണ്ട്. എനിക്കതു മതി എന്നാണ്. '

ഒന്നു നിർത്തി അദ്ദേഹം തുടർന്നു:

"സത്യത്തിൽ ബോസാകാനല്ല, എന്‍റെ ജനങ്ങൾക്ക് ആശ്വാസമാകാനാണ് ഞാനങ്ങനെ ചെയ്തത്.

''പേരെടുക്കാനോ മീഡിയയെ ആകർഷിക്കാനോ ഒന്നുമായിരുന്നില്ല അത്. ഞാനൊരിക്കലും മീഡിയയുടെ ശ്രദ്ധ നേടാനായി എന്തെങ്കിലും കാട്ടിക്കൂട്ടുന്നയാളും അല്ല.

അവിടെ വെറും സാധാരണക്കാരായ മനുഷ്യരാണ് ഭൂരിഭാഗവും. ബെറിൽ സമയത്ത് 95 ശതമാനവും വാസയോഗ്യമല്ലാതായി. അതു കൊണ്ട് ആ ദിവസങ്ങളിൽ ഞാൻ പുറത്തേയ്ക്കിറങ്ങി. വാളണ്ടിയേഴ്സിനൊപ്പം നിന്നു പ്രവർത്തിച്ചു. സാധാരണയായി കലക്റ്റർ, പൊലീസ്, ലോക്കൽ ബോഡി സംവിധാനങ്ങളൊക്കെയാണ് ഇത്തരം സന്ദർഭങ്ങളിൽ ദൈനം ദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതും നടത്തേണ്ടതും. എന്നാൽ ഒരു മേയർ നേരിട്ട് ഇറങ്ങുമ്പോൾ കഥ മാറി. നഗര സംവിധാനത്തിന് കൃത്യമായി വർക്ക് ചെയ്യാതിരിക്കാനാകില്ല. ഞാൻ വീട്ടിൽ പോകാതെ ഓഫീസിലും പുറത്തുമായി അവരോടൊപ്പം ഇരുന്നു വർക്ക് ചെയ്യാൻ തുടങ്ങിയതോടെ കാര്യങ്ങൾ വളരെ വേഗം പുന:സ്ഥാപിക്കപ്പെട്ടു. വൻ മരങ്ങൾ കടപുഴകി ഇലക്‌ട്രിസിറ്റി ലൈനുകൾ കട്ടായി. അതൊക്കെ നേരെയാക്കേണ്ടത് സെൻട്രൽ പോയിന്‍റ് പവറിന്‍റെ ചുമതലയാണ്. ഞാനവരെ നേരിട്ടു വിളിച്ചു. ഇതൊന്നും പോളിസി മേക്കേഴ്സിന്‍റെ പണിയല്ല. പക്ഷേ, എന്‍റെ ആ വിളിയിൽ മിസൗറി സിറ്റിയിൽ വളരെ വേഗം കാര്യങ്ങൾ പുന:സ്ഥാപിക്കപ്പെട്ടു. നഗര സംവിധാനം കൃത്യമായി പ്രവർത്തനക്ഷമമായി. സാധാരണക്കാരായവർ അയയ്ക്കുന്ന ഓരോ ഇ മെയിൽ പരാതിയ്ക്കു പോലും പരിഹാരം ഉണ്ടായി. ഇത്ര മാത്രം ഇ മെയിൽ പരാതികളൊക്കെ നോക്കി അവരെ തിരിച്ചു വിളിച്ച് ഒരു മേയർ കഠിനാധ്വാനം ചെയ്യേണ്ടതുണ്ടോ എന്ന് പലരും എന്നോടു ചോദിച്ചു. എനിക്ക് ഇതിനൊക്കെ ഒറ്റ മറുപടിയേ ഉള്ളു. ഒരു രാഷ്ട്രീയ നേതാവ് ഏറ്റവും മനസിലാക്കേണ്ടത്, അത് യുകെ, യുഎസ്, ചൈന, ഇന്ത്യ എവിടെയാണെങ്കിലും ജനങ്ങളാണ് നമ്മളെ തെരഞ്ഞെടുത്തത്. അവർ വിജയിപ്പിച്ച് ഇരുത്തിയിരിക്കുന്നത് അവർക്കൊരു ആവശ്യം വരുമ്പോൾ നമ്മൾ അതു പരിഹരിക്കാൻ കൂടെയുണ്ടാകും എന്ന വിശ്വാസം അവർക്കുള്ളതു കൊണ്ടാണ്.

നമ്മൾ രാഷ്ട്രീയനേതൃത്വത്തിൽ ഇരിക്കുന്ന സമയത്തു മാത്രമേ പൊതു ജനം നമ്മളെ സമീപിക്കൂ. അവർക്ക് പരാതികളുള്ളതു കൊണ്ടാണല്ലോ അവർ വരുന്നത്. അതു കൊണ്ട് അധികാരത്തിലിരിക്കുന്ന സമയത്ത് കഴിയുന്നത്ര അവർക്ക് നമ്മളാലാകുന്ന സഹായം ചെയ്തു കൊടുക്കുക.''

Ordinary people's own mayor

സാധാരണക്കാരുടെ സ്വന്തം മേയർ 

"ഞാനൊരുദാഹരണം കൂടി പറയാം. ഇവിടെ കോട്ടയം ജില്ലയുടെ കലക്റ്റർ റീനയാണെന്നു വിചാരിക്കുക. ഒരു ദിവസം മുഖ്യമന്ത്രി പിണറായി നിങ്ങളുടെ കലക്‌ട്രേറ്റിൽ വന്നിരുന്നു. റീനയെന്തു വിചാരിക്കും? ഹോ, ഈ മനുഷ്യൻ പോകുന്നുമില്ല, ഇനി പണിയെടുക്കാതെ പറ്റില്ലല്ലോ എന്നു കരുതില്ലേ? ഇനി നിങ്ങൾ എന്തെങ്കിലും ഉദാസീനത കാണിക്കുന്നു എന്നു കണ്ടാൽ മുഖ്യമന്ത്രി വേറെ ജില്ലയിലെ കലക്റ്ററെ വിളിക്കും. തീർച്ചയായും അവിടെ നിന്ന് സത്വര നടപടിയുണ്ടാകും. അത് നിങ്ങൾക്ക് ക്ഷീണമാകും, ഇല്ലേ? അപ്പോ, മുതിർന്ന ഭരണാധികാരി ഒപ്പമുള്ളപ്പോൾ ഭരണ സംവിധാനം കൂടുതൽ വേഗത്തിൽ പ്രവർത്തന ക്ഷമമാകും. അതേ ഞാനും അവിടെ ചെയ്തുള്ളൂ.''

കഴുത്തിൽ ഒരു കുരിശും കൈയിൽ ഒരു ചരടുമാണ് മേയർ റോബിനെ മറ്റുള്ള നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. തന്‍റെ ജനങ്ങൾക്ക് ഫേസ് ബുക്കിൽ ഹാലോവീൻ ആശംസകൾ സ്നേഹപൂർവം നേർന്ന മേയറുടെ കനൽജ്വലിക്കുന്ന ശക്തമായ പ്രതികരണമാണ് ഒളിംപിക്സിൽ ക്രൈസ്തവ നിന്ദ നടന്നപ്പോൾ ഫേസ് ബുക്കിൽ കണ്ടത്.

അതിനെക്കുറിച്ചായി പിന്നെ സംസാരം.

"ഞാനൊരു കത്തോലിക്കനാണ്. ആദ്യം ഞാനൊരു കത്തോലിക്കനാണ്, പിന്നെ ഞാനൊരു ഭർത്താവാണ്, അച്ഛനാണ്,മകനാണ്,സഹോദരനാണ്, അയൽക്കാരനാണ് ഇതൊക്കെ കഴിഞ്ഞിട്ടല്ലേ ഒരു മേയറാകുന്നുള്ളു? ഇവിടെ അമെരിക്കയിൽ ഒരു മേയറും എന്നെപ്പോലെ കുരിശ് കഴുത്തിൽ അണിയുന്നില്ല. കാരണം, പൊതുജന സ്വീകാര്യത കുറയുമോ എന്ന ഭയം. എന്നാൽ എനിക്കതില്ല. ഒളിംപിക്സിൽ നടന്ന ക്രൈസ്തവ നിന്ദയ്ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചപ്പോൾ പലരും പറഞ്ഞു, ഇതു വിവാദമാകും, ഇടരുത് എന്ന്. ഞാനവരോടു പറഞ്ഞു,മേയറായിക്കോട്ടെ, ഗവർണറായിക്കോട്ടെ, പ്രസിഡന്‍റായിക്കോട്ടെ, എന്‍റെ വിശ്വാസം എന്‍റെ വിശ്വാസമാണ്.

അമെരിക്കയിൽ നമ്മൾ മിക്കപ്പോഴും സ്യൂട്ട് ഒക്കെയണിഞ്ഞാണല്ലോ പരിപാടികളിൽ പങ്കെടുക്കുക. ചില സമയത്ത് ചില ഇവന്‍റുകളിൽ പോകുമ്പോൾ ടൈ അഴിച്ചു കളയും. അപ്പോഴാകും എന്‍റെ കഴുത്തിലെ കുരിശുമാല ചിലർ ശ്രദ്ധിക്കുക. പലരും അതു മാറ്റണം എന്ന് എന്നോട് ആവശ്യപ്പെട്ടു. കുരിശ് അണിയുന്ന ഒരേയൊരു മേയറാണ് ഞാൻ. എന്നോട് ഇതു മാറ്റണം എന്നാവശ്യപ്പെട്ടയാളോട് ഞാൻ ചോദിച്ചു, നിങ്ങളുടെ വീട്ടിലെ ഭാര്യയെയും മക്കളെയും മാറ്റാമോ എന്ന്.

അതെന്താ അങ്ങനെ ചോദിച്ചത് എന്നായി അയാൾ. അപ്പോൾ ഞാൻ പറഞ്ഞു,ഞാനാരെയും നിർബന്ധിക്കുന്നില്ല ക്രിസ്ത്യാനിയാകാൻ. മറ്റൊരു ടാക്സ്പേഴ്സൺസിന്‍റേതുമല്ലാത്ത, എന്‍റെ വിശ്വാസത്തിലിരിക്കുന്ന, എന്‍റെ ശരീരത്തിലിരിക്കുന്ന, എന്‍റെ കാശ് കൊടുത്ത് ഞാൻ വാങ്ങി എന്‍റെ കഴുത്തിൽ ഇട്ടിരിക്കുന്ന കുരിശ്, അത് എടുത്തു മാറ്റണമെന്നു പറയാൻ നിങ്ങൾ ആരാ?

പിന്നെ അയാൾ ഒന്നും മിണ്ടിയില്ല.''

പ്രശസ്തിക്കും വോട്ടിനും വേണ്ടിയാണെങ്കിൽ ആരുമിടില്ല. നാനാ ജാതി മതസ്ഥരുണ്ട് ഇവിടെ. വിവിധ സിറ്റിസൺസുണ്ട്. '

'To them I am the mayor for them based on my job, to my for my family and wife I am a husband and father.' അദ്ദേഹം പറഞ്ഞു.

"മിസൗറിയിൽ എന്നോട് കൂടുതൽ അടുപ്പം കാണിക്കുന്നത് അക്രൈസ്തവരാണ്. എല്ലാരെയും ഒരേ ലെൻസിലൂടെ കാണുക. എന്തുണ്ടെങ്കിലും നേരെ തുറന്നു പറയുക. എനിക്കിതൊക്കെയേ ഉള്ളു , ഇങ്ങനുള്ള കുറച്ചു തത്വങ്ങളേ എനിക്ക് ഇതെല്ലാം തീർന്നു കഴിയുമ്പോൾ കൂടെ കൊണ്ടു പോകാൻ.' മേയർ ഒന്നു പുഞ്ചിരിച്ചു.

ഫിസിഷ്യൻ അസിസ്റ്റന്‍റാണ് മേയറുടെ ഭാര്യ ടിന. രണ്ടു പെൺമക്കളാണ് ഈ ദമ്പതികൾക്ക്. സെന്‍റ് ആഞ്ചല മെറിസി കത്തോലിക്കാ പള്ളിയിലെ സജീവ അംഗങ്ങളാണ് ഈ കുടുംബം.

മേയറുടെ പ്രവർത്തനങ്ങളെ അടുത്തറിയുന്ന കോട്ടയം കാർ അദ്ദേഹത്തെ ജൂണിയർ ഉമ്മൻ ചാണ്ടി സാറെന്നാണ് വിളിക്കുന്നത്.

കേരളത്തിലെ കൊതുകു ശല്യം സംസാര വിഷയമായപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെ:

"എനിക്കറിയില്ല, ഇവിടെ എങ്ങനെയാണെന്ന്. ചിലരൊക്കെ പറയുന്നതു കേട്ടു, ഇവിടൊക്കെ പുല്ല് പോകാൻ അടിക്കുന്ന സ്പ്രേ അടിച്ചതിനു ശേഷം ഇവിടെ മൊത്തം ഒന്നും ഉണ്ടാകുന്നില്ലെന്ന്. പണ്ടൊക്കെ കപ്പ, ചേന ഒക്കെ ധാരാളമായി ഉണ്ടായിരുന്ന മണ്ണിൽ ഇപ്പോ ഒന്നും ഉണ്ടാകുന്നില്ലെന്ന്. എനിക്കറിയില്ല, ഇവിടെ എന്താണ് നടക്കുന്നതെന്ന്....'

അതേ, ഇവിടെ എന്താണു നടക്കുന്നത്....‍?ചിന്തിക്കണം നമ്മൾ.

(അവസാനിച്ചു)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com